Saturday, July 2, 2016

തിരുനെല്ലി അമ്പലം

തിരുനെല്ലി ക്ഷേത്ര നട (നടപ്പന്തൽ ഇടുന്നതിനു മുൻപുള്ളത്) കടപ്പാട്: Augustus Binu
ഈശ്വര ഭക്തന്മാരുടെ വിശ്വാസ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ. ഭക്തിയും വിഭക്തിയും വ്യക്തിപരമായ വിശ്വാസ സംഹികതകൾ ആണെങ്കിലും ചില ക്ഷേത്രാങ്കണങ്ങൾ മനുഷ്യ മനസ്സിന് നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ആത്മീയ ശൈശവാവസ്ഥയിലുള്ളവർ ക്ഷേത്രങ്ങളെ സമീപിക്കുന്നത് ആരാധനക്കും, ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ആണ്. ചരിത്ര-സാംസ്കാരിക അന്വേഷണ കുതികികൾക്ക് ക്ഷേത്രങ്ങൾ പാഠ പുസ്തകങ്ങൾ ആണ്. ഇതിനൊക്കെ പുറമെ ക്ഷേത്രാങ്കണങ്ങൾ നല്ല ഒരു സാമൂഹിക ഇടം കൂടിയാണ് (Social space). കേരളീയ വാസ്‌തു പാരമ്പര്യം പേറിയിരിന്ന പുരാതന ക്ഷേത്രങ്ങൾ പലതും അശാസ്ത്രീയമായ  നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പുരകളായി മാറിക്കൊണ്ടിരിക്കുന്നു. പുരാതന  വാസ്‌തു ഭംഗിയും, ശില്പ ചാതുര്യവും തുളുമ്പുന്ന ക്ഷേത്രങ്ങൾ എണ്ണത്തിൽ കുറവായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഒരു പുനഃസന്ദര്‍ശനം നടത്തിയത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഡിസംബർ മാസത്തിൽ ആണ് തിരുനെല്ലി ക്ഷേത്രത്തിൽ എത്തിയത്. കാനന മധ്യത്തിലായതിനാലും, ക്ഷേത്ര ഭാരവാഹികൾ മാർക്കറ്റിംഗ് കുതന്ത്രങ്ങൾ പ്രയോഗിക്കാത്തതിനാലും ആവണം ഭക്തന്മാരുടെ കുത്തൊഴുക്കില്ല. ക്ഷേത്ര ചൈതന്യം ആവോളമുണ്ടുതാനും. വയനാട്ടിലെ മഴ ആസ്വദിക്കാൻ കൂടിയാണ് ഇത്തവണ തിരുനെല്ലി യാത്ര ജൂൺ മാസത്തിലാക്കിയത്. 
തിരുനെല്ലിയിലേക്ക്

കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവർക്ക് വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബസ് കിട്ടും.  മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കു 31 കിലോമീറ്റർ ദൂരമുണ്ട്. KSRTCയും സ്വകാര്യ ബസുകളും തിരുനെല്ലി അമ്പലത്തിലേക്ക് യാത്ര പോകുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്നും നേരിട്ടു തിരുനെല്ലി ക്ഷേത്രത്തിലേക്ക് KSRTC ബസ് ദിവസേന ഉണ്ട്. വൈകുന്നേരം 5 മണിക്ക് പുറപ്പെട്ട് പുലർച്ചെ 6.45നു തിരുനെല്ലി അമ്പലത്തിൽ എത്തുന്നു.

ഞങ്ങൾക്ക്  മാനന്തവാടി ടൗണിൽ മൈസൂർ റോഡിലുള്ള ബസ് സ്റ്റോപ്പിൽ നിന്നും തിരുനെല്ലി അമ്പലത്തിലേക്കുള്ള ബസ് കിട്ടി. സ്കൂൾ വിദ്യാർത്ഥികൾ ആയിരിന്നു ബസിലെ പ്രധാന യാത്രക്കാർ. ടൗൺ കടക്കുന്നതിന് മുൻപ് തന്നെ വിദ്യാർത്ഥികൾ അവരുടെ സ്‌കൂളിന് മുൻപിൽ ഇറങ്ങി. ബസ് ഏകദേശം കാലിയായി. ബസ് "തെറ്റി" റോഡിലെത്തി. ഇവിടെ നിന്നു വലത്തോട്ടു തിരിഞ്ഞാൽ കർണാടകത്തിലെ തോൽപ്പെട്ടി-കുട്ട പ്രദേശത്തേക്ക് പോകാം. തിരുനെല്ലി  അമ്പലത്തിലെത്താൻ ഇടത്തേക്ക് തിരിഞ്ഞു നേരെ പോകണം. ഇവിടം മുതൽ വന പ്രദേശം തുടങ്ങുകയാണ്. ഇടക്ക് ആദിവാസി ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളും, കൃഷിയിടങ്ങളും കണ്ടു. അങ്ങിനെ ഒരു സ്ഥലത്തു നിന്നും കുറച്ചു ആദിവാസി കുട്ടികൾ ബസ്സിൽ കയറി. അപ്പപ്പാറയിലുള്ള (Appappaara) സ്‌കൂളിൽ പഠിക്കാൻ പോകുവാണെന്നു ഒരു കുട്ടി പറഞ്ഞു. ബഹളം ഒന്നും ഉണ്ടാക്കാതെ നിഷ്‌കളങ്കരായ കുട്ടികൾ പരസ്‌പരം പുഞ്ചിരിച്ചു കൊണ്ടു യാത്ര ചെയ്തു. കൂട്ടുകാരോട് ചിലർ കണ്ണുകൊണ്ടു ചില ആംഗ്യങ്ങൾ കാണിക്കുകയും, അംഗ വിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. അപ്പപ്പാറയിൽ ബസ് എത്തിയപ്പോൾ കുട്ടികൾ ഇറങ്ങി, ബസ് തീർത്തും കാലിയായി.

അവിടം മുതൽ കൂടുതൽ നയന മനോഹരമായ പ്രദേശത്തു കൂടി ബസ് യാത്ര തുടർന്നു. വേണ്ടത്ര മഴ കിട്ടിയതിനാൽ എങ്ങും പച്ചപ്പ്‌. വശങ്ങളിലേക്ക് നോക്കിയാൽ പച്ച പട്ടു വിരിച്ച പോലെ ചെടികളും വള്ളികളും, മുകളിലേക്കു നോക്കിയാൽ പച്ച മുലക്കച്ച കെട്ടിയതു പോലെ നിൽക്കുന്ന  മല നിരകൾ. പുറത്തെ കാഴ്ചകളിലേക്ക് നോക്കി മനം മയങ്ങി ഇരുന്നു. അകമ്പടിയായി ബസിൽ എം. ജി. ശ്രീകുമാറിന്റെ ഹിറ്റ് ഗാനങ്ങൾ മുഴങ്ങുന്നു. പാട്ടുകളിൽ പ്രകൃതി വർണ്ണന കേൾക്കുമ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്ന വഴിയെക്കുറിച്ചാണോ പാട്ടിൽ പറയുന്നതെന്ന് തോന്നിപ്പോയി. പലയിടത്തും നല്ല വളവുകൾ, സീറ്റിൽ മുറുകെ പിടിച്ചിരിക്കേണ്ടി വരും. വഴിയരികിൽ പുള്ളിമാനുകൾ പുൽ നാമ്പുകൾ കടിച്ചു കൊണ്ടു നിൽക്കുന്നത് കാണാം. പടി കയറി വരുന്ന പിരിവുകാരെ കണ്ട ഗൃഹനാഥ വീട്ടിനുള്ളിലേക്ക് ഊളിയിടുന്ന പോലെ ബസിന്റെ വരവ് കണ്ട പാടെ പുള്ളിമാനുകൾ കുറ്റികാടിനുള്ളിലേക്ക് നുഴഞ്ഞു കയറി. ബസ് റൂട്ട് തിരുനെല്ലി അമ്പലം കൊണ്ടു അവസാനിച്ചു.

തിരുനെല്ലി അമ്പലം
ബസ്സിൽ നിന്നും ഇറങ്ങിയ ഞങ്ങൾ പതുക്കെ ക്ഷേത്രത്തിലേക്കുള്ള ചെറിയ കയറ്റം കയറാൻ തുടങ്ങി. പതനതിട്ടയിൽ നിന്നുള്ള ആനവണ്ടി യാത്രക്ക് ശേഷം കയറ്റത്തിൽ വിശ്രമിക്കുന്നത് കണ്ടു. അമ്പലത്തിന്റെ ചുറ്റുവട്ടവും, കെട്ടുകളും, മുകളിൽ ബ്രഹ്മഗിരി നിരകളും ദൃശ്യമാകാൻ തുടങ്ങി.
മലനിരകളും, ഹരിത ഭംഗിയും തിരുനെല്ലി അമ്പലത്തിൽ വരുന്ന ആർക്കും നിർവൃതി തരും.
തിരുനെല്ലി വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ചത് ചേര രാജാവായ കുലശേഖരനാണ്. എഡി. 767-834 കാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. വിഷ്ണു ഭക്തനായ ഇദ്ദേഹം "മുകുന്ദമാല" എന്ന പേരിൽ വിഷ്ണു സ്‌തുതി എഴുതിയിട്ടുണ്ട്. ഒരു നെല്ലിമരത്തിന്റെ മുകളിൽ നിന്നും വിഷ്ണു വിഗ്രഹം കിട്ടിയത് കൊണ്ടു ഈ പ്രദേശത്തെ തിരുനെല്ലി എന്നറിയപ്പെട്ടു. ക്ഷേത്രത്തിന്റെ ചുറ്റുവട്ടം കേരളീയ മാതൃകയിലാണ്. ശ്രീകോവിൽ അൽപ്പം ഉയർന്നു നിൽക്കുന്നതും ഓട് പാകിയതുമാണ്.
അമ്പലത്തിനു മുൻഭാഗത്തുള്ള ചുറ്റുമതിലും, അതിനോടൊപ്പം കൽത്തൂണുകളും കേരളീയ ക്ഷേത്ര മാതൃകയല്ല. 
അമ്പല നടയിലെത്താൻ പടിഞ്ഞാറു ഭാഗത്തു കൂടി വലം വെച്ചു. അമ്പലത്തിന്റെ മുൻഭാഗത്തേക്ക്‌ തിരിയുന്നതിനു മുൻപ് ക്ഷേത്രത്തിലേക്കു വെള്ളം എത്തിക്കുന്നതിനുള്ള കല്ലിൽ നിർമ്മിച്ച തൂണിൽ ഉയർത്തി നിർത്തിയിരിക്കുന്ന ദൈർഘ്യമുള്ള ഒരു പാത്തി / ഓവ് (Duct) കാണാം.
അൽപ്പം അകലെയുള്ള നീർച്ചാലിൽ നിന്നും ആണ് കല്ലിൽ നിർമ്മിച്ച ഈ പാത്തി വഴി അമ്പലത്തിലേക്ക് ജലമെതിക്കുന്നത്.
ഒരു വേനൽക്കാലത്തു ചിറക്കൽ കോവിലകത്തെ തമ്പുരാട്ടി പരിവാരങ്ങളുമായി ക്ഷേത്ര ദർശനത്തിനായി എത്തി. ചന്ദനം ചാലിക്കാൻ തമ്പുരാട്ടി പൂജാരിയോട് വെള്ളം ചോദിച്ചു. പൂജാരി നിസ്സഹായനായി, ജല ദൗർലഭ്യം രൂക്ഷമാണെന്നു ക്ഷേത്ര ജീവനക്കാർ തമ്പുരാട്ടിയെ അറിയിച്ചു. ഇതിനൊരു പരിഹാരം കാണാൻ തമ്പുരാട്ടി സേവകരോട് ആജ്ഞാപിച്ചു. തൊട്ടടുത്തുള്ള കാട്ടിൽ "വരാഹം" എന്ന പേരിൽ ഒരു നീരുറവ കണ്ടു പിടിച്ചു. മുളന്തണ്ടു വഴി ജലം ക്ഷേത്രത്തിൽ എത്തിച്ചു. പിന്നീട് ഇവിടെ തൂണിൽ ഉയർന്നു നിൽക്കുന്ന കൽപ്പാത്തി നിർമിച്ചു. അങ്ങനെ ക്ഷേത്രത്തിലെ ജലക്ഷാമത്തിനു പരിഹാരമായി.

ഞങ്ങൾ ക്ഷേത്രത്തിനു മുൻഭാഗത്തെത്തി. ബലിയിടാൻ ആരെങ്കിലും ഉണ്ടോ എന്നു ക്ഷേത്ര ജീവനക്കാർ വിളിച്ചു ചോദിച്ചു കൊണ്ടിരിന്നു. അമ്പലത്തിനു സമീപത്തായി "പിണ്ണപ്പാറ" എന്ന സ്ഥലത്തു പിതൃക്കൾക്ക് ബലിയിടാനുള്ള സൗകര്യം ഉണ്ട്. പുലർച്ചെ  5.30 മുതൽ  ഉച്ചയ്ക്ക് 12.00 വരെയും, വൈകുന്നേരം 5.30 മുതൽ  രാത്രി 8 വരെയും ദർശനം നടത്താം. കുട്ടികൾക്ക് ചോറൂണ് കൊടുക്കാനും, പിതൃക്കൾക്ക് ബലിയിടാനും സൗകര്യമുള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ട്രെസ് ഇട്ട്  ഷീറ്റ് വിരിച്ച നടപ്പന്തൽ ക്ഷേത്ര നടയുടെ ശോഭ കെടുത്തുന്നു.

ചതുർഭുജാകാരമുള്ള വിഷ്‌ണു പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ബ്രഹ്‌മാവ്‌ തന്റെ വാഹനമായ അരയന്നതിന്റെ പുറത്തു തിരുനെല്ലി ഭാഗത്തു കൂടി യാത്ര പോയപ്പോൾ, പ്രദേശത്തിന്റെ പ്രശാന്തതയിൽ ആകൃഷ്ടനായി അതു ആസ്വദിക്കാൻ  ഇവിടെയിറങ്ങിയത്രെ. ഇവിടുത്തെ പ്രശാന്തത വിഷ്ണു ലോകത്തിനു സമമെന്നു ബ്രഹ്മൻ കണ്ടെത്തി. സ്ഥലത്തെ ഒരു നെല്ലിമരത്തിന്റെ മുകളിൽ വിഷ്ണു വിഗ്രഹം കണ്ടെത്തിയെന്നും, അതവിടെ പ്രതിഷ്ഠിച്ചു എന്നുമാണ് ഐതീഹ്യം. വിഷ്‌ണു സാനിധ്യം എന്നുമുണ്ടാകണം എന്നും, മനുഷ്യർക്ക്‌ പാപനാശം വരുത്താൻ സഹായിക്കണേ എന്നും ബ്രഹ്‌മാവ്‌ വിഷ്ണുവിനോട് പ്രാർത്ഥിച്ചു. ബ്രഹ്‌മാവിന്റെ പ്രാർത്ഥന വിഷ്ണു സ്വീകരിക്കുകയും, ഈ പ്രദേശത്തു കൂടി ഒഴുകുന്ന നദികൾ ഇഹലോക വാസികൾക്കും, പരലോക വാസികൾക്കും പാപ നാശിനിയായി ഭവിക്കും എന്നു കൂടി ഉറപ്പു കൊടുത്തു.

ഞങ്ങൾ അമ്പലത്തിന്റെ പടിഞ്ഞാറു വശത്തുള്ള പടികൾ ഇറങ്ങി പഞ്ചതീർത്ഥ കുളം കാണാൻ തിരിച്ചു. പടികൾ ഇറങ്ങുന്നതിനിടയിൽ മുളയരി പായസം വിൽക്കുന്ന കടയിൽ നിന്നും അതു വാങ്ങിക്കുടിച്ചു. വിഷ്ണു ശരീരങ്ങളായ; ശംഘു, ചക്രം, ഗദ, പദ്മം, ശ്രീ പാദം എന്നിങ്ങനെ അഞ്ചു തീർത്ഥങ്ങൾ ഇവിടെ സംഗമിക്കുന്നു എന്നാണ് സങ്കൽപ്പം.
പഞ്ച തീർത്ഥവും, വിഷ്ണു പാദവും.
ആമ്പൽ ചെടികൾ നിറഞ്ഞ കുളത്തിന്റെ ഒരു വശം കാടും, കളയും കേറിയ അവസ്ഥയിൽ ആണ്. കുളത്തിന്റെ മധ്യത്തിലായി കല്ലിൽ കൊത്തിയെടുത്ത വിഷ്‌ണു പാദവും കാണാം. പഞ്ച തീർത്ഥ കുളം കണ്ട ശേഷം മുൻപോട്ടു നടന്നു. ഇവിടെ വഴി രണ്ടായി തിരിയുന്നു. ഇടത്തേക്കുള്ള വഴി ഗുണ്ണിക ക്ഷേത്രത്തിലേക്കും, വലത്തേക്ക് തിരിഞ്ഞാൽ പാപനാശിനിയിലും എത്താം.
പാപ നാശിനിയിലേക്കുള്ള വഴി.
പിതൃക്കൾക്ക് ബലിയിട്ടു, പാപ നാശിനിയിൽ മുങ്ങിയതിനു ശേഷം ഗുണ്ണിക ക്ഷേത്ര ദർശനം നടത്താം. ശിവലിംഗ പ്രതിഷ്ഠയുള്ള ഗുഹ ക്ഷേത്രമാണ് ഗുണ്ണിക. പാപനാശിനിയിൽ കുളിച്ചു വന്ന ഏതോ ഒരു ഹതഭാഗ്യൻ വരുന്ന വഴി അവിടെ കണ്ട നെല്ലി മരത്തിൽ നിന്നും നെല്ലിക്ക പറിച്ചു കഴിച്ചുവെന്നും, അതിനു ശേഷം ശിവലിംഗമായി മാറി എന്നാണ് ഐതീഹ്യം.
തിരുനെല്ലി ക്ഷേത്ര പരിസരത്തിന്റെ വിവിധ ദൃശ്യങ്ങൾ.
തിരുനെല്ലി അമ്പലത്തിൽ നിന്നും ഞങ്ങൾ തിരികെയിറങ്ങി, ബസ് സ്റ്റോപ്പിലേക്ക് നടന്നു. ബസ് സ്റ്റോപ്പിന് സമീപം ഒരു ആൾക്കൂട്ടം കണ്ടു. അവിടെ ഒരു പാരമ്പര്യ വൈദ്യനെ കാണാനുള്ള തിരക്കാണ് എന്നു അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഇവിടുത്തേക്കു വരുന്ന ബസിൽ വരുന്ന ഭൂരിഭാഗം പേരും വൈദ്യരെ കാണാൻ വരുന്നവരത്രെ.

തിരികെ മാനന്തവാടിക്ക് പോകുന്ന വഴി "തെറ്റി" റോഡിൽ (തോൽപ്പെട്ടി തിരിയുന്ന വഴി) ഇറങ്ങാൻ തീരുമാനിച്ചു. അവിടെയാണ് പ്രശസ്തമായ ഉണ്ണിയപ്പക്കട. പുറപ്പെടാൻ തയ്യാറായി നിന്ന KSRTC ബസിൽ കയറി യാത്ര തുടങ്ങി. സീറ്റ് മിനുസമുള്ളതായതിനാൽ വളവുകൾ തിരിയുമ്പോൾ സീറ്റിൽ നിന്നു പല തവണ തെന്നി താഴെ വീഴാൻ തുടങ്ങി. ബഹിരാകാശ സഞ്ചാരി സ്പേസ് ഷട്ടിലിൽ തെന്നി നീങ്ങി നടക്കുന്ന രീതിയിലാണ് തെറ്റി റോഡ് വരെയുള്ള യാത്ര പൂർത്തിയാക്കിയത്.

തെറ്റി റോഡിൽ എത്തിയപ്പോൾ മഴ പെയ്യാനുള്ള സാധ്യതകൾ മാനത്തു കണ്ടു. റോഡ് കുറുകെ കടന്നു ഉണ്ണിയപ്പ കടയിലെത്തി രണ്ടു കട്ടൻ കാപ്പിക്ക് പറഞ്ഞു. എന്റെ കണ്ണുകൾ വലിയ ചെരുവത്തിൽ നിറച്ചിരുന്ന ഉണ്ണിയപ്പങ്ങളിൽ തങ്ങി. എന്റെ മുന്നിലേക്ക്‌ നാലു ഉണ്ണിയപ്പം ഇട്ട ഒരു ചെറിയ ചൂരൽ വട്ടി പ്രത്യക്ഷപ്പെട്ടു. "അകത്തിരിന്നു കഴിക്കാം, കാപ്പി കൊണ്ടെത്തരാം", കടയുടമയുടെ ക്ഷണം വന്നു. ഞങ്ങൾ അകത്തേക്ക് കയറിയിരുന്നു. മേശയും, ബെഞ്ചും ഉണ്ട്. വയനാടൻ കാപ്പിക്കുരു ചേർത്തുണ്ടാക്കിയ കട്ടൻ കാപ്പി എത്തി. കട്ടൻ കാപ്പിയുടെ ആമോദകരമായ ഗന്ധം ആസ്വദിക്കുന്നതിനിടെ മഴയും എത്തി. ചൂട് കട്ടനും, ചൂട് ഉണ്ണിയപ്പവും, അകമ്പടിക്കു നല്ല മഴയും. മൂന്നു ഉണ്ണിയപ്പം കൂടി വാങ്ങി കഴിച്ചു. സാധാരണ ഉണ്ണിയപ്പത്തിന്റെ അത്ര മാർദ്ദവം ഇല്ലെങ്കിലും, കറുമുറ കഴിക്കാം. ആവശ്യക്കാർക്ക് ഉണ്ണിയപ്പം വാങ്ങിച്ചു കൊണ്ടു പോയി കഴിക്കാൻ പൊതിഞ്ഞു തരും. വാഹനങ്ങളിൽ പോകുന്നവർ ഇവിടെയിറങ്ങി ഉണ്ണിയപ്പം വാങ്ങിക്കൊണ്ടു പോകുന്നുണ്ട്.
തെറ്റി റോഡിലുള്ള ഉണ്ണിയപ്പക്കട
മാനന്തവാടിയിൽ നിന്നു വരുന്ന വഴി തോൽപ്പെട്ടിയിലേക്കും, തിരുനെല്ലിക്കും തിരിയുന്ന വഴിയിലാണ് ഉണ്ണിയപ്പക്കട സ്ഥിതി ചെയുന്നത്. മുപ്പതു വർഷത്തോളമായി ഉണ്ണിയപ്പക്കട പ്രവർത്തനമാരംഭിച്ചിട്ട്. ഈ കട സ്ഥാപിച്ച ആൾ ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ വീട്ടുകാർ ആണ് കട നോക്കി നടത്തുന്നത്. സാധാരണ ഉണ്ണിയപ്പ കാരയേക്കാൾ വലിയതിലാണ് ഉണ്ണിയപ്പം ചുട്ടെടുക്കുന്നത്. ഉണ്ണിയപ്പം ഉണ്ടാക്കുന്നത് കാണണം എന്ന എന്റെ ആഗ്രഹം അറിയിച്ചു. ഉണ്ണിയപ്പം ഒരു ബാച്ച് ഉണ്ടാക്കി കഴിഞ്ഞുവെന്നും, അതു തീരാതെ ഉടനെ ഉണ്ടാക്കുന്നില്ലായെന്നും അവർ പറഞ്ഞു. മഴ തോർന്നയുടൻ തന്നെ ഉണ്ണിയപ്പക്കടയിൽ നിന്നിറങ്ങി. തിരുനെല്ലിയിൽ നിന്നു വന്ന മാനന്തവാടിക്കുള്ള ബസിൽ കയറി തിരികെ യാത്ര തുടങ്ങി.

2 comments:

  1. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  2. തിരുനെല്ലിക്ഷേത്ര സന്ദർശ്ശനം നടത്തിയപോലെ ഒരു ഫീലിംഗ്‌.ആശംസകൾ!!!

    ReplyDelete