Sunday, February 2, 2020

അതിരമ്പുഴ ജോയൽ ഹോട്ടലിലെ ദോശയും ബീഫ് കറിയും

കോട്ടയം ഏറ്റുമാനൂരിന് അടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് അതിരമ്പുഴ. മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് അതിരമ്പുഴയിലാണ്. കോട്ടയത്ത് നിന്നും യൂണിവേഴ്‌സിറ്റി വഴി ഏറ്റുമാനൂർ പോകുന്ന ബസുകളെല്ലാം അതിരമ്പുഴ കടന്നാണ് പോകുന്നത്. അതിരമ്പുഴ ജംഗ്ഷൻ  മുഴുവൻ നിറഞ്ഞു നിൽക്കുന്ന ചന്തയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. വളരെ പഴക്കമുള്ളതും, പ്രതാപത്തോടെ കച്ചവടം നടന്നിരുന്ന ഒരു ചന്തയാണിത്. പച്ചക്കറികൾ, മീൻ, ഇറച്ചി, പലവ്യഞ്ജനങ്ങൾ, മലഞ്ചരക്ക്, കാർഷിക സാമഗ്രികളുടെ മൊത്ത വിൽപ്പനയും, ചില്ലറ വിൽപ്പനയും നടത്തുന്ന കടകളാണ് അതിരമ്പുഴ ചന്തയുടെ പ്രത്യേകത. പഴയ ശൈലിയിലുള്ള കെട്ടിടങ്ങളും, കടകളും ഇപ്പോഴും ഇവിടെയുണ്ട്. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചത് കാരണം കച്ചവടം മറ്റിടങ്ങളിലേക്ക് മാറിയതു കൊണ്ടു പഴയ പ്രതാപമില്ല.


കേരളത്തിലെ എല്ലാ ചന്തകളിലും ഏതാനും നാടൻ ചായക്കടകൾ ഉണ്ടാവും. തൊഴിലാളികളുടെയും, സാധാരണക്കാരുടെയും വിശപ്പ് ശമിപ്പിക്കാൻ മിതമായ വിലക്ക് ഭക്ഷണം വിളമ്പുന്ന കടകളാവും അത്. അത്തരത്തിൽ ഒരു നാടൻ ചായക്കടയാണ് ജോയൽ റെസ്റ്റോറന്റ്. അതിരമ്പുഴ ജംഗ്‌ഷനിൽ തന്നെ റോഡരികിൽ ആണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴ ജംഗ്‌ഷനിൽ എത്തിയാലുടൻ തന്നെ ബസ്റ്റോപ്പിന്നു അടുത്തുള്ള കാപ്പിപ്പൊടി ഉണ്ടാക്കുന്ന മില്ലിൽ നിന്ന് ഉയരുന്ന വാസന നിങ്ങളിൽ ഉന്മേഷം നിറക്കും. ആ വാസനയും മനസ്സിൽ നിറച്ചു കൊണ്ട് ജോയൽ റെസ്റ്റോറന്റിലേക്കു നടക്കുക. ചെറിയ ഒരു കടയാണ് ഇത്. പൊറോട്ട, ദോശ, അപ്പം, ബീഫ് ഫ്രൈ-കറി, മുട്ടക്കറി, ചെറുകടികൾ തുടങ്ങിയവ ഇവിടെ ലഭിക്കും. ഉച്ച സമയത്തു് കഞ്ഞിയും ലഭിക്കും.


ഇവിടുത്തെ ബീഫ് കറിയും, ഫ്രൈയും ആണ് പ്രധാന ആകർഷണം. അത് കഴിക്കണമെങ്കിൽ ഉച്ചക്ക് ശേഷം 3 മണിയോടു കൂടി എത്തുക. പൊറോട്ടയോ, ദോശയോ ബീഫിനൊപ്പം കഴിക്കാം. ഇവിടുത്തെ ദോശയും പൊറോട്ടയും മികച്ചതാണ്. നിങ്ങൾ ദോശയും, പൊറോട്ടയും ബീഫിനൊപ്പം കഴിച്ചു നോക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാൻ ദോശയാണ് ബീഫിനൊപ്പം കഴിക്കാൻ തിരഞ്ഞെടുക്കാറ്. കട്ടിയുള്ള, മാർദ്ദവമുള്ള വലുപ്പമുള്ള ദോശയാണ് ഇവിടെ തരുന്നത്. ഒന്നിലധികം പേരുണ്ടെങ്കിൽ ദോശയോടൊപ്പം ബീഫ് കറിയും, ഫ്രൈയ്യും ഓർഡർ ചെയ്യുക. ദോശയും, ബീഫും മേശമേൽ വൈകാതെ എത്തും. സാമ്പാറും, തേങ്ങാ ചമ്മന്തിയും ബക്കറ്റിൽ സമീപത്തുണ്ടാവും. വിളമ്പി തരുന്നയാൾ ചായ വേണമോ എന്ന് ആദ്യമേ ചോദിക്കും. ഇപ്പോൾ വേണ്ട എന്ന് പറയുക. ദോശ ചെറിയ കഷ്ണങ്ങളിലായി മുറിച്ചു ബീഫ് ചാറിൽ മുക്കി കഴിക്കുക. മുക്കി കഴിക്കുന്നത് ഇഷ്ടമല്ലെങ്കിൽ ബീഫ് കറിയുടെ പ്ലേറ്റ് ദോശക്കു മുകളിലേക്ക് കമഴ്‌ത്തുക. സമയമെടുത്തു ആസ്വദിച്ചു കഴിക്കുക. അധികം എരിവില്ലാത്ത ബീഫ് കറിയാണ് ഇവിടെ തരുന്നത്. ഇടക്ക് ബീഫ് ഫ്രൈയിൽ നിന്നും  ഓരോ കഷ്ണങ്ങളെടുത്തു ചവക്കുക. കഴിക്കുന്നത് മധ്യസ്ഥായിൽ എത്തുമ്പോൾ കടുപ്പമുള്ള ചൂട് ചായ ഓർഡർ ചെയ്യുക. ബീഫ് കഴിച്ചു മദോന്മത്തമായ നാവിലേക്ക് കടുപ്പമുള്ള ചൂട് ചായ പകർന്ന് കൊടുക്കുക. ആഹ്, വാഹ്, എന്താ അനുഭവം. ഇതാണ് ജോയൽ റെസ്റ്റോറന്റിലെ ബീഫ് കറിയുടെയും, ഫ്രൈയുടെയും ഗുണം. ഇനി ഒട്ടും താമസിക്കണ്ട, അതിരമ്പുഴക്ക് വണ്ടി വിട്ടോളു.