Wednesday, October 9, 2019

ഒരു പാലക്കാടൻ യാത്ര: മുതലമട

ഇത്തവണ പൂജ അവധിക്കു യാത്ര പോകാൻ തിരഞ്ഞെടുത്തത് കണ്ടു മതിവരാത്ത പാലക്കാടു ജില്ല ആണ്. 2015ൽ പാലക്കാടിന്റെ ചെറിയൊരു ഭാഗം കണ്ടെങ്കിലും, തിരികെ വരും എന്ന എന്ന തീരുമാനത്തിലാണ് അന്ന് പിരിഞ്ഞത്. വൈകി വന്ന കാലവർഷം പാലക്കാടിനെ പച്ചപ്പട്ട് ഉടുപ്പിച്ച സമയമാണ് ഞങ്ങൾ സന്ദർശനത്തിന് എത്തിയത്. തെക്കൻ പാലക്കാട് ജില്ലയിൽ ഉള്ള മുതലമട റെയിൽവേ സ്റ്റേഷൻ, മീങ്കര, ചുള്ളിയാർ ഡാമുകൾ, മീൻവല്ലം വെള്ളച്ചാട്ടം തുടങ്ങിയ മനസ്സ് കുളിർക്കുന്ന കാഴ്ചകൾ ഞങ്ങൾക്കു ഇത്തവണ കാണാൻ സാധിച്ചു. 

മുതലമട റെയിൽവേ സ്റ്റേഷൻ
കേരളത്തിലെ പ്രകൃതി ഭംഗിയുള്ള വളരെ ചുരുങ്ങിയ എണ്ണമുള്ള റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനിയാണ് മുതലമട റെയിൽവേ സ്റ്റേഷൻ. ഈ റെയിൽവേ സ്റ്റേഷൻ ചില മലയാള സിനിമകളിലൂടെ നമുക്കെല്ലാം പരിചിതമാണ്. വെട്ടം, മേഘം, ഒരു യാത്രാ മൊഴി, എന്നിങ്ങനെ ഏതാനും മലയാളം സിനിമകളുടെ ചിത്രീകരണത്തിന് വേദിയായിട്ടുണ്ട്.
പ്ലാറ്റഫോമിന്റെ നടുക്കായി വേരുകൾ തൂങ്ങി തറയിലേക്ക് നിൽക്കുന്ന ആൽമരങ്ങളും, ചുറ്റുമുള്ള നിബിഡമായ പച്ച ഇലച്ചാർത്തുകളും, അതിനിടയിലൂടെ തല പൊന്തിച്ചു നോക്കുന്ന കരിമ്പനകളും ആണ് മുതലമട സ്റ്റേഷന് ഭംഗി കൂട്ടുന്നത്. ആൽചുവടുകളിൽ ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ കാറ്റും, കുളിർമ്മയും ആസ്വദിച്ചു കൊണ്ട് എത്ര നേരമിരുന്നാലും സമയം പോകുന്നതറിയില്ല. 


പാലക്കാട് ഭാഗത്തു നിന്നും രാവിലെ 4:20നു പുറപ്പെടുന്ന പാലക്കാട് ജംഗ്ഷൻ-തിരുച്ചെന്ദുർ പാസ്സഞ്ചർ ട്രെയിൻ (56769) മാത്രമേ ഇവിടെ നിർത്തുന്നുള്ളു. രാത്രി 9:35നു ഈ ട്രെയിൻ തിരികെ വരുന്ന വഴി മുതലമടയിൽ നിർത്തും. മറ്റു ട്രെയിനുകൾക്കൊന്നും ഇവിടെ സ്റ്റോപ്പില്ല. ഈ വഴി പോയാൽ പൊള്ളാച്ചിയിൽ എത്താം. മുതലമടയിൽ നിന്നും പൊള്ളാച്ചിക്കു ട്രെയിൻ മാർഗം 24 കിലോമീറ്റർ ദൂരമേയുള്ളൂ. ഈ റെയിൽ മാർഗം മീറ്റർ ഗേജിൽ നിന്നും, ബ്രോഡ് ഗേജിലേക്കു മാറ്റിയത് 2015ൽ മാത്രമാണ്. 

ഞങ്ങൾ ആലത്തൂർ നിന്ന് ബസുകൾ മാറിക്കയറിയാണ് മുതലമടയിൽ എത്തിയത്. ആലത്തൂർ, നെന്മാറ, കൊല്ലങ്കോട് വഴി കമ്പ്രത് ചള്ള (Kambrathchalla) എന്ന സ്റ്റോപ്പിൽ ബസിറങ്ങി. ഇവിടങ്ങളിൽ സ്ഥലപ്പേരിനോപ്പം 'ചള്ള' എന്നുകൂടി ചേർത്താണ് അറിയപ്പെടുന്നത്. അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു മുതലമട റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തുടർന്നു. മാന്തോപ്പുകളുടെ ഇടയിലെ നാട്ടുവഴികളിലൂടെ കുണുങ്ങിയോടുന്ന ഓട്ടോറിക്ഷക്കുള്ളിൽ ഇരുന്നു ഞങ്ങൾ യാത്ര ആസ്വദിച്ചു. കേരളത്തിൽ ഏറ്റവുമധികം വാണിജ്യാടിസ്ഥാനത്തിൽ മാമ്പഴ കൃഷി ചെയ്യുന്ന സ്ഥലം എന്ന വിശേഷണം കൂടി മുതലമടക്കുണ്ട്.


സ്റ്റേഷന്റെ പുറത്തു എത്തിയപ്പോൾ ആകെപ്പാടെ ഒരു വിജനത അനുഭവപ്പെട്ടു. വലിയ മരങ്ങൾ വളർന്നു നിൽക്കുന്ന സ്റ്റേഷൻ പരിസരം. സ്റ്റേഷനിലെ കൗണ്ടറിന്റെ പുറത്തു നിന്ന് കൊണ്ട്, അകത്തിരുന്ന ജീവനക്കാരനോട് ട്രെയിൻ സമയം അന്വേഷിച്ചു. അയാൾ കേൾക്കാത്തത് പോലെ എന്തോ ചെയ്‌തു കൊണ്ടിരിന്നു, ഒരക്ഷരം മിണ്ടിയില്ല. സ്റ്റേഷന്റെ വേറൊരു വശത്തു ഒരു ജീവനക്കാരി സാമ്പാറിനുള്ള പച്ചക്കറി കഷണങ്ങൾ അരിഞ്ഞു പാത്രത്തിൽ നിറച്ചു വെച്ചിരിക്കുന്നു. അവർ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. അടുത്തു കടകൾ ഒന്നുമില്ലാത്തതിനാൽ പാചകം സ്വയം ചെയ്യണം. ഞങ്ങൾ ആൽമരങ്ങൾ നിൽക്കുന്ന രണ്ടാമത്തെ പ്ലാറ്റുഫോമിലേക്കു നടന്നു. അവിടെയാണ് യഥാർത്ഥ മേളം നടക്കുന്നത്. പൂജ അവധി ആഘോഷിക്കുന്ന ഒരു പറ്റം കുട്ടികൾ. അവർ ആൽമരത്തിന്റെ വേരുകൾ കൂട്ടിക്കെട്ടി ഊഞ്ഞാൽ ആടുകയാണ്. അവരുടെ മുത്തശ്ശി അടുത്തുള്ള ബഞ്ചിൽ ഇരിപ്പുണ്ട്. അവർ തൊട്ടടുത്തു താമസിക്കുന്നവരാണ്.

ഞങ്ങൾ ആൽമരചുവട്ടിൽ ഇരുന്നും കിടന്നും രണ്ടു മണിക്കൂറോളം സമയം ചിലവഴിച്ചു. മധ്യവയസ്‌ക്കനായ ഒരു മനുഷ്യൻ ധൃതി വെച്ച് പ്ലാറ്റഫോമിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പിടിച്ചു നിർത്തി തിരികെ പോരാനുള്ള വഴി ചോദിച്ചു. ഏതോ കഠിനാധ്വാനം കഴിഞ്ഞ ശേഷം റെയിൽവേ സ്റ്റേഷന്റെ സമീപത്തുള്ള കള്ളു ഷാപ്പിലേക്കു പോകുകയാണെന്ന് അയാൾ പറഞ്ഞു. പുറത്തുള്ള റോഡിൽ ചെന്നാൽ ഓട്ടോറിക്ഷ കിട്ടുമെന്ന് പറഞ്ഞു. റോഡിൽ കാത്തു നിന്ന ഞങ്ങളെ ആ വഴി പോയ ഒരാൾ വീട്ടിൽ നിന്നും ഓട്ടോറിക്ഷ കൊണ്ട് വന്നു ഞങ്ങളെ തിരികെ കമ്പ്രത് ചള്ളയിൽ എത്തിച്ചു. അവിടെയുള്ള മുരളി ഹോട്ടലിൽ നിന്നും മട്ടൺ കറിയും കൂട്ടി ചോറുണ്ട ശേഷം ഞങ്ങൾ മീങ്കര അണക്കെട്ടു കാണാൻ തിരിച്ചു.

Thursday, September 5, 2019

കുഴിമന്തി മഹാത്മ്യം

കോഴിക്കോട് നഹ്‌ദി റെസ്റ്റോറന്റിലെ കുഴിമന്തി
കുഴിമന്തി എന്ന മധ്യപൂർവ ദേശത്തു നിന്നുള്ള വിഭവം സ്വാദിന്റെ മികവിൽ കേരളക്കരയെ ഇളക്കിമറിക്കുകയാണ്. മധ്യപൂർവ ദേശത്തെ ബിരിയാണി വിഭവങ്ങളുടെ ഒരു ബന്ധുവാണ് കുഴിമന്തി. യമൻ ആണ് ഉത്ഭവ ദേശം. അറബി വിഭവമായ മന്തി വകഭേദങ്ങളിൽ ഒന്നാണ് കുഴിമന്തി. അരി, മാംസം, മസാലക്കൂട്ടുകൾ ചേർത്ത് ആവിയിൽ വേവിച്ചു ഉണ്ടാക്കുന്ന വിഭവങ്ങളാണ് മന്തി ഗണത്തിൽ പെടുന്നവ. കോഴി, ആട് മാംസങ്ങൾ ആണ് പ്രധാനമായും മന്തി വിഭവങ്ങളിൽ ഉപയോഗിക്കുന്നത്. ബിരിയാണി, കബ്‌സ എന്നിവയാണ് നമുക്ക് പരിചയമുള്ള മന്തി വിഭവങ്ങൾ. കുഴിയിൽ സ്ഥാപിച്ചിട്ടുള്ള തന്തൂരി അടുപ്പിൽ പാത്രം ഇറക്കി വെച്ചാണ് കുഴിമന്തി ഉണ്ടാക്കുന്നത് എന്നതാണ് പ്രത്യേകത. അതിനാലാണ് കുഴിമന്തി എന്ന പേര് വന്നത്. മലയാളി പ്രവാസികളാണ് കുഴിമന്തിയെ കേരളക്കരക്കു പരിചയപ്പെടുത്തിത്തന്നത്.

ബസ്മതി  അരിയാണ് കുഴിമന്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. കൂടെ കോഴി, അല്ലെങ്കിൽ ആട് മാംസം ഉപയോഗിക്കും. കടുപ്പമുള്ള മസാല, എണ്ണ എന്നിവയുടെ  ഉപയോഗം കുഴിമന്തിയിൽ കുറവാണ്. ആഴമുള്ള കുഴി അടുപ്പിൽ വിറകു കത്തിച്ചു ചൂടാക്കുന്നു. കഴുകിയ അരി വലിയ പാത്രത്തിൽ നിറക്കുന്നു. അതിനു മുകളിൽ ഗ്രില്ലിന്റെ മുകളിൽ മസാല പുരട്ടിയ മാംസം, അരിയിൽ തൊടാതെ ഒന്നോ രണ്ടോ തട്ടുകളിലായി നിരത്തി വെക്കുന്നു. കനൽ പരുവമായ അടുപ്പിലേക്ക് ഇവ രണ്ടും ഇറക്കി വെക്കുന്നു. അടുപ്പിന്റെ മുകൾഭാഗം ചേർത്ത് അടക്കുന്നു. രണ്ടു മണിക്കൂറോളം വേണം മന്തി പാകമാവാൻ.  കൂടുതൽ നേരം ഉയർന്ന ചൂടിൽ വേവുന്ന കാരണം മാംസം നന്നായി വെന്തു മൃദുവാകുന്നു. ഇറച്ചി വെന്ത്, മസാലയും ചേർന്ന ചാറ് അരിയിലേക്കു ഇറങ്ങും. രണ്ടു മണിക്കൂർ കഴിഞ്ഞു അടുപ്പിന്റെ മൂടി തുറക്കുന്നു. കുഴിയടപ്പിൽ നിന്നും പാത്രം വലിച്ചു കയറ്റുന്നു. ചൂടോടെ പ്ലേറ്റിൽ കുഴിമന്തി ചോറും, ഇറച്ചിയും വിളമ്പി കഴിക്കാം. ഉപദംശങ്ങളായി മയോണൈസ്, പച്ചക്കറി സാലഡ് എന്നിവ ഉണ്ടാവും. കുഴിമന്തി ഉണ്ടാക്കുന്ന വിധം താഴെ കാണുന്ന വിഡിയോയിൽ വിശദമായി കാണാം.

Monday, August 26, 2019

കൃത്യമായ അളവിൽ വസ്ത്രങ്ങൾ എങ്ങനെ ഓൺലൈൻ ഷോപ്പിൽ നിന്ന് വാങ്ങാം

വസ്‌ത്രങ്ങൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വാങ്ങുന്നത് പലപ്പോഴും ലാഭകരമാണ്. ബ്രാൻഡഡും, അല്ലാത്തവയുമായ വസ്‌ത്രങ്ങൾ ഓഫറുകൾ ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും വിലക്കുറവിൽ കിട്ടാറുണ്ട്. കൃത്യമായ അളവിൽ ഉള്ള വസ്‌ത്രങ്ങൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും എങ്ങനെ കിട്ടും എന്ന ആശയക്കുഴപ്പം എല്ലാവർക്കും ഉണ്ട്. വിവിധ കമ്പനികൾ നിർമ്മിക്കുന്ന വസ്ത്രങ്ങൾക്ക് ഒരേ അളവായിരിക്കില്ല. ഓൺലൈൻ സൈറ്റുകളിൽ കാണിച്ചിരിക്കുന്ന വസ്‌ത്രങ്ങൾ നിങ്ങൾക്ക് ചേരുന്ന അളവ് എങ്ങനെ നോക്കി വാങ്ങാം എന്നത് നമുക്ക് നോക്കാം. ആദ്യമായി തയ്യൽക്കാർ തുണി അളക്കാൻ ഉപയോഗിക്കുന്ന ഒരു ടേപ്പ് വാങ്ങുക. തയ്യൽ സാധനങ്ങൾ വാങ്ങുന്ന കടകളിൽ തുണി അളക്കുന്ന ടേപ്പ് വാങ്ങാൻ കിട്ടും.
Cloth measurement tape 
ഓൺലൈൻ ഷോപ്പുകൾ സന്ദർശിച്ചു നിങ്ങൾക്കിഷ്ടപ്പെട്ട വസ്‌ത്രം കണ്ടെത്തുക. ഫ്ലിപ്കാർട്ട് (Flipkart.com), മിന്ത്ര (Myntra.com), തുടങ്ങിയ സൈറ്റുകൾ തുണിത്തരങ്ങൾ വിൽക്കുന്നവയാണ്. ഉദാഹരണമായി നിങ്ങൾ ഒരു ഷർട്ട് വാങ്ങണമെന്നു കരുതുക. ഷർട്ട് കണ്ടെത്തിയ ശേഷം അതിനോടൊപ്പം ഉള്ള സൈസ് ചാർട്ട് തുറക്കുക. നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന കൃത്യമായ അളവിലുള്ള ഒരു ഷർട്ടു എടുത്തു വിവിധ അളവുകൾ താഴെ പറയുന്ന ചിത്രത്തിൽ കാണുന്ന രീതിയിൽ അളന്നു കുറിച്ച് വെക്കുക. 
നിങ്ങളുടെ നിലവിലുള്ള ഷർട്ടിന്റെ അളവ് ഒരു മാനദണ്ഡമായി ഉപയോഗിക്കാം. ഷോൾഡർ, നെഞ്ച്, ഷർട്ടിന്റെ നീളം എന്നിവയാണ് പ്രധാനം. ഇപ്പോൾ ഉപയോഗിക്കുന്ന ഷർട്ടിന്റെ വിവിധ അളവ് കുറിച്ച ശേഷം വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന സൈസ് ചാർട്ട് നോക്കുക.

Size chart 
നിങ്ങളുടെ നിലവിലുള്ള ഷർട്ടിന്റെ അളവും, സൈസ് ചാർട്ടിൽ കാണിച്ചിരിക്കുന്ന അളവും തമ്മിൽ ചേർച്ചയുള്ള സൈസ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇങ്ങനെ അളവ് എടുത്തു വാങ്ങുന്ന വസ്‌ത്രങ്ങൾ കൃത്യമായി നിങ്ങൾക്ക് ചേരും.

Saturday, August 24, 2019

പ്രളയത്തിൽ നിന്നും പഠിക്കേണ്ട ഭവന നിർമ്മാണ പാഠങ്ങൾ

വീട് എന്നത് മലയാളിക്ക് ആവശ്യത്തിനുപരിയായി അന്തസ്സ് സൂക്ഷിക്കേണ്ട ഒന്നായി മാറിക്കഴിഞ്ഞു. ഗൾഫ് പണത്തിന്റെ ഒഴുക്ക് മൂലം കീശ വീർത്ത മലയാളികൾ വീട് നിർമ്മാണത്തിൽ ആഡംബരത്തിനു പ്രാധാന്യം കൊടുക്കാൻ തുടങ്ങി. ഓല, ഓട് മേഞ്ഞ വീടുകൾക്ക് പകരം കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകൾ സ്ഥാനം പിടിക്കാൻ തുടങ്ങി. ചാണകം മെഴുകിയ/ റെഡ് ഓക്സയിഡ് തറകൾ മൊസൈക്ക്, മാർബിൾ തറകൾക്കു വഴി മാറി കൊടുത്തു. ഉള്ളവനും, ഇല്ലാത്തവനുമെല്ലാം ഒരേ ഗൃഹനിർമ്മാണ ശൈലി പിന്തുടർന്നപ്പോൾ നിർമ്മാണ ചിലവ് കുതിച്ചുയർന്നു. ഭവന നിർമ്മാണം മലയാളി മധ്യവർഗത്തിനും, പാവപ്പെട്ടവനും പേടി സ്വപ്‍നം ആയി മാറി. വീട് നിർമ്മാണത്തിന് വരുത്തി വെച്ച സാമ്പത്തിക ബാധ്യത ആയുസ്സിന്റെ ഭൂരിഭാഗവും പേടി സ്വപ്നമായി പിന്തുടരും. മനോഹരമായ വീട്ടിൽ മനഃസമാധാനമില്ലാത്തവരായി ജീവിച്ചു ആയുസ്സു തീർക്കും. കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങൾ മലയാളിയുടെ ഭവന നിർമ്മാണ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ പോരുന്നവയാണ്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മനോഹര ഭവനങ്ങൾ പ്രളയം തകർത്തു കളഞ്ഞു. ഭവന നിർമ്മാണത്തിന് മുടക്കിയ ഉയർന്ന തുക വെള്ളം കൊണ്ട് പോയി. ഇനിയെങ്കിലും നമ്മൾ ഭവന നിർമ്മാണ രീതികളിൽ മാറ്റം വരുത്താൻ തയ്യാറാവണം. താഴെ പറയുന്ന കാര്യങ്ങൾ ഭവന നിർമ്മാണ രീതികളിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കും;
  • ആഡംബരത്തിനും, പൊങ്ങച്ചത്തിനും അല്ല, പകരം ജീവിക്കാൻ ഒരു ഇടം എന്ന സങ്കൽപ്പത്തിൽ ഊന്നിയാകണം ഭവന നിർമ്മാണം. 
  • പ്രകൃതി ചൂഷണം പരമാവധി കുറഞ്ഞ ഭവന നിർമ്മാണ സാമഗ്രികൾ പ്രചാരത്തിൽ വരുത്തണം. 
  • ചിലവ് കുറഞ്ഞ ഭവന നിർമ്മാണ രീതികൾക്ക് സർക്കാർ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. 
  • ചിലവ് കുറഞ്ഞ ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ പലിശക്ക് ബാങ്ക് ലോൺ സാധ്യമാക്കണം. 

ഫോട്ടോ കടപ്പാട്: മലയാള മനോരമ

ഇൻവെർട്ടർ ബൾബാണ് താരം

LED ഇൻവെർട്ടർ ബൾബ് കറണ്ട് പോകുമ്പോളും പ്രകാശം തരും. LED ബൾബിനുള്ളിൽ ബാറ്ററിയും ഉണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുമ്പോൾ ബാറ്ററി ചാർജ് ആവും. കറണ്ട് പോവുമ്പോൾ ബാറ്ററി പവറിൽ ബൾബ് പ്രവർത്തിക്കാൻ തുടങ്ങും. 3-4 മണിക്കൂർ വരെ ബാക്കപ്പ് കിട്ടും. അടുക്കള, ലിവിംഗ് റൂം, ഡൈനിംഗ് റൂം എന്നിവിടങ്ങളിൽ ഉപയോഗിക്കാം. സാധാരണ ബൾബ് ഹോൾഡറിൽ ഇട്ടാൽ മതി, കറണ്ട് പോയാൽ ഉടൻ കൂടുതൽ എരിയയിൽ പ്രകാശം കിട്ടും. 7w, 9w പവറുള്ള ബൾബുകൾ ലഭിക്കും. ബൾബിന് 300 രൂപ മുതൽ വിലയുണ്ട്. ഇൻവർട്ടർ സ്ഥാപിക്കുന്നതിന്റെ ചിലവ് താങ്ങാൻ പറ്റാത്തവർക്ക് വലിയ ആശ്വാസമാണ്. എല്ലാ ഇലക്ട്രിക്കൽ കടയിലും വാങ്ങാൻ കിട്ടും.

Sunday, April 21, 2019

പഠനഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍


കൊച്ചി: സ്കൂൾ സമയം ക്രമീകരിക്കുക, പഠനഭാരം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമായി സി.ബി.എസ്.ഇ. സ്കൂളുകള്ക്ക് പുതിയ സര്ക്കുലര് വരുന്നു. സ്കൂളുകളിലെ പഠനസമയം പരിഷ്കരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇത്തരം കാര്യങ്ങള് ഉൾപ്പെടുത്തി കേന്ദ്ര മാനവശേഷിവികസന മന്ത്രാലയം പുതിയ നിർദ്ദേശം പുറത്തിറക്കും. കേന്ദ്ര നിബന്ധനകളുടെ അടിസ്ഥാനത്തില് നിർദ്ദേശങ്ങൾ സമാഹരിക്കാൻ സംസ്ഥാനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകും.

പല സി.ബി.എസ്.ഇ. സിലബസ് സ്കൂളുകളിലെയും പഠന സമയത്തെക്കുറിച്ച് ഒട്ടേറെ പരാതികള് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചുവയസ്സുള്ള കുഞ്ഞുങ്ങൾക്കു വരെ അതിരാവിലെത്തന്നെ അധ്യയനം ആരംഭിക്കുന്ന തരത്തിലുള്ള സമയക്രമമാണ് ചിലയിടങ്ങളിലുള്ളത്. രാവിലെ ഏഴിന് ക്ളാസ് ആരംഭിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും സ്‌കൂൾ സമയം  ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം പുനഃക്രമീകരിക്കുകയെന്നത് പുതിയ നിർദ്ദേശങ്ങളില് പ്രധാനമാണ്. സമയക്രമവുമായി ബന്ധപ്പെട്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം പലവട്ടം രംഗത്തെത്തിയിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മിഷനും ഒട്ടേറെ പരാതികള് ലഭിച്ചിട്ടുണ്ട്.

കേന്ദ്ര നിർദ്ദേശപ്രകാരം അനുവദനീയമായതിനും ഇരട്ടിയാണ് സി.ബി.എസ്.ഇ. സ്കൂളുകളിലെ ബാഗുകളുടെഭാരം. സ്കൂള്ബാഗുകളുടെ ഭാരം കുറയ്ക്കാന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സി.ബി.എസ്.ഇ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യത്തില് കൂടുതല് വ്യക്തത വരുത്തിയാവും പുതിയ നിർദ്ദേശങ്ങള് വരുക.

അത്യാവശ്യമില്ലാത്ത പഠനോപകരണങ്ങളും പുസ്തകങ്ങളും സ്കൂളില്ത്തന്നെ സൂക്ഷിക്കാൻ സംവിധാനമൊരുക്കണമെന്നും ഗൃഹപാഠം നല്കിയേ തീരൂവെന്ന് നിർബന്ധിക്കുന്ന മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തണമെന്നും പുതിയ സർക്കുലറിൽ നിർദ്ദേശമുണ്ട്.

വാർത്താ കടപ്പാട്: മാതൃഭൂമി ദിനപത്രം, 21 ഏപ്രിൽ 2019

Monday, March 25, 2019

ചരിത്രം എന്നിലൂടെ: എം.എൻ. കാരശ്ശേരി

സഫാരി ടിവി ചാനലിലെ ശ്രദ്ധേയമായ ഒരു പരിപാടിയാണ് "ചരിത്രം എന്നിലൂടെ". പ്രഗൽഭ വ്യക്തികൾ തങ്ങളുടെ ജീവിത സംഭവങ്ങൾ ചരിത്രത്തിന്റെ കണ്ണാടിയിൽ കൂടി അവലോകനം ചെയ്യുന്നു. ശ്രീ. എം.എൻ. കാരശ്ശേരിയുടെ ജീവിത അവലോകനത്തിന്റെ സഫാരി ചാനലിന്റെ യൂട്യൂബ് ലിങ്കുകൾ കൊടുത്തിരിക്കുന്നു.