Tuesday, July 13, 2021

മൊബൈൽ ഫോണും കുട്ടികളുടെ ഓൺലൈൻ പഠനവും



കോവിഡ് മഹാമാരി ഓൺലൈൻ പഠനത്തിലേക്ക് മാറാൻ ഏവരെയും നിർബന്ധിതരാക്കി. ഓൺലൈൻ പഠനത്തിന് കമ്പ്യൂട്ടറോ, മൊബൈൽ ഫോണോ വേണമെന്നത് നിർബന്ധമാണ്. കോവിഡ് കാരണം രക്ഷിതാക്കളുടെ വരുമാന മാർഗങ്ങൾ അടഞ്ഞത്  സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ ബാധിച്ചു. രാഷ്ട്രീയ പാർട്ടികളും, സന്നദ്ധ സംഘടനകളും, വ്യക്തികളും ഓൺലൈൻ പഠനോപകരണങ്ങൾ വാങ്ങാൻ പാവപ്പെട്ട  വിദ്യാർത്ഥികളെ വളരെയധികം സഹായിക്കുകയുണ്ടായി. വിലക്കുറവുണ്ട് എന്ന കാരണത്താൽ മൊബൈൽ ഫോണുകളാണ് ഓൺലൈൻ പഠന സഹായമായി ഭൂരിഭാഗം പേർക്കും ലഭിച്ചത്. വിദ്യാർത്ഥികൾക്ക് ലഭിച്ച മൊബൈൽ ഫോണുകൾ വേറൊരു വിധത്തിൽ ഉപദ്രവമാകുന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. 

പഠന സമയം കഴിഞ്ഞാലും മൊബൈൽ ഫോൺ കുട്ടികളുടെ കൈവശം ഉണ്ടാവുകയും അവർ ഗെയിമിംഗ്, അശ്ലീല സൈറ്റുകൾ, ചൂതാട്ടം തുടങ്ങിയ കാര്യങ്ങളിൽ മുഴുകാനും ഇടയാക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ അപകടവശത്തെക്കുറിച്ചു അറിവില്ലാത്ത മാതാപിതാക്കൾ കുട്ടികൾ എന്തു ചെയ്യുന്നുവെന്ന് ബോധവാന്മാരുമല്ല. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കൂടി പരിഗണിക്കണം. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ട്, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നിസ്സാരമായി കാണാൻ പറ്റുകയില്ല. മൊബൈൽ ഫോണിന്റെ സഹായത്തോടെയുള്ള ഓൺലൈൻ പഠനം കുട്ടികളുടെ വിദ്യാഭ്യാസത്തെ താളം തെറ്റിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

ദുരുപയോഗ സാധ്യത പരിഗണിക്കുമ്പോൾ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണിനേക്കാൾ അനുയോജ്യം ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ തന്നെയാണ്. കമ്പ്യൂട്ടറുകളുടെ ഉയർന്ന വില ഒരു പ്രധാന തടസ്സമാണ്. കോവിഡ് സ്ഥിതി മൂലം ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളുടെ വില വളരെയധികം ഉയർന്നിട്ടുണ്ട്. ഇന്റൽ i3 പ്രൊസസ്സർ അധിഷ്ഠിതമായ ലാപ്‌ടോപ്പ്/ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിനു 30000 മുതൽ 40000 രൂപ വരെ വിലയുണ്ട്. 

ഓൺലൈൻ പഠനത്തിന് ഉയർന്ന പ്രവർത്തന ശേഷിയുള്ള കമ്പ്യൂട്ടറുകൾ ആവശ്യമില്ല എന്നതൊരു അനുകൂല ഘടകമാണ്. പ്രവർത്തനശേഷി കുറഞ്ഞ പെന്റിയം, സെലറോൺ പ്രൊസസ്സർ അധിഷ്ഠിതമായ കമ്പ്യൂട്ടറുകൾ കുറഞ്ഞ വിലക്ക് ലഭ്യമാണ്. ഇത്തരം  പ്രൊസസ്സറുകൾകൾക്ക് വിലയും കുറവാണ്. വേഗത കൂടിയ SSD സ്റ്റോറേജിനൊപ്പം പെന്റിയം, സെലറോൺ പ്രൊസസ്സറുകൾ മികച്ച പ്രവർത്തനക്ഷമത കാണിക്കും. കേരള സർക്കാർ കമ്പ്യൂട്ടർ നിർമ്മാണ സംരംഭമായ കൊക്കോണിക്സ് പെന്റിയം, സെലറോൺ അധിഷ്ഠിതമായ വിലകുറഞ്ഞ (രൂപ 15000)  ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ ഇറക്കിയെങ്കിലും വേണ്ടത്ര പ്രചാരം കിട്ടിയില്ല എന്നാണു കരുതുന്നത്. കേരള സർക്കാർ മുൻകൈയെടുത്തിരുന്നെങ്കിൽ ഓൺലൈൻ പഠനത്തിന് അനുയോജ്യമായ വിലകുറഞ്ഞ കൊക്കോണിക്സ്  ലാപ്‌ടോപ്പുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ സാധിക്കുമായിരുന്നു. പെന്റിയം, സെലറോൺ പ്രൊസസ്സറുകൾ അധിഷ്ഠിതമായ കമ്പ്യൂട്ടറുകൾ പ്രാദേശികമായും  കൂട്ടിയോജിപ്പിച്ചു (Assemble) വാങ്ങാവുന്നതാണ്. 

ഓൺലൈൻ പഠന സഹായം ഇനി നൽകേണ്ട ഒരവസ്ഥ ഉണ്ടാകുകയാണെങ്കിൽ മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ട് ചിലവ് കുറഞ്ഞ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്. മൊബൈൽ അടിമത്വം കുറച്ചു കൊണ്ട് പഠനം കഴിഞ്ഞുള്ള സമയം വായനയിലേക്കും, മറ്റു ക്രിയാത്മക പ്രവർത്തനങ്ങളിലേക്കും വഴിതിരിക്കാൻ കമ്പ്യൂട്ടറുകളുടെ ഉപയോഗം കൊണ്ട് സാധിക്കും. 

No comments:

Post a Comment