അടുത്തയിടെ കമ്പ്യൂട്ടർ ഉല്പന്നങ്ങളുടേയും, ഘടകങ്ങളുടേയും വില വളരെയധികം വർധിച്ചത് എല്ലാവരും ശ്രദ്ധിച്ചു കാണും. വർദ്ധിച്ചുവരുന്ന ഡിമാൻഡും (പ്രത്യേകിച്ച് AI മേഖലയിൽ), അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും, വിതരണ ശൃംഖലയിലെ ഏറിയ ചെലവുകളുമാണ് (ഉദാ: പശ്ചിമേഷ്യൻ സംഘർഷം) കമ്പ്യൂട്ടർ വിപണിയിലെ ഈ വിലവർദ്ധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ. ലാപ്ടോപ്പുകളുടെ വില വളരെയധികം കൂടിയിട്ടുണ്ട്. രണ്ടു വർഷത്തേക്ക് ഈ സ്ഥിതി തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ പുതിയ ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഒന്ന് ആലോചിച്ചിട്ട് വാങ്ങുന്നതാവും നല്ലത്. സ്‌കൂൾ, കോളേജ് തുറക്കുന്ന സമയമാണ്. ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ വാങ്ങേണ്ടവർ എന്ത് ചെയ്യും? അതിനൊരു പരിഹാരമാണ് Refurbished computer products. റീഫർബിഷ്ഡ് (Refurbished) കമ്പ്യൂട്ടറുകൾ എന്നാൽ സെക്കൻഡ് ഹാൻഡ് ലാപ്ടോപ്പുകൾ പോലെ വെറുതെ വാങ്ങി വിൽക്കുന്നവയല്ല. അവ കൃത്യമായ പരിശോധനകൾക്കും, അറ്റകുറ്റപ്പണികൾക്കും ശേഷം നവീകരിച്ചു വിൽക്കുന്നവയാണ്.
എവിടെ നിന്നാണ് റീഫർബിഷ്ഡ് കമ്പ്യൂട്ടറുകൾ വരുന്നത്?
വൻകിട ഐടി കമ്പനികളും, കോർപ്പറേറ്റുകളും അവരുടെ ജീവനക്കാർക്കായി വാങ്ങിയ ലാപ്ടോപ്പുകൾ കാലാവധി കഴിയുമ്പോൾ വിൽക്കുന്നത് വിപണിയിൽ എത്തും. ഇങ്ങനെ തിരികെ നൽകുന്ന ഉയർന്ന നിലവാരമുള്ള ബിസിനസ്സ് സീരീസ് ലാപ്ടോപ്പുകളാണ് (ഉദാഹരണത്തിന്: Dell Latitude, Lenovo ThinkPad, HP EliteBook) റീഫർബിഷ്ഡ് വിപണിയിലെ പ്രധാന ഉറവിടം.
ആളുകൾ ഓൺലൈൻ വഴിയോ കടകളിൽ നിന്നോ ലാപ്ടോപ്പ് വാങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകുന്ന Open Box category എന്ന പേരിൽ വിപണിയിൽ എത്തുന്നു. ചിലപ്പോൾ ചെറിയ എന്തെങ്കിലും തകരാർ കൊണ്ടോ, അല്ലെങ്കിൽ നിറം ഇഷ്ടപ്പെടാത്തത് പോലുള്ള വ്യക്തിപരമായ കാരണങ്ങൾ കൊണ്ടോ ആകാം ഇവ തിരികെ നൽകുന്നത്. കമ്പനികൾക്ക് ഇവ പിന്നീട് പുതിയത് എന്ന് പറഞ്ഞ് വിൽക്കാൻ കഴിയില്ല. അതിനാൽ ഇവ പരിശോധിച്ച് റീഫർബിഷ്ഡ് ആയി വിൽക്കുന്നു.
പുതിയ ലാപ്ടോപ്പ് വാങ്ങുന്നവർ, പഴയ ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്യാറുണ്ട്. അത്തരം ലാപ്ടോപ്പുകളും റീഫർബിഷ്ഡ് പ്രക്രിയക്ക് വിധേയമാക്കുന്നു.
വലിയ ഇലക്ട്രോണിക്സ് ഷോറൂമുകളിലും, പ്രദർശനങ്ങളിലും (Exhibitions) ഉപഭോക്താക്കൾക്ക് കാണാനും ഉപയോഗിച്ചു നോക്കാനുമായി വെക്കുന്ന ലാപ്ടോപ്പുകളാണിവ. കുറച്ചുകാലത്തെ പ്രദർശനത്തിന് ശേഷം കമ്പനികൾ ഇവ തിരികെ എടുക്കുകയും, ആവശ്യമായ സർവീസ് നടത്തി റീഫർബിഷ്ഡ് ലാപ്ടോപ്പുകളായി വിപണിയിൽ എത്തിക്കുകയും ചെയ്യും.
നിർമ്മാണ വേളയിലോ (Manufacturing defect) വിതരണ സമയത്തോ ചെറിയ പോറലുകളോ ഹാർഡ്‌വെയർ തകരാറുകളോ സംഭവിക്കുന്ന ലാപ്ടോപ്പുകൾ കമ്പനികൾ തന്നെ തിരികെ എടുത്ത് ഫാക്ടറിയിൽ വെച്ച് ശരിയാക്കാറുണ്ട്. ഇവയും റീഫർബിഷ്ഡ് കാറ്റഗറിയിലാണ് വിൽക്കുക.
ആളുകൾ ഓൺലൈൻ വഴിയോ കടകളിൽ നിന്നോ ലാപ്ടോപ്പ് വാങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകുന്ന Open Box category എന്ന പേരിൽ വിപണിയിൽ എത്തുന്നു. ചിലപ്പോൾ ചെറിയ എന്തെങ്കിലും തകരാർ കൊണ്ടോ, അല്ലെങ്കിൽ നിറം ഇഷ്ടപ്പെടാത്തത് പോലുള്ള വ്യക്തിപരമായ കാരണങ്ങൾ കൊണ്ടോ ആകാം ഇവ തിരികെ നൽകുന്നത്. കമ്പനികൾക്ക് ഇവ പിന്നീട് പുതിയത് എന്ന് പറഞ്ഞ് വിൽക്കാൻ കഴിയില്ല. അതിനാൽ ഇവ പരിശോധിച്ച് റീഫർബിഷ്ഡ് ആയി വിൽക്കുന്നു.
പുതിയ ലാപ്ടോപ്പ് വാങ്ങുന്നവർ, പഴയ ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്യാറുണ്ട്. അത്തരം ലാപ്ടോപ്പുകളും റീഫർബിഷ്ഡ് പ്രക്രിയക്ക് വിധേയമാക്കുന്നു.
വലിയ ഇലക്ട്രോണിക്സ് ഷോറൂമുകളിലും, പ്രദർശനങ്ങളിലും (Exhibitions) ഉപഭോക്താക്കൾക്ക് കാണാനും ഉപയോഗിച്ചു നോക്കാനുമായി വെക്കുന്ന ലാപ്ടോപ്പുകളാണിവ. കുറച്ചുകാലത്തെ പ്രദർശനത്തിന് ശേഷം കമ്പനികൾ ഇവ തിരികെ എടുക്കുകയും, ആവശ്യമായ സർവീസ് നടത്തി റീഫർബിഷ്ഡ് ലാപ്ടോപ്പുകളായി വിപണിയിൽ എത്തിക്കുകയും ചെയ്യും.
നിർമ്മാണ വേളയിലോ (Manufacturing defect) വിതരണ സമയത്തോ ചെറിയ പോറലുകളോ ഹാർഡ്‌വെയർ തകരാറുകളോ സംഭവിക്കുന്ന ലാപ്ടോപ്പുകൾ കമ്പനികൾ തന്നെ തിരികെ എടുത്ത് ഫാക്ടറിയിൽ വെച്ച് ശരിയാക്കാറുണ്ട്. ഇവയും റീഫർബിഷ്ഡ് കാറ്റഗറിയിലാണ് വിൽക്കുക.
റീഫർബിഷ്ഡ് പ്രക്രിയ എന്താണ്?
റീഫർബിഷ്ഡ് ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സേവന ദാതാക്കൾ ഈ ലാപ്ടോപ്പുകൾ വാങ്ങി ക്വാളിറ്റി ചെക്കുകൾ നടത്തുകയും, തകരാറുള്ള ഭാഗങ്ങൾ മാറ്റുകയും, ഒപ്പറേറ്റിംഗ് സിസ്റ്റം (OS) ഇൻസ്റ്റാൾ ചെയ്ത് വാറന്റിയോടെയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.
റീഫർബിഷ്ഡ് ഉൽപ്പന്നങ്ങൾ എവിടെ നിന്നു വാങ്ങണം?
റീഫർബിഷ്ഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രാദേശിക ഷോപ്പുകളും, ഓൺലൈൻ ഷോപ്പുകളും ഉണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴി സെല്ലർമാർ റീഫർബിഷ്ഡ് ലാപ്‌ടോപ്പുകൾ വിൽക്കുന്നുണ്ട്. ലെനോവോ പോലെയുള്ള ലാപ്ടോപ്പ് നിർമ്മാണ കമ്പനികളും, റീഫർബിഷ്ഡ് ലാപ്‌ടോപ്പുകൾ വിൽക്കുന്നുണ്ട്. Refurbished Laptop എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ധാരാളം ഷോപ്പുകൾ കാണിച്ചു തരും. ഷോപ്പുകളിൽ എത്തിയ ലാപ്‌ടോപ്പുകൾ എല്ലാ ക്വാളിറ്റി ചെക്കുകളും ഒന്ന് കൂടി നടത്തിയ ശേഷമാണ് ഉപഭോക്താവിന് വിൽക്കുന്നത്. പ്രാദേശിക ഷോപ്പുകളിൽ പോലും നിശ്ചിത കാലയളവ് വാറന്റിയും, വിൽപ്പനാന്തര സേവനവും കൂടി നൽകുന്നുണ്ട്. ചെറിയ തുക മുടക്കിയാൽ Extended Warranty കൂടി ലഭിക്കും.
റീഫർബിഷ്ഡ് ലാപ്ടോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റീഫർബിഷ്ഡ് ലാപ്ടോപ്പ് വാങ്ങുമ്പോൾ കൊടുക്കുന്ന പണത്തിന് കൃത്യമായ മൂല്യം ലഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ (Selection Criteria) പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:
വാറന്റി (Warranty)
റീഫർബിഷ്ഡ് ലാപ്ടോപ്പിന് കുറഞ്ഞത് 6 മാസം മുതൽ 1 വർഷം വരെ വാറന്റി ലഭിക്കേണ്ടതുണ്ട്. വാറന്റി നൽകുന്നത് ആരാണെന്ന് ഉറപ്പുവരുത്തുക:ലാപ്ടോപ്പ് നിർമ്മിച്ച കമ്പനി (Dell, HP, Lenovo) നേരിട്ട് നൽകുന്ന വാറന്റി ഉപയോഗിക്കാവുന്നതാണ്. ഇതാണ് ഏറ്റവും സുരക്ഷിതം. പക്ഷേ ചെലവ് കൂടുതലായിരിക്കും.
ലാപ്ടോപ്പ് വിൽക്കുന്ന ഷോപ്പുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോ നൽകുന്ന വാറന്റി.
ബിസിനസ്സ് ക്ലാസ്സ് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുക
ബജറ്റ് ലാപ്ടോപ്പുകളേക്കാൾ (ഉദാ: Dell Inspiron, Lenovo Ideapad) എപ്പോഴും നല്ലത് ബിസിനസ്സ് ക്ലാസ്സ് ലാപ്ടോപ്പുകളാണ്. ഇവയുടെ ഘടകങ്ങൾ കൂടുതൽ കാലം ഈടുനിൽക്കുന്നവയും, മികച്ച ബോഡി ക്വാളിറ്റിയോടെയാണ് നിർമ്മിച്ചിരിക്കുന്നത്.ഉദാഹരണത്തിന് Lenovo ThinkPad, Dell Latitude/Precision, HP EliteBook, Asus Expertbook.
ഹാർഡ്‌വെയർ ഘടകങ്ങൾ
വില കുറവാണെന്ന് കരുതി വളരെ പഴയ മോഡലുകൾ വാങ്ങരുത്. ഇന്നത്തെ കാലത്ത് സുഗമമായി ഉപയോഗിക്കാൻ താഴെ പറയുന്ന മിനിമം ആവശ്യകതകൾ ഉണ്ടായിരിക്കണം:Processor: കുറഞ്ഞത് Intel Core i5 (8th Generation അല്ലെങ്കിൽ അതിനു മുകളിൽ) അല്ലെങ്കിൽ AMD Ryzen 5 പ്രൊസസ്സർ ഉണ്ടായിരിക്കണം. വിൻഡോസ് 11 ഒഫീഷ്യൽ ആയി സപ്പോർട്ട് ചെയ്യാൻ 8th Gen എങ്കിലും വേണം. ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് പഴയ ലാപ്ടോപ്പ് മോഡലുകളിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും.
RAM: കുറഞ്ഞത് 8 GB RAM (സാധ്യമെങ്കിൽ 16 GB ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്നത്). 8 GB RAM കൂടി അധികം ഇടാനുള്ള സ്ലോട്ട് മദർ ബോർഡിൽ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം.
Storage: സാധാരണ ഹാർഡ് ഡിസ്കിന് (HDD) പകരം SSD (Solid State Drive) ഉള്ളവ മാത്രം തിരഞ്ഞെടുക്കുക. ഇത് ലാപ്ടോപ്പിന് മികച്ച വേഗത നൽകും. റീഫർബിഷ്ഡ് സേവനദാതാക്കൾ പെർഫോമൻസ് ഉയർത്താൻ മിക്കവാറും SSD സ്റ്റോറേജ് ഉൾപ്പെടുത്തിയിട്ടുണ്ടാവും.
ബാറ്ററിയുടെ ആരോഗ്യം:റീഫർബിഷ്ഡ് ലാപ്ടോപ്പുകളിൽ ഏറ്റവും കൂടുതൽ പ്രശ്നം വരാൻ സാധ്യതയുള്ളത് ബാറ്ററിയിലാണ്. വാങ്ങുന്നതിന് മുൻപ് ബാറ്ററി ലൈഫ് എത്ര സമയം കിട്ടുമെന്ന് ചോദിച്ചറിയുക. കപ്പാസിറ്റി കുറഞ്ഞത് 70% മുതൽ 80% വരെ (Battery Health) ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ആവശ്യമാണെങ്കിൽ പുതിയ ഒരു ബാറ്ററി ഇട്ടു തരാൻ കടക്കാരോട് ആവശ്യപ്പെടാം. ബാറ്ററിയുടെ ആരോഗ്യം അറിയാനുള്ള സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു പരിശോധിക്കാവുന്നതാണ്.
റിട്ടേൺ പോളിസി: ലാപ്ടോപ്പ് വാങ്ങി ഉപയോഗിക്കുമ്പോൾ എന്തെങ്കിലും തകരാർ കണ്ടെത്തുകയാണെങ്കിൽ അത് തിരികെ നൽകാനോ മാറ്റിയെടുക്കാനോ ഉള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കുക. കുറഞ്ഞത് 7 മുതൽ 15 ദിവസത്തെ റീപ്ലേസ്‌മെന്റ്/റിട്ടേൺ പോളിസി നൽകുന്ന വിൽപനക്കാരിൽ നിന്ന് മാത്രം വാങ്ങുക.
റീഫർബിഷ്ഡ് ഗ്രേഡ്: പല വിൽപ്പനക്കാരും ലാപ്ടോപ്പുകളുടെ ബാഹ്യമായ ഭംഗി അനുസരിച്ച് അവയെ തരംതിരിക്കാറുണ്ട്:
Grade A: ഒരു പോറലോ കേടുപാടുകളോ ഇല്ലാത്ത, പുതിയതുപോലെയുള്ള അവസ്ഥ. (ഇതാണ് ഏറ്റവും നല്ലത്).
Grade B: ചെറിയ രീതിയിലുള്ള ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളോ, നേർത്ത പോറലുകളോ ഉണ്ടാകാം, പക്ഷേ സിസ്റ്റം നന്നായി പ്രവർത്തിക്കും.
Grade C: പ്രകടമായ പോറലുകളും, ചളുക്കങ്ങൾ (Dent) ഉണ്ടാകാം, വില വളരെ കുറവായിരിക്കും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ലാപ്ടോപ്പ് കൈപ്പറ്റിയ ഉടൻ തന്നെ കീബോർഡിലെ എല്ലാ കീകളും പ്രവർത്തിക്കുന്നുണ്ടോ, വൈഫൈ, ബ്ലൂടൂത്ത്, വെബ്ക്യാം, എല്ലാ യുഎസ്ബി പോർട്ടുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. പ്രാദേശിക ഷോപ്പിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ, ബില്ലിൽ വാറന്റി കാലയളവും (Warranty Period) അത് എന്തിനൊക്കെ ബാധകമാണ് (Motherboard, Battery, etc.) എന്നും കൃത്യമായി എഴുതി വാങ്ങി സൂക്ഷിക്കുക. ഒരേ ഹാർഡ്‌വെയർ ഘടകങ്ങൾ ഉള്ള ലാപ്‌ടോപ്പുകൾ വിവിധ ഷോപ്പുകളിൽ പല വിലക്കാണ് നൽകുന്നത്. വിവിധ ഷോപ്പുകളിലെ വിലകൾ താരതമ്യം ചെയ്ത ശേഷം വാങ്ങുക. ഒരുമിച്ചു തുക കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് തവണകളായി അടക്കാൻ EMI സൗകര്യവും ഷോപ്പുകൾ നൽകുന്നുണ്ട്.
ലാപ്ടോപ്പുകളുടെ തിരഞ്ഞെടുപ്പ്, പരിപാലനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാൻ ഞാൻ എഴുതിയ പുസ്തകം വായിക്കുക:
ലാപ്‌ടോപ്പ് കമ്പ്യൂട്ടർ: തിരഞ്ഞെടുപ്പ് , പരിപാലനം, സുരക്ഷ. [Laptop computer: selection, maintenance and safety.]. Book Forge, 2024. ISBN 978-81-968142-8-1
പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://github.com/vimalibre/laptop-book/releases/download/e-book/laptop-computer-vimal-kumar-e-book.pdf
