Sunday, December 29, 2019

ഷാലിമാർ ഹോട്ടലിലെ ബിരിയാണി

ചെറുതുരുത്തിയിലെ ഷാലിമാർ ഹോട്ടലിലെ ബിരിയാണിയെക്കുറിച്ചു എഴുതാതിരിക്കാൻ ആവില്ല. അവിടെ നിന്നും ബീഫ് ബിരിയാണി കൂടി കഴിച്ചതോടെ ഇനി എഴുതാതിരിക്കാൻ തീരെ നിവൃത്തിയില്ല. ഷൊർണ്ണൂർ വഴി യാത്ര ഉണ്ടെങ്കിൽ ഷാലിമാർ ഹോട്ടലിൽ കയറാതെ പോകരുത്. തൃശ്ശൂർ ഭാഗത്തു നിന്ന് വരുമ്പോൾ ചെറുതുരുത്തി ജംഗ്ഷനിൽ, പുതിയ കൊച്ചി പാലത്തിനു തൊട്ടു മുന്നേ ആണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ട്രെയിൻ മാർഗം വരുന്നവർ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, മുന്നിലുള്ള ബസ് സ്റ്റോപ്പിൽ നിന്നും തൃശൂർ ബസിൽ കയറിയാൽ (ചെറുതുരുത്തി എന്ന് ബസുകാരോട് പറയുക) ഹോട്ടലിനു മുന്നിൽ ഇറങ്ങാം. ഒരു പത്തു മിനിറ്റു യാത്ര. 

മുകളിലത്തെ നിലയിൽ ഉച്ചക്ക് വെജിറ്റേറിയൻ ഊണ് വിളമ്പും, താഴത്തെ നിലയിൽ മാംസ വിഭവങ്ങളും ലഭിക്കും. രാത്രി വൈകിയും ഈ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. ഏതു നേരത്തു ചെന്നാലും ബിരിയാണി കിട്ടും എന്നതാണ് പ്രത്യേകത. ഏതു വിഭവങ്ങൾക്കും മികച്ച രുചി ആണ്. മസാല ദോശയും, നെയ്‌റോസ്റ്റിനും ഒക്കെ അപാര രുചിയാണ്. രാവിലെ ഞങ്ങൾ ഇവിടെ നിന്നും പൊറോട്ടയും, ചിക്കൻ കറിയും കഴിച്ചു. മികച്ച മസാല ചാറിൽ മുങ്ങിയ ചിക്കൻ പീസും, അടരുകളായി ഇളകി വരുന്ന പൊറോട്ടയും രുചി മുകുളങ്ങളെ ആനന്ദ നൃത്തമാടിക്കും.

ഇനി ബിരിയാണിയെക്കുറിച്ചു പറയാം. ചിക്കൻ ബിരിയാണിയും, ബീഫ് ബിരിയാണിയും ആണ് ഈ ഹോട്ടലിലെ വിഭവ പ്രമുഖർ. ഇവിടുന്നു ചിക്കൻ ബിരിയാണി പലതവണ കഴിച്ചിട്ടുണ്ടെങ്കിലും, ബീഫ് ബിരിയാണി കഴിക്കുന്നത് ഇന്നാണ്. വടക്കൻ കേരളത്തിലെ ബിരിയാണി കഴിച്ചു തുടങ്ങിയതിനു ശേഷം തെക്കൻ ബിരിയാണി വെറുത്തു തുടങ്ങി എന്ന് പറയുന്നതാവും ശരി. തെക്കൻ കേരളത്തിലെ ബിരിയാണി ഓരോ തവണ കഴിച്ചു കഴിയുമ്പോൾ ദൃഢ പ്രതിജ്ഞ എടുക്കാറുണ്ട് ഇനി മേലാൽ തെക്കന്മാരുടെ ബിരിയാണി കഴിക്കില്ല എന്ന്. ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബസുമതി അരി കൊണ്ട് ഉണ്ടാക്കുന്ന തെക്കൻ ബിരിയാണിയിൽ ഡാൽഡ, മസാല എന്നിവയുടെ ആധിക്യം കൂടുതലാണ്. എങ്ങനേലും കഴിച്ചിട്ട് എഴുന്നേറ്റു പോയാൽ മതിയെന്നാവും. വടക്കൻ  കേരളത്തിലെ ബിരിയാണി എത്ര കഴിച്ചാലും മടുക്കില്ല. ജീരകശാല അരിയും, പാകത്തിന് മസാലയും, നെയ്യും, മൃദുവായ മാംസവും വള്ളുവനാടൻ-മലബാർ ഭാഗത്തെ ബിരിയാണിയെ മികച്ചതാക്കുന്നു. 


ഷാലിമാർ ഹോട്ടലിൽ കയറുമ്പോൾ തന്നെ ജീരകശാല അരിയും, നെയ്യും, ചിക്കനും ചേർന്ന കൊതിയൂറിക്കുന്ന ഗന്ധം നിങ്ങളെ സ്വാഗതം ചെയ്യും. സൗമ്യൻമാരായ സപ്ലയർമാർ അടുത്തു വന്നു നിങ്ങളുടെ ഹിതം തിരക്കും. ഏതു ബിരിയാണി വേണം എന്ന് അവരെ അറിയിക്കുക. ആദ്യം തന്നെ തിളച്ച വെള്ളത്തിൽ കഴുകിയ പ്ലേറ്റ് നിങ്ങളുടെ മുന്നിലെത്തും. സലാഡ്, അച്ചാർ പാത്രങ്ങൾ നിങ്ങൾക്കരികിലേക്ക് ഓടിയെത്തും. പുറകെ ബിരിയാണി പൊത്തി നിറച്ച പ്ലേറ്റും എത്തും. ബിരിയാണി കൂനയുടെ മുകളിലെ നെയ്യിൽ വറുത്തു  കോരിയ അണ്ടിപ്പരിപ്പും, ഉണക്ക മുന്തിരിയും ശ്രദ്ധിക്കുക. ഉച്ചക്ക് ആണെങ്കിൽ ഒരു ചെറിയ ഗ്ലാസ് പായസവും തരും. കൂടെയുള്ള സ്പൂൺ കൊണ്ട് ബിരിയാണി പതുക്കെ പ്ലേറ്റിലേക്കു തട്ടിയിടുക, പ്ലേറ്റിൽ നിന്ന് ഉതിരുന്ന ഗന്ധം ആദ്യം ആസ്വദിക്കുക. വടക്കൻ ബിരിയാണി ആണെങ്കിലും, ഒരു മുട്ടയും ഉണ്ടാവും. തെക്കൻ കേരളക്കാർക്കു മുട്ടയില്ലാതെ ബിരിയാണി ഇറങ്ങില്ല!! മുട്ടയുള്ളതു കൊണ്ട് തെക്കന്മാർക്കു ആശ്വസിക്കാം.

ബീഫ് ബിരിയാണി
ബിരിയാണി കഴിച്ചു കഴിയുമ്പോൾ ഒരു ബിരിയാണി കൂടി കഴിക്കാൻ തീർച്ചയായും നിങ്ങൾക്ക്  തോന്നും. ചിക്കൻ/ബീഫ് കഷ്ണങ്ങൾ കുറച്ചു മിച്ചം വെച്ചേക്കുക. ബിരിയാണി ചോറ് രണ്ടാമതും വാങ്ങാം (രൂപ കൊടുക്കണം കേട്ടോ). ഒട്ടും മടി വിചാരിക്കണ്ട. ബിരിയാണി കഴിച്ചു കഴിഞ്ഞു സോപ്പിട്ടു കൈ കഴുകാതിരിന്നാൽ ബിരിയാണി ഗന്ധം വൈകുന്നേരം വരെ ആസ്വദിക്കാം!!