Monday, August 26, 2019

കൃത്യമായ അളവിൽ വസ്ത്രങ്ങൾ എങ്ങനെ ഓൺലൈൻ ഷോപ്പിൽ നിന്ന് വാങ്ങാം

വസ്‌ത്രങ്ങൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വാങ്ങുന്നത് പലപ്പോഴും ലാഭകരമാണ്. ബ്രാൻഡഡും, അല്ലാത്തവയുമായ വസ്‌ത്രങ്ങൾ ഓഫറുകൾ ഉള്ളപ്പോഴും, ഇല്ലാത്തപ്പോഴും വിലക്കുറവിൽ കിട്ടാറുണ്ട്. കൃത്യമായ അളവിൽ ഉള്ള വസ്‌ത്രങ്ങൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും എങ്ങനെ കിട്ടും എന്ന ആശയക്കുഴപ്പം എല്ലാവർക്കും ഉണ്ട്. വിവിധ കമ്പനികൾ നിർമ്മിക്കുന്ന വസ്ത്രങ്ങൾക്ക് ഒരേ അളവായിരിക്കില്ല. ഓൺലൈൻ സൈറ്റുകളിൽ കാണിച്ചിരിക്കുന്ന വസ്‌ത്രങ്ങൾ നിങ്ങൾക്ക് ചേരുന്ന അളവ് എങ്ങനെ നോക്കി വാങ്ങാം എന്നത് നമുക്ക് നോക്കാം. ആദ്യമായി തയ്യൽക്കാർ തുണി അളക്കാൻ ഉപയോഗിക്കുന്ന ഒരു ടേപ്പ് വാങ്ങുക. തയ്യൽ സാധനങ്ങൾ വാങ്ങുന്ന കടകളിൽ തുണി അളക്കുന്ന ടേപ്പ് വാങ്ങാൻ കിട്ടും.
Cloth measurement tape 
ഓൺലൈൻ ഷോപ്പുകൾ സന്ദർശിച്ചു നിങ്ങൾക്കിഷ്ടപ്പെട്ട വസ്‌ത്രം കണ്ടെത്തുക. ഫ്ലിപ്കാർട്ട് (Flipkart.com), മിന്ത്ര (Myntra.com), തുടങ്ങിയ സൈറ്റുകൾ തുണിത്തരങ്ങൾ വിൽക്കുന്നവയാണ്. ഉദാഹരണമായി നിങ്ങൾ ഒരു ഷർട്ട് വാങ്ങണമെന്നു കരുതുക. ഷർട്ട് കണ്ടെത്തിയ ശേഷം അതിനോടൊപ്പം ഉള്ള സൈസ് ചാർട്ട് തുറക്കുക. നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന കൃത്യമായ അളവിലുള്ള ഒരു ഷർട്ടു എടുത്തു വിവിധ അളവുകൾ താഴെ പറയുന്ന ചിത്രത്തിൽ കാണുന്ന രീതിയിൽ അളന്നു കുറിച്ച് വെക്കുക. 
നിങ്ങളുടെ നിലവിലുള്ള ഷർട്ടിന്റെ അളവ് ഒരു മാനദണ്ഡമായി ഉപയോഗിക്കാം. ഷോൾഡർ, നെഞ്ച്, ഷർട്ടിന്റെ നീളം എന്നിവയാണ് പ്രധാനം. ഇപ്പോൾ ഉപയോഗിക്കുന്ന ഷർട്ടിന്റെ വിവിധ അളവ് കുറിച്ച ശേഷം വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന സൈസ് ചാർട്ട് നോക്കുക.

Size chart 
നിങ്ങളുടെ നിലവിലുള്ള ഷർട്ടിന്റെ അളവും, സൈസ് ചാർട്ടിൽ കാണിച്ചിരിക്കുന്ന അളവും തമ്മിൽ ചേർച്ചയുള്ള സൈസ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇങ്ങനെ അളവ് എടുത്തു വാങ്ങുന്ന വസ്‌ത്രങ്ങൾ കൃത്യമായി നിങ്ങൾക്ക് ചേരും.

Saturday, August 24, 2019

പ്രളയത്തിൽ നിന്നും പഠിക്കേണ്ട ഭവന നിർമ്മാണ പാഠങ്ങൾ

വീട് എന്നത് മലയാളിക്ക് ആവശ്യത്തിനുപരിയായി അന്തസ്സ് സൂക്ഷിക്കേണ്ട ഒന്നായി മാറിക്കഴിഞ്ഞു. ഗൾഫ് പണത്തിന്റെ ഒഴുക്ക് മൂലം കീശ വീർത്ത മലയാളികൾ വീട് നിർമ്മാണത്തിൽ ആഡംബരത്തിനു പ്രാധാന്യം കൊടുക്കാൻ തുടങ്ങി. ഓല, ഓട് മേഞ്ഞ വീടുകൾക്ക് പകരം കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകൾ സ്ഥാനം പിടിക്കാൻ തുടങ്ങി. ചാണകം മെഴുകിയ/ റെഡ് ഓക്സയിഡ് തറകൾ മൊസൈക്ക്, മാർബിൾ തറകൾക്കു വഴി മാറി കൊടുത്തു. ഉള്ളവനും, ഇല്ലാത്തവനുമെല്ലാം ഒരേ ഗൃഹനിർമ്മാണ ശൈലി പിന്തുടർന്നപ്പോൾ നിർമ്മാണ ചിലവ് കുതിച്ചുയർന്നു. ഭവന നിർമ്മാണം മലയാളി മധ്യവർഗത്തിനും, പാവപ്പെട്ടവനും പേടി സ്വപ്‍നം ആയി മാറി. വീട് നിർമ്മാണത്തിന് വരുത്തി വെച്ച സാമ്പത്തിക ബാധ്യത ആയുസ്സിന്റെ ഭൂരിഭാഗവും പേടി സ്വപ്നമായി പിന്തുടരും. മനോഹരമായ വീട്ടിൽ മനഃസമാധാനമില്ലാത്തവരായി ജീവിച്ചു ആയുസ്സു തീർക്കും. കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങൾ മലയാളിയുടെ ഭവന നിർമ്മാണ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ പോരുന്നവയാണ്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മനോഹര ഭവനങ്ങൾ പ്രളയം തകർത്തു കളഞ്ഞു. ഭവന നിർമ്മാണത്തിന് മുടക്കിയ ഉയർന്ന തുക വെള്ളം കൊണ്ട് പോയി. ഇനിയെങ്കിലും നമ്മൾ ഭവന നിർമ്മാണ രീതികളിൽ മാറ്റം വരുത്താൻ തയ്യാറാവണം. താഴെ പറയുന്ന കാര്യങ്ങൾ ഭവന നിർമ്മാണ രീതികളിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കും;
  • ആഡംബരത്തിനും, പൊങ്ങച്ചത്തിനും അല്ല, പകരം ജീവിക്കാൻ ഒരു ഇടം എന്ന സങ്കൽപ്പത്തിൽ ഊന്നിയാകണം ഭവന നിർമ്മാണം. 
  • പ്രകൃതി ചൂഷണം പരമാവധി കുറഞ്ഞ ഭവന നിർമ്മാണ സാമഗ്രികൾ പ്രചാരത്തിൽ വരുത്തണം. 
  • ചിലവ് കുറഞ്ഞ ഭവന നിർമ്മാണ രീതികൾക്ക് സർക്കാർ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. 
  • ചിലവ് കുറഞ്ഞ ഭവന നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കുറഞ്ഞ പലിശക്ക് ബാങ്ക് ലോൺ സാധ്യമാക്കണം. 

ഫോട്ടോ കടപ്പാട്: മലയാള മനോരമ

ഇൻവെർട്ടർ ബൾബാണ് താരം

LED ഇൻവെർട്ടർ ബൾബ് കറണ്ട് പോകുമ്പോളും പ്രകാശം തരും. LED ബൾബിനുള്ളിൽ ബാറ്ററിയും ഉണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുമ്പോൾ ബാറ്ററി ചാർജ് ആവും. കറണ്ട് പോവുമ്പോൾ ബാറ്ററി പവറിൽ ബൾബ് പ്രവർത്തിക്കാൻ തുടങ്ങും. 3-4 മണിക്കൂർ വരെ ബാക്കപ്പ് കിട്ടും. അടുക്കള, ലിവിംഗ് റൂം, ഡൈനിംഗ് റൂം എന്നിവിടങ്ങളിൽ ഉപയോഗിക്കാം. സാധാരണ ബൾബ് ഹോൾഡറിൽ ഇട്ടാൽ മതി, കറണ്ട് പോയാൽ ഉടൻ കൂടുതൽ എരിയയിൽ പ്രകാശം കിട്ടും. 7w, 9w പവറുള്ള ബൾബുകൾ ലഭിക്കും. ബൾബിന് 300 രൂപ മുതൽ വിലയുണ്ട്. ഇൻവർട്ടർ സ്ഥാപിക്കുന്നതിന്റെ ചിലവ് താങ്ങാൻ പറ്റാത്തവർക്ക് വലിയ ആശ്വാസമാണ്. എല്ലാ ഇലക്ട്രിക്കൽ കടയിലും വാങ്ങാൻ കിട്ടും.