Showing posts with label ponkala. Show all posts
Showing posts with label ponkala. Show all posts

Wednesday, April 29, 2015

ആറ്റുകാല്‍ പൊങ്കാലയുടെ പാഠങ്ങള്‍

രാജാ ഗുരു മഹേശ്വര ഭദ്രാനന്ദ് ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് ചില വിലയിരുത്തലുകള്‍ നടത്തുന്ന ഒരു ചെറിയ കുറിപ്പാണിത്. ക്രിസ്ടിയാനിയുടെ ദൈവമാതാഭക്തിയുമായി ഇതൊന്ന് തട്ടിച്ചു നോക്കുന്നത് രസകരമായിരിക്കും. ഭക്തിയില്‍ കൊള്ളേണ്ടതും തള്ളേണ്ടതും എന്തൊക്കെയെന്ന് നമ്മളും അറിഞ്ഞിരിക്കണം.

പറയാനുള്ളത് പറയ്യാതെ വയ്യ. എന്തൊരു വിഡ്ഢിത്തരമാണ് ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ അരങ്ങേറുന്നത്. പരമപവിത്രമായ ആറ്റുകാല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിക്കുന്നത് പട്ടിയും പൂച്ചയും പിച്ചക്കാരും പറക്കികളും പെടുക്കുന്നതും തുപ്പുന്നതുമായ റോഡിന്റേയും മലിന ജലം ഒഴുകുന്ന ഓടകളുടേയും അരുകില്‍. അമ്മയോടുള്ള ഭക്തിയും വിശ്വാസവും നല്ലതാണ്, അമ്മയുടെ ശക്തിയും കരുണയും സ്നേഹവും വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ സാധിക്കില്ല. ഞാനും അമ്മയുടെ പുത്രന്‍ തന്നെയാണ്, പക്ഷേ അമ്മക്ക് മക്കള്‍ നല്‍ക്കുന്ന നിവേദ്യം ഇത്തരം നാറിയ സ്ഥലങ്ങളില്‍ നല്‍ക്കുന്നത് ശരിയായ നടപടിയല്ല.

പൊങ്കാല പരിസരത്ത് അരങ്ങേറുന്ന മറ്റൊരു തമാശ, ഒരു വശത്ത്‌ അമ്മേയെന്ന് വിളിക്കുന്നു, മറുവശത്ത്‌ സ്ഥലത്തിന് വേണ്ടി പരസ്പരം തള്ളക്ക് വിളിക്കുന്നു. ചുട്ടുപഴുത്ത വെയിലത്ത് പൂജാരി വിയര്‍ത്തൊലിച്ച് കൊണ്ടുവന്നു തളിക്കുന്ന വെള്ളത്തെ പുണ്യതീര്‍ത്ഥമെന്ന് അപ്പാടെ പറയാനും പ്രയാസമാണ്. ഞാന്‍ താന്ത്രിക കര്‍മ്മം പഠിച്ചവനാണ്, ആചാരങ്ങളെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, അതേസമയം ഇത്തരം ശക്തി തെളിയിക്കല്‍ മത്സരത്തിനോട് യോജിക്കുന്നില്ല. ഹൈന്ദവ ആചാര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മനസ്സും ശരീരവും മാത്രം ശുദ്ധിയായാല്‍ പോര പരിസര ശുദ്ധിയും അനിവാര്യമാണ്.

എന്റെ പ്രിയ അമ്മ പെങ്ങമാരേ, സത്യത്തില്‍ ഇങ്ങനെ ഒന്നുമുള്ളതല്ല യഥാര്‍ത്ഥ ആത്മീയത. അമ്പലം പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമല്ല, മറിച്ച് ഊര്‍ജ്ജം സ്വീകരിക്കാനുള്ള സ്ഥലമാണ്. പെട്രോള്‍ പമ്പില്‍ ചെന്ന് ചായ ചോദിക്കുന്ന പോലെയാണ് അമ്പലങ്ങളില്‍ ചെന്ന് വരം ചോദിക്കുന്നത്. നിങ്ങള്‍ ലഹരിയില്‍ നിന്നും ഉണരണം, ലഹരിയില്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഫലം ഉണ്ടാവില്ല. ഭൗതികമായ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കാനുള്ള സ്ഥലമല്ല അമ്പലം. സനാതന സംസ്കാരം കൃത്യമായി പഠിക്കാത്തതിന്റെ കുറവാണ് സര്‍വ്വ കുഴപ്പങ്ങള്‍ക്കും ആധാരം. നിങ്ങള്‍ ഭക്തിയുടെ ലഹരിയിലാണ്, ഹിന്ദു മതം എന്നത് ഒരു അവിയല്‍ മതമാണ്‌. അത് ഒരു ഘോര വനമാണ് അതിനുള്ളില്‍ സര്‍വ്വ വന്യ മൃഗങ്ങളും പഴങ്ങളും വിഷചെടിയും ഔഷധങ്ങളും എല്ലാമുണ്ട്, ആ വനത്തെ കുറിച്ച് അറിവുള്ള ഒരു വഴിക്കാട്ടി നിങ്ങള്‍ക്കരികില്‍ ഇല്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അകപ്പെട്ടുപോകും.

സ്ത്രീകളുടെ ശബരിമല എന്ന പദത്തെ ചോദ്യം ചെയ്യാന്‍ ആരും ഇതേവരെ ഉണ്ടായില്ല. സ്ത്രീകളെ പൊതുവേ പറ്റിക്കാന്‍ എളുപ്പമാണ്, കേട്ടപടി കേള്‍ക്കാത്ത പാതി ഭക്തിയുടെ ലഹരിയില്‍ സ്ത്രീകളുടെ ശബരിമലയെന്ന പദം എല്ലാവരും അപ്പാടെ സ്വീകരിച്ചു. ശബരി എന്ന സന്യാസിനി വസിച്ചിരുന്ന സ്ഥലമാണ് ശബരിമല. ലങ്കയിലേക്ക് യുദ്ധത്തിന് പോയ ശ്രീരാമനെ തന്റെ തപശക്തിയാല്‍ ആകര്‍ഷിച്ച് അരുകില്‍ വരുത്തി മോക്ഷപ്രാപ്തി നേടിയ ചരിത്രത്തെ വളച്ചൊടിച്ച് സ്ത്രീജനങ്ങളെ കബളിപ്പിക്കുന്ന വാക്കാണ് സ്ത്രീകളുടെ ശബരിമല എന്ന പദം. എല്ലാം പോട്ടെ, ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒരു മലയുടെ മുകളില്‍ ആയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. യുക്തിയില്ലാതെ ഭക്തിയുടെ ഭ്രാന്ത് മൂത്ത് ഓരോന്നും വിളിച്ചു കൂവും അതുകേട്ട് ഓരിയിടാന്‍ കുറേ സാധനങ്ങള്‍ വേറേയും. ഈ നാടും നാട്ടുക്കാരും ഒരിക്കലും നന്നാവില്ല.

മറ്റൊരു മുറ്റന്‍ തമാശ അവിടുത്തെ പ്രാര്‍ത്ഥനയാണ്. സ്ത്രീ ജനങ്ങങ്ങളുടെ പ്രാര്‍ത്ഥന കേട്ടാല്‍ ചിരിച്ച് പണ്ടാരമടങ്ങും. അമ്മേ ദേവി എനിക്ക് ലോണ്‍ ശരിയാക്കിതരണേ, എന്റെ ചിട്ടിയുടെ ആദ്യ കുറി എനിക്ക് തന്നെ ലഭിക്കണേ, അയല്‍ക്കാരി പുതിയ മാരുതി കാര്‍ എടുത്തു എനിക്ക് ഇത്തവണ പുതിയ ഹോണ്ട കാര്‍ ലഭിക്കേണേ, എന്റെ കടയില്‍ കൂടുതല്‍ വരുമാനം തരണേ, എന്റെ കടം മാറ്റി എന്നെ ഒരു പണക്കാരിയാക്കി തരേണേ, എന്റെ റിയല്‍ എസ്റ്റേറ്റ് കച്ചവടം വിജയിപ്പിച്ചു തന്നാല്‍ കിട്ടുന്ന ലഭത്തിന്റെ ഒരു പങ്ക് അമ്മയ്ക്കും തന്നു കൊള്ളാമേ, എന്റെ ഭര്‍ത്താവിന്റെ മറ്റവളുടെ തലയില്‍ ഇടിതീ വീഴേണേ. ഇങ്ങനെ പോകും അവിടുത്തെ പ്രാര്‍ത്ഥനകള്‍.

നിങ്ങളുടെ ഭവനങ്ങളില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം പൊങ്കാല ഇടുക. ഭൗതികമായ വസ്തുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല ചെയ്യേണ്ടത്, മറിച്ച് പ്രയത്‌നിക്കുകയാണ് വേണ്ടത്. നിങ്ങള്‍ അമ്മയുടെ സൃഷ്ട്ടികളെയാണ് കാണുന്നത്, മറിച്ച് അമ്മയെ അല്ല. സൃഷ്ട്ടാവായ അമ്മ നിങ്ങളുടെ ഉള്ളിലും അമ്മയുടെ സൃഷ്ട്ടികള്‍ പുറത്തുമാണ്. നിങ്ങള്‍ ഒരിക്കലും അമ്മയെ അറിയുന്നില്ല, അറിയാന്‍ ശ്രമിക്കുന്നുമില്ല. നിങ്ങള്‍ എല്ലാവരും അബോധാവസ്തയിലാണ്. നിങ്ങളെ നിങ്ങളുടെ മതനേതാക്കള്‍ ഭക്തിയെന്ന ലഹരി നല്‍കി ബോധരഹിതരാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയും ഐശ്വര്യവും സ്ത്രീയാണ്.

നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ വേണ്ടി ഒരിക്കലും സ്വാര്‍ത്ഥരായി നിങ്ങള്‍ പൊങ്കാലയിടരുത്, അതേസമയം ഒന്നും പ്രതീക്ഷിക്കാതെ ആഗ്രഹിക്കാതെ നിര്‍മ്മലമായ ഹൃദയത്തോടെ വേണം പൊങ്കാല അര്‍പ്പിക്കാന്‍, അങ്ങനെ ആരും ചെയ്യാറില്ല. അവിടെ തിളച്ചു തൂകുന്നത് നിങ്ങളുടെ ആഗ്രഹങ്ങളും സ്വാര്‍ത്ഥതയുമാണ്‌. ഒന്നും പ്രതീക്ഷിക്കാതെ നിര്‍മ്മലമായ മനസോടെയുള്ള സ്നേഹ പൊങ്കാലവേണം അമ്മക്ക് അര്‍പ്പിക്കാന്‍. ഇന്ന് മുതല്‍ ഞാന്‍ ധര്‍മ്മം പാലിക്കുമെന്നുള്ള പ്രതിജ്ഞ എടുത്തു കൊണ്ടുള്ള ഒരു ധര്‍മ്മ പൊങ്കാല അര്‍പ്പിക്കണം. നിങ്ങളുടെ ശരീരമായ കുടത്തില്‍ ആഗ്രഹങ്ങളായ അരിയും മോഹങ്ങളായ ശര്‍ക്കരയും കൊണ്ട് ധ്യാനമായ അഗ്നിയില്‍ വേണം പൊങ്കാല അര്‍പ്പിക്കാന്‍, അതാണ്‌ യഥാര്‍ത്ഥ പൊങ്കാല. അതില്‍ നിന്നും ഉണ്ടാവുന്ന മധുരമായ പ്രസാദം വേണം അമ്മക്ക് അര്‍പ്പിക്കാന്‍.

സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും രാഷ്ട്രീയ തെമ്മാടിത്തരങ്ങൾക്കും എതിരേയോ അല്ലെങ്കിൽ നമ്മുക്കിടയിൽ രോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും പീഡനങ്ങൾക്ക് ഇരയായി നരകിക്കുന്നവര്‍ക്കും വേണ്ടിയോ ഇത്തരമൊരു കൂട്ടായ്മ നിങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ആറ്റുകാല്‍ അമ്മ നിങ്ങളുടെ പ്രാര്‍ത്ഥന കേട്ടേനെ. സ്വന്തം കാര്യം കാണാന്‍ വേണ്ടി ഭക്തിയുടെ ലഹരി തലക്കുപ്പിടിച്ച് അടിച്ച് പിമ്പിരിയായി ഇടുന്ന ഈ പൊങ്കാല കണ്ട് അമ്മ ചിരിക്കുകയാണ്. പാര്‍ട്ടിക്കാര്‍ മദ്യം നല്‍കി സമരത്തിന് ആളെ കൂട്ടുന്നപോലെയാണ് മതങ്ങള്‍ ഭക്തി നല്‍കി ആളെ കൂട്ടുന്നതും. പൊങ്കാല അര്‍പ്പിച്ചും, പെരുന്നാള്‍ കൊണ്ടാടിയും പണം വരിയെറിഞ്ഞതുകൊണ്ടൊന്നും നിങ്ങള്‍ക്ക് ആത്മീയ അനുഭൂതി ലഭിക്കാന്‍ പോകുന്നില്ല.

Monday, February 17, 2014

പൊങ്കാല 2014

പൊങ്കാല കലങ്ങളിൽ അസൂയയും, കുശുമ്പും, കുന്നായ്മയും
തിളച്ചു പൊങ്ങി,,, പുണ്യം പെറുന്നു,,,
മകനു കുഞ്ഞുണ്ടാവാൻ കഴിഞ്ഞ വർഷം പൊങ്കാലയിട്ട
നാരായണി അമ്മ ഇന്ന് അഗതി മന്ദിരത്തിൽ...
ദീർഘ സുമംഗലി ആകാൻ പൊങ്കാല നേർന്നവൾ
പരപുരുഷ ബന്ധം ചാർത്തി കിട്ടി
ശർക്കര ഉരുട്ടിയ കുഞ്ഞു പെങ്ങൾ
വൃദ്ധ കാമത്തിന് ബലി ചോറായി
കോരന് കഞ്ഞി വിളമ്പിയ മായി അമ്മ
ഇനി എന്ന് മടങ്ങി വരുമെന്ന്
ആറ്റുകാൽ അമ്മക്ക് നിശ്ചയമുണ്ടോ ആവോ

കവിത എഴുതിയത്: ബവിജേഷ് നായർ 

Saturday, February 15, 2014

പൊങ്കാലക്കിടയിലെ കോലാഹലങ്ങൾ

പിങ്കുമോൾ വെള്ളിയാഴ്ച രാവിലെ ഓഫീസിൽ എത്തിയ ഉടനെ തന്നെ കമ്പ്യൂട്ടർ തുറന്നു ഫേസ് ബുക്ക്‌ കാമുകന് പ്രണയാശംസ കൈമാറി. കാരണം അന്ന് പ്രണയ ദിനം (Valentines Day) ആകുന്നു. മറ്റന്നാൾ ആറ്റുകാൽ പൊങ്കാല. പിങ്കുമോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കാരണം രണ്ടു പുണ്യ ദിനങ്ങൾ അടുത്തായി വന്നത് വളരെ വിശേഷമായി തോന്നി. പിങ്കുമോൾ ശാക്തീകരിക്കപ്പെട്ട (Empowered) വനിതയാണ്‌. അങ്ങനെ പറയാൻ പ്രധാന കാരണം ഇതൊക്കെയാണ്, തെറ്റില്ലാതെ ഗിയർ രഹിത സ്കൂട്ടർ ഓടിക്കും. കാർ ഓടിക്കാനുള്ള ലൈസൻസ് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയിട്ടുണ്ട്. കാർ ഓടിക്കും എന്ന് എല്ലാവരോടും വീമ്പിളക്കും എങ്കിലും, ആക്സിലേറ്റർ, ബ്രേക്ക്‌, ക്ലച്ചു പെടലുകൾ കണ്ടാൽ തിരിച്ചറിയാൻ കഴിവില്ല. ഭർത്താവിനെ ഉപേക്ഷിച്ചു ഇപ്പോൾ സ്വന്തം മാതാപിതാക്കളോടോത്ത് താമസിച്ചു വരുന്നു. കഴിഞ്ഞ പൊങ്കാലയുടെ അന്നാണ് പിങ്കുമോളുടെ ഫേസ് ബുക്കിലെ കള്ള കളികൾ ഭർത്താവ് അറിഞ്ഞു പ്രശ്നമായത്. ഇത്തവണത്തെ പൊങ്കാലയെങ്കിലും മാന്യമായി ഇടണമെന്ന് പിങ്കുമോൾ ദൃഡനിശ്ചയം എടുത്തു. അങ്ങനെ എല്ലാ അഴുക്കുകളും പാപഭാരം ഇറക്കാൻ വന്നടിയുന്ന ഒരു സ്ഥലമായി പൊങ്കാല മാറി. ചില പൊങ്കാല വിശേഷങ്ങൾ കേട്ടു കൊള്ളൂ. 

ആരൊക്കെ ആയിരിക്കും പൊങ്കാലയിട്ടു പുണ്യം നേടാൻ വരുന്നത്? പ്രായമുള്ള അച്ഛൻ അമ്മമാരെ വഴിയിൽ വലിച്ചെറിഞ്ഞവർ. അച്ഛൻ അമ്മമാരെ കണ്ടാൽ പരസ്യമായി ചീത്ത വിളിക്കുന്ന മക്കൾ. രോഗാതുരർ ആയി വീട്ടിലുള്ളവരെ പരിചരിക്കാത്തവർ. ദാഹിച്ചു വലഞ്ഞവർക്ക്  ഒരു തുള്ളി വെള്ളം കൊടുക്കാത്തവർ. ഭർത്താവിനും, കുഞ്ഞുങ്ങൾക്കും സമയത്ത് ആഹാരം കൊടുക്കാത്തവർ. ദാമ്പത്യ ബന്ധത്തെ വഞ്ചിച്ചു കൊണ്ട് പരപുരുഷ ബന്ധം വെച്ച് പുലർത്തുന്നവർ അങ്ങിനെ പോകുന്നു ആ നിര. പുരുഷന്മാരും മെച്ചം എന്ന് പറയാനാകില്ല.

പൊങ്കാല ഇടാൻ വരുന്നവർ ചില കാര്യ സാധ്യത്തിനായിരിക്കും വരുക. അമ്പലം നന്നാകാൻ ആരെങ്കിലും നോയമ്പ് നോൽകുമോ? കാര്യം ഒന്നും സാധിക്കാനില്ലെങ്കിൽ ഇത്ര കഷ്ടപെട്ട് പൊങ്കാല ഇടാനെ കൊണ്ട് വരുന്നതെന്തിനു? ചുമ്മാ വീട്ടിൽ ഇരുന്നു സീരിയൽ  കണ്ടു കൂടെ അപ്പി.. അവരുടെ ആഗ്രഹങ്ങൾ ചിലപ്പോൾ അറിയാതെ പുറത്തു വരും. ചുറ്റുവട്ടത്തുള്ള ആരെങ്കിലും കേട്ടെങ്കിൽ ആകെ ചമ്മലാകും. മകനോ/ഭർത്താവിനോ ഒരു വിസ ഉടനെ അനുവദിപ്പിക്കണേ. ശല്യക്കാരായ അമ്മായിഅമ്മയുടെ/നാത്തൂന്റെ/മരുമകളുടെ  തല പൊട്ടി തെറിച്ചു പോകണേ.. ചിലർ  ഇങ്ങനെ പ്രാർത്ഥിക്കുന്നു. എന്താ ഇങ്ങനെയും പ്രാർത്ഥിച്ചു കൂടെ? പിങ്കു മോളും വിട്ടു കൊടുത്തില്ല, എന്റെ ചുറ്റി കളികൾ കണ്ടു പിടിച്ച ഭർത്താവിനു നല്ല ശിക്ഷ കൊടുക്കണേ. അവളും പ്രാർത്ഥിച്ചു. അയാളുടെ കൈയോ, കാലോ ഒടിച്ചാലും തരക്കേടില്ല!! 

വീട്ടിൽ ഭർത്താവുമായി ദിവസവും ശണ്ട കൂടുന്ന ഒരു യുവതി, നല്ല ദാമ്പത്യ ജീവിതം ഉണ്ടാകാൻ വേണ്ടി മിക്കവാറും  ഏറണാകുളം ജില്ലയിലുള്ള ഒരു ക്ഷേത്രത്തിൽ സ്ഥിരം സന്ദർശനം നടത്തുന്നു. ആ ക്ഷേത്രത്തിലെ ഭഗവാൻ ദാമ്പത്യ കാര്യങ്ങളിൽ മാത്രം അനുഗ്രഹം നല്കി വരുന്ന ആളാണ്‌.  ഈ യുവതി അല്ലാത്ത ദിവസങ്ങളിൽ ദാമ്പത്യ സുഖം ഉണ്ടാകാൻ ആഴ്ചയിൽ ഏഴ് ദിവസവും വ്രതത്തിലായിരിക്കും. വ്രതം മുടങ്ങാതിരിക്കാൻ  രാത്രിയിൽഭർത്താവ് ഉറങ്ങുന്ന മുറിയുടെ സമീപത്തു പോലും വരാറില്ല!!

ആചാരങ്ങൾ എന്ന പേരിൽ കാട്ടി കൂട്ടുന്ന പൊള്ളത്തരങ്ങൾ മാത്രമാണ് പൊങ്കാലയെ ഇന്നും ജനപ്രിയമാക്കുന്നത്. "വെടി വഴിപാട്" എന്ന മലയാള ചിത്രം വളരെ നർമ്മ പരമായി ഇക്കാര്യങ്ങൾ എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പാപങ്ങൾ എല്ലാം തിരുവനന്തപുരത്തെ വഴിയിൽ വലിച്ചെറിഞ്ഞു, പുതിയ പാപങ്ങൾ ചെയ്തു കൂട്ടാനുള്ള ആർത്തിയോടെ ജനങ്ങൾ വീട്ടിലേക്ക് മടങ്ങുന്നു. നഗരസഭാ ജീവനക്കാർ അന്ന് തന്നെ വഴിയിൽ ഉപേക്ഷിച്ച പാപങ്ങൾ എല്ലാം തൂത്ത് കൂട്ടി ഓടയിലാക്കുന്നു. അമ്മേ, മഹാ മായേ.