Wednesday, September 13, 2017

വിശ്വഭാരതി സർവ്വകലാശാല

രബീന്ദ്രനാഥ ടാഗോർ 
രബീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനം ബംഗാളിന്റെ സാംസ്‌കാരിക മണ്ഡലവുമായി ഇഴുകി ചേർന്ന് കിടക്കുകയാണ്. ടാഗോറിന്റെ സംഭാവനകൾ സംഗീതം, സാഹിത്യം, ചിത്രകല എന്നീ മേഖലകളെ പ്രത്യേക ശാഖകളാക്കി വളർത്തിയിട്ടുണ്ട്. ബംഗാളികൾക്ക് ഗുരുദേവനാണ് ടാഗോർ. ടാഗോറിന്റെ ഏകലോക ദർശനത്തിനു ഉത്തമ ഉദാഹരണമാണ് വിശ്വഭാരതി സർവ്വകലാശാല. ലോകത്തെ മുഴുവൻ ഒരു കിളിക്കൂടായിട്ടാണ് ആണ് ടാഗോർ ദർശിച്ചത്. അവിടെ വിഭിന്ന ദേശീയതകളുടെ അതിരുകളില്ല. "യത്ര വിശ്വം ഭവത്യേക നീഢം" (Where the whole world meets in a single nest) എന്നതാകുന്നു ഈ സർവ്വകലാശാലയുടെ ആപ്‌തവാക്യം. പരമ്പരാഗത സർവ്വകലാശാലകളുടെ പ്രവർത്തന രീതികളിൽ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ടാഗോർ വിശ്വഭാരതിയിലൂടെ വിഭാവന ചെയ്‌തത്‌. ഒരു ചെറിയ വിദ്യാലയം  എന്ന രീതിയിൽ തുടങ്ങുകയും, ടാഗോറിന് ലഭിച്ച നോബൽ സമ്മാന തുക ഉപയോഗിച്ച് സർവ്വകലാശാലയായി വിപുലീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഇതൊരു കേന്ദ്ര യൂണിവേഴ്‌സിറ്റി ആണ്. പടിഞ്ഞാറൻ ബംഗാൾ സംസ്ഥാനത്തിലെ ബിർഭും എന്ന ജില്ലയിലെ ശാന്തിനികേതൻ എന്ന ചെറിയ പ്രദേശത്താണ് വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയിൽ നിന്നും നൂറ്റി അൻപതോളം കിലോമീറ്റർ അകലെയാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.