![]() |
Image courtesy: R. Prasad, Mail Today |
ഒരു ചാനലിലെ ചർച്ച വിവാഹം കഴിച്ചു ജീവിക്കുന്നതാണോ ആണോ, ലിവിംഗ് ടുഗതർ ആണോ നല്ലത് എന്നായിരിന്നു. പാരമ്പര്യ വാദി എന്ന് തോന്നിക്കുന്ന ഒരു മധ്യവയസ്കൻ ചർച്ചയിൽ ഉടനീളം ഭാരത സംസ്കാരം, പൈതൃകം, ആചാര്യന്മാർ തുടങ്ങിയ വാക്കുകൾ എടുത്ത് അലക്കാൻ തുടങ്ങി. എന്താണ് ഭാരത സംസ്‌കാരം എന്ന് വിശദീകരിക്കാൻ മറുപക്ഷം വെല്ലുവിളിച്ചു. പാരമ്പര്യ വാദി ഉരുണ്ടു കളിച്ചു. ഇന്ന് നാം കാണുന്ന ചടങ്ങുകളോടുള്ള വിവാഹ സമ്പ്രദായം ബ്രിട്ടീഷുകാരെ അനുകരിച്ചു ഇന്ത്യക്കാർ തുടങ്ങിയതാണ് എന്ന കാര്യം പാരമ്പര്യ വാദികൾക്ക് പുതിയ അറിവായിരിന്നു. അര നൂറ്റാണ്ടിനു മുൻപ് വരെ വിവാഹ ചടങ്ങുകൾ ഇല്ലാതെ തന്നെ ഭാര്യയും ഭർത്താവുമായി ജീവിക്കുന്നവരെ കാണാനാകുമായിരിന്നു.
പാരമ്പര്യ വാദികൾ ഉടനെ അടുത്ത പിടിവള്ളി തേടാൻ തുടങ്ങി. നമ്മുടെ ആചാര്യന്മാർ ചെയ്ത കാര്യങ്ങൾ പിന്തുടർന്നാൽ വിവാഹ ജീവിതം ഒരു കുഴപ്പവുമില്ലാതെ പോകും എന്ന് പറഞ്ഞു. ആരാണ് നമ്മുടെ ആചാര്യന്മാർ എന്ന് മറുപക്ഷം. വിവാഹ കാര്യത്തിൽ പാണ്ടവരേയും, പാഞ്ചാലിയെയും നമുക്ക് പ്രമാണമായി എടുക്കാമോ എന്ന ചോദ്യത്തിന് മറുപടി ഇല്ലായിരിന്നു. ആവനാഴിയിലെ അസ്ത്രങ്ങൾ തീർന്ന പാരമ്പര്യ വാദികളെ രക്ഷിക്കാൻ ചർച്ചയിൽ മധ്യസ്ഥനായിരിന്ന മലയാളത്തിലെ ഹാസ്യനടൻ സഹായിച്ചു. ചർച്ച ചെയ്ത കാര്യങ്ങൾ വിശകലനം ചെയ്യാതെ താലി കെട്ടി കല്യാണം കഴിക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം എന്ന ഭാരത വാക്യം പറഞ്ഞു ചർച്ച അവസാനിപ്പിച്ചു തടി തപ്പി!!
നമ്മുടെ ചുറ്റുമുള്ള പാരമ്പര്യ വാദികൾ എന്ന് നടിക്കുന്ന ആൾക്കാർ രൂപത്തിൽ മാത്രം അങ്ങനെ തോന്നിപ്പിക്കുന്നവർ ആണ്. നാട്ടിലുള്ള ആരാധനാലയങ്ങൾ ഇത്തരക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുക്കയാണ്. ചരിത്ര-സാമൂഹ്യ ബോധമില്ലാത്ത ഇവർ സംസാരത്തിലും പ്രവർത്തികളിലും തീരെ യുക്തി പ്രകടിപ്പിക്കാത്തവർ ആണ്. ആചാരങ്ങളെ ഇവർ ആത്മീയതയായി തെറ്റിദ്ധരിക്കുന്നു. ഇതിഹാസങ്ങളെ ഇവർ ചരിത്രവുമായി കൂട്ടിയിണക്കി ഒരേ തൊഴുത്തിൽ കെട്ടാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിനെല്ലാം പുറമേ ഇവർ പകൽ സദാചാരം പ്രസംഗിക്കുകയും, ആണും പെണ്ണും അടക്കം തക്കം കിട്ടിയാൽ വേലി ചാടുകയും ചെയ്യുന്നു!! പുരാണ പാരായണവും, സത്രങ്ങളും, പൂജകളും ഒക്കെയായി സദാചാരം പ്രസംഗിച്ചു നടക്കുന്ന കള്ള നാണയങ്ങൾ എല്ലാ മതങ്ങളിലും ധാരാളം ഉണ്ട്. ഒരിക്കൽ നാരായണ ഗുരു കാവി വസ്‌ത്രം ധരിക്കുന്നതിനെക്കുറിച്ച് ഇങ്ങനെ പറയുക ഉണ്ടായി, കാവി ഉടുത്താലുള്ള ആകെയുള്ള ഗുണം ചെളി പുരണ്ടാൽ അറിയില്ല എന്നത് മാത്രം!! നമ്മുടെ സദാചാരം പ്രവർത്തിയിൽ ഒഴികെ, രൂപ-ഭാവങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.
No comments:
Post a Comment