Friday, January 16, 2015

ഒരു പൂട്ട്‌ വെച്ച കഥ: ഗുണപാഠം

എന്റെ വീട്ടിലെ എഴുത്ത് മേശയുടെ ഒരു വലിപ്പിന് (Desk drawer)  പൂട്ട്‌ ഇല്ല. കുട്ടികൾ ഇടക്കിടെ എന്റെ മേശ റെയിഡ് നടത്തുന്നത് കൊണ്ട് അതിനൊരു പൂട്ട്‌ പിടിപ്പിക്കാൻ തീരുമാനിച്ചു. എന്ത് കൊണ്ട് എനിക്ക് തനിയെ ഒരു പൂട്ട്‌ വാങ്ങി പിടിപ്പിച്ചു കൂടാ എന്നായി അടുത്ത ചിന്ത. പൂട്ട്‌ പിടിപ്പിക്കാനുള്ള സുഷിരങ്ങളും, താക്കോൽ ദ്വാരവും മേശ ഉണ്ടാക്കിയ ആശാരി ഔദാര്യപൂർവ്വം ഇട്ടു തന്നിട്ടുണ്ട്. നിസ്സാര വിലയുള്ള ഒരു പൂട്ട്‌ പിടിപ്പിക്കാൻ അദ്ദേഹം മറന്നു പോയി. വളരെ പഴക്കമുള്ള മേശ ആയതു കൊണ്ട് അതിന്റെ പൂർവ്വ ചരിത്രം എനിക്കറിയില്ല.

ചങ്ങനാശ്ശേരിയിലെ പ്രമുഖ ഹാർഡ്‌വെയർ വ്യാപാരിയായ മുസ്തഫ സാഹിബിന്റെ കടയിൽ പോയി മേശ വലിപ്പിനുള്ള പൂട്ട്‌ മുപ്പതു രൂപയ്ക്കു വാങ്ങി. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന വഴി 'ടെക്&മെക്' എന്ന കടയിൽ നിന്നും 'തപാരിയാ' സ്ക്രൂ ഡ്രൈവർ സെറ്റ്(200 രൂപ) വാങ്ങി. വീട്ടിലെത്തി ചായ കുടി കഴിഞ്ഞു മേശയിൽ പൂട്ട്‌ പിടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. പൂട്ട്‌ കൃത്യമായി വെച്ച് നോക്കി, സ്ക്രൂ ഉറപ്പിക്കാനുള്ള സുഷിരം തീർക്കാൻ അടയാളം ഇട്ടു. മുനയൻ കൊണ്ട് ദ്വാരം ഇട്ടു. പൂട്ട്‌ വിജയകരമായി ഉറപ്പിച്ചു. മേശ അടച്ച ശേഷം, താക്കോൽ കടത്തി പൂട്ടാൻ ശ്രമിച്ചു. മേശക്കൊരു വിസമ്മതം പോലെ. പൂട്ട്‌ കൃത്യമായി വീഴുന്നില്ല. അവയവങ്ങൾ മാറ്റി വെക്കാനുള്ള ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ, ശരീരം പുതിയ അവയവത്തെ സ്വീകരിക്കാൻ ആദ്യമൊക്കെ വിസമ്മതിക്കും എന്ന് കേട്ടിട്ടുണ്ട്. അത് പോലെ പുതിയ താഴും, താക്കോലും വെച്ചത് എന്റെ മേശക്കു തീരെ ഇഷ്ടപ്പെട്ടില്ല എന്നു തോന്നിപ്പോയി. പൂട്ട്‌ വീഴാനുള്ള മേശയുടെ വെട്ട് ഞാൻ പരിശോധിച്ചു, ഞാൻ അറിയാതെ തേങ്ങിപ്പോയി. പുതിയ പൂട്ട്‌ വീഴണമെങ്കിൽ വെട്ടിന് അൽപം കൂടി വീതി കൂട്ടണം. ഉളിയുണ്ടെങ്കിലെ പണി നടക്കു. ഒരു ആശാരിയുടെ സഹായമില്ലാതെ കാര്യം നടക്കില്ല എന്ന് ഉറപ്പിച്ചു. ആശാരിക്ക് നിസ്സാരമായി ചെയ്യാവുന്ന ജോലിയെ ഉള്ളു. വിശ്വകർമ്മാവിനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് മേശയോട്‌ ക്ഷമാപണം നടത്തി പിൻവാങ്ങി.

ഗുണപാഠം: അന്യന്റെ തൊഴിൽ മേഖലയിൽ ആവശ്യമില്ലാതെ അതിക്രമിച്ചു കടക്കരുത്. അവന്റെ കഞ്ഞിയിൽ മണ്ണിടാൻ ശ്രമിക്കരുത്. ഓരോരുത്തർക്കും അറിയാവുന്ന പണി ചെയ്ത് ജീവിക്കുക!!

Monday, January 12, 2015

ചരിത്രമുറങ്ങുന്ന ഝാൻസി: യാത്രാ വിവരണം

റാണി ലക്ഷ്മി ഭായിയുടെ കോട്ട കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഝാൻസി നഗരത്തിൽ എത്തിയത്. ഉത്തരപ്രദേശിലെ അതിപ്രധാനമായ ഒരു നഗരമാണിത്‌. ചരിത്രവും, സംസ്‌കാരവും ഇഴചേർന്ന് കിടക്കുന്ന പ്രദേശമാണ് ഝാൻസി. പുരാതന കാലത്ത് ചന്ദേല രാജ വംശവും, ആധുനിക കാലത്ത് റാണി ലക്ഷ്മി ഭായിയും, പിന്നീട് ബ്രിട്ടീഷുകാരും വരുതിയിലാക്കിയ പ്രദേശമാണിത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പടയോട്ടങ്ങൾക്കും ഈ നഗരം സാക്ഷ്യം വഹിച്ചു.

ഇന്ത്യയിലെ വേഗത കൂടിയ ട്രെയിൻ ആയ ശതാബ്തി എക്സ്പ്രെസ്സിൽ ആണ് ഗ്വാളിയോറിൽ നിന്നും ഉച്ചയോടടുത്ത സമയം ഝാൻസിയിൽ വന്നിറങ്ങിയത്. ബ്രിട്ടീഷുകാർ 1880-ൽ ആണ് ഈ സ്റ്റേഷൻ പണി തീർത്തത്. പുറമേ നിന്ന് നോക്കിയാൽ ഒരു കോട്ടയുടെ രൂപം അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മിതി. ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നിങ്ങനെ മൂന്നു ഭാഷകളിൽ സ്റ്റേഷന്റെ പേര് പ്രദർശിപ്പിച്ചിട്ടുണ്ട്. വടക്ക് മധ്യ റെയിൽ (North Central Railway) ഡിവിഷനിൽപ്പെടുന്ന ഈ സ്റ്റേഷനിലൂടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള ട്രെയിനുകൾ കടന്നു പോകുന്നു. ട്രെയിൻ വൈകിയത് കൊണ്ട് ഞങ്ങൾ ക്ലോക്ക് റൂമിൽ ലഗ്ഗേജ് സൂക്ഷിക്കാൻ ഏൽപ്പിച്ച ശേഷം ധൃതിയിൽ കോട്ട കാണാൻ തിരിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയിലേക്ക് 4 കിലോമീറ്റർ ദൂരം ഉണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാർ ഞങ്ങളെ വളഞ്ഞു. കോട്ടയിലേക്ക് 80  രൂപ കൂലി വേണമെന്ന് പറഞ്ഞു. ഞങ്ങൾ അവരെ അവഗണിച്ചുകൊണ്ട് മുന്നോട്ടു നടന്നു. വിലപേശലിനു ശേഷം 40 രൂപയ്ക്കു സമ്മതിച്ചു. വടക്കെ ഇന്ത്യയിൽ ഏതു കാര്യത്തിനും ന്യായ വില അല്ലെന്ന് തോന്നിയാൽ ധൈര്യമായി വിലപേശാം. ഞങ്ങൾ ഓട്ടോയിൽ കോട്ടയിലേക്ക് യാത്ര തിരിച്ചു. കോട്ടയുടെ ആകാരം ദൂരെ നിന്ന് തന്നെ ദൃശ്യമാകാൻ തുടങ്ങി.

Thursday, January 1, 2015

വിവാഹ ബന്ധം പുനസ്ഥാപിക്കാനുള്ള അപേക്ഷ (Restitution of Conjugal Rights)

ഇക്കാലത്ത് വിവാഹ ബന്ധം സമാധാനപരം അല്ല. പുരുഷനും സ്ത്രീയും സങ്കൽപ ലോകത്താണ് ജീവിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ പ്രവേശിക്കുമ്പോൾ യാഥാർത്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ ഉഴലുകയും, വിവാഹത്തിന് മുൻപ് മനസ്സിൽ കെട്ടിപ്പൊക്കിയ പളുങ്ക് കൊട്ടാരം തകർന്നടിയുകയും ചെയ്യും. ജീവിതത്തെ ലാഘവത്തോടെ കാണുന്നത് കൊണ്ട് പ്രശ്നങ്ങളെ വേണ്ടവിധത്തിൽ പരിഹരിച്ചു മുന്നോട്ടു പോകാനുള്ള ക്ഷമ യുവതി യുവാക്കൾക്ക് കുറവാണ്.

നിസ്സാര കാര്യങ്ങൾക്ക് പോലും ഭാര്യയെ/ ഭർത്താവിനെ ഉപേക്ഷിച്ചു കടന്നു കളയുന്ന പ്രവണത ഇക്കാലത്ത് കൂടുതലായി കണ്ടു വരുന്നു. ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങിച്ചു കൊടുക്കാത്തതിനു ഒരു മലയാളി യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ച വാർത്ത‍ ഈയിടെ പത്രത്തിൽ വരികയുണ്ടായി. നിസ്സാര കാര്യങ്ങൾക്ക് പോലും ഭർത്താവിനെ ഉപേക്ഷിച്ചു സ്വന്തം മാതാപിതാക്കളോടൊപ്പം ജീവിക്കാൻ പോകുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. കുട്ടിക്ക് വാങ്ങിച്ചു വെച്ച ബിസ്കറ്റ് ഭർത്താവ് കഴിക്കുന്നു എന്നത് കൊണ്ട് ഭർത്താവിന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല എന്ന് ഒരു യുവതി കോടതിയിൽ ആരോപിക്കുകയുണ്ടായി!! ചായയുടെ കൂടെ ബിസ്കറ്റ് കഴിക്കാറുണ്ട് എന്ന് ഭർത്താവ് സമ്മതിച്ചു. സന്തോഷത്തോടെ ചെയ്ത കാര്യങ്ങൾ എല്ലാം തന്നെ പിന്നീട് ആരോപണങ്ങളായി തിരിച്ചു വിടുന്നതും പതിവാണ്. ഭർത്താവ് ബ്ളൂ ഫിലിം കാണിച്ചു എന്നതു പ്രധാന കാരണമായി ഒരു യുവതി കൌണ്‍സിലിംഗ് സമയത്ത് ഉന്നയിച്ചത്. ഇണങ്ങിയിരിന്ന സമയത്ത് ദമ്പതികൾ ഒരുമിച്ചിരിന്ന് ബ്ലൂ ഫിലിം കണ്ടിരിന്നു എന്ന് പാവം ഭർത്താവ് കൌണ്‍സിലറോട് പറഞ്ഞു!! നല്ല നാളുകളിൽ ഒരുമിച്ചു സന്തോഷത്തോടെ ചെയ്ത കാര്യങ്ങൾ ആരോപണങ്ങൾ ആയി ദമ്പതികൾ ഉന്നയിക്കുന്നത്പതിവാണ്.