Friday, August 15, 2014

498a എന്ന ഭീകരൻ (Domestic violence Act)

Domestic Violence Act എന്ന് ഇംഗ്ലീഷിലും, ഗാർഹിക പീഡന നിയമം എന്ന് മലയാളത്തിലും അറിയപ്പെടുന്ന ഈ കക്ഷി ഈയിടെ പത്ര വാർത്തകളിൽ ഇടം പിടിച്ചു. ഈ നിയമത്തെ പുതുക്കി നിശ്ചയിക്കാൻ പോക്കുന്നുവത്രേ. സ്ത്രീകളെ മാത്രം പീഡനത്തിൽ (ഭർത്താവിന്റെയും, ബന്ധുക്കളുടെയും പീഡനം) നിന്നും രക്ഷിക്കാനുള്ള ഈ നിയമം സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നു എന്നതാണ് കാരണം.

ശാരീരികമായും, മാനസികമായും (വാക്കുകൾ കൊണ്ട് പോലും) പീഡനം ചെയ്യുന്നു എന്ന് ഭാര്യ പരാതി പരാതി നൽകിയാൽ ഭർത്താവ് അറസ്റ്റിൽ ആകും. ശാരീരികമായി ഉപദ്രവിച്ചു, സ്ത്രീധനം ആവശ്യപ്പെട്ടു, അസഭ്യം പറയുക തുടങ്ങിയ കാരണങ്ങൾ പറഞ്ഞു ഭർത്താവിനെയും, ബന്ധുക്കളെയും (അമ്മ, അച്ഛൻ, സഹോദരി, സഹോദരൻ) വരെ അന്വേഷണം ഒന്നും കൂടാതെ തന്നെ അറസ്റ്റ് ചെയ്യിക്കാൻ കഴിയും. ഭർത്താവിന്റെ ബന്ധുക്കൾ ദമ്പതികൾക്കൊപ്പം താമസിക്കുന്നില്ലെങ്കിൽ കൂടിയും അവരെ പ്രതികളാക്കാൻ പറ്റും. 

ഗാർഹിക പീഡന നിയമപ്രകാരം സ്ത്രീകൾ നല്കിയ ഭൂരിഭാഗം കേസുകളും വ്യാജവും കെട്ടിച്ചമച്ചതാണെന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് സ്ത്രീകൾ ഗാർഹിക പീഡന നിയമപ്രകാരം കേസ് നല്കാൻ തയ്യാറാകുന്നത് എന്ന് നോക്കാം:

1. ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതെ അകന്നു ജീവിക്കുന്ന അവസരത്തിൽ, ഭാര്യയുടെ വേണ്ടപ്പെട്ടവർക്ക് പണത്തിന്റെ ആവശ്യം വരുമ്പോൾ ഗാർഹിക പീഡന നിയമം ഉപയോഗിക്കും. ഇത്തരം സന്ദർഭങ്ങളിൽ വിലപേശൽ നടത്തി പുരുഷന്റെ കയ്യിൽ നിന്നും പണം ഈടാക്കാൻ ഈ നിയമം മറയാക്കുന്നു.
2. ദുർവാശിയും, പ്രതികാര മനോഭാവം വെച്ചുപുലർത്തുന്ന സ്ത്രീകൾ ഭർത്താവിനെയും, വീട്ടുകാരെയും ഒരു പാഠം പഠിപ്പിക്കാൻ ഗാർഹിക പീഡന നിയമ പ്രകാരം കേസ് നല്കാറുണ്ട്.
3. ഭാര്യയുടെ അവിഹിത ബന്ധം കയ്യോടെ പിടികൂടപ്പെടുകയും, രക്ഷപെടാൻ വേറെ നിർവാഹം ഇല്ലാതെ വരികയും ചെയ്യുന്ന അവസ്ഥയിൽ നാണക്കേടു ഒഴിവാക്കാനും, ഭാർത്താവിന്റെ മേൽ പഴി ചാരാനും പീഡന നിയമം പ്രയോഗിക്കും.
4. ഭാര്യക്ക് ഭർത്താവിന്റെ കൂടെ തുടർന്നു ജീവിക്കാൻ താല്പര്യം ഇല്ലാതെ വരികയും, വിവാഹ ബന്ധത്തിൽ നിന്നും പുറത്തു  കടക്കാനോ, ഭർത്താവിനെ നീണ്ട കാലത്തേക്ക് അകറ്റി നിർത്താനോ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. കുടുംബമായി ജീവിക്കാൻ ആത്മവിശ്വാസം ഇല്ലാത്ത ചില സ്ത്രീകൾ കുട്ടികൾ ആയ ശേഷം, എന്തെങ്കിലും കാരണം ഉണ്ടാക്കി സ്വന്തം മാതാപിതാക്കളോടു കൂടി ജീവിക്കാൻ വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്. സ്വതന്ത്ര ജീവിതം ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇങ്ങനെ ചെയ്യുന്നത്, അവർക്ക് പേരിനൊരു ഭർത്താവിനെയും വേണം, കൂടെ ജീവിക്കാൻ താല്പര്യവുമില്ല. 
5. ഭർത്താവിനെ തന്റെ സമ്പൂർണ നിയന്ത്രണത്തിൽ ആക്കാനും, മാതാപിതാക്കളെ ഭർത്താവിൽ നിന്നും അകറ്റി ഒറ്റപെടുത്താനും ദുഷ്ട ചിന്തയോട് കൂടി ചില സ്ത്രീകൾ ശ്രമിക്കാറുണ്ട്. ഈ കാര്യത്തിനു പീഡന നിയമം സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമാണ്.
6. പഴയ/പുതിയ കാമുകന്റെ  (Lover/paramour) കൂടെ ജീവിക്കാൻ വേണ്ടി, ഭർത്താവിനെ വിവാഹ മോചനത്തിന് നിർബന്ധിക്കാൻ സ്ത്രീകൾ ഇക്കാലത്ത് ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് ഒരു ഫാഷൻ ആയി മാറിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി നല്ല ഒരു തുക ഭർത്താവിൽ നിന്നും കോടതി വഴി വാങ്ങിച്ചെടുക്കാനും, പുതിയ ജീവിതം തുടങ്ങാൻ ഈ തുക ഉപയോഗിക്കാനും പറ്റും എന്നതാണ് ഏറ്റവും മെച്ചം.

ഗാർഹിക പീഡന നിയമപ്രകാരം കുറ്റം ആരോപിക്കപ്പെട്ടാൽ പുരുഷന് നിയമത്തിന്റെ യാതൊരു ആനുകൂല്യവും ലഭിക്കില്ല. ഇങ്ങനെ വരുന്ന അവസ്ഥയിൽ സ്വയം രക്ഷിക്കാൻ പുരുഷന്മാർക്ക് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം:

1. കോടതിയിൽ നിങ്ങൾ നിരപരാധി ആണ് എന്ന് തെളിയിക്കാൻ ഉപകരിക്കുന്ന എല്ലാ തെളിവുകളും ശേഖരിച്ചു സൂക്ഷിച്ചു വെക്കുക. ടെലിഫോണ്‍ സംഭാഷണങ്ങൾ, ഇമെയിൽ, ഫോട്ടോകൾ, ചാറ്റ് ചെയ്ത രേഖകൾ, ഇവയൊക്കെ നിങ്ങൾ നിരപരാധി ആണ് എന്ന് തെളിയിക്കാൻ പര്യാപ്തമായ രേഖകൾ ആണ്. ഭാര്യ കൂടെ താമസിക്കുമ്പോൾ തന്നെ അസുഖ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങുന്നത് മനസിലാക്കാൻ ശ്രമിക്കുക്ക!! ഉടനെ തന്നെ സംശയത്തിനു ഇടവരാതെ തന്നെ തെളിവുകൾ ശേഖരിച്ചു സൂക്ഷിക്കുക. എല്ലാ പ്രധാന സർട്ടിഫിക്കറ്റുകളും (വിവാഹ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, വസ്തുവിന്റെ രേഖകൾ, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ബാങ്ക് പാസ്സ്ബുക്ക്‌) കോപ്പികൾ എടുത്ത ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക. ഒരു നാൾ ഭാര്യ സകല രേഖകളും കൈക്കലാക്കി കൊണ്ട് നിങ്ങളോട് ടാറ്റാ പറഞ്ഞു കൊണ്ട് വീടിന്റെ പടിയിറങ്ങി പോകുമ്പോൾ ഖേദിക്കേണ്ടി വരരുത്.

2. നിങ്ങൾ സ്ത്രീധനം വാങ്ങാതെ വിവാഹം നടത്തിയ മാന്യൻ ആണെങ്കിൽ, സ്ത്രീധനം വേണം എന്ന് പറഞ്ഞു വിവാഹ ശേഷം പീഡിപ്പിച്ചു എന്നായിരിക്കും ഭാര്യ പരാതിയിൽ ആരോപിക്കുക. കിട്ടിയ സ്വർണം മുഴുവൻ ഭാര്യ വീട്ടുകാരുടെ കൈവശമോ/ബാങ്ക് ലോക്കറിലോ ആയിരിക്കും സൂക്ഷിച്ചിരിക്കുക. ബാങ്ക് ലോക്കറിന്റെ വിവരങ്ങൾ ശേഖരിക്കുക. അവർ പണയം വെച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സമാഹരിക്കുക. ഭാര്യയുടെ സ്വർണം നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ അത് സുരക്ഷിതമായി സൂക്ഷിക്കുക. എന്തൊക്കെ സമ്മർദം ഉണ്ടായാലും കോടതിയുടെ മധ്യസ്ഥതയിൽ അല്ലാതെ തിരികെ കൊടുക്കാൻ പാടില്ല. "ഭാര്യയുടെ സ്വർണം മുഴുവൻ നിങ്ങൾ വിറ്റു തുലച്ചു, മദ്യപിച്ചു മദോൻമത്തൻ ആയി ടിയാൻ ജീവിച്ചു വരുന്നു, ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല, അമ്മായി അമ്മയെ/അപ്പനെ മർദിച്ചു" എന്നത് പോലെയുള്ള രക്തം തിളപ്പിക്കുന്ന വാക്കുകൾ നിങ്ങൾക്കെതിരെയുള്ള ആരോപണത്തിൽ കണ്ടാൽ സംയമനം പാലിക്കുക. അതൊക്കെ വക്കീലിന്റെ സാഹിത്യ ഭാവനയിൽ വിടരുന്ന അക്ഷര കുസുമങ്ങൾ ആണ് എന്ന് കരുതി ക്ഷമിക്കുക. വിവാഹ ശേഷം നിങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് ഭാര്യയുടെ വീട്ടുകാരുമായി പണമിടപാടുകൾ (അത്യാവശ്യ വായ്പകൾ) നടത്തിയിരിക്കാം. അതൊന്നും സ്ത്രീധനത്തിന്റെ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന് മനസ്സിലാക്കുക.

3. ഗാർഹിക പീഡനം ക്രിമിനൽ കേസ് ആണ്, അതിനെ നേരിടാൻ മാനസികമായി സജ്ജരാകുക. അവൾ നിങ്ങളുടെ ഭാര്യ ആയതു കൊണ്ട് കേസിന്റെ കാര്യത്തിൽ മൃദുല സമീപനം സ്വീകരിക്കും എന്ന മൂഡ വിശ്വാസം ഉപേക്ഷിക്കുക. അവൾ കേസിന്റെ കാര്യത്തിൽ നിങ്ങളോട് യാതൊരു ദാക്ഷിണ്യവും കാണിക്കാൻ ഇടയില്ല. ഉണ്ടെങ്കിൽ തന്നെ അവളുടെ വീട്ടുകാർ സമ്മതിച്ചു എന്ന് വരികയില്ല. ഭാര്യയോടുള്ള എല്ലാ മൃദുല സമീപനങ്ങളും ഉപേക്ഷിക്കുക. "എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട" എന്നാ ദൃഡ നിശ്ചയം എടുക്കുക. ഇതൊരു യുദ്ധം ആണെന്ന് കരുതുക, നിങ്ങൾ ഏകനായി ഒരു അക്ഷൌഹിണി പടയോട് ഏറ്റുമുട്ടാൻ പോകുന്ന യുദ്ധം. കേസ് കൊടുക്കുന്ന മാത്രയിൽ തന്നെ, നിങ്ങളുടെ ഭാര്യയുടെ ചുറ്റും നിയമസംവിധാനങ്ങൾ പത്മവ്യൂഹം ചമയ്ക്കും. 

4. കേസ് കൊടുക്കാൻ സാധ്യത ഉള്ള പോലീസ് സ്റ്റേഷനിൽ (മിക്കവാറും ഭാര്യയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷൻ) അന്വേഷിച്ച ശേഷം കേസ് ഫയൽ ചെയ്തിട്ട് ഉണ്ടെങ്കിൽ അതിന്റെ നമ്പർ കണ്ടു പിടിച്ചു എത്രയും വേഗം മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിക്കുക. പോലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്ന് അന്വേഷിക്കുന്നതിനു പകരം ഒരു വക്കീീലിനെ ഏർപെടുത്തുക. നേരിട്ട് അന്വേഷിക്കാൻ ചെന്നാൽ ഒരു പക്ഷെ നിങ്ങളെ അറസ്റ്റ് രേഖപ്പെടുത്തി അകത്താക്കിയെന്നു വരാം!! ഇത്തരം കാര്യങ്ങളിൽ പോലീസിന്റെ വേഗത പൊതുജനങ്ങളെ അമ്പരപ്പിക്കാറുണ്ട്. 

5. കേസ് നടത്തുന്നതിനു ആവശ്യമായ പണം സമാഹരിക്കുക (കുറഞ്ഞത്‌ 50000 രൂപ).

6. നിങ്ങൾക്ക് എതിരെ ഗാർഹിക പീഡന കേസ് ഭാര്യ നല്കിയിരിക്കുന്നു എന്നാ വിവരത്തിനു വേണ്ട പബ്ലിസിറ്റി കൊടുക്കുക. ഭാര്യയുടെ ബന്ധു മിത്രാദികളെയും, അയല്ക്കാരെയും വിവരങ്ങൾ അറിയിക്കുക. ഗാർഹിക പീഡന നിയമപ്രകാരം നിങ്ങളെ അറസ്റ്റ് ചെയ്ത വിവരം പത്രം, ഫേസ്ബുക്ക്‌ തുടങ്ങിയ മാധ്യമങ്ങളിൽ വാർത്ത‍ കൊടുത്തു ഒരു ആഘോഷം ആക്കി മാറ്റുക!! 

7. Restitution of Conjugal Rights പ്രകാരം ഭാര്യക്കെതിരെയും ഒരു അപേക്ഷ കുടുംബ കോടതിയിൽ ഫയൽ ചെയ്യുക. നിങ്ങളുടെ വിവാഹ ബന്ധം പുനസ്ഥാപിച്ചു കിട്ടാൻ വേണ്ടിയുള്ള ഒരു അപേക്ഷ ആണ്.  നിങ്ങളുടെ കൂടെ ജീവിക്കാൻ താല്പര്യം ഉണ്ടോ ഇല്ലായോ എന്ന് ഭാര്യ കോടതിയോട് സമാധാനം പറയേണ്ടി വരും. നിസ്സാര കാര്യങ്ങൾക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും കൂടുതൽ കാലത്തേക്ക് തുടർച്ചയായി പിണങ്ങി പോകുന്ന ഭാര്യമാരെ പൂട്ടാനുള്ള ഒരു വകുപ്പാണ് ഇത്.

 8. ദമ്പതികൾ പിണങ്ങി കഴിഞ്ഞാൽ സ്വാഭാവികമായും കുട്ടികൾ മാതാവിനോടൊപ്പം ആയിരിക്കും ജീവിക്കുക. പിതാവിന് കുട്ടികളെ കാണാൻ ഉള്ള അവസരം ഭാര്യയും, ബന്ധുക്കളും ചേർന്ന് ഇല്ലാതാക്കുന്നത് പതിവാണ്. എന്തൊക്കെ പ്രോലോഭനങ്ങൾ ഉണ്ടായാലും ഭാര്യയുടെ വീട്ടിൽ പോയി കുട്ടിയെ കാണാൻ ശ്രമിക്കരുത്. മിക്കവാറും അങ്ങനെ ഉള്ള അവസരങ്ങളിൽ പ്രോകോപനം ഉണ്ടാക്കുന്ന രീതിയിൽ ഭാര്യ വീട്ടുകാർ പെരുമാറുകയും അത് കയ്യാങ്കളിയിൽ അവസാനിക്കാനും സാധ്യത ഉണ്ട്. വീട്ടിൽ അതിക്രമിച്ചു കടക്കൽ, കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു, അമ്മായി അമ്മയെ പീഡിപ്പിച്ചു, അമ്മായി അപ്പനെ കുനിച്ചു നിർത്തി ഇടിച്ചു എന്നിങ്ങനെ കാരണങ്ങൾ പറഞ്ഞു അവർക്ക് കള്ള കേസ് കൊടുക്കാൻ സാധിക്കും. പ്രകോപനം ഉണ്ടായില്ലെങ്കിൽ തന്നെ ഇങ്ങനെ കേസ് കൊടുക്കാൻ അവർ മുതിർന്നേക്കാം. അവസാനം കൂനിന്മേൽ കുരു ആയ അവസ്ഥയിൽ എത്തും.

9. Child custody നിയമപ്രകാരം കുട്ടിയെ വിട്ടു കിട്ടാനുള്ള ഒരു അപേക്ഷ എത്രയും പെട്ടെന്ന് കുടുംബ കോടതിയിൽ നൽകുക. മാതാവിനു കുട്ടിയെ വിട്ടു കൊടുക്കാനെ കോടതികൾ മിക്കവാറും അനുവദിക്കു. പക്ഷെ ഇതിനൊപ്പം തന്നെ പിതാവിന് കുട്ടിയുടെ സ്കൂളിൽ പോക്കിന് തടസ്സം വരാത്ത രീതിയിൽ തുടരെ കാണാൻ കോടതി അനുവദിക്കും. കുട്ടിയെ അവധി ദിവസങ്ങളിൽ പിതാവിനൊപ്പം താമസിക്കാനും കോടതി അനുവദിക്കും. കുട്ടിയെ മാതാപിതാക്കൾക്ക് കാണുന്നതിനു വേണ്ട നടപടികൾ ചെയ്തു തരും. സ്കൂളിൽ ചെന്ന് കുട്ടിയെ കാണാനും, അവിടുത്തെ പരിപാടികളിൽ കുട്ടിയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനും പിതാവിന് ഇങ്ങനെ സാധിക്കും.

10. Restitution of Conjugal Rights (RCR), Child Custody ക്കും അപേക്ഷ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഭാര്യയും ഭർത്താവും ഒരേ ജില്ലക്കാർ അല്ല എങ്കിൽ, സ്വാഭാവികമായും ഭർത്താവ് സ്വന്തം ജില്ലയിലുള്ള കുടുംബകോടതിയിൽ ആയിരിക്കും പെറ്റിഷൻ സമർപ്പിക്കുക. അങ്ങനെ ചെയ്‌താൽ ഭാര്യ വക്കീൽ മുഖേന സ്വന്തം ജില്ലയിലുള്ള കുടുംബ കോടതിയിലേക്ക് കേസ് മാറ്റാൻ ഹൈ കോടതിയിൽ അപേക്ഷ സമർപ്പിക്കും. കോടതി അത് അനുവദിക്കുകയും ചെയ്യും. നിങ്ങളുടെ ഭാര്യ ജോലി ചെയ്യുന്നത് വേറെ ഒരു ജില്ലയിൽ ആണെങ്കിൽ കോടതി കേസ് അവിടേക്ക് മാറ്റും. സ്ത്രീയുടെ സൗകര്യം ആണ് കോടതി എപ്പോഴും പരിഗണിക്കുക. ഈ പ്രക്രിയക്ക് ഏകദേശം മൂന്നു മാസം സമയം എടുക്കും. ഇത് കേസ് തുടങ്ങാൻ വൈകിപ്പിക്കും. ഇതൊഴിവാക്കാൻ നിങ്ങൾ ഭാര്യയുടെ വീട് സ്ഥിതി ചെയ്യുന്ന/ജോലി ചെയ്യുന്ന ജില്ലയിലുള്ള കുടുംബ കോടതിയിൽ പെറ്റിഷൻ സമർപ്പിക്കാൻ വക്കീലിനെ നിർബന്ധിക്കുക. അവിടെ നിന്നും ഒരു വക്കീലിനെ കണ്ടുപിടിക്കുന്നതാണ് ഉചിതം. നിയമങ്ങൾ സ്ത്രീക്ക് വേണ്ടിയാണ് നില കൊള്ളുന്നത്‌ എന്ന് ഇപ്പോൾ മനസിലായി കാണുമല്ലോ. 

വക്കീലന്മാർ വ്യാജ ഗാർഹിക പീഡന കേസ് കൊടുക്കാൻ സ്ത്രീകളെ നിർബന്ധിക്കാറുണ്ട്. തങ്ങളുടെ ഭാഗത്ത്‌ ന്യായം ഇല്ല എന്ന് അറിയുന്ന ഭാര്യമാർ  ഗാർഹിക പീഡന കേസ് കൊടുക്കാൻ തയ്യാറാകില്ല. സ്വയം നാറും എന്നത് തന്നെ കാര്യം. പിന്നെ തനിക്കോ, കുട്ടിക്കൊ ചിലവിനു കൊടുക്കുന്നില്ല എന്ന ആരോപിച്ചു കേസ് നല്കും. വ്യാജ ഗാർഹിക പീഡന കേസിന്റെ അന്ത്യവും വളരെ ദയനീയം ആണ്. ഇത്തരം കേസുകൾ കോടതിയിൽ എത്തുമ്പോൾ തന്നെ ന്യായധിപനു ചൊറിച്ചിൽ വരും. കൂടി വന്നാൽ നാല് കൊല്ലം വരെ പീഡന കേസ് "ഷോലെ" എന്ന ഹിന്ദി ചിത്രം പോലെ ഓടി കളിക്കും. ഇതിനിടയിൽ കോടതി കേറി ഇറങ്ങി ഭാര്യയുടെ ചെരുപ്പ് തേയും. അവളുടെ വീട്ടുകാരും കോടതിയിൽ വരവ് മടുത്തു ഭാര്യയെ ശപിക്കാൻ തുടങ്ങും. വേണ്ടത്ര തെളിവിന്റെ അഭാവത്തിൽ ഒരു നാൾ കോടതി കേസ് തള്ളും. അപ്പോൾ പന്തിന്റെ നിയന്ത്രണം പുരുഷന്റെ കാലിലേക്ക് വരുന്നു. ഈ വ്യാജ കേസ് മൂലം ഉണ്ടായ കഷ്ടനഷ്ടങ്ങൾ കാണിച്ചു കൊണ്ട് ഭർത്താവിനു ഭാര്യക്കെതിരെ നല്ല ഒരു തുക ആവശ്യപ്പെട്ടു കൊണ്ട് മാനനഷ്ട കേസ് നല്കാം. 

കഷ്ടപാടുകൾ സഹിച്ചു ജീവിച്ചു പോകുന്ന ദമ്പതികൾക്കിടയിൽ ദാമ്പത്യ കലഹങ്ങൾ കോടതിയിൽ എത്താതെ  തന്നെ വീട്ടിനുള്ളിൽ വെച്ച് തന്നെ പരിഹരിക്കപെടും. ജീവിത സമരത്തിനിടയിൽ കലഹിക്കാൻ അവർക്ക് നേരമില്ല. കേസ് നടത്തിപ്പിന് വലിയ തുക വേണ്ടി വരും. സാധാരണക്കാരനെ സംബധിച്ചിടത്തോളം കേസ് നടത്തിപ്പ് വലിയ സാമ്പത്തിക ബാധ്യത ആണ്. സാമ്പത്തിക ഭദ്രത ഉള്ള സ്ത്രീകൾ ആണ് ഇത്തരം കേസുകൾ കൊടുക്കാൻ തുനിഞ്ഞിറങ്ങുന്നത്. വിവരം കെട്ട മാതാപിതാക്കൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ പരിഹാരത്തിനായി ശ്രമിക്കാറില്ല. മകളെ ഉപദേശിക്കാൻ തുനിയുകയുമില്ല. അതിനു പകരം എരിതീയിൽ എണ്ണയൊഴിക്കാൻ അവർ ശ്രമിക്കും. കേസിന്റെ ആദ്യ നിലകളിൽ സ്ത്രീകൾ കാണിക്കുന്ന ദുർവാശിയും, വൈരാഗ്യവും ക്രമേണ ചോർന്നു പോയിക്കൊണ്ടിരിക്കും. കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങുമ്പോൾ വിലപ്പെട്ട ജീവിതസമയവും കടന്നു പോയിരിക്കും. കേസിന്റെ നൂലാമാലകൾ കാരണം മാനസിക, സാമ്പത്തിക കഷ്ടനഷ്ടങ്ങൾ നിങ്ങൾക്ക് മാത്രമാണെന്ന് വിചാരിച്ചു വിഷമിക്കണ്ട. നിങ്ങളുടെ ഭാര്യക്കും ഇതേ കഷ്ടനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നോർത്ത് സമാധാനിക്കുക!!

ഇതൊരു സ്ത്രീ വിരുദ്ധ ലേഖനമായി തെറ്റിദ്ധരിക്കരുത്. സ്ത്രീ-പുരുഷ സമൂഹത്തിൽ തന്നെ കള്ള നാണയങ്ങൾ ഉണ്ട്. പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി ലഭിക്കാറില്ല എന്നതാണ് യഥാർത്ഥ വസ്തുത. അതേ സമയം പാവപ്പെട്ട പുരുഷന്മാർ ഈ നിയമം മൂലം ക്രൂശിക്കപെടുകയും ചെയ്യുന്നു. നിയമം ഭേദഗതി ചെയ്യുന്നത് കൊണ്ട് പുരുഷന് അല്പം ആശ്വാസം ലഭിക്കും എന്ന് പ്രത്യാശിക്കുന്നു.

അവലംബം: A guide to surviving IPC 498A by www.498a.org

No comments:

Post a Comment