Wednesday, October 9, 2019

ഒരു പാലക്കാടൻ യാത്ര: മുതലമട

ഇത്തവണ പൂജ അവധിക്കു യാത്ര പോകാൻ തിരഞ്ഞെടുത്തത് കണ്ടു മതിവരാത്ത പാലക്കാടു ജില്ല ആണ്. 2015ൽ പാലക്കാടിന്റെ ചെറിയൊരു ഭാഗം കണ്ടെങ്കിലും, തിരികെ വരും എന്ന എന്ന തീരുമാനത്തിലാണ് അന്ന് പിരിഞ്ഞത്. വൈകി വന്ന കാലവർഷം പാലക്കാടിനെ പച്ചപ്പട്ട് ഉടുപ്പിച്ച സമയമാണ് ഞങ്ങൾ സന്ദർശനത്തിന് എത്തിയത്. തെക്കൻ പാലക്കാട് ജില്ലയിൽ ഉള്ള മുതലമട റെയിൽവേ സ്റ്റേഷൻ, മീങ്കര, ചുള്ളിയാർ ഡാമുകൾ, മീൻവല്ലം വെള്ളച്ചാട്ടം തുടങ്ങിയ മനസ്സ് കുളിർക്കുന്ന കാഴ്ചകൾ ഞങ്ങൾക്കു ഇത്തവണ കാണാൻ സാധിച്ചു. 

മുതലമട റെയിൽവേ സ്റ്റേഷൻ
കേരളത്തിലെ പ്രകൃതി ഭംഗിയുള്ള വളരെ ചുരുങ്ങിയ എണ്ണമുള്ള റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനിയാണ് മുതലമട റെയിൽവേ സ്റ്റേഷൻ. ഈ റെയിൽവേ സ്റ്റേഷൻ ചില മലയാള സിനിമകളിലൂടെ നമുക്കെല്ലാം പരിചിതമാണ്. വെട്ടം, മേഘം, ഒരു യാത്രാ മൊഴി, എന്നിങ്ങനെ ഏതാനും മലയാളം സിനിമകളുടെ ചിത്രീകരണത്തിന് വേദിയായിട്ടുണ്ട്.




പ്ലാറ്റഫോമിന്റെ നടുക്കായി വേരുകൾ തൂങ്ങി തറയിലേക്ക് നിൽക്കുന്ന ആൽമരങ്ങളും, ചുറ്റുമുള്ള നിബിഡമായ പച്ച ഇലച്ചാർത്തുകളും, അതിനിടയിലൂടെ തല പൊന്തിച്ചു നോക്കുന്ന കരിമ്പനകളും ആണ് മുതലമട സ്റ്റേഷന് ഭംഗി കൂട്ടുന്നത്. ആൽചുവടുകളിൽ ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ കാറ്റും, കുളിർമ്മയും ആസ്വദിച്ചു കൊണ്ട് എത്ര നേരമിരുന്നാലും സമയം പോകുന്നതറിയില്ല. 


പാലക്കാട് ഭാഗത്തു നിന്നും രാവിലെ 4:20നു പുറപ്പെടുന്ന പാലക്കാട് ജംഗ്ഷൻ-തിരുച്ചെന്ദുർ പാസ്സഞ്ചർ ട്രെയിൻ (56769) മാത്രമേ ഇവിടെ നിർത്തുന്നുള്ളു. രാത്രി 9:35നു ഈ ട്രെയിൻ തിരികെ വരുന്ന വഴി മുതലമടയിൽ നിർത്തും. മറ്റു ട്രെയിനുകൾക്കൊന്നും ഇവിടെ സ്റ്റോപ്പില്ല. ഈ വഴി പോയാൽ പൊള്ളാച്ചിയിൽ എത്താം. മുതലമടയിൽ നിന്നും പൊള്ളാച്ചിക്കു ട്രെയിൻ മാർഗം 24 കിലോമീറ്റർ ദൂരമേയുള്ളൂ. ഈ റെയിൽ മാർഗം മീറ്റർ ഗേജിൽ നിന്നും, ബ്രോഡ് ഗേജിലേക്കു മാറ്റിയത് 2015ൽ മാത്രമാണ്. 

ഞങ്ങൾ ആലത്തൂർ നിന്ന് ബസുകൾ മാറിക്കയറിയാണ് മുതലമടയിൽ എത്തിയത്. ആലത്തൂർ, നെന്മാറ, കൊല്ലങ്കോട് വഴി കമ്പ്രത് ചള്ള (Kambrathchalla) എന്ന സ്റ്റോപ്പിൽ ബസിറങ്ങി. ഇവിടങ്ങളിൽ സ്ഥലപ്പേരിനോപ്പം 'ചള്ള' എന്നുകൂടി ചേർത്താണ് അറിയപ്പെടുന്നത്. അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു മുതലമട റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തുടർന്നു. മാന്തോപ്പുകളുടെ ഇടയിലെ നാട്ടുവഴികളിലൂടെ കുണുങ്ങിയോടുന്ന ഓട്ടോറിക്ഷക്കുള്ളിൽ ഇരുന്നു ഞങ്ങൾ യാത്ര ആസ്വദിച്ചു. കേരളത്തിൽ ഏറ്റവുമധികം വാണിജ്യാടിസ്ഥാനത്തിൽ മാമ്പഴ കൃഷി ചെയ്യുന്ന സ്ഥലം എന്ന വിശേഷണം കൂടി മുതലമടക്കുണ്ട്.


സ്റ്റേഷന്റെ പുറത്തു എത്തിയപ്പോൾ ആകെപ്പാടെ ഒരു വിജനത അനുഭവപ്പെട്ടു. വലിയ മരങ്ങൾ വളർന്നു നിൽക്കുന്ന സ്റ്റേഷൻ പരിസരം. സ്റ്റേഷനിലെ കൗണ്ടറിന്റെ പുറത്തു നിന്ന് കൊണ്ട്, അകത്തിരുന്ന ജീവനക്കാരനോട് ട്രെയിൻ സമയം അന്വേഷിച്ചു. അയാൾ കേൾക്കാത്തത് പോലെ എന്തോ ചെയ്‌തു കൊണ്ടിരിന്നു, ഒരക്ഷരം മിണ്ടിയില്ല. സ്റ്റേഷന്റെ വേറൊരു വശത്തു ഒരു ജീവനക്കാരി സാമ്പാറിനുള്ള പച്ചക്കറി കഷണങ്ങൾ അരിഞ്ഞു പാത്രത്തിൽ നിറച്ചു വെച്ചിരിക്കുന്നു. അവർ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. അടുത്തു കടകൾ ഒന്നുമില്ലാത്തതിനാൽ പാചകം സ്വയം ചെയ്യണം. ഞങ്ങൾ ആൽമരങ്ങൾ നിൽക്കുന്ന രണ്ടാമത്തെ പ്ലാറ്റുഫോമിലേക്കു നടന്നു. അവിടെയാണ് യഥാർത്ഥ മേളം നടക്കുന്നത്. പൂജ അവധി ആഘോഷിക്കുന്ന ഒരു പറ്റം കുട്ടികൾ. അവർ ആൽമരത്തിന്റെ വേരുകൾ കൂട്ടിക്കെട്ടി ഊഞ്ഞാൽ ആടുകയാണ്. അവരുടെ മുത്തശ്ശി അടുത്തുള്ള ബഞ്ചിൽ ഇരിപ്പുണ്ട്. അവർ തൊട്ടടുത്തു താമസിക്കുന്നവരാണ്.

ഞങ്ങൾ ആൽമരചുവട്ടിൽ ഇരുന്നും കിടന്നും രണ്ടു മണിക്കൂറോളം സമയം ചിലവഴിച്ചു. മധ്യവയസ്‌ക്കനായ ഒരു മനുഷ്യൻ ധൃതി വെച്ച് പ്ലാറ്റഫോമിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പിടിച്ചു നിർത്തി തിരികെ പോരാനുള്ള വഴി ചോദിച്ചു. ഏതോ കഠിനാധ്വാനം കഴിഞ്ഞ ശേഷം റെയിൽവേ സ്റ്റേഷന്റെ സമീപത്തുള്ള കള്ളു ഷാപ്പിലേക്കു പോകുകയാണെന്ന് അയാൾ പറഞ്ഞു. പുറത്തുള്ള റോഡിൽ ചെന്നാൽ ഓട്ടോറിക്ഷ കിട്ടുമെന്ന് പറഞ്ഞു. റോഡിൽ കാത്തു നിന്ന ഞങ്ങളെ ആ വഴി പോയ ഒരാൾ വീട്ടിൽ നിന്നും ഓട്ടോറിക്ഷ കൊണ്ട് വന്നു ഞങ്ങളെ തിരികെ കമ്പ്രത് ചള്ളയിൽ എത്തിച്ചു. അവിടെയുള്ള മുരളി ഹോട്ടലിൽ നിന്നും മട്ടൺ കറിയും കൂട്ടി ചോറുണ്ട ശേഷം ഞങ്ങൾ മീങ്കര അണക്കെട്ടു കാണാൻ തിരിച്ചു.

No comments:

Post a Comment