ലാപ്ടോപ്പുകളിൽ കേമനായി ആപ്പിൾ മാക്ബുക്കിനെ വാഴ്ത്താറുണ്ടെങ്കിലും, പട്ടി പണിയെടുപ്പിക്കാൻ പറ്റുന്നവനായാണ് ലെനോവോ തിങ്ക്പാഡ് ലാപ്ടോപ്പിനെ വിശേഷിപ്പിക്കുന്നത്. ശാസ്ത്ര, സാങ്കേതിക, ഐടി ലോകത്തു ജോലി ചെയ്യുന്നവരും, എഴുത്തുകാരും തിങ്ക്പാഡ് ലാപ്ടോപ്പിനെ അത്രയേറെ ഇഷ്ട്ടപ്പെടുന്നു. ഐബിഎം കമ്പനിയാണ് 1992-ൽ തിങ്ക്പാഡ് ലാപ്ടോപ്പ് സീരീസ് തുടങ്ങിയത്. നാസയുടെ ബഹികരാകാശ ദൗത്യങ്ങളിലും, സ്പേസ് സ്റ്റേഷനിലും തിങ്ക്പാഡ് ലാപ്ടോപ്പുകൾ 1993 മുതൽ ഉപയോഗിച്ചിരുന്നു. ബഹിരാകാശത്തു ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയ തിങ്ക്പാഡ് ലാപ്ടോപ്പുകൾ ആണ് സ്പേസ് സ്റ്റേഷനുകളിൽ ഉപയോഗിച്ചിരുന്നത്. 2005-ൽ ചൈനീസ് കമ്പനിയായ ലെനോവോ ഐബിഎം പേഴ്സണൽ കമ്പ്യൂട്ടർ വിഭാഗത്തെ ഏറ്റെടുത്തു. ലോകമെമ്പാടും വിതരണ ശൃഖലകൾ ഉള്ള ചൈനീസ് ടെക് ഭീമനായ ലെനോവോ ഏറ്റെടുത്തതോടു കൂടി തിങ്ക്പാഡ് ലാപ്ടോപ്പുകൾ കൂടുതൽ ജനകീയമായി. ഐബിഎം തുടങ്ങി വെച്ച തിങ്ക്പാഡ് പാരമ്പര്യം ലെനോവോ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.
തിങ്ക്പാഡ് എന്ത് കൊണ്ട് വ്യത്യസ്തം ആകുന്നു
കാഴ്ച്ചക്ക് അത്ര സ്റ്റൈലിഷ് അല്ല തിങ്ക്പാഡ് സീരീസ് ലാപ്ടോപ്പുകൾ. പൊതുവേ കറുത്ത നിറമാണ് എല്ലാ മോഡലുകൾക്കും. പ്രവർത്തനക്ഷമതക്ക് മുൻഗണന നൽകുന്ന ലളിതമായ ഡിസൈൻ ആണ് തിങ്ക്പാഡ് സീരീസ് പിന്തുടരുന്നത്.
ദീർഘനേരം ടൈപ്പ് ചെയ്യേണ്ടവർക്കു അനുയോജ്യമായ കീബോർഡ് ആണ് എന്നെ ആകർഷിച്ച പ്രധാന ഘടകം. ടൈപ്പിംഗ് വളരെ സുഗമമാണ്. ടൈപ്പ് ചെയ്യുമ്പോൾ വിരലുകൾ എളുപ്പത്തിൽ നീക്കാനും, അമർത്താനും സൗകര്യമുള്ള തരത്തിലാണ് ബട്ടണുകളുടെ രൂപകൽപ്പനയും, വിന്യാസവും. തിങ്ക്പാഡുകളുടെ Key Travel കൂടുതലാണ്. Key Travel എന്നത് കീബോർഡിലെ ഒരു കീ അമർത്തുമ്പോൾ അത് മുകളിലെ വിശ്രമസ്ഥാനത്തുനിന്ന് താഴേക്ക് സഞ്ചരിക്കുന്ന ദൂരമാണ്. സാധാരണയായി ഇത് മില്ലിമീറ്ററിൽ (mm) അളക്കുന്നു. ഉദാഹരണത്തിന്, 1.0 mm (കീയുടെ സഞ്ചാരം താരതമ്യേന കുറവ്), 1.5 mm (മിതമായ സഞ്ചാരം), 1.8 mm (കൂടുതൽ സഞ്ചാരം).
കീബോർഡിനു നടുവിലുള്ള ചുവന്ന ട്രാക്ക് പോയിന്റ് തിങ്ക്പാഡ് സീരീസിന്റെ മാത്രം പ്രത്യേകതയാണ്. കൈകൾ കീ ബോർഡിൽ നിന്നും മാറ്റാതെ മൗസ് പോയിന്റർ ആയി ഉപയോഗിക്കാം.
തിങ്ക്പാഡ് ബോഡി ശക്തമാണ്, വീഴ്ച്ച, ആഘാതം, വൈബ്രേഷൻ, പൊടി, ഈർപ്പം, താപനില എന്നിവയെ പ്രതിരോധിക്കാൻ തക്കവണ്ണം നിർമ്മിച്ചതാണ്. തിങ്ക്പാഡ് ലാപ്ടോപ്പുകളുടെ ബോഡി നിർമ്മിക്കാൻ അലുമിനിയം, മഗ്നീഷ്യം അലോയ്, പ്ലാസ്റ്റിക്, ഗ്ലാസ് ഫൈബർ ഉപയോഗിച്ച് ബലപ്പെടുത്തിയ പോളിമർ (Glass-fibre Reinforced Polymer) തുടങ്ങിയ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. എല്ലാ തിങ്ക്പാഡ് മോഡലുകളുടെയും ബോഡി ഒരേ സാമഗ്രികൾ കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. ഒരേ സീരീസിൽത്തന്നെ ജനറേഷൻ (Generation), സ്ക്രീൻ വലുപ്പം, കോൺഫിഗറേഷൻ എന്നിവ അനുസരിച്ച് മാറ്റങ്ങളുണ്ടാകാം.
അറ്റകുറ്റപ്പണികൾ, ഹാർഡ്വെയർ അപ്ഗ്രേഡ് തുടങ്ങിയ കാര്യങ്ങൾ സുഗമം ആണ്. പല മോഡലുകളിലും SSD, കീബോർഡ്, ബാറ്ററി തുടങ്ങിയ ഭാഗങ്ങൾ മാറ്റാൻ കഴിയും. ചിലതിൽ RAM-ഉം അപ്ഗ്രേഡ് ചെയ്യാം. പുതിയ ചില മോഡലുകളിൽ മദർ ബോർഡിൽ മെമ്മറി സ്ഥിരമായി ഉറപ്പിച്ചിട്ടുള്ളതിനാൽ (Soldered RAM) ഇത് സാധ്യമല്ല.
തിങ്ക്പാഡ് സീരീസുകൾ
ലെനോവോ തിങ്ക്പാഡ് വ്യത്യസ്ത ആവശ്യങ്ങൾക്ക് യോജ്യമായ രീതിയിൽ E, T, L, P എന്നീ സീരീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സീരീസിന്റേയും പ്രത്യേകതകൾ ഇവയാണ്:
ThinkPad E Series: എൻട്രി ലെവൽ സീരീസ് ആണ്. സ്ക്രീൻ വലുപ്പത്തിലുള്ള വ്യത്യാസം അനുസരിച്ചു E14, E16 എന്നിങ്ങനെ രണ്ടു മോഡലുകൾ ലഭ്യമാണ്. E14 എന്നത് 14 ഇഞ്ച് സ്ക്രീൻ വലുപ്പം, E16 നു 16 ഇഞ്ച് സ്ക്രീൻ വലുപ്പവും ഉണ്ട്. യാത്ര ചെയ്യുന്നവർക്ക് കൊണ്ടു നടക്കാൻ എളുപ്പം 14 ഇഞ്ച് വലുപ്പമുള്ളതാണ്. ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക്, അലുമിനിയം എന്നിവ ഉപയോഗിച്ചാണ് ബോഡി നിർമ്മിച്ചിരിക്കുന്നത്.
ThinkPad T Series: പ്രീമിയം ബിസിനസ് ലാപ്ടോപ്പ്. സ്ക്രീൻ വലുപ്പത്തിലുള്ള വ്യത്യാസം അനുസരിച്ചു T14, T16 രണ്ടു മോഡലുകൾ ഉണ്ട്. ഉറപ്പിനും, ഭാരക്കുറവിനും മഗ്നീഷ്യം അലോയ്, ഗ്ലാസ് ഫൈബർ ഉപയോഗിച്ച് ബലപ്പെടുത്തിയ പോളിമർ ഉപയോഗിച്ച് നിർമ്മിച്ച ബോഡി.
ThinkPad L Series: സ്ഥാപനങ്ങൾക്കുള്ള ബിസിനസ് ലാപ്ടോപ്പ്. സീരീസുകൾ L14, L16.
ThinkPad P Series: മൊബൈൽ വർക്ക്സ്റ്റേഷൻ വിഭാഗത്തിൽ പെടുത്താം ഈ സീരീസിനെ. സ്ക്രീൻ സൈസ് അടിസ്ഥാനമാക്കി P14s, P16, P1 എന്നീ വേരിയന്റുകളിൽ ലഭിക്കുന്നു. CAD, 3D മോഡലിങ്, എൻജിനീയറിങ് സോഫ്റ്റ്വെയർ, വീഡിയോ പ്രൊഡക്ഷൻ, ചില AI/ML ജോലികൾ തുടങ്ങിയ ഉയർന്ന കമ്പ്യൂട്ടിങ് ശേഷി ആവശ്യമായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണ്. മറ്റുസീരീസുകളിൽനിന്നുംവ്യത്യസ്തമായി GPU-കളും, ശക്തമായ പ്രോസസറുകളും ഉണ്ടായിരിക്കും.
തിങ്ക്പാഡ് ഉപഭോക്താക്കൾ ആരൊക്കെയാണ്
അധ്യാപകരും ഗവേഷകരും അടങ്ങുന്ന അക്കാദമിക് സമൂഹത്തിനു അനുയോജ്യമാണ്. ഗവേഷണ പ്രബന്ധങ്ങൾ, റിപ്പോർട്ടുകൾ, അവതരണങ്ങൾ, ദീർഘനേരത്തെ എഴുത്ത് എന്നിവയ്ക്ക് ഉപകരിക്കും.
പ്രോഗ്രാമർമാർക്കും, സിസ്റ്റം അഡ്മിന്മാർക്കും കോഡിങ്, Linux, ടെർമിനൽ ഉപയോഗം, സോഫ്റ്റ്വെയർ വികസനം എന്നിവയ്ക്ക് അനുയോജ്യം.
ഭാരക്കുറവും, ബലവും ഉള്ളത് കൊണ്ട് യാത്ര ചെയ്യുന്ന പ്രൊഫഷണലുകൾ, പതിവായി ലാപ്ടോപ്പ് കൊണ്ടുനടക്കുന്നവർക്ക് തിങ്ക്പാഡ് തട്ടലുകളേയും, മുട്ടലുകളേയും പ്രതിരോധിക്കും.
എവിടെ നിന്ന് വാങ്ങണം
റീഫർബിഷ്ഡ് തിങ്ക്പാഡ്
എന്റെ തിങ്ക്പാഡ് അനുഭവം
ലിനക്സ് ഇൻസ്റ്റലേഷൻ
Windows ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റി Kubuntu 26.10 ഇൻസ്റ്റാൾ ചെയ്തു. ഏറ്റവും പുതിയ ലിനക്സ് കെർണലും, പുതിയ bleeding edge ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് Kubuntu 26.10 ഇറക്കിയിരിക്കുന്നത് (ഒക്ടോബർ 2026). ലെനോവോ ലാപ്ടോപ്പുകൾക്ക് മികച്ച ലിനക്സ് സപ്പോർട്ട് ഉണ്ട്, പല മോഡലുകൾക്കും ഒഫീഷ്യൽ സപ്പോർട്ട് ഉണ്ട്, പ്രത്യേകിച്ചും തിങ്ക്പാഡ് സീരീസിന്. Lenovo BIOS അപ്ഡേറ്റുകളും, Linux firmware പിന്തുണയും ഉബുന്ദു സോഫ്റ്റ്വെയർ സെൻ്റെർ വഴി കിട്ടും. പഴയ കമ്പ്യൂട്ടറുകൾക്ക് വിൻഡോസ് സപ്പോർട്ട് നിർത്തി വരുന്ന സാഹചര്യത്തിൽ ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് പ്രസക്തിയുണ്ട്.
DiscountDeals India Store, കോട്ടയത്ത് നിന്നാണ് വാങ്ങിയത്, അവിടെ ലാപ്ടോപ്പ് സർവീസും ഉണ്ട്. ഒരു വർഷം വാറന്റി കൂടി ലഭിച്ചിട്ടുണ്ട്.
