Monday, December 15, 2025

വാഷിങ് മെഷീൻ തിരഞ്ഞെടുക്കാം

Image courtesy: Philip Hailing

അലക്ക് യന്ത്രങ്ങൾ എല്ലാ വീടുകളിലും സർവ്വ  സാധാരണമായിരിക്കുന്നു. അലക്കാനുള്ള സമയം ലാഭിക്കുന്നതിനൊപ്പം, ജല ഉപയോഗം കുറക്കാനും അലക്കു യന്ത്രങ്ങൾ സഹായകരമാണ്. തിരക്കുള്ളവർക്കും, പ്രായമുള്ളവർക്കും അലക്കു യന്ത്രങ്ങൾ ഉപകാരപ്രദമാണ്. സാധാരണ ഗതിയിൽ കടയിൽ ചെന്ന് അവിടെയുള്ള ഏതെങ്കിലും ഒരു ബ്രാൻഡിന്റെ അലക്കു യന്ത്രം വാങ്ങിച്ചു വീട്ടിലേക്കു മടങ്ങുകയാണ് പതിവ്. കഴിഞ്ഞ പത്തു വർഷമായി LG കമ്പനിയുടെ ടോപ്പ് ലോഡ് അലക്ക് യന്ത്രം ഇടക്കിടെ പണിമുടക്കാൻ തുടങ്ങിയതോടെ, പുതിയൊരെണ്ണം വാങ്ങുന്നതിനായി ഗൃഹപാഠം ചെയ്യേണ്ടി വന്നു. അതിൽ നിന്നും മനസ്സിലായ കാര്യങ്ങളും, അലക്കുയന്ത്രം ഉപയോഗിച്ചതിന്റെ പരിചയത്തിൽ എനിക്കുള്ള  അറിവും ഞാൻ പങ്കുവെക്കാം.  
പത്തു വർഷങ്ങൾക്ക് മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ട പ്രത്യേകതകൾ ഉള്ള അലക്കു യന്ത്രങ്ങൾ ഇന്ന് വാങ്ങാൻ ലഭിക്കും.  അലക്ക് യന്ത്രം വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്; വിവിധ തരങ്ങൾ, ഘടകങ്ങൾ, മറ്റു പ്രത്യേകതകൾ അറിഞ്ഞു വാങ്ങേണ്ടതുണ്ട്. 

അലക്ക് യന്ത്രങ്ങൾ പ്രധാനമായും രണ്ടു വിധത്തിലാണ് ലഭ്യമായിട്ടുള്ളത്; ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ്. രണ്ടിനങ്ങൾക്കും  അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:

ടോപ്പ് ലോഡ് അലക്ക് യന്ത്രങ്ങൾ (Top Load Washing Machines)

മുകൾ ഭാഗത്തെ അടപ്പു തുറന്നു തുണികൾ ഇട്ടു കൊടുക്കണം എന്നതാണ് പ്രത്യേകത. തുണികൾ ഇടാനുള്ള സംഭരണിയും, അതിനുള്ളിൽ വെള്ളത്തോടൊപ്പം തുണിയെ കറക്കാനുള്ള ഒരു സംവിധാനവും (Impeller) ഉണ്ടായിരിക്കും. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ടോപ്പ് ലോഡ് ഉപയോഗിക്കാൻ കൂടുതൽ എളുപ്പമാണ്. കുനിയേണ്ട ആവശ്യം വരുന്നില്ല, നിവർന്നു നിന്നുകൊണ്ട് തന്നെ തുണികൾ മെഷീനിലേക്ക് ഇടാൻ സാധിക്കും.  കുറച്ച് റഫ് ആയി ഉപയോഗിക്കുന്നതിനും ടോപ്പ് ലോഡ് മെഷീനുകൾ അനുയോജ്യമാണ്. ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾക്ക് വില കുറവാണ്.

ടോപ്പ് ലോഡ് അലക്ക് യന്ത്രങ്ങളിൽ ഫുള്ളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ ഉപവിഭാഗങ്ങൾ ഉണ്ട്. ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ തുണികൾ ഇടുന്നതും പ്രോഗ്രാം തിരഞ്ഞെടുക്കുന്നതും ഒഴിച്ചാൽ ബാക്കി എല്ലാ പ്രക്രിയകളും (കഴുകൽ, അലക്കൽ, വെള്ളം കളയൽ, സ്പിൻ ഡ്രൈയിംഗ്) മെഷീൻ സ്വയം ചെയ്യുന്നു. തുണികളും ഡിറ്റർജൻ്റും ഇട്ട ശേഷം ഒരു ബട്ടൺ അമർത്തിയാൽ  വെള്ളം എടുക്കുന്നത് മുതൽ തുണികൾ ഉണക്കി പുറത്തുവരുന്നത് വരെ എല്ലാം ഒരൊറ്റ ടബ്ബിൽ (Single Drum) നടക്കുന്നു. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾക്ക് (Semi Automatic Washing Machine) സാധാരണയായി രണ്ട് ടബ്ബുകൾ ഉണ്ടായിരിക്കും - ഒന്ന് കഴുകാനും (Washing), മറ്റൊന്ന് ഉണക്കാനും (Spin Drying). കഴുകാനുള്ള ടബ്ബിൽ തുണികളും വെള്ളവും ഡിറ്റർജൻ്റും നിറച്ച് കഴുകൽ പ്രക്രിയ തുടങ്ങുന്നു. കഴുകിയ ശേഷം, നിങ്ങൾ സ്വയമേ തുണികൾ എടുത്ത് സ്പിൻ ഡ്രൈ ടബ്ബിലേക്ക് മാറ്റണം. ചിലപ്പോൾ വെള്ളം പുറത്തേക്ക് കളഞ്ഞ ശേഷം വീണ്ടും ശുദ്ധജലം നിറച്ച് കഴുകാനും ആവശ്യപ്പെടാം. ഫുള്ളി ഓട്ടോമാറ്റിക്കിനെ അപേക്ഷിച്ച് സെമി ഓട്ടോമാറ്റിക്കിന്  വിലയും, വൈദ്യുതി ഉപഭോഗവും കുറവാണ്.

ഫ്രണ്ട് ലോഡ് അലക്ക് യന്ത്രങ്ങൾ (Front Load Washing Machines)

ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീനുകൾ തിരശ്ചീനമായ ടംബ്ലിംഗ് ചലനം ഉപയോഗിക്കുന്നു. മുൻവശത്തെ വാതിൽ തുറന്ന് അലക്കാനുള്ള വസ്ത്രങ്ങൾ ഇട്ടു കൊടുക്കണം. തുണികൾ കറങ്ങുന്നതിനും, മുകളിലേക്കും താഴേക്കും വീഴുന്നതിനും (tumbling action) "ഗ്രാവിറ്റി" ഉപയോഗിക്കുന്നു. ഇത് തുണികളിലെ അഴുക്ക് കൂടുതൽ ഫലപ്രദമായി നീക്കം ചെയ്യുകയും മികച്ച വൃത്തി നൽകുകയും ചെയ്യുന്നു. ഫ്രണ്ട് ലോഡ് മെഷീനുകൾക്ക് ടോപ്പ് ലോഡ് മെഷീനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ആവശ്യമുള്ളൂ.

ഫ്രണ്ട് ലോഡ് മെഷീനുകൾക്ക് ഉയർന്ന RPM (Revolutions Per Minute) ഉള്ളതിനാൽ സ്പിൻ വേഗത (Higher Spin Speeds) കൂടുതലായിരിക്കും.  തുണികളിൽ നിന്ന് വേഗത്തിൽ ഈർപ്പം നീക്കം ചെയ്യുകയും ഉണങ്ങാനുള്ള സമയം കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ഊർജ്ജക്ഷമതയും കൂടുതലാണ്. ടോപ്പ് ലോഡ് അലക്കു യന്ത്രങ്ങളിലെ ഡ്രയറിൽ (Dryer) തുണി ഉണങ്ങുന്നതിനു കൂടുതൽ സമയം എടുക്കും. ഫ്രണ്ട് ലോഡിൽ ടംബ്ലിംഗ് പ്രവർത്തനം (tumbling action) മൂലം തുണികൾക്ക് കേടുപാടുകൾ കുറവായിരിക്കും. 

ഫ്രണ്ട് ലോഡ് അലക്കു യന്ത്രം സ്ഥാപിക്കാൻ ടോപ്പ് ലോഡിനേക്കാൾ കൂടുതൽ സ്ഥലം ആവശ്യമുണ്ട്. യന്ത്രം വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ സൗകര്യം കൂടി പരിഗണിക്കണം. 

നമ്മുടെ ആവശ്യങ്ങളും, ബജറ്റും കണക്കിലെടുത്തു ഫ്രണ്ട് ലോഡ് അല്ലെങ്കിൽ ടോപ്പ് ലോഡ് ഇനം വേണമോയെന്നു ഉപഭോക്താവ് തീരുമാനിക്കണം.  അലക്കു യന്ത്രം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു പ്രത്യേകതകളും നമുക്ക് പരിശോധിക്കാം:

മോട്ടോർ: BLDC (Brushless DC) മോട്ടോർ, ഇൻവെർട്ടർ ടെക്നോളജിയും പുതിയ തലമുറ അലക്കു യന്ത്രങ്ങളിൽ ഉള്ളതിനാൽ ശബ്ദരഹിതവും, ഊർജ്ജക്ഷമതയും അലക്കു യന്ത്രങ്ങൾക്കുണ്ട്. ബ്രഷുകൾ ഇല്ലാത്തതിനാൽ, മോട്ടോറിനുള്ളിൽ ഘർഷണം (Friction) കുറയുന്നു.  ഇത് മോട്ടോറിന്റെ  ആയുസ്സ് വർദ്ധിപ്പിക്കുകയും തേയ്മാനം കുറയ്ക്കുകയും ചെയ്യുന്നു. ഘർഷണം കുറവായതുകൊണ്ട് തന്നെ മോട്ടോർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദവും വളരെ കുറവായിരിക്കും. ഇലക്ട്രോണിക് സർക്യൂട്ടുകൾ ഉപയോഗിച്ച് കൊണ്ട് മോട്ടോറിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇൻവെർട്ടർ സാങ്കേതികവിദ്യ. സെൻസറുകൾ ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ, തുണിയുടെ അളവ് അനുസരിച്ചു വെള്ളത്തിന്റെ അളവ്, മോട്ടോറിന്റെ സ്പീഡ് തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ട് അനുയോജ്യമായ വാഷിംഗ് സൈക്കിൾ (Washing Cycle) നൽകാനും, മികച്ച രീതിയിൽ അഴുക്ക് കളയാനും സഹായിക്കുന്നു. ഇൻവെർട്ടർ മോട്ടോറുകൾ സാഹചര്യമനുസരിച്ചുള്ള ഊർജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇത് വൈദ്യുതി ഉപഭോഗം 20% മുതൽ 40% വരെ കുറയ്ക്കാൻ സഹായിക്കുന്നു.

ശേഷി (Capacity): വാഷിംഗ് മെഷീന്റെ ശേഷി കിലോ അടിസ്ഥാനത്തിലാണ് അളക്കുന്നത്. എത്ര കിലോ ഉണങ്ങിയ തുണി അലക്കാൻ സാധിക്കും എന്നതാണ് മാനദണ്ഡം.  ശേഷി തിരഞ്ഞെടുക്കുന്നത് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കണം. ചെറിയ കുടുംബമാണെങ്കിൽ 6 മുതൽ 7 കിലോ വരെ കപ്പാസിറ്റിയുള്ള മെഷീനാണ് അനുയോജ്യം. വലിയ കുടുംബമാണെങ്കിൽ 8 കിലോയോ അതിൽ കൂടുതലോ കപ്പാസിറ്റിയുള്ള മെഷീൻ തിരഞ്ഞെടുക്കണം. ചെറിയ കപ്പാസിറ്റിയുള്ളത് വാങ്ങിയാലും, ആവശ്യത്തിൽ കൂടുതൽ ശേഷിയുള്ള അലക്കുയന്ത്രം വാങ്ങരുത്.

സ്പിൻ സൈക്കിൾ വേഗത (Spin Speed - RPM):  തുണികളിലെ ഈർപ്പം എത്രത്തോളം കളയാൻ മെഷീന് സാധിക്കുമെന്ന് RPM (Revolutions Per Minute) സൂചിപ്പിക്കുന്നു. ടോപ്പ് ലോഡ് യന്ത്രങ്ങൾക്ക് 700 മുതൽ 800 വരെ RPM ഉണ്ട്. ഫ്രണ്ട് ലോഡ് അലക്ക് യന്ത്രങ്ങൾക്ക് 1200 മുതൽ RPM ഉണ്ട്. കൂടുതൽ RPM (ഉദാഹരണത്തിന്, 1200-1400 RPM) തുണികൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നു. ഇത് മഴയുള്ള കാലാവസ്ഥയിൽ വളരെ ഉപകാരപ്രദമാണ്. പരുത്തി, ലിനൻ പോലുള്ള കട്ടിയുള്ള തുണികൾ വേഗത്തിൽ ഉണക്കിക്കിട്ടാൻ ഉയർന്ന വേഗത ഉപകാരപ്രദമാണ്. 

വാഷിംഗ് പ്രോഗ്രാമുകളും മോഡുകളും (Wash Programs and Modes): ഓരോതരം തുണികൾക്കും അഴുക്കിനും അനുയോജ്യമായ പ്രോഗ്രാമുകൾ മെഷീനിലുണ്ടോ എന്നത് പരിഗണിക്കേണ്ടതാണ്. അലക്കു യന്ത്രങ്ങളിൽ കാണുന്ന സാധാരണ പ്രധാന പ്രോഗ്രാമുകൾ ഇവയാണ്: ഡെലിക്കേറ്റ്സ് (Delicates), കോട്ടൺ (Cotton), വൂൾ (Wool), സിന്തറ്റിക്സ് (Synthetics), ക്വിക്ക് വാഷ് (Quick Wash). മറ്റു ചില മോഡുകളും കാണാറുണ്ട്;  ടബ് ക്ലീൻ (Tub Clean), ഹൈജീൻ/ആൻ്റി ബാക്ടീരിയൽ വാഷ് (Hygiene/Anti-Bacterial Wash), സ്റ്റീം വാഷ് (Steam Wash), എയർ ഡ്രൈ (Air Dry). 

പതുക്കെ അടയുന്ന അടപ്പ് (Soft Closing Lid):  ടോപ്പ് ലോഡ് അലക്കു യന്ത്രങ്ങളിലാണ് ഈ സവിശേഷത സാധാരണയായി കാണപ്പെടുന്നത്. മുകളിലുള്ള അടപ്പ് സുരക്ഷിതമായും ശബ്ദമുണ്ടാക്കാതെയും അടയ്ക്കാൻ സഹായിക്കുന്നു. ലിഡ് ശക്തിയായി അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ഉച്ചത്തിലുള്ള "ഠോ" ശബ്ദം ഇത് പൂർണ്ണമായി ഒഴിവാക്കുന്നു. അടയ്ക്കുമ്പോൾ ലിഡിനിടയിൽ വിരലുകൾ ഞെരുങ്ങുന്നത് ഒഴിവാക്കാൻ സാധിക്കും.

റാറ്റ് പ്രൊട്ടക്ഷൻ (Rat Protection):  അലക്കു യന്ത്രത്തിലേക്ക് ഏലി കയറി വയറുകൾ മുറിച്ചു കളയാനുള്ള സാധ്യതയുണ്ട്. Rat Protection ഉള്ള അലക്കു യന്ത്രങ്ങൾ ലഭ്യമാണ്.
വൈഫൈ സൗകര്യം: ഇൻവെർട്ടർ സൗകര്യമുള്ള അലക്കു യന്ത്രം  മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാനാവും. അലക്കാനുള്ള തുണി ഇട്ടു വെച്ച ശേഷം വൈദ്യുതി വൈദ്യുതി നിരക്ക് കുറവുള്ള സമയം (Non Peak Hours) സെറ്റ് ചെയ്യാവുന്നതാണ്.

വില: ബജറ്റ്, പ്രീമിയം മോഡലുകൾക്ക് വിലവ്യത്യാസമുണ്ട്. ബ്രാൻഡ് അനുസരിച്ചും വില വ്യത്യാസം ദൃശ്യമാണ്. മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിലയുണ്ട്. രണ്ടാം നിര ബ്രാൻഡുകൾക്കു വിലക്കുറവുണ്ട്. LG, Samsung, IFB, Bosch എന്നീ മുൻനിര ബ്രാൻഡുകളേക്കാൾ വിലവ്യത്യാസമുണ്ട് Whirlpool, Godrej, Haier, Panasonic, Lloyd, Voltas, Motorala, Realme എന്നീ ബ്രാൻഡുകൾക്ക്. കപ്പാസിറ്റി അനുസരിച്ചു വിലയിൽ വ്യത്യാസമുണ്ട്. വിപണിയിൽ ലഭ്യമായ 7 കിലോ അലക്കു യന്ത്രങ്ങളുടെ ഏകദേശ വില പറയാം. സെമി ഓട്ടോമാറ്റിക് അലക്കു യന്ത്രങ്ങൾക്ക് 6000 രൂപ മുതൽ 12000 രൂപ വരെ വിലയുണ്ട്. ടോപ്‌ലോഡ് ഫുൾ ഓട്ടോമാറ്റിക് മോഡലുകൾക്ക് 11000 മുതൽ 25000 രൂപ വരെ വില വരുന്നുണ്ട്. ഫ്രന്റ് ലോഡ് യന്ത്രങ്ങൾക്ക് 18000 രൂപ മുതൽ വിലയുണ്ട്.

ഏത് ബ്രാൻഡ് തിരഞ്ഞെടുക്കണം

LG, Samsung, IFB, Bosch എന്നീ ബ്രാൻഡുകൾ ഇന്ത്യയിൽ മികച്ചതായി പരിഗണിക്കുന്നു. Whirlpool, Godrej, Haier, Panasonic, Lloyd, Voltas, Motorala, Realme എന്നീ ബ്രാൻഡുകളും ഇന്ത്യൻ മാർക്കറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലാ ബ്രാൻഡുകളിലും, ബജറ്റ് (വിലകുറഞ്ഞ), പ്രീമിയം മോഡലുകൾ ലഭ്യമാണ്. പ്രീമിയം മോഡലുകളിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ടായിരിക്കും. ബ്രാൻഡ് തിരഞ്ഞെടുക്കും മുൻപ് ഉപഭോക്താവ് താമസിക്കുന്ന പ്രദേശത്തു സർവീസ് ലഭ്യമാണോ എന്ന് ഉറപ്പു വരുത്തണം. മറ്റു ഗൃഹോപകരണങ്ങളെ പോലെ തന്നെ, അലക്കു യന്ത്രം കേടായാൽ വേഗം നന്നാക്കി കിട്ടേണ്ടത് ആവശ്യമാണ്.  മുൻനിര ബ്രാൻഡുകൾക്ക് സർവീസ് എല്ലായിടത്തും ലഭ്യമായിരിക്കും. എന്നിരുന്നാലും, നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ബ്രാൻഡിന്റെ സർവീസ് ലഭ്യത കമ്പനിയുടെ വെബ്‌സൈറ്റിൽ നോക്കിയാൽ മനസ്സിലാകും. സർവീസിന്റെ ഗുണനിലവാരം,  ഓൺലൈൻ റിവ്യൂ നോക്കിയാൽ മനസ്സിലാകും. ഫീച്ചറുകൾ കൂടുംതോറും ഘടകങ്ങളുടെ വിലയും കൂടുതലായിരിക്കും (ഉദാ: ബോർഡ്), ഘടകങ്ങൾ മാറ്റി സ്ഥാപിക്കുമ്പോൾ ഉയർന്ന വില നൽകേണ്ടതായി വരും. ചില മോഡൽ വാഷിംഗ് മെഷീനുകളുടെ പാർട്സുകൾ കേടായാൽ കിട്ടാൻ ബുദ്ധിമുട്ടുണ്ട്. വാഷിംഗ് മെഷീൻ ടെക്‌നീഷ്യന്മാരെ പരിചയമുണ്ടെങ്കിൽ അവരോട് അന്വേഷിച്ചാൽ ബ്രാൻഡുകളുടെ മേന്മകളും, പോരായ്മകളും പറഞ്ഞു തരും.

എവിടെ നിന്ന് വാങ്ങണം

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ, പ്രാദേശിക ഷോപ്പുകളിൽ നിന്നും അലക്കു യന്ത്രം വാങ്ങാവുന്നതാണ്. വിലക്കുറവ് എവിടെ ഉണ്ടോ, അവിടെ നിന്നും വാങ്ങാം. ഉത്സവ സീസണുകളിൽ നല്ല വിലക്കുറവിൽ വാങ്ങാൻ കിട്ടും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് കൂടുതൽ വിലക്കുറവ് ഓൺലൈൻ, ഓഫ്‌ലൈൻ ഷോപ്പുകൾ നൽകുന്നത് ഉപയോഗിക്കാവുന്നതാണ്. പ്രൊഡക്ടിന്റെ വിശദ വിവരങ്ങൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും , കമ്പനി വെസ്ബ്‌സൈറ്റും സന്ദർശിച്ചു പരിശോധിക്കേണ്ടതാണ്. RPM, നിർമ്മാണ തീയതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കണം.  ഷോപ്പിംഗ് സൈറ്റുകൾ, യൂട്യൂബ് ചാനലുകളിൽ വിവിധ മോഡലുകളുടെ യഥാർത്ഥ അവലോകനവും, അഭിപ്രായങ്ങളും ലഭിക്കും.  buyhatke പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വിലയിലെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിക്കാവുന്നതാണ്. ക്ഷമയുണ്ടെങ്കിൽ വില കുറയുന്ന വരെ കാത്തിരുന്ന ശേഷം വാങ്ങുക.

പഴയ അലക്കു യന്ത്രങ്ങൾ എക്സ്ചേഞ്ച് ചെയ്‌തു പുതിയത് വാങ്ങാവുന്നതാണ്. 500 രൂപ മുതൽ പരമാവധി 2500 രൂപ വരെയാണ് പഴയതിന് കിട്ടുന്ന വില. പുതിയ മെഷീൻ വാങ്ങിപ്പിക്കാനുള്ള ഒരു തന്ത്രം എന്ന നിലക്കാണ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ അവതരിപ്പിച്ചിരിക്കുന്നത്. പഴയതു ഒഴിവാക്കി സ്ഥലം ലാഭിക്കുക എന്ന ഉദ്ദേശത്തിൽ മാത്രം പഴയ മെഷീൻ നൽകുക. പഴയ വാഷിംഗ് മെഷീനുകൾ കേടായാൽ, നന്നാക്കിയെടുക്കാൻ ശ്രമിക്കുക. കമ്പനി നൽകുന്ന സർവീസിന് ചെലവ് കൂടുതലായിരിക്കും. കമ്പനി വാറന്റി കാലാവധി കഴിഞ്ഞുവെങ്കിൽ നമ്മുടെ പ്രദേശത്തുള്ള ടെക്‌നീഷ്യന്മാരെ കൊണ്ട് നന്നാക്കിയെടുക്കാം. മിക്ക ബ്രാൻഡുകളുടേയും, പാർട്സുകൾ വിപണിയിൽ വാങ്ങാൻ കിട്ടും.

പരിപാലനം

അലക്കുയന്ത്രം കൃത്യമായി ലെവലിലാണോ (ചരിവില്ലാതെ) സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക. മെഷീൻ ചരിഞ്ഞിരുന്നാൽ, സ്പിൻ സൈക്കിളിൽ വലിയ ശബ്ദവും വൈബ്രേഷനും ഉണ്ടാകും.

വെള്ളം വരുന്നതും പോകുന്നതുമായ പൈപ്പുകളിൽ വിള്ളലുകളോ ചോർച്ചകളോ ഇല്ലാതെ സുരക്ഷിതമായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. വെള്ളം പുറത്തേക്കു പോകേണ്ട പൈപ്പിൽ തടസ്സങ്ങൾ ഒന്നും ഇല്ലായെന്ന് ഉറപ്പു വരുത്തണം. 

മിക്ക ഫുള്ളി ഓട്ടോമാറ്റിക് മെഷീനുകളിലും 'ടബ് ക്ലീൻ' അല്ലെങ്കിൽ 'ഡ്രം ക്ലീൻ' എന്നൊരു ഓപ്ഷൻ ഉണ്ടാകും. ഈ ഓപ്ഷൻ ഉപയോഗിച്ച് മാസത്തിലൊരിക്കൽ മെഷീൻ കാലിയാക്കി പ്രവർത്തിപ്പിക്കുക. ഇതിനായി വിനാഗിരി (Vinegar), ബേക്കിംഗ് സോഡ (Baking Soda), പ്രത്യേക വാഷിംഗ് മെഷീൻ ക്ലീനറുകൾ എന്നിവ ഉപയോഗിക്കുന്നത് അഴുക്ക്, പൂപ്പൽ, ദുർഗന്ധം എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. ടബ് ക്ലീൻ ഓപ്ഷൻ ഇല്ലാത്ത മെഷീനുകളിൽ, ചൂടു വെള്ളത്തിൽ കുറച്ച് വിനാഗി ചേർത്ത് ഒരു സാധാരണ രീതിയിൽ പ്രവർത്തിപ്പിക്കുക.

സോപ്പിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി പൈപ്പുകൾ അടഞ്ഞുപോകാതിരിക്കാൻ, ഡിസ്പെൻസർ ട്രേ പതിവായി പുറത്തെടുത്ത് കഴുകി വൃത്തിയാക്കുക. ഫ്രണ്ട് ലോഡ് മെഷീനുകളുടെ ഡോറിന് ചുറ്റുമുള്ള റബ്ബർ സീലിൽ (ഗാസ്കറ്റ്) വെള്ളവും അഴുക്കും അടിഞ്ഞ് പൂപ്പൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓരോ വാഷിന് ശേഷവും ഈ ഭാഗം ഒരു തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുകയും ഡോർ തുറന്നിടുകയും ചെയ്യുന്നത് ദുർഗന്ധം ഒഴിവാക്കാൻ സഹായിക്കും.

ടോപ്പ് ലോഡ് അലക്ക് യന്ത്രങ്ങളുടെ ലിൻഡ്  ഫിൽട്ടറിൽ (Lint Filter) തുണികളിൽ നിന്നുള്ള നാരുകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. മാസത്തിലൊരിക്കൽ വൃത്തിയാക്കുക.

മെഷീനിലേക്ക് വെള്ളം കടന്നു ചെല്ലുന്ന ഭാഗത്ത് വാട്ടർ ഇൻലെറ്റ് ഫിൽട്ടർ (Water Inlet Filter) ഉണ്ട്. ഇതിൽ അഴുക്കോ ചെളിയോ അടിഞ്ഞുകൂടിയാൽ വെള്ളം അകത്തേക്ക് വരുന്നത് തടസ്സപ്പെടും. മാസത്തിൽ ഒരിക്കൽ ഇവ ഊരിയെടുത്ത് ടാപ്പിലെ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.

ഫ്രണ്ട് ലോഡ് അലക്കു യന്ത്രത്തിന്റെ  താഴെയായി ഡ്രെയിൻ പമ്പ് ഫിൽട്ടർ (Drain Pump Filter കാണാം. ഇതിൽ നാണയങ്ങൾ, ബട്ടണുകൾ പോലുള്ള ചെറിയ വസ്തുക്കൾ കുടുങ്ങിപ്പോകാൻ സാധ്യതയുണ്ട്. 2-3 മാസം കൂടുമ്പോൾ ഇത് വൃത്തിയാക്കുന്നത് വെള്ളം പുറത്തേക്ക് പോകുന്നതിലെ തടസ്സം ഒഴിവാക്കും.

അലക്കുയന്ത്രത്തിന്റെ ശേഷിക്ക് (Capacity) അനുസരിച്ച് മാത്രമേ തുണികൾ ഇടാവൂ. കൂടുതൽ തുണികൾ ഒരുമിച്ച് കഴുകുന്നത് മോട്ടോറിനും ഡ്രമ്മിനും അമിതഭാരം നൽകുകയും കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും. 

ആവശ്യത്തിന് മാത്രം സോപ്പ് ഉപയോഗിക്കുക. അമിതമായ ഡിറ്റർജൻ്റ് ഉപയോഗിക്കുന്നത് മെഷീനുള്ളിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാൻ കാരണമാകും.
പോക്കറ്റുകളിൽ നിന്ന് നാണയങ്ങൾ, പേപ്പറുകൾ, താക്കോലുകൾ എന്നിവ നീക്കം ചെയ്ത ശേഷം മാത്രം തുണികൾ മെഷീനിൽ ഇടുക.

റാറ്റ് പ്രൊട്ടക്ഷൻ ഇല്ലാത്ത അലക്കു യന്ത്രം ആണെങ്കിൽ Rat Guard ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വാങ്ങാൻ ലഭിക്കും.

#washingmachine #TopLoadWashingMachine #FrontLoadWashingMachine #WashingMachineService

No comments:

Post a Comment