കേരളത്തിലെ കുഞ്ഞുങ്ങൾ ടെലവിഷനു മുൻപിൽ മുരടിച്ചു പോകുകയാണോ? അടുത്തയിടെ കുറച്ചു വീടുകൾ സന്ദർശിച്ചപ്പോൾ എനിക്ക് കിട്ടിയ പൊതുവായ ഒരു അനുഭവം ഞാൻ ഇവിടെ പങ്കു വെയ്ക്കുന്നു. വീട്ടിലെ ഇരിപ്പ് മുറിയിൽ നിശ്ചേഷ്ടരായി ടിവിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന ഇരിക്കുന്ന കുഞ്ഞുങ്ങളെ ആണ് എല്ലായിടത്തും കാണാൻ കഴിഞ്ഞത്. ടിവിയിൽ കണ്ണും നട്ടിരിക്കുമ്പോൾ വീട്ടിലേക്ക് മറ്റൊരാൾ കടന്നു വരുന്നത് അവർ അറിയുന്നതേയില്ല. ഞാൻ അവന്റെ അരികിൽ ഇരുപ്പ് ഉറപ്പിച്ചിട്ടും അവൻ അറിഞ്ഞ മട്ടില്ല. ഞാൻ എന്തോ ചോദിയ്ക്കാൻ അവനോടു തുനിഞ്ഞു. അവൻ തല ടിവിക്ക് മുന്നിലേക്ക് കൂടുതൽ വലിച്ചു നീട്ടി. കൊച്ചു ടിവിയിൽ അവൻ "ഡോറയുടെ പ്രയാണം"(Dora the Explorer) എന്ന കാർട്ടൂണ്‍ ആസ്വദിക്കുകയാണ്. ഗൃഹനാഥൻ എന്നോടു ഇപ്പോൾ വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി. ഞാൻ ശിലാ പ്രതിമയുടെ അടുത്തു ഇരിപ്പ് തുടർന്നു. ഇടവേള വന്നു. ടിവിയിൽ പരസ്യം തുടങ്ങി. വിശപ്പ് അലട്ടിയത് കൊണ്ടാവണം, ശില അനങ്ങി തുടങ്ങി. എന്നെ ഒന്ന് തുറിച്ചു നോക്കി. അപ്പോളാണ് ഞാൻ അടുത്തു ഇരിക്കുന്ന കാര്യം അവൻ അറിഞ്ഞത് തന്നെ. അവൻ ഉറക്കെ അലറി "വിശക്കുന്നേ" എന്ന്. അപ്രതീക്ഷിതമായ നിലവിളി കേട്ട് ഞാൻ ഞെട്ടി. അവന്റെ അമ്മ ഉടനെ തന്നെ അടുക്കളയിൽ നിന്നും ചില ഭക്ഷണ സാധനങ്ങളുമായി അവിടേക്ക് ഓടിയെത്തി. അവന്റെ മുന്നില് അവയെല്ലാം വളരെ ഭയ, ഭക്തി ബഹുമാനത്തോടെ നിരത്തി വെച്ചു. അവൻ ടിവിയിൽ നിന്നും കണ്ണെടുക്കാതെ ഭക്ഷണം കഴിച്ചു തുടങ്ങി. ഭക്ഷണത്തിന്റെ സ്വാദ് അവൻ അറിയാതെയാണ് വാരി വലിച്ചു അകത്ത് ആക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഭക്ഷണം ശേഷം അവൻ പ്ലേറ്റുകൾ ഒരു വശത്തേക്ക് തള്ളി നീക്കിയ ശേഷം ടിവി കാഴ്ച തുടർന്നു. അൽപ നേരം ഞാനും അവനോടൊപ്പം ഡോറയുടെ പ്രയാണത്തിൽ മുഴുകി. "ഡോറയുടെ പ്രയാണം " തീർന്നു. അവൻ വീണ്ടും അസ്വസ്ഥൻ ആകാൻ തുടങ്ങി. അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു അലറി "പോഗോ". ഞാൻ വീണ്ടും ഞെട്ടി പോയി, പോകാനായി ചാടി എഴുന്നേറ്റു. എന്റെ സാനിധ്യം അവന് ഇഷ്ടപെട്ടില്ല എന്ന് ഞാൻ വിചാരിച്ചു. പോകല്ലേ എന്ന് പറഞ്ഞു കൊണ്ട് അവന്റെ അച്ഛൻ ഓടി വന്നു. അവന്റെ അച്ഛൻ റിമോട്ട് എടുത്തു വേറൊരു ചാനൽ ഇട്ട് കൊടുത്തു. എന്നിട്ട് എന്നോടായി പറഞ്ഞു, "അയ്യോ, അവൻ പോകാനല്ല പറഞ്ഞത്, പോഗോ (Pogo) ചാനൽ വെച്ച് കൊടുക്കാനാണ് പറഞ്ഞത്, ഇപ്പോൾ പോഗോയിൽ ചോട്ടാ ഭീം ഉണ്ട് ". അദ്ദേഹം ചിരിച്ചു കൊണ്ട് മൊഴിഞ്ഞു. തെറ്റായി കേട്ടതാണെന്നു ഞാനും പറഞ്ഞു. അപ്പോൾ, കുട്ടി എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് വീണ്ടും ചോട്ടാ ഭീമനിൽ മുഴുകി.
ഇതാണ് നമ്മുടെ കുട്ടികളുടെ ഇന്നത്തെ അവസ്ഥ. അവരുടെ ബുദ്ധിയും, കായികശേഷിയും ടിവിക്ക് മുൻപിൽ തളച്ചു ഇടുന്നു. സാമൂഹിക ബന്ധങ്ങൾ കുറയുന്നു. വായനശീലം വളരുന്നില്ല. ധാർമിക മൂല്യങ്ങൾ ഉണ്ടാകുന്നില്ല. മനുഷ്യത്വം ഇല്ലാതാകുന്നു. മൂല്യച്യുതി സംഭവിക്കുന്നു. അവസാനമായി സമൂഹം അധപതിക്കുന്നു. എങ്ങനെ ഈ കുട്ടികളുടെ ഇടയിൽ നിന്നും നാളെയുടെ വാഗ്ദാനങ്ങളായ ശാസ്ത്രഞ്ജരും, കലാകാരന്മാരും, കായിക താരങ്ങളും ഉണ്ടാകും?