Showing posts with label home construction. Show all posts
Showing posts with label home construction. Show all posts

Monday, March 28, 2022

ഓടും കുതിര, ചാടും കുതിര

 "ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര"

ഞാൻ പറയാൻ പോകുന്ന കുതിര ഓടില്ല, ചാടില്ല, വെള്ളം കണ്ടാലും ഭാവമാറ്റം ഒന്നും കാണിക്കില്ല. ആരെങ്കിലും എടുത്തു കൊണ്ട് ഒരിടത്തു നിർത്തിയാൽ അവിടെ അനങ്ങാതെ നിന്ന് കൊള്ളും. വീട് പണിയുടെ വിവിധ ഘട്ടങ്ങളിൽ വളരെയധികം ആവശ്യമുള്ള ഒരു ഉപകരണമാണ് കുതിര എന്ന പേരിലറിയപ്പെടുന്നത്. പ്രദേശമനുസരിച്ചു പേരിൽ വ്യത്യാസം വരുമെങ്കിലും, ഇതിന്റെ ഇംഗ്ലീഷ് പേര് സ്‌കഫോൾഡിങ് (Scaffolding) എന്നാണ്. കെട്ടിടങ്ങൾ, മറ്റ് മനുഷ്യനിർമിതികൾ എന്നിവയുടെ നിർമ്മാണം, അറ്റകുറ്റപ്പണികൾ, എന്നിവയിൽ പൊക്കത്തിൽ കയറി നിന്ന് പ്രവർത്തി ചെയ്യാൻ ജോലിക്കാരെ സഹായിക്കാൻ ഉപയോഗിക്കുന്ന താൽക്കാലിക ഘടനയാണ് കുതിര. വീട് നിർമ്മാണത്തിലെ തേപ്പ്, പെയിന്റിംഗ് തുടങ്ങിയ ഉയരത്തിലുള്ള പ്രവർത്തികൾ കയറി നിന്നു ചെയ്യാനുള്ള വർക്ക് പ്ലാറ്റുഫോം ആയി കുതിര ഉപയോഗിക്കുന്നു. 

ഫോട്ടോ കടപ്പാട്: www.peri.in

ഇരുമ്പ് പൈപ്പ് കൊണ്ടാണ് കുതിര നിർമ്മിക്കുന്നത്. നാല് പൊക്കം കൂടിയ കാലുകളും, അതിന് ബലം നൽകാൻ കുറുകെ ഉറപ്പിക്കുന്ന പൈപ്പുകൾ, കയറി നിന്ന് ജോലി ചെയ്യാനുള്ള തട്ട് എന്നിവ ചേരുന്നതാണ് കുതിരയുടെ ഘടന. ആവശ്യം കഴിഞ്ഞാൽ കുതിരയെ അഴിച്ചു മാറ്റാം. ചെറിയ പിക്കപ്പ് വണ്ടിയിൽ കയറ്റി കൊണ്ട് പോകാൻ സാധിക്കും. വലിയ നിർമ്മാണ പ്രവർത്തികളാണെങ്കിൽ ഒന്നിലധികം കുതിര ചേർത്ത് കെട്ടി ആവശ്യത്തിന് പൊക്കം തികയ്ക്കും. ചെറിയ വീടുകളുടെ നിർമ്മാണത്തിന് അധികം എണ്ണം കുതിര ആവശ്യം വേണ്ടി വരില്ല. 

ലേബർ കോൺട്രാക്ട് മാത്രമാണ് ഉള്ളതെങ്കിൽ വീട്ടുടമ കുതിര വാടകക്ക് എടുക്കേണ്ടി വരും. വീടു പണിയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമുള്ളതായതു കൊണ്ട് പലതവണ വാടകക്ക് എടുത്തിട്ടു തിരികെ കൊടുക്കേണ്ടി വരും. ഒരു സെറ്റ് കുതിരക്ക് അറുപത് രൂപയാണ് ഒരു ദിവസത്തെ വാടകയായി ഞാൻ കൊടുത്തത്.  വീട്ടിലെത്തിക്കാനും, തിരികെ കൊണ്ട് പോകാനുമുള്ള വണ്ടിക്കൂലിയും ചിലവിനത്തിൽ പരിഗണയ്‌ക്കണം. ഓരോ തവണയും, എടുക്കാനും, കൊടുക്കാനും വീട്ടുടമ തന്നെ പോകേണ്ടി വരുന്നത് മെനക്കേടാണ്. തൊഴിലാളികൾ എന്നും ജോലിക്ക് വന്നില്ലെങ്കിൽ ആ ദിവസത്തെ വാടക കൂടി നൽകേണ്ടി വരും. 

വീട് പണി തുടങ്ങുമ്പോൾ തന്നെ ഒരു കുതിര സ്വന്തമായി വാങ്ങുകയോ, ഉണ്ടാക്കി എടുക്കുകയോ ചെയ്യുന്നതാണ് സൗകര്യപ്രദം. എത്ര കുതിര വേണ്ടി വരുമെന്നതു വീടിന്റെ വലുപ്പവും, അത് തീർക്കാനെടുക്കുന്ന സമയവും അനുസരിച്ചിരിക്കും. വീട് പണി കഴിഞ്ഞാൽ കുതിരയെ വാടകക്ക് കൊടുക്കുകയോ, വിൽക്കുകയോ ചെയ്യാം.

Friday, March 4, 2022

അർബാന എന്ന മല്ലൻ

വീട് വെച്ചവർക്ക് അർബാന എന്താണെന്നും, അതിന്റെ ഉപയോഗം എന്താണെന്നും നന്നായി അറിയാം. അർബാന (Arbana) എന്നും വീൽ ബാരോ ട്രോളി (Wheel Barrow Trolley) എന്നുമൊക്കെ ഈ വണ്ടിയെ വിളിക്കാറുണ്ട്. അർബാന എന്ന പേരാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത്. അർബാന എന്ന പദം അറബി ഭാഷയാണ്, ട്രോളി എന്നാണ് അർത്ഥം. വിവിധ തരം ഭാരം ചുമക്കുന്ന ജോലികളുടെ ആയാസം കുറക്കാൻ അർബാന കൊണ്ട് സാധിക്കും. ഭാരം കയറ്റിയ ശേഷം വലിച്ചു കൊണ്ട് പോകാനും, ഉന്തിക്കൊണ്ടു പോകാനും സാധിക്കും. കണ്ടാൽ നിസ്സാരനെന്നു തോന്നിയേക്കാമെങ്കിലും ഇവൻ വളരെ ഉപകാരിയാണ്, ശക്തിമാനുമാണ്. അർബാന രണ്ടു തരമുണ്ട്; ഒറ്റ ചക്രമുള്ളതും, രണ്ടു ചക്രമുള്ളതും. രണ്ടു തരത്തിലുള്ളതിനും വ്യത്യസ്തമായ ഉപയോഗമാണുള്ളത്. 

ഒറ്റ ചക്രമുള്ള അർബാന
വളവും, തിരിവുമുള്ള സ്ഥലത്തു കൂടിയും, ഇടുങ്ങിയ വഴികളിലൂടെയും ഭാരം വഹിച്ചു കൊണ്ട് പോകാൻ അനുയോജ്യം ഒരു ചക്രമുള്ള അർബാനയാണ്. ഒറ്റ ചക്രമുള്ളതിനാൽ വളവും, തിരിവും, കുണ്ടും, കുഴിയും ഒക്കെ ഓടിച്ചു കയറ്റി ഇറക്കി കൊണ്ട് പോകാം. ഒറ്റ ചക്രമുള്ളതിനാൽ ബാലൻസ് ചെയ്‌തു കൊണ്ട് പോയില്ലേൽ മറിയും. കുറച്ചു നേരത്തെ ഉപയോഗം കൊണ്ട് തന്നെ എല്ലാവർക്കും ഒറ്റ ചക്രമുള്ള അർബാന ഉപയോഗിക്കാനുള്ള ബാലൻസ് ലഭിക്കും. 
രണ്ടു ചക്രമുള്ള അർബാന
നിരന്ന പ്രതലത്തിലെ ഉപയോഗത്തിന് അനുയോജ്യമാണ് രണ്ടു ചക്രമുള്ള അർബാന. വ്യവസായ സ്ഥാപനത്തിനുള്ളിൽ, ഗോഡൗണുകളിൽ ഉപയോഗിക്കാൻ ഇരുചക്രമുള്ളതാണ് നല്ലത്. രണ്ടു ചക്രമുള്ളതിനാൽ ബാലൻസ് ഉണ്ട്, സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുന്ന വഴിയിൽ ചരിയുകയില്ല, മറിയാനുള്ള സാധ്യതയും കുറവാണ്. 

3500 മുതൽ 4500 രൂപ വരെ വിവിധ സ്ഥലങ്ങളിൽ ഒറ്റ ചക്ര അർബാനക്ക് വിലയുണ്ട്. ഹാർഡ്‌വെയർ കടകളിലാണ് സാധാരണയായി ഇവ വാങ്ങാൻ ലഭിക്കുന്നത്. അർബാന നിർമ്മിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിച്ചു നേരിട്ട് വാങ്ങുകയാണെങ്കിൽ കടകളിലേതിനേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കും. ഉപയോഗ ശേഷം വിൽക്കുന്നതു വാങ്ങിയാലും വില കുറച്ചു കിട്ടും. OLX ൽ നോക്കിയാൽ പഴയതു വാങ്ങാൻ കിട്ടും.

വീട് പണി തുടങ്ങാൻ പോകുന്നവർ ഒറ്റ ചക്രമുള്ള അർബാന വാങ്ങുന്നതാണ് നല്ലത്. പറമ്പ് ഒരുക്കുമ്പോൾ തന്നെ അർബാന വാങ്ങുന്നത് ഉപയോഗപ്പെടും. മണ്ണ് മാറ്റാനും, നികത്താനും ഉപയോഗിക്കാം. അടിത്തറക്കുള്ളിൽ മണ്ണ് നിറക്കുക, എംസാൻഡ്‌, സിമന്റ് പണിസ്ഥലത്തു എത്തിക്കുന്നതിന് നിരന്തരമായി അർബാന ഉപയോഗിക്കേണ്ടി വരും. എന്റെ വീടിന്റെ അടിത്തറയിൽ മണ്ണ് നിറച്ചത് ഞാൻ തന്നെയാണ്. ജോലി കഴിഞ്ഞു വന്ന ശേഷം  അർബാന ഉപയോഗിച്ചു മണ്ണ് നിറച്ചു. വീട് പണി തുടങ്ങിക്കഴിഞ്ഞാൽ അർബാന ഉപയോഗിക്കുന്നത് കൊണ്ട് തൊഴിലാളികൾക്ക് അധ്വാനം ലഘൂകരിക്കാൻ സാധിക്കും. വീടുപണി കഴിഞ്ഞ ശേഷമുള്ള അല്ലറ ചില്ലറ പണികൾക്കും അർബാന ഉപകാരപ്പെടും. വീടുപണിക്കിടയിൽ കരാറിന്റെ ഭാഗമല്ലാത്ത പല പണികളും ഉണ്ടാവും. അത്തരം ജോലികൾ അർബാനയുടെ സഹായത്തോടെ ഉടമസ്ഥന് തന്നെ ചെയ്യാവുന്നതാണ്. അർബാന വാങ്ങേണ്ടത് ഒരാവശ്യമാണോ എന്ന് തുടക്കത്തിൽ സന്ദേഹം തോന്നിയേക്കാം. വീട് പണിക്കു വേണ്ടി അർബാന വാങ്ങുവാൻ ഒട്ടും മടിക്കേണ്ട. വീട് പണി മുഴുവൻ കരാർ നൽകിയതാണെങ്കിൽ കരാറുകാരൻ അർബാന കൊണ്ട് വരും. ലേബർ കോൺട്രാക്ട് മാത്രമാണെങ്കിൽ വീട്ടുടമയും വീട്ടുപണിയിൽ ഇടപെടേണ്ടി വരും, അർബാന ഉപയോഗപ്പെടും. അർബാന കൊണ്ട്  ജോലി ചെയ്‌തു കഴിയുമ്പോൾ നമ്മുടെ വീടിനു വേണ്ടി നമ്മളും കഷ്ടപ്പെട്ടു എന്ന് അഭിമാനിക്കാം.  വീട് പണി സംബന്ധിച്ച എല്ലാ ജോലികളും തീർന്ന ശേഷം അർബാന വേണമെങ്കിൽ വിൽക്കാം. അല്ലാത്ത പക്ഷം വാടകക്ക് കൊടുത്തു കാശുണ്ടാക്കാം.

Saturday, August 24, 2019

പ്രളയത്തിൽ നിന്നും പഠിക്കേണ്ട ഭവന നിർമ്മാണ പാഠങ്ങൾ

വീട് എന്നത് മലയാളിക്ക് ആവശ്യത്തിനുപരിയായി അന്തസ്സ് സൂക്ഷിക്കേണ്ട ഒന്നായി മാറിക്കഴിഞ്ഞു. ഗൾഫ് പണത്തിന്റെ ഒഴുക്ക് മൂലം കീശ വീർത്ത മലയാളികൾ വീട് നിർമ്മാണത്തിൽ ആഡംബരത്തിനു പ്രാധാന്യം കൊടുക്കാൻ തുടങ്ങി. ഓല, ഓട് മേഞ്ഞ വീടുകൾക്ക് പകരം കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകൾ സ്ഥാനം പിടിക്കാൻ തുടങ്ങി. ചാണകം മെഴുകിയ/ റെഡ് ഓക്സയിഡ് തറകൾ മൊസൈക്ക്, മാർബിൾ തറകൾക്കു വഴി മാറി കൊടുത്തു. ഉള്ളവനും, ഇല്ലാത്തവനുമെല്ലാം ഒരേ ഗൃഹനിർമ്മാണ ശൈലി പിന്തുടർന്നപ്പോൾ നിർമ്മാണ ചിലവ് കുതിച്ചുയർന്നു. ഭവന നിർമ്മാണം മലയാളി മധ്യവർഗത്തിനും, പാവപ്പെട്ടവനും പേടി സ്വപ്‍നം ആയി മാറി. വീട് നിർമ്മാണത്തിന് വരുത്തി വെച്ച സാമ്പത്തിക ബാധ്യത ആയുസ്സിന്റെ ഭൂരിഭാഗവും പേടി സ്വപ്നമായി പിന്തുടരും. മനോഹരമായ വീട്ടിൽ മനഃസമാധാനമില്ലാത്തവരായി ജീവിച്ചു ആയുസ്സു തീർക്കും. കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങൾ മലയാളിയുടെ ഭവന നിർമ്മാണ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ പോരുന്നവയാണ്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മനോഹര ഭവനങ്ങൾ പ്രളയം തകർത്തു കളഞ്ഞു. ഭവന നിർമ്മാണത്തിന് മുടക്കിയ ഉയർന്ന തുക വെള്ളം കൊണ്ട് പോയി. ഇനിയെങ്കിലും നമ്മൾ ഭവന നിർമ്മാണ രീതികളിൽ മാറ്റം വരുത്താൻ തയ്യാറാവണം. താഴെ പറയുന്ന കാര്യങ്ങൾ ഭവന നിർമ്മാണ രീതികളിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കും;
  • ആഡംബരത്തിനും, പൊങ്ങച്ചത്തിനും അല്ല, പകരം ജീവിക്കാൻ ഒരു ഇടം എന്ന സങ്കൽപ്പത്തിൽ ഊന്നിയാകണം ഭവന നിർമ്മാണം. 
  • പ്രകൃതി ചൂഷണം പരമാവധി കുറഞ്ഞ ഭവന നിർമ്മാണ സാമഗ്രികൾ പ്രചാരത്തിൽ വരുത്തണം. 
  • ചിലവ് കുറഞ്ഞ ഭവന നിർമ്മാണ രീതികൾക്ക് സർക്കാർ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. 
  • ചിലവ് കുറഞ്ഞ ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ പലിശക്ക് ബാങ്ക് ലോൺ സാധ്യമാക്കണം. 

ഫോട്ടോ കടപ്പാട്: മലയാള മനോരമ