Saturday, December 31, 2016

ആഗാ ഖാൻ കൊട്ടാരം (യാത്രാ വിവരണം)

കേരളത്തിൽ നിന്ന് ഔറങ്കാബാദിലേക്കുള്ള യാത്രക്കിടയിലാണ് ഞങ്ങൾ പൂനെ നഗരത്തിൽ രാവിലെ എത്തിയത്. ഔറങ്കാബാദിലേക്കുള്ള ബസ് രാത്രിയിലെ പുറപ്പെടൂ എന്നതിനാൽ ഞങ്ങൾ പൂനെ നഗരം ചുറ്റിയടിക്കാൻ തീരുമാനിച്ചു. ആദ്യം കാണാൻ തിരഞ്ഞെടുത്തത് ആഗാ ഖാൻ കൊട്ടാരമാണ് (Aga Khan Palace). ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി വളരെയധികം ബന്ധമുള്ള സ്‌മാരകമാണിത്. പൂനെ റെയിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ഞങ്ങൾ ഒരു ഓട്ടോ റിക്ഷയിൽ ഏഴ് കിലോമീറ്റർ അകലെയുള്ള കൊട്ടാരത്തിലേക്കു തിരിച്ചു. മീറ്റർ ഇട്ടു ഓടുന്ന ഇവിടുത്തെ ഓട്ടോ ഡ്രൈവർമാർ വളരെ മാന്യന്മാർ ആണ്. നഗരത്തിൽ  ഉടനീളം ഞങ്ങൾ യാത്ര ചെയ്യാൻ ആശ്രയിച്ചത് ഓട്ടോ റിക്ഷകളെയാണ്. ന്യായമായ കൂലിയെ ഞങ്ങളിൽ നിന്ന് ഈടാക്കിയുള്ളു. ഞങ്ങൾ കൊട്ടാര കവാടത്തിനു മുന്നിൽ ഇറങ്ങി സന്ദർശന  ടിക്കറ്റ് എടുത്ത ശേഷം വിശാലമായ വളപ്പിലേക്ക് നടന്നു. നടന്നടുക്കും തോറും കൊട്ടാരത്തിന്റെ പൂർണ്ണാകാരം ദൃശ്യമാകാൻ തുടങ്ങി.

വിശാലമായ പുൽത്തകിടി വിരിച്ച വളപ്പ്പിൽ തലയെടുപ്പോടെയാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

Friday, December 2, 2016

മധ്യപ്രദേശ് (യാത്രാ വിവരണം)

ഇന്ത്യയുടെ ഹൃദയ ഭൂമിയാണ് മധ്യപ്രദേശ്, രണ്ടാമത്തെ വലിയ സംസ്ഥാനവും. വന്യജീവി  സങ്കേതങ്ങളും, ചരിത്ര-പൈതൃക സ്മാരകങ്ങളും ധാരാളമുണ്ടിവിടെ.കുറഞ്ഞ സമയത്തിനുള്ളിൽ മധ്യപ്രദേശിന്റെ വളരെ കുറച്ചു ഭാഗങ്ങളിൽ കൂടി നടത്തിയ ഒരു ഓട്ട പ്രദക്ഷിണത്തിന്റെ സചിത്ര വിവരണമാണ് ഇത്.

ഭോപ്പാൽ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് വൻ വിഹാർ വന്യ ജീവി സംരക്ഷണ കേന്ദ്രം. എല്ലും തോലുമായ ചില മൃഗങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഇതിലും എത്രയോ ഭേദമാണ് തിരുവനന്തപുരത്തെ മൃഗശാല.

Monday, September 5, 2016

കൽക്കത്ത ചിത്രങ്ങൾ (യാത്രാ വിവരണം)

ബാല്യകാലം മുതൽ ബംഗാൾ ഒരു മരീചിക ആയിരിന്നു എനിക്ക്. ബംഗാളിനെക്കുറിച്ചു വായനാനുഭവം മാത്രമാണുണ്ടായിരുന്നത്. സ്കൂൾ വിദ്യാർഥി ആയിരിന്ന കാലത്ത് വായിച്ച ബംഗാളി നോവലുകളുടെ മലയാള പരിഭാഷ നൽകിയ  വായനാ സുഖം ഇന്നും മനസ്സിലുണ്ട്. ഹേമന്ദ കുമാർ മുഖർജീ, എസ്.ഡി. ബർമൻ, മന്നാ ഡേ, സലിൽ ചൗധരി തുടങ്ങിയ ബംഗാളി സംഗീത പ്രതിഭകളുടെ ഒരു ആരാധകൻ ആണ് ഞാൻ. എന്നെങ്കിലും ബംഗാൾ സന്ദർശിക്കണമെന്ന എന്റെ കുട്ടിക്കാല ആഗ്രഹം സഫലമാകാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നു. 

ബംഗാൾ ലൈബ്രറി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്‌ട്ര കോഹ സ്വന്തന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിന്റെ ക്ഷണിതാക്കൾ ആയിട്ടാണ് ഞങ്ങൾ കൽക്കത്തക്ക് പുറപ്പെട്ടത്‌. കോട്ടയത്ത്‌ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലേക്കും അവിടെ നിന്നും വിമാന മാർഗം കൽക്കത്തയിലേക്കും എത്തി ചേർന്നു. നേതാജിയുടെ പേരിലാണ് കൊൽക്കത്തയിലെ അന്താരാഷ്‌ട്ര വിമാനത്താവളം (Netaji Subhas Chandra Bose International Airport) അറിയപ്പെടുന്നത്. 

സന്ജോയിയും (നടുവിൽ)  സാഹസികനായ ടാക്സി ഡ്രൈവർക്കുമൊപ്പം.
ഞങ്ങളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ സന്ജോയ് ഡേ എന്ന ലൈബ്രറി സയൻസ് വിദ്യാർത്ഥിയെ ആണ് സംഘാടകർ ചുമതലപ്പെടുതിയിരിന്നത്. വിമാനം ഇറങ്ങിയ ഉടനെ തന്നെ സന്ജോയ് പത്തു നിമിഷങ്ങൾക്കുള്ളിൽ എത്തുമെന്നു വിളിച്ചു പറഞ്ഞു. ഞങ്ങൾ ബഹിർഗമന കവാടത്തിൽ സന്ജോയിയെ കാത്ത്  നിൽപ്പ് തുടങ്ങി. പത്തു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു മഞ്ഞ അംബാസിഡർ കാർ ഓടിക്കിതച്ചു ഞങ്ങളുടെ അടുത്തു വന്നു നിന്നു. സന്ജോയ് ഡോർ തുറന്നു ചാടിയിറങ്ങി പെട്ടെന്നൊരു ഷേക്ക്‌ ഹാണ്ടും തന്നു വേഗത്തിൽ ഞങ്ങളെയും ബാഗുകളെയും കാറിനുള്ളിലാക്കി യാത്ര തുടങ്ങി. ഇത്ര ധൃതി വേണമായിരിന്നോ എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ ആണ് സന്ജോയ് ധൃതി കൂട്ടിയതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. ഞങ്ങളുടെ പിറകെ ഒരു സെക്യൂരിറ്റിക്കാരൻ വിസിൽ ഊതിക്കൊണ്ടു വരുന്നുണ്ടായിരിന്നു. പാർക്കിംഗ് ഇല്ലാത്തയിടത്താണ് സന്ജോയ് ഹിന്ദി സിനിമ സ്റ്റൈലിൽ കാർ കൊണ്ട് ചാടിച്ചത്!!

Sunday, September 4, 2016

പറമ്പിക്കുളം വന്യജീവി സങ്കേതം (യാത്രാ വിവരണം)

പറമ്പിക്കുളം വന്യജീവി സങ്കേതം കേരളത്തിൽ ആണെങ്കിലും, തമിഴ്‌നാട്ടിൽ പ്രവേശിച്ചിട്ട് വേണം അവിടെയെത്താൻ. അമൃത എക്സ്പ്രസ്സ് ട്രെയിൻ രാവിലെ 6.30നു പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ തന്നെ പ്രഭാത കർമ്മങ്ങൾ ധൃതിയിൽ ചെയ്‌ത ശേഷം പൊള്ളാച്ചിക്കുള്ള ട്രെയിനിലേക്ക് ഓടിക്കയറി. ടോയ്‌ലറ്റിനു മുന്നിലെ ക്യൂ ആണ് സമയ നഷ്ടം ഉണ്ടാക്കിയത്. ഒന്നാമത്തെ പ്ലാറ്റഫോമിൽ ഉണ്ടായിരുന്നത് മൂന്നു കക്കൂസ് മാത്രം. ക്യൂവിൽ നിന്ന് എല്ലാവരെയും പോലെ ഞങ്ങളും ഭക്തി നിർഭരരായി ദേവാലയ വാതിൽ തുറക്കുന്നതും കാത്തു നിന്നു!! അകത്തു കയറിയവർക്കു എത്രയും സുഗമമായ മലശോധന ഉണ്ടാകട്ടെ എന്ന് ആഗ്രഹിച്ചു. ചില വിദ്വാന്മാർ കക്കൂസിൽ കയറി കുളിയും പാസ്സാക്കി, അത് മൂലം സമയനഷ്ടം പിന്നെയും ഉണ്ടായി.

രാജ്യറാണി ട്രെയിൻ തന്നെയാണ് പൊള്ളാച്ചിയിലേക്ക് പോകുന്നത്. മീറ്റർ ഗേജ് ആയിരുന്ന പാലക്കാട് - പൊള്ളാച്ചി റെയിൽ പാത 2015ൽ ആണ് ബ്രോഡ്ഗേജിലേക്കു മാറിയത്. രാവിലെ 8 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 9.45 നു പൊള്ളാച്ചിയിൽ എത്തും. പ്രഭാത ഭക്ഷണം വാങ്ങിക്കൊണ്ടു ട്രെയിനിൽ കയറി. ട്രെയിൻ പുറപ്പെട്ടു അധികം താമസിയാതെ തന്നെ മനംകുളിർക്കുന്ന കാഴ്ചകൾ വന്നു തുടങ്ങി. പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ കൂടിയാണ് ട്രെയിൻ കടന്നു പോകുന്നത്. പശ്ചിമഘട്ട മലനിരകൾ വരവായി. മഴമൂലം ഉണ്ടായ നീർച്ചാലുകൾ വെള്ളി മാല പോലെ മലനിരകളിൽ തിളങ്ങുന്നു. പച്ചപ്പട്ടു വിരിച്ച പാടങ്ങൾ. തെങ്ങിന്തോപ്പുകൾ. അവക്കിടയിൽ പ്രഭാത സവാരി നടത്തുന്ന മയിലുകൾ.

Monday, August 15, 2016

ഗാന്ധി

"തനിയെ നടന്നു നീ പോവുക,
തളർന്നാലുമരുതേ പരാശ്രയവും ഇളവും.
അനുഗാമിയില്ലാത്ത പഥിക
തുടർന്നാലും ഇടറാതെ നിൻ ധീരഗാനം..."

ഗാന്ധി- വി. മധുസൂദനൻ നായർ

Friday, August 12, 2016

ദൈവ സത്യവും മനുഷ്യനിർമ്മിത മതങ്ങളും

ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.
ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.

ഏതെങ്കിലും ഒരു മത കുടുംബത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.
ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്. ഉദാഹരണത്തിന് തന്റെ കുടുംബത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.

തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശ പരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാധാർത്ഥ്യം... വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.

മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്. ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...

തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.

അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.

എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട്  പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....

മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...

ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം  അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.

ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..

പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.

അലംഘനീയമായ പ്രാപഞ്ചിക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന  അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Saturday, July 2, 2016

തിരുനെല്ലി അമ്പലം

തിരുനെല്ലി ക്ഷേത്ര നട (നടപ്പന്തൽ ഇടുന്നതിനു മുൻപുള്ളത്) കടപ്പാട്: Augustus Binu
ഈശ്വര ഭക്തന്മാരുടെ വിശ്വാസ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ. ഭക്തിയും വിഭക്തിയും വ്യക്തിപരമായ വിശ്വാസ സംഹികതകൾ ആണെങ്കിലും ചില ക്ഷേത്രാങ്കണങ്ങൾ മനുഷ്യ മനസ്സിന് നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ആത്മീയ ശൈശവാവസ്ഥയിലുള്ളവർ ക്ഷേത്രങ്ങളെ സമീപിക്കുന്നത് ആരാധനക്കും, ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ആണ്. ചരിത്ര-സാംസ്കാരിക അന്വേഷണ കുതികികൾക്ക് ക്ഷേത്രങ്ങൾ പാഠ പുസ്തകങ്ങൾ ആണ്. ഇതിനൊക്കെ പുറമെ ക്ഷേത്രാങ്കണങ്ങൾ നല്ല ഒരു സാമൂഹിക ഇടം കൂടിയാണ് (Social space). കേരളീയ വാസ്‌തു പാരമ്പര്യം പേറിയിരിന്ന പുരാതന ക്ഷേത്രങ്ങൾ പലതും അശാസ്ത്രീയമായ  നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പുരകളായി മാറിക്കൊണ്ടിരിക്കുന്നു. പുരാതന  വാസ്‌തു ഭംഗിയും, ശില്പ ചാതുര്യവും തുളുമ്പുന്ന ക്ഷേത്രങ്ങൾ എണ്ണത്തിൽ കുറവായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഒരു പുനഃസന്ദര്‍ശനം നടത്തിയത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഡിസംബർ മാസത്തിൽ ആണ് തിരുനെല്ലി ക്ഷേത്രത്തിൽ എത്തിയത്. കാനന മധ്യത്തിലായതിനാലും, ക്ഷേത്ര ഭാരവാഹികൾ മാർക്കറ്റിംഗ് കുതന്ത്രങ്ങൾ പ്രയോഗിക്കാത്തതിനാലും ആവണം ഭക്തന്മാരുടെ കുത്തൊഴുക്കില്ല. ക്ഷേത്ര ചൈതന്യം ആവോളമുണ്ടുതാനും. വയനാട്ടിലെ മഴ ആസ്വദിക്കാൻ കൂടിയാണ് ഇത്തവണ തിരുനെല്ലി യാത്ര ജൂൺ മാസത്തിലാക്കിയത്. 

Friday, April 22, 2016

ഹൊഗെനക്കൽ യാത്ര

ഇന്ത്യൻ നയാഗ്ര എന്ന വിശേഷണം ആണ് ഹൊഗെനക്കൽ (Hogenakkal) വെള്ളച്ചാട്ടത്തിനുള്ളത്. വിശേഷണം അൽപ്പം അതിശയോക്തി കലർന്നതാണെങ്കിലും, ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിനും അതിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്തിനും സ്വന്തമായ ഒരു സൌന്ദര്യം ഉണ്ട്. തമിഴ്‌നാട്-കർണാടക അതിർത്തികളോട് ചേർന്നാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ വെള്ളമാണ് ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിന്റെ ജീവൻ. 

എങ്ങനെ എത്തിച്ചേരാം
കേരളത്തിൽ നിന്ന് വരുന്നവർക്ക് ട്രെയിൻ മാർഗം സേലത്ത് ഇറങ്ങി ധർമപുരിയിലെത്തി ഹൊഗെനക്കൽ പോകുന്നതാണ് സൌകര്യപ്രദം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വഴി ചെന്നൈക്ക് പോകുന്ന ചെന്നൈ മെയിലിൽ (Train no. 12696) യാത്ര ചെയ്തു ഞങ്ങൾ സേലത്ത് രാവിലെ 4.55നു എത്തി. വെളുപ്പിനെ 5.20നു പുറപ്പെടുന്ന സേലം-യസ്വന്ത്പുർ പാസ്സഞ്ചർ ട്രെയിനിൽ (Train No. 56241) കയറി ധർമപുരിയിൽ ഇറങ്ങി അവിടെ നിന്നും ഹൊഗെനക്കൽ എത്താനായിരിന്നു ഞങ്ങളുടെ യാത്രാ പദ്ധതി. സേലം-യസ്വന്ത്പുർ പാസ്സഞ്ചർ ട്രെയിൻ രണ്ടു മണിക്കൂർ കൊണ്ട് ധർമപുരിയിൽ എത്തും. 
സേലം റെയിൽവേ സ്റ്റെഷനിലെ പ്ലാറ്റ്ഫോമിൽ ഒന്നാന്തരം ഫിൽറ്റർ കോഫി കിട്ടുന്ന കടകൾ ഉണ്ട്.

Saturday, April 9, 2016

Go not to the temple

Go not to the temple to put flowers upon the feet of God,
First fill your own house with the Fragrance of love...
Go not to the temple to light candles before the altar of God,
First remove the darkness of sin from your heart...
Go not to the temple to bow down your head in prayer,
First learn to bow in humility before your fellowmen...
Go not to the temple to pray on bended knees,
First bend down to lift someone who is down-trodden. ..
Go not to the temple to ask for forgiveness for your sins,
First forgive from your heart those who have sinned against you.
Rabindranatha Tagore