Monday, March 9, 2020

കൂന്തംകുളത്തെ പക്ഷി വിസ്‌മയം

കൂന്തംകുളത്തെ തടാകമാണ് പക്ഷികളുടെ പ്രധാന താവളം.
ജലപക്ഷികളെ നിങ്ങൾക്ക് അടുത്തു കാണണോ, കൂന്തംകുളത്തേക്ക് വരൂ. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരി താലൂക്കിലെ, കൂന്തംകുളം ഗ്രാമത്തിലാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. നെൽവയലുകളും, പച്ചക്കറി കൃഷിയും ഉള്ള ഒരു ഉൾനാടൻ തമിഴ് ഗ്രാമം ആണ്. ജനവാസം താരതമ്യേന കുറവാണ്. തിരുനെൽവേലിയുടെ ജലസ്രോതസ്സായ താമരഭരണി നദി സൃഷ്ടിച്ച തടാകമാണ് നീർപക്ഷികൾക്കായി ഇവിടെ ആവാസ വ്യവസ്ഥ ഒരുക്കുന്നത്. വിവിധ ഇനത്തിൽപ്പെട്ട സഞ്ചാരി പക്ഷികൾ വിവിധ ദേശങ്ങൾ താണ്ടി ഡിസംബറിൽ ഇവിടെ എത്തുന്നു. ഇവിടെയെത്തി കൂട് കൂട്ടി മുട്ട വിരിഞ്ഞ ശേഷം, കുഞ്ഞുങ്ങളുമായി ജൂലൈ മാസത്തോടു കൂടി സ്വദേശത്തേക്കു തിരികെ പോകുന്നു. സൈബീരിയ, മധ്യ ഏഷ്യ, വടക്കേ ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ആണ് പക്ഷികൾ എത്തുന്നത്. കൊറ്റി ഇനത്തിൽപ്പെട്ട പക്ഷികളെ ആണ് ഇവിടെ കൂടുതലായും കാണാൻ സാധിക്കുന്നത്.

പക്ഷി സംരക്ഷണം ജനപങ്കാളിത്തത്തോടെ 
ജനപങ്കാളിത്തത്തോടെ ആണ് ഇവിടെ പക്ഷി സങ്കേതം പരിപാലിക്കുന്നത്. പക്ഷികൾക്ക് ശല്യമുണ്ടാക്കുന്ന കാര്യങ്ങളൊന്നും ഇവിടെയുള്ളവർ ചെയ്യാറില്ല. പക്ഷികൾ ഭാഗ്യം കൊണ്ട് വന്നു തരുന്നു എന്ന വിശ്വാസക്കാരാണ് കൂന്തംകുളത്തുകാർ. ആരും അവയെ ശല്യപ്പെടുത്താറില്ല. പക്ഷികൾക്കായി ദീപാവലിക്ക് ഗ്രാമവാസികൾ പടക്കം പൊട്ടിക്കുന്നത് പോലും ഉപേക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ പോലും അവയെ ശല്യപ്പെടുത്താറില്ല എന്ന് ഒരു ദിവസംത്തെ താമസം കൊണ്ട് ഞങ്ങൾക്ക് മനസ്സിലായി. തടാകത്തിലെ ജലം ആണ് ഇവിടെ കൃഷിക്ക് ഉപയോഗിക്കുന്നത്. പക്ഷി കാഷ്ടം വീണ തടാകത്തിലെ വെള്ളം കൃഷിക്ക് ഉപയോഗിക്കുന്നത് കൂടുതൽ വിളവ് കിട്ടും എന്ന് ഗ്രാമവാസികൾ കരുതുന്നു.

കൂന്തംകുളത്തേക്കു പോകാം
കൂന്തംകുളത്തെ ജംഗ്ഷൻ.
തിരുനെൽവേലി   പട്ടണത്തിൽ നിന്നും 38 ദൂരമുണ്ട് കൂന്തംകുളത്തേക്ക്. തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്നവർക്ക് നാഗർകോവിൽ നിന്നും ട്രെയിൻ മാർഗം തിരുനെൽവേലിയിൽ ഇറങ്ങിയ ശേഷം ബസിൽ ഇവിടെയെത്താം. നല്ല റോഡ് ഇവിടേക്ക് ഉണ്ടെങ്കിലും ബസുകൾ കുറവാണ്. കാറിൽ എത്തുന്നവർക്ക് സമയ ലാഭം ഉണ്ട്. വളരെ ഉൾപ്രദേശത്തുള്ള ഒരു ഗ്രാമം ആയതിനാൽ കടകളോ, മറ്റു സംവിധാനങ്ങളോ ഒന്നുമില്ല. ജംഗ്ഷനിൽ ഒരു ചായക്കട ഉണ്ടെങ്കിലും, പ്രഭാത ഭക്ഷണം മാത്രമേ കിട്ടു. വൈകിട്ട് ചായയും, കടിയും കിട്ടും. ഭക്ഷണം കഴിക്കാൻ കിലോമീറ്ററുകൾ താണ്ടി വളരെ ദൂരം പോകണം. സ്വന്തം വാഹനത്തിൽ അല്ലാതെ ബസിൽ വരുന്നവർ ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണം കരുതി വേണം ഇവിടെ വരാൻ. അല്ലാത്ത പക്ഷം പട്ടിണി കിടന്നു കിളികളെ കാണേണ്ടി വരും. 

കൂന്തംകുളത്തെ കാഴ്‌ചകൾ
കൃഷിക്കായി നിലമൊരുക്കുന്ന കർഷകൻ.
ജനുവരി മുതൽ ജൂലൈ വരെയുള്ള സമയമാണ് ഇവിടെ പക്ഷികളെ അടുത്തു കാണാൻ പറ്റിയ കാലം.  ഞങ്ങൾ ഇവിടം സന്ദർശിച്ചത് ഫെബ്രുവരി അവസാന വാരമാണ്. കൂന്തംകുളത്തു ബസ് ഇറങ്ങി 'പറവൈ ശരണാലയം' എവിടെയെന്നു ഗ്രാമവാസികളോട് ചോദിക്കുക. നടപ്പാതയുടെ ഇരുവശത്തെ മരങ്ങളിലൊക്കെ പക്ഷിക്കൂടുകളും, അതിൽ ഇരിക്കുന്ന പക്ഷികളെയും കാണാം. ചില മരങ്ങളിൽ പക്ഷികൾ കൂട് നിർമ്മിക്കുന്ന തിരക്കിലാണ്. വേപ്പ് മരം, തമിഴ് നാട്ടിൽ വ്യാപകമായി കാണുന്ന സീമ കരുവേലം (Prosopis juliflora) എന്ന പൊക്കം കുറഞ്ഞ മരം എന്നിവയിൽ മാത്രമേ പക്ഷികൾ കൂടുകൾ കൂട്ടുന്നുള്ളു. കൈയ്യെത്തും ദൂരത്താണ് പക്ഷികൾ കൂട് കൂട്ടുന്നത്. നമ്മൾ അടുത്തുകൂടി നടന്നു പോകുന്നതൊന്നും പക്ഷികൾ ശ്രദ്ധിക്കുകയേയില്ല. ഈ ഗ്രാമത്തിലെ ജനങ്ങൾ പക്ഷികളോട് വളരെ സൗഹാർദ്ദപരമായാണ് പെരുമാറുന്നത്. വീടുകളോട് ചേർന്ന മരങ്ങളിലും മറ്റും ഭയമേതുമില്ലാതെ പക്ഷികൾ കൂട് കൂട്ടി കൊണ്ടിരിക്കുന്ന കാഴ്‌ച മനോഹരമാണ്. കൊറ്റി ഇനത്തിൽപ്പെട്ട Painted Stork എന്ന പക്ഷിയാണ്‌ എണ്ണത്തിൽ കൂടുതലും, കൂട് കൂട്ടൽ നടത്തിക്കൊണ്ടിരിന്നതും. നീണ്ട കൊക്കുകളും, കാലുകളും, ചിറകുകളും ഉള്ള ഭീമാകാരനായ വർണ്ണ കൊറ്റിയാണ് ഇവർ. വെള്ള നിറത്തോടൊപ്പം, പിങ്ക് നിറം കാണാം. ചിറകുകളുടെ അരികിൽ തിളങ്ങുന്ന കറുപ്പ് നിറം ഉണ്ട്. തിരക്കുള്ള വിമാനത്താവളത്തിൽ വിമാനങ്ങൾ തുടരെ ഉയരുകയും, താഴുകയും ചെയ്യുന്നത് പോലെ, കൊറ്റികൾ കൂട്ടിൽ നിന്നും വന്നും, പോയും ഇരിക്കുന്നു. കൂട് കൂട്ടാനുള്ള സാമഗ്രികൾ ശേഖരിക്കുന്ന തിരക്കിലാണവർ. 

കൂന്തംകുളത്തെ നാട്ടുവഴി.
ഏതാനും മിനുട്ടുകൾ നടന്നാൽ പക്ഷി സങ്കേത ഓഫീസിൽ എത്താം. ഒരു പാർക്കിനുള്ളിൽ ആണ് ഓഫീസ്. പാർക്കിനുള്ളിലൂടെ നടന്നാൽ വലിയ ഒരു തടാകം കാണാം. തടാകത്തിന്റെ നടുവിൽ ചെറിയ ദ്വീപുകൾ പോലെ മൺകൂനകളും, അതിൽ പൊക്കം കുറഞ്ഞ മരങ്ങളും, അതിൽ നിറയെ പക്ഷികളെയും കാണാം. തടാക കരയിൽ ബെഞ്ചുകൾ ഉണ്ട്. അവിടെയിരുന്നു പക്ഷികൾ ജലകേളികൾ നടത്തുന്നത് കാണാം. തടാക മധ്യത്തിലെ ദ്വീപുകളിലെ മരങ്ങളിൽ നിറയെ കൊറ്റികളുടെ കൂടുകളാണ്. താറാവ് പോലെയുള്ള ജലപക്ഷികൾ തടാകത്തിൽ നീന്തിക്കളിക്കുന്നതും, ജലമധ്യത്തിലെ ദ്വീപുകളിൽ വിശ്രമിക്കുന്നതും കാണാം. ഉയരത്തിൽ നിന്ന് കൊണ്ട് പക്ഷികളെ നിരീക്ഷിക്കാൻ വാച്ച് ടവറുകൾ ഉണ്ട്. പക്ഷികളെ അടുത്തു കാണാൻ ബൈനാക്കുലർ ഉണ്ടെങ്കിലേ സാധിക്കൂ. ബൈനോക്കുലർ മറക്കാതെ കൊണ്ട് വരിക. വെളുപ്പിനേയും, വൈകിട്ടും ആണ് പക്ഷികളുടെ സാന്നിധ്യം കൂടുതലുള്ള സമയം. അതിനാൽ ഇവിടെ തങ്ങി കാഴ്‌ചകൾ മുഴുവനായി ആസ്വദിക്കുന്നതാണ് നല്ലത്‌. ഇവിടെ വനംവകുപ്പിന്റെ വക അതിഥി മന്ദിരവും, ഡോർമിറ്ററിയും ഉണ്ട്. അതിഥി മന്ദിരത്തിൽ റൂമുകളുടെ എണ്ണം കുറവാണ്. ഒരു ദിവസം താങ്ങുന്നതിനു 600 രൂപ വാടക കൊടുത്താൽ മതി. മുറിയെടുക്കാൻ പാർക്കിനുള്ളിലെ ഓഫീസിൽ ചോദിച്ചാൽ മതി.

പക്ഷി നിരീക്ഷണം തടാകക്കരയിൽ മാത്രം ഒതുക്കാതെ ജംഗ്ഷനിൽ നിന്നും മറ്റു വഴികളിലൂടെ നടക്കുക. പോകുന്ന വഴിക്കെല്ലാം പക്ഷികളുടെ കൂടുകൾ കാണാം. വീടുകളോട് ചേർന്ന മരങ്ങളിൽ വരെ അവ കൂട് കെട്ടിയിരിക്കുന്നു. കൊച്ചു കുട്ടികൾ പക്ഷികളെ കണ്ടില്ല എന്ന മട്ടിൽ ഓടിക്കളിക്കുന്നതു കണ്ടു.

കൂന്തംകുളത്തെ ബാൽ പാണ്ട്യൻ
ഇടത്തെ അറ്റത്തു നിൽക്കുന്നത് ബാൽ പാണ്ട്യൻ.
കുന്ദംകുളത്തെ പക്ഷി സങ്കേതത്തിൽ വരുന്നവർ ബാൽ പാണ്ട്യനെ കാണാതെ പോകരുത്. ഈ പക്ഷി സങ്കേതത്തിന്റെ രക്ഷാധികാരിയാണ് ബാൽ പാണ്ട്യൻ എന്ന കുറിയ മനുഷ്യൻ. ഇവിടുത്തെ പക്ഷികളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും, പക്ഷികളുടെ ഇനങ്ങളെക്കുറിച്ചും എല്ലാം ബാൽ പാണ്ട്യൻ നന്നായി പഠിച്ച ആളാണ്. പക്ഷി സങ്കേതത്തെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്. കൂന്തംകുളത്തെ പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത് 1994ൽ ആണ്. ഒരു ബൈനോക്കുലറുമായി ബാൽ പാണ്ട്യൻ രാവിലെ എത്തും. ആദ്ദേഹത്തോട് സംസാരിച്ചാൽ അവിടെ വരുന്ന പക്ഷികളെക്കുറിച്ചു വിശദമായി പറഞ്ഞു തരും. കൂട്ടിൽ നിന്ന് താഴെ വീഴുന്ന കിളിക്കുഞ്ഞുങ്ങളെ പാറക്കമുറ്റുന്ന വരെ ബാൽ പാണ്ട്യന്റെ നേതൃത്വത്തിൽ ഇവിടെ സംരക്ഷിക്കും. കൂന്തംകുളം പക്ഷി സങ്കേതം എന്നാൽ ബാൽ പാണ്ട്യൻ എന്നയാളെ എല്ലാവരും സ്മരിക്കും.

പക്ഷികളെ ഇത്രയധികം അടുത്തു കാണാൻ പറ്റുന്ന ഒരു സ്ഥലം ഇന്ത്യയിൽ വേറെ ഉണ്ടാവില്ല. ഒരു ദിവസത്തെ താമസം കൊണ്ട് മനസ്സ് കുളിരും. കുടുംബമായി വന്നു പക്ഷികളെ താമസിക്കാനും, പക്ഷികളെ കാണാനും പറ്റിയ സ്ഥലമാണ് കൂന്തംകുളം.

Image and video courtesy: Abin KI