എന്റെ സ്‌കൂൾ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരു അനുഭവം പറയാം. ഞാൻ പത്താം തരം അവസാന വർഷ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു. പരീക്ഷ വിഷയം ഏതെന്നു ഓർമയില്ല. എഴുത്ത് തകൃതിയായി നടക്കുന്നു. പെട്ടെന്ന് എന്റെ പേന പണി മുടക്കി. എന്റെ മുന്നിലെ ബെഞ്ചിൽ ഇരുന്നു കുത്തിക്കുറിക്കുന്ന പഹയനെ ശബ്ദം കുറച്ചു വിളിച്ചു. അദ്ദേഹത്തിന്റെ മേശപ്പുറത്തു രണ്ടു പേന നിരത്തി വെച്ചിരിക്കുന്നു. ഒരു പേന തന്നു സഹായിക്കണേ എന്ന് അറിയിച്ചു. എടുത്തടിച്ച പോലെ മറുപടി വന്നു, "പൂജിച്ച പേനയാണ്, തരാൻ പറ്റില്ല". ഉടനെ തന്നെ പേനയെടുത്ത് മാറ്റി വെച്ചു. എന്റെ സുഹൃത്ത് അമ്പലം വിഴുങ്ങാൻ എന്ന പോലെ അമ്പല പറമ്പിനു ചുറ്റും ദിവസവും വലം വെക്കുന്നതും കണ്ടിട്ടുണ്ട്. അവൻ ഭഗവാനെ പ്രീണിപ്പിച്ച് ഇങ്ങനെ ഒരു കടുത്ത പ്രയോഗം നടത്തുമെന്ന് ഞാൻ അറിഞ്ഞില്ല. ഏതായാലും എന്റെ സുഹൃത്തിനെ പൂജിച്ച പേന കൈവിട്ടു. പരീക്ഷ ഫലം വന്നപ്പോൾ ഒന്നിലേറെ വിഷയങ്ങൾക്ക് തോറ്റു!! അവൻ പേന എഴുതാൻ തരാഞ്ഞത് വളരെ നന്നായി എന്ന് തോന്നി. എങ്കിൽ പൂജിച്ച പേന എന്നെയും ചതിച്ചേനെ.
വാൽകഷ്ണം: ഹിന്ദുക്കുട്ടികളുടെ പൂജിച്ച പേന കണ്ടു അസൂയ പൂണ്ട നസ്രാണി കുട്ടികൾ പള്ളിയിൽ നിന്നും വെഞ്ചരിച്ച പേന കൊണ്ട് പരീക്ഷ എഴുതുന്നുണ്ട് എന്ന് ഈയിടെ ഒരു രസികൻ എന്നോടു പറഞ്ഞു.