Showing posts with label School. Show all posts
Showing posts with label School. Show all posts

Sunday, April 21, 2019

പഠനഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍


കൊച്ചി: സ്കൂൾ സമയം ക്രമീകരിക്കുക, പഠനഭാരം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമായി സി.ബി.എസ്.ഇ. സ്കൂളുകള്ക്ക് പുതിയ സര്ക്കുലര് വരുന്നു. സ്കൂളുകളിലെ പഠനസമയം പരിഷ്കരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇത്തരം കാര്യങ്ങള് ഉൾപ്പെടുത്തി കേന്ദ്ര മാനവശേഷിവികസന മന്ത്രാലയം പുതിയ നിർദ്ദേശം പുറത്തിറക്കും. കേന്ദ്ര നിബന്ധനകളുടെ അടിസ്ഥാനത്തില് നിർദ്ദേശങ്ങൾ സമാഹരിക്കാൻ സംസ്ഥാനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകും.

പല സി.ബി.എസ്.ഇ. സിലബസ് സ്കൂളുകളിലെയും പഠന സമയത്തെക്കുറിച്ച് ഒട്ടേറെ പരാതികള് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചുവയസ്സുള്ള കുഞ്ഞുങ്ങൾക്കു വരെ അതിരാവിലെത്തന്നെ അധ്യയനം ആരംഭിക്കുന്ന തരത്തിലുള്ള സമയക്രമമാണ് ചിലയിടങ്ങളിലുള്ളത്. രാവിലെ ഏഴിന് ക്ളാസ് ആരംഭിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും സ്‌കൂൾ സമയം  ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം പുനഃക്രമീകരിക്കുകയെന്നത് പുതിയ നിർദ്ദേശങ്ങളില് പ്രധാനമാണ്. സമയക്രമവുമായി ബന്ധപ്പെട്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം പലവട്ടം രംഗത്തെത്തിയിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മിഷനും ഒട്ടേറെ പരാതികള് ലഭിച്ചിട്ടുണ്ട്.

കേന്ദ്ര നിർദ്ദേശപ്രകാരം അനുവദനീയമായതിനും ഇരട്ടിയാണ് സി.ബി.എസ്.ഇ. സ്കൂളുകളിലെ ബാഗുകളുടെഭാരം. സ്കൂള്ബാഗുകളുടെ ഭാരം കുറയ്ക്കാന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സി.ബി.എസ്.ഇ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യത്തില് കൂടുതല് വ്യക്തത വരുത്തിയാവും പുതിയ നിർദ്ദേശങ്ങള് വരുക.

അത്യാവശ്യമില്ലാത്ത പഠനോപകരണങ്ങളും പുസ്തകങ്ങളും സ്കൂളില്ത്തന്നെ സൂക്ഷിക്കാൻ സംവിധാനമൊരുക്കണമെന്നും ഗൃഹപാഠം നല്കിയേ തീരൂവെന്ന് നിർബന്ധിക്കുന്ന മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തണമെന്നും പുതിയ സർക്കുലറിൽ നിർദ്ദേശമുണ്ട്.

വാർത്താ കടപ്പാട്: മാതൃഭൂമി ദിനപത്രം, 21 ഏപ്രിൽ 2019

Saturday, May 13, 2017

മെയ് മാസത്തിലെ ഗുൽമോഹർ പൂക്കൾ

മെയ് മാസത്തിൽ കോയിപ്രം സ്കൂളിലെ ഗുൽമോഹർ പൂത്ത് നിൽക്കുന്നത് കാണുമ്പോൾ സ്‌കൂളിലെ ഓർമ്മകൾ ഓടിയെത്തും. സ്‌കൂളിൽ പഠിക്കുന്ന കാലത്തു എല്ലാ മേയ് മാസവും ഒരു പോലെയാണ്. 

സ്‌കൂൾ മുറ്റത്തെ ഗുൽമോഹർ പൂക്കുമ്പോഴാണ് പരീക്ഷ ഫലം വരുന്നത്. ഫലം അറിയാൻ സ്‌കൂളിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ വേനൽ മഴ നനഞ്ഞ മണ്ണിന്റെ മണവും, തെളിഞ്ഞ അന്തരീക്ഷവും പ്രത്യേക അനുഭൂതി മനസ്സിൽ നിറക്കും. അണ്ണാറക്കണ്ണന്മാർ പാതി കടിച്ചു ഉപേക്ഷിച്ച നാടൻ മാങ്ങകളുടെ മണം നിറഞ്ഞ വഴി. പുതിയ ക്ലാസ്സിലേക്കുള്ള പുസ്തകങ്ങൾ മെയ് പകുതിയോടെ കൊടുത്ത് തുടങ്ങും. അപ്പോൾ ചുവന്ന ഗുൽമോഹർ പൂക്കൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം പട്ട് വിരിച്ച പോലെയാകും.

ഗുൽമോഹർ ചുവട്ടിലെ പുസ്തക സ്റ്റോറിനു മുന്നിൽ തടിച്ച് കൂടിയിരിക്കുന്നവരുടെ ഇടയിൽ നിന്ന് സ്‌റ്റോറിനകത്ത് നിൽക്കുന്ന നടേശൻ സാറിനോട് നിലവിളി പോലൊരു ചോദ്യം,

" അഞ്ചാം പാഠം വന്നോ സാറേ?"

എന്തോ കൂട്ടിക്കൊണ്ടിരിന്നതിനിടയിൽ ബുക്കിൽ നിന്ന് കണ്ണെടുക്കാതെ സാറിന്റെ മറുപടി, "എല്ലാം വന്നില്ലടാ".

വേറൊരുത്തന്റെ നിലവിളി, "മഠത്തിൽ സ്കൂളിൽ പഠിക്കുന്നവൾ പുസ്തകം മേടിക്കാൻ മുന്നിൽ നിക്കുന്നു സാറേ, കൊടുക്കല്ലേ".
ഒറ്റിയവനെ അവൾ ദേഷ്യത്തോടെ നോക്കി. അപ്പോൾ അവളുടെ മുഖം ഗുൽമോഹർ പൂ പോലെ ചുവന്നിരിന്നു.

Tuesday, June 3, 2014

ഉസ്‌കൂള്‍

''ആഹ്ലാദമേറുന്നു നാളെ -പ്പാഠ-
ശാല തുറക്കും ദിവസം
ഏറിവരുന്നൊരാനന്ദത്തിന്റെ
വാതില്‍ തുറക്കും ദിവസം.
കൊച്ചുതലമുടി ചീകി-യമ്മ-
യുമ്മവെയ്ക്കുന്ന ദിവസം
ഓണത്തിനച്ഛനെടുത്ത -പാവു-
മുണ്ടുടുക്കുന്ന ദിവസം
പുസ്തകസ്സഞ്ചിയുമായി-തങ്ക-
മൊത്തിറങ്ങുന്ന ദിവസം
പാടത്തിന്‍വക്കത്തു നില്ക്കും - ഓണ-
പ്പൂവുമായ് കൊഞ്ചും ദിവസം.
മാന്തളിരുണ്ട കുയിലിന്‍-പാട്ടി-
ങ്ങേറ്റുപാടുന്ന ദിവസം
അച്ഛനെപ്പോലോമനിക്കും- ഗുരു-
നാഥനെ കാണും ദിവസം.
ആഹ്ലാദമേറുന്നു നാളെ-പ്പാഠ-
ശാല തുറക്കും ദിവസം.''

നല്ല ദിവസം/പി. കുഞ്ഞിരാമന്‍നായര്‍