Thursday, June 25, 2015

ചാതുർവർണ്യം

ആലപ്പുഴ ടൌണിൽ നിന്ന് KSRTC യുടെ പുതിയ ഇളം പച്ച നിറത്തിലുള്ള ലോ ഫ്ലോർ ബസ്സിൽ കയറി. ബസ്സിൽ യാത്രക്കാർ തീരെ കുറവ്. തൊട്ടടുത്ത സ്റ്റോപ്പിൽ നിന്ന് മധ്യവയസ്കയായ ഒരു സ്ത്രീ മീൻ വിൽപ്പന കഴിഞ്ഞ ശേഷം ഒഴിഞ്ഞ ചരുവവുമായി ബസ്സിൽ കയറി. വനിതാ കണ്ടക്ടർ ടിക്കറ്റ്‌ കൊടുക്കാൻ തുനിഞ്ഞതും ഡ്രൈവർ വിളിച്ചു പറഞ്ഞു അവരെ ഇറക്കി വിടാൻ. കണ്ടക്ടർ സ്ത്രീയോട്  ബസ്സിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. മീൻ വില്പനക്കാരി പറഞ്ഞു "മീൻ കച്ചവടം കഴിഞ്ഞു, ചരുവമൊക്കെ വൃത്തിയായി കഴുകിയതാണ്, നാറ്റം ഉണ്ടാവില്ല". കണ്ടക്ടർ സമ്മതിച്ചില്ല. അവർ ബസ്സിൽ നിന്ന് സങ്കടത്തോടെ ഇറങ്ങി കൊടുത്തു. വെളിയിൽ ഇറങ്ങിയ ശേഷം അവർ എല്ലാവരും കേൾക്കെ രോഷത്തോടെ വിളിച്ചു പറഞ്ഞു, "ഇതെന്താ നമ്പൂരിമാരുടെ ബസ്സ്‌ ആണോ, ഇവിടെ ചാതുർവർണ്യം ഉണ്ടോ".

ഈ സംഭവത്തിൽ ആരാണ് തെറ്റുകാരൻ? മീൻ ചരുവവുമായി കയറിയ സ്ത്രീയോ, ബസ്സിൽ നിന്ന് ഇറക്കി വിടാൻ ആവശ്യപ്പെട്ട ബസ്‌ ഡ്രൈവറോ, അതോ സ്ത്രീയെ ഇറക്കി വിട്ട വനിതാ കണ്ടക്ടറോ?

Wednesday, June 3, 2015

കടുത്ത ഈശ്വര വിശ്വാസികളുടെ പ്രധാന ലക്ഷണങ്ങൾ

ആത്മീയ ശൈശവാവസ്ഥയിലുള്ള ഈശ്വര വിശ്വാസികളുടെ പ്രധാന പ്രത്യേകതകൾ:

Image courtesy: Freedom from Religion Foundation
1. എനിക്ക് നല്ലത് വരുത്തണേ, എനിക്ക് മാത്രം നല്ലത് വരുത്തണേ എന്ന രീതിയിലുള്ള പ്രാർത്ഥന.
2. ദൈവം എല്ലാം ക്ഷമിക്കും എന്നത് കൊണ്ട് കൂടുതൽ പാപങ്ങൾ ചെയ്തു കൂട്ടുന്നു.
3. മരണ ശേഷം താൻ ഒഴികെ ബാക്കിയെല്ലാവരും നരകത്തിൽ പോകുമെന്നുള്ള ദൃഡവിശ്വാസം.
4. സ്വന്തം വിശ്വാസം തകരുമോ എന്ന പേടി കാരണം മറ്റുള്ളവരെയും വിശ്വാസികൾ ആക്കാൻ പരമാവധി ശ്രമിക്കും.
5. പൂജിച്ച പേന, ചരട്, എണ്ണ, നെയ്യ്, പഞ്ചസാര, ശർക്കര, കൽക്കണ്ടം, എന്നിവയുടെ അമിത ഉപയോഗം.
6. നല്ല അനുഭവങ്ങളെ ഭഗവാന്റെ അനുഗ്രഹമായി പുകഴ്ത്തും. മോശം അനുഭവങ്ങൾ വന്നാൽ ദൈവത്തിനു യാതൊരു പങ്കുമില്ല എന്ന മട്ടിൽ മിണ്ടാതിരിക്കും.