Saturday, September 12, 2026

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സൗജന്യമായി സിനിമ ടിക്കറ്റ് വാങ്ങാം

 

എല്ലാവരും തന്നെ ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നരാണ്. ഡെബിറ്റ് കാർഡിലെ  റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി ടിക്കറ്റ് വാങ്ങാം. ബാങ്ക് ഡെബിറ്റ് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകൾക്ക് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്കുകൾ നൽകുന്ന ആനുകൂല്യങ്ങളാണ് റിവാർഡുകൾ. 

റിവാർഡ് പോയിന്റുകൾ ലഭിക്കുന്ന വിധം

കടകളിൽ പോയി സ്വൈപ്പ്/ടാപ്പ് ചെയ്യുമ്പോഴോ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോഴോ റിവാർഡ് പോയിന്റുകൾ ലഭിക്കും. ചെലവാക്കുന്ന തുകയ്ക്കനുസരിച്ച് പോയിന്റുകൾ ലഭിക്കുന്നു. ഉദാഹരണത്തിന്, ചില ബാങ്കുകൾ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കോ 200 രൂപയ്ക്കോ 1 മുതൽ 2 പോയിന്റുകൾ വരെ നൽകുന്നു. 

ഉദാഹരണം, SBI ഡെബിറ്റ് കാർഡിലെ 1 റിവാർഡ് പോയിന്റ് (SBI Reward Point) = 25 പൈസ (₹0.25) ആണ്.  
4 റിവാർഡ് പോയിന്റുകൾ = ₹1
100 റിവാർഡ് പോയിന്റുകൾ = ₹25
400 റിവാർഡ് പോയിന്റുകൾ = ₹100
1,000 റിവാർഡ് പോയിന്റുകൾ = ₹250

ഡെബിറ്റ് കാർഡുകളുടെ ഇനം അനുസരിച്ചു പോയിന്റുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. സാധാരണ കാർഡുകൾക്ക് കുറവും, പ്രീമിയം ഡെബിറ്റ് കാർഡുകൾക്ക് കൂടുതൽ പോയിന്റുകൾ ലഭിക്കും. ബാങ്ക് അക്കൗണ്ടിന്റെ ഇനം അനുസരിച്ചാണ് ഡെബിറ്റ് കാർഡുകൾ നൽകുക. ഇന്ധനം നിറക്കൽ, ഡൈനിംഗ്, ഗ്രോസറി തുടങ്ങിയ ചില പ്രത്യേക ആവശ്യങ്ങൾക്ക്  കാർഡ് ഉപയോഗിക്കുമ്പോൾ അധിക പോയിന്റുകൾ ലഭിക്കാറുണ്ട്. 

റിവാർഡ് പോയിന്റുകൾ ഉപയോഗിക്കുന്ന വിധം

റിവാർഡ് പോയിന്റുകൾ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ ബാങ്കിന്റെ റിവാർഡ് പോർട്ടൽ (ഉദാഹരണത്തിന് SBI Rewardz, HDFC SmartBuy) വഴി ഉപയോഗിക്കാം: 

ഗിഫ്റ്റ് വൗച്ചറുകൾ (Amazon, Flipkart)  ആക്കി മാറ്റാം,  മൊബൈൽ റീചാർജ് ചെയ്യാനോ ഡിടിഎച്ച് ബില്ലുകൾ അടയ്ക്കാനോ ഉപയോഗിക്കാം.

വിമാന ടിക്കറ്റ്, ഹോട്ടൽ, ബസ്, സിനിമ ടിക്കറ്റ്  ബുക്കിംഗുകൾക്ക് പോയിന്റുകൾ ഉപയോഗിക്കാം. ചില ബാങ്കുകൾ പോയിന്റുകൾ നേരിട്ട് പണമാക്കി സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ അനുവദിക്കാറുണ്ട്.

സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വിധം

Bookmyshow ആപ്പ് ഉപയോഗിച്ച് സിനിമ ടിക്കറ്റു ബുക്ക് ചെയ്യുമ്പോൾ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് പണം അടക്കാം. BookMyShow ആപ്പ് വഴി ഡെബിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് മൂവി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള വഴി ഇതാണ്:

BookMyShow ആപ്പ് തുറന്ന് സിനിമ, തിയേറ്റർ, ഷോ സമയം, ആവശ്യമുള്ള സീറ്റുകൾ എന്നിവ തെരഞ്ഞെടുത്ത് Pay ക്ലിക്ക് ചെയ്യുക.
Redeem Points തിരഞ്ഞെടുക്കുക. ലിസ്റ്റിൽ നിന്നും ബാങ്ക് തിരഞ്ഞെടുക്കുക.
ഡെബിറ്റ് കാർഡിന്റെ അവസാന നാല് നമ്പറും, മൊബൈൽ നമ്പറും  നൽകി Check Balance ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അക്കൗണ്ടിലുള്ള പോയിന്റുകളുടെ രൂപയുടെ  മൂല്യം അവിടെ കാണാം.
Redeem ബട്ടൺ അമർത്തിക്കൊണ്ട് പേയ്മെന്റ് പൂർത്തിയാക്കാം.

മിക്കവരും സ്വന്തം ഡെബിറ്റ് കാർഡിലെ റിവാർഡ് പോയിന്റുകളെക്കുറിച്ചു തിരക്കുന്നവരല്ല. ഉപയോഗിച്ചില്ലെങ്കിൽ അവ പാഴായിപ്പോകും. റിവാർഡ് പോയിന്റുകൾക്ക് സാധാരണയായി 1 മുതൽ 3 വർഷം വരെ കാലാവധിയുണ്ടാകും. അതിനുള്ളിൽ ഉപയോഗിച്ചില്ലെങ്കിൽ അവ നഷ്ടപ്പെടും. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് സാധാരണയായി റിവാർഡ് പോയിന്റുകൾ ലഭിക്കാറില്ല. പരമാവധി  ഓൺലൈൻ ഇടപാടുകൾക്കും, ഷോപ്പിങിനും ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ റിവാർഡ് പോയിന്റുകൾ ശേഖരിക്കാം.