Wednesday, February 25, 2015

പിച്ചാവരം എന്ന കണ്ടൽ വീട്

കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ അധികം ശ്രദ്ധയിൽപ്പെടാത്ത ഒരു സ്ഥലമാണ് പിച്ചാവരം കണ്ടൽ വനം. നിത്യഹരിതമായ കണ്ടൽ തുരുത്തുകളും അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ആഴം കുറഞ്ഞ തോടുകളും ചേരുന്നതാണ് പിച്ചാവരം. തമിഴ് നാട്ടിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും പിച്ചാവരം പ്രകൃതി ഭംഗി കൊണ്ടും, ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും വ്യത്യസ്തത പുലർത്തുന്നു. മൂവായിരം ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ രണ്ടാമത്തെ വലിയ കണ്ടൽ വനം ആയി പരിഗണിക്കുന്നു. ബംഗാളിലെ സുന്ദര വനം ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽ വനം.

Photo courtesy: Wikipedia
ചിദംബരം പട്ടണത്തിൽ നിന്നും പതിനഞ്ചു കിലോമീറ്റർ അകലെയാണ് പിച്ചാവരം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ബസ്‌ സർവീസ് ഉണ്ട്. ഞങ്ങൾ രാവിലെ എട്ടു മണിക്ക് തന്നെ ബസ്സിൽ പിച്ചാവരത്തെക്ക് തിരിച്ചു. പ്രകൃതി രമണീയമായ സ്ഥലത്തു കൂടിയാണ് ബസ്‌ യാത്ര. ശിവരാത്രി അവധി ദിനം ആയിരിന്നെങ്കിൽ കൂടിയും സന്ദർശകർ തീരെ ഇല്ലായിരിന്നു. രാവിലെ എട്ടു മുതൽ ബോട്ടിംഗ് തുടങ്ങും എന്ന് തുഴക്കാർ പറഞ്ഞു. അതിരാവിലെയും, വൈകിട്ടും ആണ് സന്ദർശന യോഗ്യമായ സമയം. വൈകുന്നേരം ആണെങ്കിൽ കണ്ടൽ കാടുകളുടെ ഇടയിൽ പക്ഷികളെ കാണാൻ സാധിക്കും.

സ്പീഡ് ബോട്ടും, സാധാരണ തുഴയുന്ന ബോട്ടും ലഭ്യമാണ്. തുഴയുന്നവർ നമ്മളെ കണ്ടൽ വന നിബിഡതയിലേക്ക് എത്തിക്കും. വെള്ളത്തിൽ നാല് അടിയോളം താഴ്ചയെ ഉള്ളു എന്നതിനാൽ സാധാരണ ബോട്ട് ആണ് നല്ലത്. ആഴം കുറവായതിനാൽ സ്പീഡ് ബോട്ടുകൾക്ക് കണ്ടൽ കാടുകളുടെ ഉള്ളിലേക്ക് കടക്കാൻ ആവില്ല. 'മതി' എന്ന യുവാവിനെയാണ് ഞങ്ങളുടെ ബോട്ട് തുഴയാൻ നിയോഗിച്ചത്. തുഴഞ്ഞു അല്പം അകലെ എത്തിയപ്പോഴേക്കും 'മതി' അഴിമതി പുറത്തെടുത്തു. മുന്നൂറു രൂപ കൂടുതൽ തന്നാൽ കണ്ടൽ വനത്തിന്റെ കൂടുതൽ ഉള്ളിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞു. നൂറ്റി അറുപതു രൂപയാണ് ഞങ്ങൾ ബോട്ട് വാടക കൌണ്ടറിൽ അടച്ചത്. ഞങ്ങൾ തർക്കിക്കാൻ നിൽക്കാതെ മതിയുടെ വാഗ്ദാനം സ്വീകരിച്ചു. ബോട്ടിന്റെ നിയന്ത്രണം അവന്റെ കയ്യിലാണല്ലോ!! 'മതി' കൂടുതൽ ഉഷാറായി, ബോട്ട് ആഞ്ഞു തുഴയാൻ തുടങ്ങി. 

വിവിധ തരത്തിലുള്ള കണ്ടൽ ചെടികൾ നിറഞ്ഞ തുരുത്തുകൾക്കിടയിലൂടെ ബോട്ട് നീങ്ങി. ഞണ്ട്, കൊഞ്ച്, മീനുകൾ, ആമകൾ, നീർ നായകൾ, നീർ പക്ഷികൾ തുടങ്ങിയ ജന്തു ജാലങ്ങളാണ് ഇവിടുത്തെ താമസക്കാർ. ചെറിയ ഞണ്ടുകൾ കണ്ടൽ ചെടികളുടെ വേരുകളിൽ ധ്യാനിച്ചിരിക്കുന്നത് കാണാം. മീനുകൾ വെള്ളത്തിന്‌ മുകളിലേക്ക് കുതിച്ചു ചാടുന്നതും കണ്ടു. ഇതിനെല്ലാം പുറമേ കണ്ണിനു കുളിർമ്മ നൽകുന്ന പച്ചപ്പാണ് പ്രധാന പ്രത്യേകത. ആൾക്കാർ മുട്ടോളം വെള്ളത്തിൽ നിന്ന് കൊണ്ട് മീനിനെ പിടിക്കുന്നതും കണ്ടു. കരയിൽ നിന്ന് നോക്കിയാൽ കൊച്ചി കായൽ പോലെ തോന്നുമെങ്കിലും ആഴം തീരെ കുറവ്. പശുക്കൾ വെള്ളത്തിൽ കൂടി നടന്നു തുരുത്തുകളിലേക്ക് പോകുന്നത് കണ്ടു. വിശ്വരൂപം സിനിമയുടെ ഷൂട്ടിങ്ങ് നടന്ന സ്ഥലം 'മതി' കാണിച്ചു തന്നു. ഫോട്ടോ എടുക്കാൻ പറ്റിയ സ്ഥലങ്ങൾ ധാരാളം. ഞാനും എന്റെ സുഹൃത്തും 'മതി'യെക്കൊണ്ട് ധാരാളം ഫോട്ടോ എടുപ്പിച്ചു. കണ്ടൽ വനത്തിന്റെ നിബിഡതകളിലേക്ക് കൂടുതൽ പോയെങ്കിലും ആഴം കുറവായതിനാൽ ബോട്ട് നീങ്ങിയില്ല. രണ്ടു മണിക്കൂർ ഞങ്ങൾ കണ്ടൽ വനത്തിനുള്ളിൽ ചിലവഴിച്ചു.

സുനാമി അടിച്ച ഒരു പ്രദേശം കൂടിയാണ് പിച്ചാവരം. വിനോദ സഞ്ചാരികൾക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രദേശമാകെ പ്ലാസ്റ്റിക്‌ രഹിതമായി സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ സഞ്ചാരികൾക്ക് താമസ സൌകര്യവുമുണ്ട്. ചിദംബരം ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ. വടക്കൻ കേരളത്തിൽ നിന്ന് വരുന്നവർക്ക് കോയമ്പത്തൂർ വഴി ചിദംബരം എത്താം. തെക്കൻ കേരളത്തിൽ നിന്ന് വരുന്നവർക്ക് നാഗർകോവിൽ-തിരുച്ചിറപ്പള്ളി വഴി റെയിൽ മാർഗം ചിദംബരം എത്താം. സുരക്ഷിതമായി കണ്ടൽ വനങ്ങളെ അടുത്തു കാണാൻ പറ്റിയ ഒരു പ്രദേശം തെക്കേ ഇന്ത്യയിൽ വേറെ ഇല്ല.