തിരുനെല്ലി ക്ഷേത്ര നട (നടപ്പന്തൽ ഇടുന്നതിനു മുൻപുള്ളത്) കടപ്പാട്: Augustus Binu |
ഈശ്വര ഭക്തന്മാരുടെ വിശ്വാസ കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ. ഭക്തിയും വിഭക്തിയും വ്യക്തിപരമായ വിശ്വാസ സംഹികതകൾ ആണെങ്കിലും ചില ക്ഷേത്രാങ്കണങ്ങൾ മനുഷ്യ മനസ്സിന് നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്. ആത്മീയ ശൈശവാവസ്ഥയിലുള്ളവർ ക്ഷേത്രങ്ങളെ സമീപിക്കുന്നത് ആരാധനക്കും, ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ആണ്. ചരിത്ര-സാംസ്കാരിക അന്വേഷണ കുതികികൾക്ക് ക്ഷേത്രങ്ങൾ പാഠ പുസ്തകങ്ങൾ ആണ്. ഇതിനൊക്കെ പുറമെ ക്ഷേത്രാങ്കണങ്ങൾ നല്ല ഒരു സാമൂഹിക ഇടം കൂടിയാണ് (Social space). കേരളീയ വാസ്തു പാരമ്പര്യം പേറിയിരിന്ന പുരാതന ക്ഷേത്രങ്ങൾ പലതും അശാസ്ത്രീയമായ നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് പുരകളായി മാറിക്കൊണ്ടിരിക്കുന്നു. പുരാതന വാസ്തു ഭംഗിയും, ശില്പ ചാതുര്യവും തുളുമ്പുന്ന ക്ഷേത്രങ്ങൾ എണ്ണത്തിൽ കുറവായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഒരു പുനഃസന്ദര്‍ശനം നടത്തിയത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു ഡിസംബർ മാസത്തിൽ ആണ് തിരുനെല്ലി ക്ഷേത്രത്തിൽ എത്തിയത്. കാനന മധ്യത്തിലായതിനാലും, ക്ഷേത്ര ഭാരവാഹികൾ മാർക്കറ്റിംഗ് കുതന്ത്രങ്ങൾ പ്രയോഗിക്കാത്തതിനാലും ആവണം ഭക്തന്മാരുടെ കുത്തൊഴുക്കില്ല. ക്ഷേത്ര ചൈതന്യം ആവോളമുണ്ടുതാനും. വയനാട്ടിലെ മഴ ആസ്വദിക്കാൻ കൂടിയാണ് ഇത്തവണ തിരുനെല്ലി യാത്ര ജൂൺ മാസത്തിലാക്കിയത്.