Friday, January 31, 2014

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

നിങ്ങൾ ജീവിതത്തിൽ എല്ലാം കൊണ്ടും തൃപ്തരാണോ എന്ന്  ചോദിച്ചാൽ, അല്ല എന്ന ഉത്തരമാവും എല്ലാവരും തരിക. എല്ലാവരും ജീവിതത്തിൽ എന്തിന്റെയെങ്കിലും കുറവ് അനുഭവിക്കുന്നവർ ആണ്. തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങൾ, രോഗ പീഡ, കുട്ടികൾ ഇല്ലാത്ത അവസ്ഥ, ഉറ്റവരെ പിരിഞ്ഞിരിക്കുക (പ്രവാസികൾ), വിരഹ  ദുഃഖം, ദാമ്പത്യ പ്രശ്നങ്ങൾ എന്നിങ്ങനെ. ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവർ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്, പക്ഷെ അവർക്കും ഉണ്ട് മറ്റു ചില പ്രശ്നങ്ങൾ. ചിലർക്ക് പ്രശ്നങ്ങൾ ഇല്ലാത്തത് ഒരു പ്രശ്നമാണ്. അവർ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കും. ജീവിതത്തിൽ എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിട്ടും ഇതൊന്നും പോരാ എന്ന മട്ടിൽ നടക്കുന്ന ചിലരുടെ കാര്യങ്ങൾ നോക്കാം.

"എന്നെ പെണ്ണ് കാണാൻ ജീൻസും ഇട്ട് കൂളിംഗ്‌ ഗ്ലാസ്സും ഒക്കെ ധരിച്ചു എത്രയോ ചെറുക്കന്മാർ വന്നതാ. എന്നിട്ട് എനിക്ക് കിട്ടിയതോ ഒരു മരങ്ങോടനെ". ഒരു മലയാള സിനിമയിൽ കല്പന പറയുന്ന ചില വാചകങ്ങൾ ഏകദേശം ഇപ്രകാരമാണ്. മിക്കവാറും കുടുംബിനികൾ ഇങ്ങനെയൊക്കെ പരിതപിക്കാറുണ്ട്. പുരുഷന്മാരും മോശമല്ല. അവരും ഇങ്ങനെയൊക്കെ പറയും. ഇതൊരു സ്ഥിരം പരിപാടി ആയാൽ കുടുംബത്തിൽ സമാധാനം നഷ്ടപെടും എന്ന കാര്യത്തിൽ സംശയം ഇല്ല. 

"എനിക്ക് ഷാരൂഖ്‌ ഖാനെ പോലെ മീശ ഇല്ലാത്ത ആളെ ഭർത്താവായി കിട്ടിയാൽ മതി". എന്റെ പരിചയത്തിൽ ഉള്ള ഒരു പെണ്‍കുട്ടി വളരെ നാളുകൾക്കു മുൻപ് അവളുടെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപം പറഞ്ഞതാണ്‌. അവസാനം ഭർത്താവായി കിട്ടിയതോ, ഒരു കൊമ്പൻ മീശക്കാരനെ (വീരപ്പൻ സ്റ്റൈൽ)!! പക്ഷെ അവളുടെ നിർബന്ധത്തിനു വഴങ്ങി പിന്നീട് അയാൾക്ക് മീശ വടിക്കേണ്ടി വന്നു. നല്ല മീശയൊക്കെ വെച്ച് പുലി പോലെ ഇരിന്ന ആൾ അവസാനം മീശ പോയപ്പോൾ എലി പോലെ ആയി. 

എനിക്ക് റെയിൽവേയിൽ ജോലി ഉള്ള ആളെ കല്യാണം കഴിക്കനായിരിന്നു ആഗ്രഹം. ഒരു വീട്ടമ്മ അവരുടെ നടക്കാതെ പോയ ഒരു ആഗ്രഹം പറഞ്ഞതാണ്‌. കിട്ടിയതോ ഒരു പാവം കേരള സർക്കാർ ജീവനക്കാരനെ. ഇതും ഇപ്പോഴും പറഞ്ഞു ഭർത്താവിനെ സ്വൈര്യം കൊടുക്കില്ല. പ്രീഡിഗ്രിയും ഗുസ്തിയും കഴിഞ്ഞു, മനോരമ ആഴ്ച പതിപ്പും വായിച്ചു നടന്ന അവരെ കെട്ടിയതാണോ അയാൾ ചെയ്ത ദ്രോഹം? പട്ടിണിയില്ലാതെ ജീവിക്കുന്നണ്ടല്ലോ എന്ന ചിന്ത പോലും അവർക്കില്ല. 

ചിലർ പറയും, ഇടക്കൊക്കെ വെള്ളമടിച്ചു വന്നു കുറച്ചു അടിയും ഇടിയും ഒക്കെ തരുന്ന ഭർത്താവിനെയാണ് എനിക്കിഷ്ടം. എന്നും വൈകിട്ട് മാന്യമായി രണ്ടു കാലിൽ നേരെ ചൊവ്വേ വീട്ടിൽ വന്നു കയറുന്ന പാവം ഒരു ഭർത്താവിനെക്കുറിച്ചാണ് ഇങ്ങനെ കുത്ത് വാക്ക് പറഞ്ഞു നോവിക്കുന്നത്. മദ്യപാനികളായ ഭർത്താക്കന്മാരെ സഹിക്കുന്ന വീട്ടമ്മമാർ ഇത് കേട്ടാൽ ചൂലിന് അവരെ അടിക്കും.

സ്വാതന്ത്ര്യം നഷ്ടപെടും എന്ന് പേടിച്ച് കുടുംബമായി ജീവിക്കാൻ ഭയക്കുന്ന സ്ത്രീകളും, പുരുഷന്മാരും ഉണ്ട്. കുടുംബിനിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വയ്യാത്തത് കൊണ്ട് ഹോസ്റ്റലിൽ താമസിക്കുന്ന ഉദ്യോഗസ്ഥയായ ഒരു യുവതിയെ എനിക്കറിയാം.  

സാമാന്യം നല്ല രീതിയിൽ ജീവിക്കുന്ന ചെറുപ്പക്കാരായ ദമ്പതികൾ. രണ്ടു പേർക്കും ജോലി ഉണ്ട്. ഒരുമിച്ചു സ്കൂട്ടറിൽ ജോലിക്ക് പോയി വരും. ഒരു ഒഴിവു ദിവസം, അവർ വരാന്തയിൽ വർത്തമാനം പറഞ്ഞു ഇരിക്കുമ്പോൾ മറ്റൊരു ദമ്പതികൾ സ്കൂട്ടറിൽ വീടിന്റെ മുൻപിൽ കൂടി കടന്നു പോയി. ഉടനെ ഭാര്യ ഭർത്താവിനോട് പറയുന്നു, അവർ എത്ര സന്തോഷത്തോടെ ആണ് സ്കൂട്ടറിൽ ഒരുമിച്ചു പോയത്. നമ്മൾ അങ്ങനെ പോകുന്നുണ്ടോ? ഭർത്താവു ഇടി വെട്ടു കിട്ടിയ പോലെ ആയി. താൻ അത്രയ്ക്ക് നീചനാണോ എന്ന് സ്വയം ചിന്തിച്ചു പോയി. ഭർത്താവു പറഞ്ഞു, നമ്മൾ സ്കൂട്ടറിൽ ഒരുമിച്ചു പോകുന്നത് ഒരു വീഡിയോ എടുത്തു കണ്ടു നോക്കിയാലും അവർ പോകുന്ന പോലെ തന്നെ ആയിരിക്കും. സ്വന്തം സൌഭാഗ്യങ്ങൾ എന്തെന്നറിയാതെ മറ്റുള്ളവരെ നോക്കി ജീവിക്കുന്നവർക്ക് ഒരിക്കലും ജീവിതത്തിൽ സന്തോഷം എന്താണ് എന്ന് അനുഭവിക്കാൻ ആവില്ല. കുങ്കുമം ചുമക്കുന്ന കഴുതയ്ക്ക് അതിന്റെ മേന്മ എന്താണെന്നു അറിയില്ല.

കുടുംബത്തിൽ ഒരാൾക്ക് രോഗം ഉണ്ടായാൽ മതി എല്ലാ സന്തോഷവും തകരാൻ. തൊഴിൽ ഇല്ലാത്തവരുടെ   ദുഃഖം പറഞ്ഞറിയിക്കാൻ ആവില്ല. കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികളുടെ ദുഃഖം അതികഠിനം ആണ്. ഉറ്റവർ മരണപ്പെട്ടവർ, അങ്ങനെ പോകുന്നു ഈ ലോകത്തുള്ളവരുടെ വ്യഥകൾ. ഇത്തരം ദുഃഖങ്ങൾ ഒന്നും ഇല്ലാത്തവർ മറ്റുള്ളവരെ പഴി പറഞ്ഞും, സ്വയം ശപിച്ചും സമാധാനം ഇല്ലാതെ ജീവിക്കുന്നു. ഈ സാമ്പാർ അടുപ്പിലെ തീ കത്തി തീരുന്ന വരെ തിളച്ചു കൊണ്ടിരിക്കും. അത് പോലെ ചിലർ ജീവിതത്തിലെ സൌഭാഗ്യങ്ങൾ അനുഭവിക്കാൻ ആകാതെ ജീവിതാവസാനം വരെ സന്തോഷരഹിതമായി ജീവിക്കുന്നു, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ.   

Thursday, January 23, 2014

വിരുതൻ ശങ്കു

പേര് ശങ്കു. വയസ്സ് ഇരുപത്തെട്ട്. പൊക്കം അഞ്ചര അടി. വിദ്യാഭ്യാസം: ഡിഗ്രിയും ഗുസ്തിയും. സ്ഥിര ജോലി ഇല്ല. രണ്ടു മാസത്തിൽ കൂടുതൽ ഒരിടത്തും ജോലി ചെയ്യില്ല. നന്നാവുമെന്ന് കരുതി ഗൾഫിൽ ജോലി ചെയ്യാൻ അയച്ചു. വീട്ടുകാരെ അമ്പരപ്പിച്ചു കൊണ്ട് ഗൾഫിൽ നിന്നും റബ്ബർ ഉണ്ട പോലെ പോയ വേഗത്തിൽ തിരിച്ചു വന്നു. മാനേജർ പോസ്റ്റിൽ കുറഞ്ഞ പണി ഒന്നും എടുക്കില്ല. മാനേജർ പദവി കൊടുത്താൽ ശമ്പളം ഇല്ലെങ്കിലും ജോലി ചെയ്തോളും. വരുമാനം ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് അതിശയിച്ചേക്കാം. അതിനും മാർഗമുണ്ട്, അച്ഛന്റെയോ (പെൻഷൻ) സഹോദരങ്ങളുടെയോ വരുമാനം കൊണ്ട് ജീവിക്കും. വീട്ടിലെ കാരണവർ ആണെന്ന് എല്ലാവരും അംഗീകരിച്ചു കൊടുക്കണം. കേരളത്തിൽ കണ്ടു വരുന്ന അപൂർവ ഇനം ചെറുപ്പക്കാരുടെ ഒരു പ്രതിനിധി ആണ്. 

ശങ്കുവിന്റെ ദിനകൃത്യങ്ങൾ 
പണിയൊന്നും ഇല്ലാത്ത ശങ്കുവിന്റെ വിനോദങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം. ശങ്കു ഒരു സിനിമ ഭ്രാന്തൻ ആണ്. അടി, ഇടി, വെട്ട്, കുത്ത് ഇവ തിങ്ങി നിറഞ്ഞ അന്യഭാഷാ ചിത്രങ്ങൾ മാത്രമേ കാണു. അതിലെ നായകരെ അനുകരിച്ചു മുടി വെട്ടും, ഉടുപ്പുകൾ വങ്ങും. രാവിലെ കണ്ണ് തുറന്നാൽ കണി കാണാൻ ഇഷ്ട നടന്റെ വലിയ ചിത്രം കട്ടിലിന്റെ എതിരെയുള്ള ഭിത്തിയിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. ഉറക്കം ഉണർന്നാൽ ഉടനെ ചിത്രത്തിന് മുൻപിൽ പ്രഭാത വന്ദനം നടത്തും. ഇഷ്ട നടന്റെ സിനിമയിലെ ഒന്ന് രണ്ടു പാട്ടുകൾ ഭക്തിയോടെ ഉറക്കെ പാടും, എന്നിട്ട് കർപ്പൂരം ഉഴിയും. പല്ല് തേക്കാതെ ചായ കുടിക്കാൻ വന്നിരിക്കും. പത്രത്തിൽ നോക്കി തിയേറ്ററിൽ പടം മാറിയോ എന്ന് നോക്കും. മറ്റു വാർത്തകൾ അലർജി ആയതു കൊണ്ട് നോക്കാൻ മിനക്കെടാറില്ല.

ശങ്കുവിന്റെ ലീലാ വിലാസങ്ങൾ 
ചായ കുടി കഴിഞ്ഞാൽ അന്നത്തെ പരിപാടികൾ പ്ലാൻ ചെയ്യും. അന്ന് ആരെ ഒക്കെ പറ്റിക്കാം എന്ന് ആലോചിച്ചു നോക്കും. വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട്. അതിനു മുൻപിൽ ഓന്ത് ഇരിക്കുന്ന പോലെ എത്ര നേരം വേണമെങ്കിലും അനങ്ങാതെ ഇരിക്കും. വീട്ടുകാർ വിചാരിക്കും എന്തെങ്കിലും ബുദ്ധിപരമായ പ്രവർത്തനങ്ങൾ നടത്തുകയാണോ എന്ന്. കുറച്ചു വ്യാജ  ഇമെയിൽ വിലാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഉന്നത കുലജാതരായ ആളുകളുടെ പേരുകൾ (ഉദാ: ഷിബു വർമ്മ) സ്വയം ആരോപിച്ച് പെണ്‍കുട്ടികളുമായി കിന്നാരം പറയുകയാണ് കക്ഷിയുടെ പ്രധാന പരിപാടി. താൻ ക്ഷത്രിയ കുടുംബത്തിൽ ആണ് ജനിച്ചതെന്നും, ഇന്ത്യയിലെ വിഖ്യാതമായ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് പഠിച്ചതെന്നും വീമ്പിളക്കും. കിന്നാരം പറഞ്ഞു പറഞ്ഞു ആശാന്റെ തനി നിറം ക്രമേണ പുറത്തു കാണിക്കും. ലൈംഗിക ചുവയുള്ള സംസാരം തുടങ്ങും. കന്നി മാസത്തിൽ നായ്ക്കൾ കാണിക്കുന്ന ചേഷ്ടകൾ തുടങ്ങും. അന്നേരം പെണ്‍കുട്ടികൾ ഓടി രക്ഷപെടും. 

അശ്ലീല ചിത്രങ്ങളും, വീഡിയോയും ശേഖരിക്കലാണ് വേറൊരു നേരമ്പോക്ക്. അത്തരം സാഹിത്യത്തിന്റെ നല്ലൊരു ഹോം ലൈബ്രറി അദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ഗൾഫിൽ കൂടെ ജോലി ചെയ്തിരിന്ന ഫിലിപ്പിനോ പെണ്‍കുട്ടികളുടെ ചിത്രങ്ങളും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിട്ടുണ്ട്. മിക്കവാറും ആ ചിത്രങ്ങളിൽ ഉറ്റു നോക്കിക്കൊണ്ട്‌ പകൽക്കിനാവ് കാണും. ഗൾഫിൽ നിന്നും വന്നതിനു ശേഷം സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങി കുറച്ചു പേർക്കെങ്കിലും ഒരു വരുമാന മാർഗം ഉണ്ടാക്കി കൊടുക്കാം എന്നതായി അടുത്ത ചിന്ത. വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ജോലികൾ കണ്ടു പിടിച്ചു കൊടുക്കുന്ന ഒരു വെബ്‌സൈറ്റിൽ അദ്ദേഹം ഒരു പരസ്യം കൊടുത്തു. പേർസണൽ അസ്സിസ്റ്റന്റിനെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിചയം ഇവ ഒന്നും വേണ്ട. ഒരേ ഒരു നിബന്ധന അപേക്ഷിക്കുന്നവർ സ്ത്രീകൾ ആയിരിക്കണം. സമീപ ജില്ലകളിൽ നിന്നുള്ള ചില സ്ത്രീകൾ ജോലിക്ക് അപേക്ഷിച്ചു. അദ്ദേഹം വെബ്‌സൈറ്റിൽ തന്നെ ഓണ്‍ലൈൻ ഇന്റർവ്യൂ തുടങ്ങി. എല്ലാവരോടും Skype അക്കൗണ്ട്‌ ഉണ്ടോ എന്ന് തിരക്കി. ഉണ്ടെന്നു എല്ലാവരും സമ്മതിച്ചു. വിശദമായ ഇന്റർവ്യൂ Skype ൽ വീഡിയോ ചാറ്റിങ് മുഖേന നടത്തുമത്രെ. പത്തു മിനിറ്റ് നഗ്നരായി നിൽക്കുന്നവർക്ക് ജോലി ഉടൻ നൽകും. ഓണ്‍ലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക്  വണ്ടിക്കൂലിയും, മെനക്കെട് കൂലിയും അദ്ദേഹം വാഗ്ദാനം ചെയ്തു. എല്ലാവരും ജോലി വേണ്ടായേ എന്ന് പറഞ്ഞു ഓടി രക്ഷപെട്ടു. ഈ കേരളം ഗതി പിടിക്കില്ല എന്ന് ശങ്കു മുതലാളി ശപിച്ചു.

ഉപസംഹാരം
ശങ്കുവിനെ കല്യാണം കഴിപ്പിക്കാൻ വീട്ടുകാർക്ക് ആഗ്രഹം ഉണ്ട്. ആരെങ്കിലും പെണ്ണ് കൊടുക്കണ്ടേ. ശങ്കു ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ എജന്റു ആയും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. "ഇമ്മാനുവൽ"സിനിമ ഇറങ്ങിയതിനു ശേഷം സ്വകാര്യ ഇൻഷുറൻസ് എടുക്കുന്ന പരിപാടി എല്ലാവരും നിർത്തിയ കാര്യം ശങ്കു അറിഞ്ഞില്ല എന്ന് തോന്നുന്നു. ആരും ഇൻഷുറൻസ് എടുക്കാത്തത് കൊണ്ട് സ്വന്തം വീട്ടുകാരെക്കൊണ്ട്  തന്നെ പോളിസികൾ അദ്ദേഹം വാങ്ങിപ്പിക്കുന്നു. ശങ്കുവിന്റെ  ജീവിത യാത്ര അങ്ങനെ തുടരുന്നു. 

അനുബന്ധം: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തി വിവരണം തന്റെതാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അത് വെറും യാദൃശ്ചികം മാത്രമാണെന്ന് അറിയിച്ചു കൊള്ളുന്നു.

Image courtesy: http://theimagestop.com            

Friday, January 17, 2014

ഫേസ്ബുക്കിലെ പേക്കൂത്തുകൾ

ആൽബർട്ട് ഐൻസ്റ്റൈൻ അണു സിദ്ധാന്തം കണ്ടു പിടിച്ചപ്പോൾ വിചാരിച്ചില്ല അതിന്റെ സംഹാര ശേഷി എത്ര മേൽ ഉണ്ടാവും എന്ന്. അത്  പോലെയാണ്, മാർക്ക്‌ സക്കർബെർഗ് എന്ന ശനിയൻ ഫേസ്ബുക്ക് എന്ന സങ്കേതം കണ്ടു പിടിച്ചത്. അത് മൂലം നമ്മുടെ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ഫേസ്ബുക്ക് സുഹൃത്ത് ബന്ധം സൂക്ഷിക്കാൻ പറ്റിയ ഒരു ഉപാധി തന്നെയാണ്. എങ്കിലും, അത് വ്യക്തി ജീവിതത്തിലും, കുടുംബ ബന്ധങ്ങളിലും ഉണ്ടാക്കുന്ന വിള്ളലുകളും എത്ര വലുതാണെന്ന് എന്ന് നമുക്ക് നോക്കാം. 

ഫേസ്ബുക്കുമായി ബന്ധപെട്ടു ഒരു പാടു വാർത്തകൾ മലയാള പത്രങ്ങളിൽ അടുത്ത കാലത്ത്  കൂടുതലായിപ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വിവാഹിതരും, അല്ലാത്തവരും ഫേസ്ബുക്ക് കുരുക്കുകളിൽ ചെന്ന് വീണ വാർത്തകൾ ആയിരിന്നു അവയെല്ലാം. വിവാഹിതരായ സ്ത്രീകൾക്കും, വിദ്യാർത്ഥിനികൾക്കും ആണ് കൂടുതൽ അമളി പറ്റിയത്. ഒരു വിദ്യാർത്ഥിനി ഫേസ്ബുക്ക് വഴി യുവാവ്‌ എന്ന് നടിച്ചു ബന്ധം സ്ഥാപിച്ചതും, നേരിൽ കാണാൻ ചെന്നപ്പോൾ ഫേസ്ബുക്ക് കാമുകൻ 65 വയസുകാരൻ ആണെന്ന് അറിഞ്ഞു പെണ്‍കുട്ടി ബോധം കെട്ടു വീണതും നമ്മുടെ കേരളത്തിൽ തന്നെയാണ്. ഇന്നേ വരെ നേരിട്ട് കാണാത്ത ഒരാളെ കാണാൻ ഇറങ്ങി പുറപ്പെടുന്ന സ്ത്രീകളുടെ പ്രവണത സാമൂഹിക പ്രവർത്തകരെയും, മനശാസ്ത്ര വിദഗ്ദരേയും അമ്പരപ്പിക്കുന്നു. പെണ്‍കുട്ടികൾ ഫേസ്ബുക്ക് കാമുകനെ നേരിട്ട് കാണാൻ രക്ഷിതാക്കൾ അറിയാതെ വീട് വിട്ടു പോകുന്നതു ഇന്ന് സർവ്വ സാധാരണം ആണ്. നാട്ടുകാരുടെയും പോലീസിന്റെയും ഇടപെടൽ മൂലം മാത്രമാണ് ചില പെണ്‍കുട്ടികൾ എങ്കിലും രക്ഷിതാക്കളുടെ അടുക്കൽ സുരക്ഷിതമായി തിരിച്ചെത്താൻ കഴിഞ്ഞത്. ചില വീട്ടമ്മമാരുടെ സ്വർണവും, പണവും, മാനവും ഫേസ്ബുക്ക്‌ കാമുകന്മാർ അടിച്ചു മാറ്റിയിട്ടുണ്ട്. ചിലർ നാണക്കേടു കൊണ്ട് പറ്റിയ അമളി പുറത്തു പറയാതെ ജീവിക്കുന്നു. ചിലരുടെ ദാമ്പത്യ ബന്ധം തകർന്നതും ഫേസ്ബുക്കിലെ ഒളിച്ചുകളി പുറത്തായപ്പോൾ ആണ്. ഫേസ്ബുക്ക്‌ ദുരുപയോഗം മൂലമുള്ള ഒരു പാടു കേസുകൾ വനിത കമ്മിഷനിൽ എത്തുന്നുണ്ടെന്ന് ഒരു കമ്മിഷൻ അംഗം ഈയിടെ വെളിപ്പെടുത്തുക ഉണ്ടായി. 

ഫേസ് ബുക്കിലെ ഭൂരിഭാഗം അക്കൌണ്ടുകളും വ്യാജം ആണെന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ട്. ഫേസ് ബുക്ക് വിരുതന്മാർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. കൃത്രിമ ഫേസ് ബുക്ക്‌ അക്കൌണ്ട് ഉണ്ടാക്കി സുന്ദരന്മാരായ പരസ്യ കലാകാരന്മാരുടെയും മറ്റും ചിത്രം തന്റെതാണെന്ന് വരുത്തി ഇടുന്നു. സ്ത്രീകളോട് അങ്ങോട്ട്‌ കയറി ചങ്ങാത്തം കൂടുന്നു. വീട്ടിലെ ചെറിയ പിണക്കങ്ങളും മറ്റും മുതലാക്കി സ്ത്രീകളുടെ വിശ്വാസ്യത ആർജിക്കുന്നു. കൂടുതൽ പരിചയം മുറുകുന്നതോടെ ഇക്കിളി സംഭാഷണം ഫോണ്‍ വഴിയും അല്ലാതെയും തുടങ്ങുന്നു. ഇതിനിടക്ക് പണവും സ്വർണവും ഒക്കെ കൊടുത്തു ഫേസ്ബുക്ക്‌ കാമുകന്മാരെ സഹായിക്കുന്നവരുണ്ട്. പിന്നീട് നേരിട്ട് കാണാനുള്ള പദ്ധതി തയ്യാറാക്കുന്നു. ദൂരെ ഏതെങ്കിലും സ്ഥലത്ത് പോയി കണ്ടു മുട്ടാമെന്നും, അവിടെ പോയി ചായ കുടിക്കാനുള്ള ചിലവിലേക്കായി വീട്ടിലുള്ള സ്വർണവും, പണവും ഒക്കെ എടുത്തു കൊള്ളാനും പറയുന്ന വിരുതന്മാരും ഉണ്ട്!! ഒരു ബംഗാളി യുവ നടന്റെ ചിത്രം ഇട്ടു ഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങിയ ഒരു വീരൻ, ഡോക്ടർ ആണെന്ന് സ്വയം പരിചയപെടുത്തി ഒരു യുവതിയിൽ നിന്ന് ലക്ഷകണക്കിന് രൂപയാണ് അടിച്ചു മാറ്റിയത്. ഇങ്ങനെ വ്യാജ അക്കൌണ്ടുകൾ ഉണ്ടാക്കാതെ യഥാർത്ഥ പ്രൊഫൈൽ ഉപയോഗിച്ച് വിശ്വാസം പിടിച്ചു പറ്റി അവിവിവാവിഹതരെയും, വീട്ടമ്മമാരെയും സാമ്പത്തികമായും, ലൈന്ഗ്കിമായും ചൂഷണം ചെയ്യുന്നവരും ഉണ്ട്. 

അടുത്ത കാലത്ത് ഒരു വീട്ടമ്മയെ ഒരു ഫേസ്ബുക്ക്‌ കാമുകൻ സിനിമ കാണാൻ ദൂരെ സ്ഥലത്തേക്ക് ക്ഷണിച്ചു. ഇത് വരെ കണ്ടിണ്ടില്ലാത്ത കാമുകനെ നേരിട്ട് കാണാമല്ലോ എന്നും, കൂട്ടത്തിൽ ഒരു സിനിമയും കാണാമല്ലോ എന്ന ആഗ്രഹത്താൽ വീട്ടമ്മ ഭർത്താവു അറിയാതെ യാത്ര പ്ലാൻ ചെയ്തു. ഇതറിഞ്ഞ ഭർത്താവ്, ഒന്നും അറിയാത്ത ഭാവത്തിൽ വീട്ടമ്മയെ അനുഗമിച്ചു. അത് കാരണം, ഫേസ്ബുക്ക്‌ കാമുകന്റെ പദ്ധതികൾ ഒന്നും തന്നെ പൂവണിഞ്ഞില്ല. ഭർത്താവ്  ചോദ്യം ചെയ്തപ്പോൾ, തങ്ങൾ രണ്ടു പേരും പുരോഗമന ചിന്താഗതിക്കാർ ആയതു കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞു ഭാര്യ തടി തപ്പാൻ ശ്രമിച്ചു. അവിവിവാഹിതനായ ഫേസ് ബുക്ക്‌ കാമുകനോട് ഭർത്താവു ചോദിച്ചു, നിന്റെ കല്യാണം കഴിഞ്ഞിട്ട് ഭാര്യയെ എന്റെ കൂടെ തനിച്ചു സെക്കന്റ്‌ ഷോയിക്ക് വിടാമോ എന്ന്. പറ്റില്ല എന്നാണ് കാമുകൻ പറഞ്ഞത്. എന്തൊരു പുരോഗമന ചിന്താഗതി!! മറ്റുള്ളവന്റെ ഭാര്യയുടെ മേൽ പുരോഗമന ചിന്താഗതി ആകാം. സ്വന്തം കാര്യം വരുമ്പോൾ, പുരോഗമന ചിന്താഗതി ഇല്ല. കലക്ക വെള്ളത്തിൽ മീൻ  പിടിക്കാൻ ആണ് ഫേസ് ബുക്ക്‌ കാമുകൻ ശ്രമിച്ചത്.

പാചക വാതകത്തിനും, ഉപ്പിനും കർപ്പൂരത്തിനും വരെ അധാർ കാർഡ്‌ കാർഡ്‌ നിർബന്ധം ആക്കുന്ന സർക്കാർ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങാനും ആധാർ കാർഡ്‌ നിർബന്ധം ആക്കണം. എങ്കിൽ ഫേസ് ബുക്ക്‌ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കുറേയൊക്കെ തടയാൻ പറ്റും.  

Tuesday, January 14, 2014

ടെലവിഷനു മുൻപിലെ ശിലാ പ്രതിമകൾ

കേരളത്തിലെ കുഞ്ഞുങ്ങൾ ടെലവിഷനു മുൻപിൽ മുരടിച്ചു പോകുകയാണോ? അടുത്തയിടെ കുറച്ചു വീടുകൾ സന്ദർശിച്ചപ്പോൾ എനിക്ക് കിട്ടിയ പൊതുവായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കു വെയ്ക്കുന്നു.  വീട്ടിലെ ഇരിപ്പ് മുറിയിൽ നിശ്ചേഷ്ടരായി ടിവിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഇരിക്കുന്ന കുഞ്ഞുങ്ങളെ ആണ്  എല്ലായിടത്തും കാണാൻ  കഴിഞ്ഞത്. ടിവിയിൽ കണ്ണും നട്ടിരിക്കുമ്പോൾ വീട്ടിലേക്ക്  മറ്റൊരാൾ കടന്നു വരുന്നത് അവർ അറിയുന്നതേയില്ല. ഞാൻ അവന്റെ അരികിൽ ഇരുപ്പ് ഉറപ്പിച്ചിട്ടും അവൻ അറിഞ്ഞ മട്ടില്ല. ഞാൻ എന്തോ ചോദിയ്ക്കാൻ അവനോടു തുനിഞ്ഞു. അവൻ തല ടിവിക്ക് മുന്നിലേക്ക്‌  കൂടുതൽ വലിച്ചു നീട്ടി. കൊച്ചു ടിവിയിൽ അവൻ "ഡോറയുടെ പ്രയാണം"(Dora the Explorer) എന്ന കാർട്ടൂണ്‍ ആസ്വദിക്കുകയാണ്. ഗൃഹനാഥൻ എന്നോടു ഇപ്പോൾ വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി. ഞാൻ ശിലാ പ്രതിമയുടെ  അടുത്തു ഇരിപ്പ് തുടർന്നു. ഇടവേള വന്നു. ടിവിയിൽ പരസ്യം തുടങ്ങി. വിശപ്പ്‌ അലട്ടിയത് കൊണ്ടാവണം, ശില അനങ്ങി തുടങ്ങി. എന്നെ ഒന്ന് തുറിച്ചു നോക്കി. അപ്പോളാണ് ഞാൻ അടുത്തു ഇരിക്കുന്ന കാര്യം അവൻ അറിഞ്ഞത് തന്നെ. അവൻ ഉറക്കെ അലറി "വിശക്കുന്നേ" എന്ന്. അപ്രതീക്ഷിതമായ നിലവിളി കേട്ട് ഞാൻ ഞെട്ടി. അവന്റെ അമ്മ  ഉടനെ തന്നെ അടുക്കളയിൽ നിന്നും ചില ഭക്ഷണ സാധനങ്ങളുമായി അവിടേക്ക് ഓടിയെത്തി. അവന്റെ മുന്നില് അവയെല്ലാം വളരെ ഭയ, ഭക്തി ബഹുമാനത്തോടെ നിരത്തി വെച്ചു. അവൻ ടിവിയിൽ നിന്നും കണ്ണെടുക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങി. ഭക്ഷണത്തിന്റെ സ്വാദ് അവൻ അറിയാതെയാണ് വാരി വലിച്ചു അകത്ത് ആക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഭക്ഷണം  ശേഷം  അവൻ പ്ലേറ്റുകൾ ഒരു വശത്തേക്ക് തള്ളി നീക്കിയ ശേഷം ടിവി കാഴ്ച തുടർന്നു. അൽപ നേരം ഞാനും അവനോടൊപ്പം ഡോറയുടെ പ്രയാണത്തിൽ മുഴുകി. "ഡോറയുടെ പ്രയാണം " തീർന്നു. അവൻ വീണ്ടും അസ്വസ്ഥൻ ആകാൻ തുടങ്ങി. അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു അലറി "പോഗോ". ഞാൻ വീണ്ടും ഞെട്ടി പോയി, പോകാനായി ചാടി എഴുന്നേറ്റു. എന്റെ സാനിധ്യം അവന് ഇഷ്ടപെട്ടില്ല എന്ന് ഞാൻ വിചാരിച്ചു. പോകല്ലേ എന്ന് പറഞ്ഞു കൊണ്ട് അവന്റെ അച്ഛൻ ഓടി വന്നു. അവന്റെ അച്ഛൻ റിമോട്ട് എടുത്തു വേറൊരു ചാനൽ  ഇട്ട് കൊടുത്തു. എന്നിട്ട് എന്നോടായി പറഞ്ഞു, "അയ്യോ, അവൻ പോകാനല്ല  പറഞ്ഞത്, പോഗോ (Pogo) ചാനൽ വെച്ച് കൊടുക്കാനാണ് പറഞ്ഞത്, ഇപ്പോൾ പോഗോയിൽ ചോട്ടാ ഭീം ഉണ്ട് ". അദ്ദേഹം ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. തെറ്റായി കേട്ടതാണെന്നു ഞാനും പറഞ്ഞു. അപ്പോൾ, കുട്ടി എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് വീണ്ടും ചോട്ടാ ഭീമനിൽ മുഴുകി. 

ഇതാണ് നമ്മുടെ കുട്ടികളുടെ ഇന്നത്തെ അവസ്ഥ. അവരുടെ ബുദ്ധിയും, കായികശേഷിയും ടിവിക്ക് മുൻപിൽ തളച്ചു ഇടുന്നു.  സാമൂഹിക ബന്ധങ്ങൾ കുറയുന്നു. വായനശീലം വളരുന്നില്ല. ധാർമിക മൂല്യങ്ങൾ ഉണ്ടാകുന്നില്ല. മനുഷ്യത്വം ഇല്ലാതാകുന്നു. മൂല്യച്യുതി സംഭവിക്കുന്നു. അവസാനമായി സമൂഹം അധപതിക്കുന്നു. എങ്ങനെ ഈ കുട്ടികളുടെ ഇടയിൽ നിന്നും നാളെയുടെ വാഗ്ദാനങ്ങളായ ശാസ്ത്രഞ്ജരും, കലാകാരന്മാരും, കായിക താരങ്ങളും ഉണ്ടാകും?

Monday, January 6, 2014

അച്ഛനെ കാണാതെ വളരുന്ന പെണ്‍കുട്ടികൾ

 ഇന്ന് രാവിലെ എന്റെ കണ്ണിനെ ഈറൻ അണിയിച്ച ഒരു സംഭവം ഉണ്ടായി. ഞാൻ രാവിലെ ക്ലാസിനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങും നേരം 90 വയസ്സ് കഴിഞ്ഞ എന്റെ അമ്മൂമ്മ (അച്ഛന്റെ അമ്മ) വീട്ടിലേക്ക് വന്നു. എന്റെ അടുത്തായി ഇരുന്ന ശേഷം എന്നോടു ചോദിച്ചു, നീ യുനിവെർസിറ്റിയിൽ പോകുന്ന വഴി കുമാരനല്ലൂര് ഇന്ന പേരിലുള്ള ഒരു വീട് ഉണ്ടോ എന്ന് അന്വേഷിക്കുമോ എന്ന്. ഞാൻ ചോദിച്ചു എന്തിനാണ് അമ്മൂമ്മേ ആ വീട് തിരക്കുന്നത് എന്ന്. അമ്മൂമ്മ പറഞ്ഞു, "എന്റെ അച്ഛന്റെ വീട് അവിടെയാണ്". ഈയിടെയായി അമ്മൂമ്മ അച്ഛനെ തുടരെ സ്വപ്നം കാണുന്നു എന്ന്. ആ വീട്ടിൽ ആരെങ്കിലും ഒക്കെ അവശേഷിച്ചിട്ടുണ്ടോ എന്ന് അറിയാൻ ആണെന്ന്. അമ്മൂമ്മക്ക്‌ അച്ഛന് വേണ്ടി ബലിയിട്ടാൽ കൊള്ളാമെന്നുണ്ട്. അമ്മൂമ്മ ആ പഴയ കഥ എന്നോടു പറയാൻ തുടങ്ങി.

Sunday, January 5, 2014

Green salad with Kurkure


Here is the preparation of a variety green salad suitable for casual occasions.

Salad cucumber- 250 gm
Carrot- 250 gm
Big onion- Big one
Tomoto- 1 number
Kurkure (Masala Munch)- Rs. 15 pack
Lime- Half piece

Cut all vegetables and put it in a bowl. Pour Kurkure on vegetables and mix all items. This can serve for two persons. Kurkure can give a different spicy taste. Add some roasted peanuts for nutty taste. Squeeze lime on vegetables. This salad is a good companion with chilled beer or other soft drinks.