Showing posts with label palakkad. Show all posts
Showing posts with label palakkad. Show all posts

Wednesday, October 9, 2019

ഒരു പാലക്കാടൻ യാത്ര: മുതലമട

ഇത്തവണ പൂജ അവധിക്കു യാത്ര പോകാൻ തിരഞ്ഞെടുത്തത് കണ്ടു മതിവരാത്ത പാലക്കാടു ജില്ല ആണ്. 2015ൽ പാലക്കാടിന്റെ ചെറിയൊരു ഭാഗം കണ്ടെങ്കിലും, തിരികെ വരും എന്ന എന്ന തീരുമാനത്തിലാണ് അന്ന് പിരിഞ്ഞത്. വൈകി വന്ന കാലവർഷം പാലക്കാടിനെ പച്ചപ്പട്ട് ഉടുപ്പിച്ച സമയമാണ് ഞങ്ങൾ സന്ദർശനത്തിന് എത്തിയത്. തെക്കൻ പാലക്കാട് ജില്ലയിൽ ഉള്ള മുതലമട റെയിൽവേ സ്റ്റേഷൻ, മീങ്കര, ചുള്ളിയാർ ഡാമുകൾ, മീൻവല്ലം വെള്ളച്ചാട്ടം തുടങ്ങിയ മനസ്സ് കുളിർക്കുന്ന കാഴ്ചകൾ ഞങ്ങൾക്കു ഇത്തവണ കാണാൻ സാധിച്ചു. 

മുതലമട റെയിൽവേ സ്റ്റേഷൻ
കേരളത്തിലെ പ്രകൃതി ഭംഗിയുള്ള വളരെ ചുരുങ്ങിയ എണ്ണമുള്ള റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനിയാണ് മുതലമട റെയിൽവേ സ്റ്റേഷൻ. ഈ റെയിൽവേ സ്റ്റേഷൻ ചില മലയാള സിനിമകളിലൂടെ നമുക്കെല്ലാം പരിചിതമാണ്. വെട്ടം, മേഘം, ഒരു യാത്രാ മൊഴി, എന്നിങ്ങനെ ഏതാനും മലയാളം സിനിമകളുടെ ചിത്രീകരണത്തിന് വേദിയായിട്ടുണ്ട്.




പ്ലാറ്റഫോമിന്റെ നടുക്കായി വേരുകൾ തൂങ്ങി തറയിലേക്ക് നിൽക്കുന്ന ആൽമരങ്ങളും, ചുറ്റുമുള്ള നിബിഡമായ പച്ച ഇലച്ചാർത്തുകളും, അതിനിടയിലൂടെ തല പൊന്തിച്ചു നോക്കുന്ന കരിമ്പനകളും ആണ് മുതലമട സ്റ്റേഷന് ഭംഗി കൂട്ടുന്നത്. ആൽചുവടുകളിൽ ഇട്ടിരിക്കുന്ന ബെഞ്ചുകളിൽ കാറ്റും, കുളിർമ്മയും ആസ്വദിച്ചു കൊണ്ട് എത്ര നേരമിരുന്നാലും സമയം പോകുന്നതറിയില്ല. 


പാലക്കാട് ഭാഗത്തു നിന്നും രാവിലെ 4:20നു പുറപ്പെടുന്ന പാലക്കാട് ജംഗ്ഷൻ-തിരുച്ചെന്ദുർ പാസ്സഞ്ചർ ട്രെയിൻ (56769) മാത്രമേ ഇവിടെ നിർത്തുന്നുള്ളു. രാത്രി 9:35നു ഈ ട്രെയിൻ തിരികെ വരുന്ന വഴി മുതലമടയിൽ നിർത്തും. മറ്റു ട്രെയിനുകൾക്കൊന്നും ഇവിടെ സ്റ്റോപ്പില്ല. ഈ വഴി പോയാൽ പൊള്ളാച്ചിയിൽ എത്താം. മുതലമടയിൽ നിന്നും പൊള്ളാച്ചിക്കു ട്രെയിൻ മാർഗം 24 കിലോമീറ്റർ ദൂരമേയുള്ളൂ. ഈ റെയിൽ മാർഗം മീറ്റർ ഗേജിൽ നിന്നും, ബ്രോഡ് ഗേജിലേക്കു മാറ്റിയത് 2015ൽ മാത്രമാണ്. 

ഞങ്ങൾ ആലത്തൂർ നിന്ന് ബസുകൾ മാറിക്കയറിയാണ് മുതലമടയിൽ എത്തിയത്. ആലത്തൂർ, നെന്മാറ, കൊല്ലങ്കോട് വഴി കമ്പ്രത് ചള്ള (Kambrathchalla) എന്ന സ്റ്റോപ്പിൽ ബസിറങ്ങി. ഇവിടങ്ങളിൽ സ്ഥലപ്പേരിനോപ്പം 'ചള്ള' എന്നുകൂടി ചേർത്താണ് അറിയപ്പെടുന്നത്. അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു മുതലമട റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തുടർന്നു. മാന്തോപ്പുകളുടെ ഇടയിലെ നാട്ടുവഴികളിലൂടെ കുണുങ്ങിയോടുന്ന ഓട്ടോറിക്ഷക്കുള്ളിൽ ഇരുന്നു ഞങ്ങൾ യാത്ര ആസ്വദിച്ചു. കേരളത്തിൽ ഏറ്റവുമധികം വാണിജ്യാടിസ്ഥാനത്തിൽ മാമ്പഴ കൃഷി ചെയ്യുന്ന സ്ഥലം എന്ന വിശേഷണം കൂടി മുതലമടക്കുണ്ട്.


സ്റ്റേഷന്റെ പുറത്തു എത്തിയപ്പോൾ ആകെപ്പാടെ ഒരു വിജനത അനുഭവപ്പെട്ടു. വലിയ മരങ്ങൾ വളർന്നു നിൽക്കുന്ന സ്റ്റേഷൻ പരിസരം. സ്റ്റേഷനിലെ കൗണ്ടറിന്റെ പുറത്തു നിന്ന് കൊണ്ട്, അകത്തിരുന്ന ജീവനക്കാരനോട് ട്രെയിൻ സമയം അന്വേഷിച്ചു. അയാൾ കേൾക്കാത്തത് പോലെ എന്തോ ചെയ്‌തു കൊണ്ടിരിന്നു, ഒരക്ഷരം മിണ്ടിയില്ല. സ്റ്റേഷന്റെ വേറൊരു വശത്തു ഒരു ജീവനക്കാരി സാമ്പാറിനുള്ള പച്ചക്കറി കഷണങ്ങൾ അരിഞ്ഞു പാത്രത്തിൽ നിറച്ചു വെച്ചിരിക്കുന്നു. അവർ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്. അടുത്തു കടകൾ ഒന്നുമില്ലാത്തതിനാൽ പാചകം സ്വയം ചെയ്യണം. ഞങ്ങൾ ആൽമരങ്ങൾ നിൽക്കുന്ന രണ്ടാമത്തെ പ്ലാറ്റുഫോമിലേക്കു നടന്നു. അവിടെയാണ് യഥാർത്ഥ മേളം നടക്കുന്നത്. പൂജ അവധി ആഘോഷിക്കുന്ന ഒരു പറ്റം കുട്ടികൾ. അവർ ആൽമരത്തിന്റെ വേരുകൾ കൂട്ടിക്കെട്ടി ഊഞ്ഞാൽ ആടുകയാണ്. അവരുടെ മുത്തശ്ശി അടുത്തുള്ള ബഞ്ചിൽ ഇരിപ്പുണ്ട്. അവർ തൊട്ടടുത്തു താമസിക്കുന്നവരാണ്.

ഞങ്ങൾ ആൽമരചുവട്ടിൽ ഇരുന്നും കിടന്നും രണ്ടു മണിക്കൂറോളം സമയം ചിലവഴിച്ചു. മധ്യവയസ്‌ക്കനായ ഒരു മനുഷ്യൻ ധൃതി വെച്ച് പ്ലാറ്റഫോമിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പിടിച്ചു നിർത്തി തിരികെ പോരാനുള്ള വഴി ചോദിച്ചു. ഏതോ കഠിനാധ്വാനം കഴിഞ്ഞ ശേഷം റെയിൽവേ സ്റ്റേഷന്റെ സമീപത്തുള്ള കള്ളു ഷാപ്പിലേക്കു പോകുകയാണെന്ന് അയാൾ പറഞ്ഞു. പുറത്തുള്ള റോഡിൽ ചെന്നാൽ ഓട്ടോറിക്ഷ കിട്ടുമെന്ന് പറഞ്ഞു. റോഡിൽ കാത്തു നിന്ന ഞങ്ങളെ ആ വഴി പോയ ഒരാൾ വീട്ടിൽ നിന്നും ഓട്ടോറിക്ഷ കൊണ്ട് വന്നു ഞങ്ങളെ തിരികെ കമ്പ്രത് ചള്ളയിൽ എത്തിച്ചു. അവിടെയുള്ള മുരളി ഹോട്ടലിൽ നിന്നും മട്ടൺ കറിയും കൂട്ടി ചോറുണ്ട ശേഷം ഞങ്ങൾ മീങ്കര അണക്കെട്ടു കാണാൻ തിരിച്ചു.

Sunday, October 4, 2015

ഒരു പാലക്കാടൻ യാത്ര

പാലക്കാട് എന്ന് കേട്ടാൽ ഞാനുൾപ്പെടെ എല്ലാ മലയാളികൾക്കും ഓർമ്മ വരിക തമിഴ്‌നാടിനോടു ചേർന്ന കിടക്കുന്ന വരണ്ട പൊടിനിറഞ്ഞ പ്രദേശങ്ങൾ ആണ്. മനോഹരമായ കന്യാകുമാരിക്ക് പകരം നമുക്ക് കിട്ടിയത് ഈ പൊടിയണിഞ്ഞ തമിഴ് മണമുള്ള പ്രദേശമാണോ എന്ന് അറിയാതെ ചോദിച്ചു പോകും. അത് കൊണ്ട് തന്നെയാണ് ഞങ്ങൾ പാലക്കാടിന്റെ വ്യത്യസ്ത മുഖം കാണാൻ ഇറങ്ങിത്തിരിച്ചത്. കോയമ്പത്തൂരിനോടു ചേർന്ന് കിടക്കുന്ന പാലക്കാടൻ പ്രദേശങ്ങളും, തൃശൂരിനോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളും ഭൂപ്രകൃതിപരമായി വളരെ വ്യത്യസ്തമാണ്. പ്രകൃതി ഭംഗി നിറഞ്ഞ പാലക്കാടിന്റെ ഗ്രാമീണ സൌന്ദര്യം വേറിട്ടതാണ്.

ഉച്ചക്ക് ശേഷം ഞങ്ങൾ ട്രെയിൻ മാർഗം ഷൊർണ്ണൂരിൽ എത്തി. ഞങ്ങൾ ധൃതിയിൽ തന്നെ പാലക്കാടിനെ മലപ്പുറം ജില്ലയുമായി അതിരു തിരിക്കുന്ന തൂതപ്പുഴ കാണാൻ ഇറങ്ങി. ബസ്സിൽ നേരെ തൂതപ്പുഴ കടവിലേക്ക്.

ഭാരതപ്പുഴയുടെ ഒരു കൈവഴി ആണ് തൂതപ്പുഴ. പാറക്കല്ലുകൾ നിറഞ്ഞ ശക്തമായ ഒഴുക്കും ഉള്ള ഈ കടവിൽ കുളിക്കാൻ ഇറങ്ങുന്നത് അപകടകരമാണ്.
തൂതപ്പുഴയുടെ തീരത്താണ് തൂത ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴയ മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
 വൈകിട്ട് തന്നെ ഭാരതപ്പുഴയിൽ കുളിച്ചു. തൊട്ടടുത്തുള്ള ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ട്രെയിനുകളുടെ ചൂളം വിളിയും, കുതിപ്പും, കിതപ്പുമൊക്കെ വകവെക്കാതെ നിളയുടെ മാറിൽ മലർന്നു കിടന്നു. നേരം ഇരുട്ടിയത് കൊണ്ട് കുളി മതിയാക്കി ഞങ്ങൾ തിരികെപ്പോന്നു. രാവിലെ തന്നെ തിരികെ വന്നു കുളിയും കഴിഞ്ഞു വേണം പാലക്കാടൻ യാത്ര തുടങ്ങാൻ എന്ന് നിശ്ചയിച്ചു.
നിളയുടെ തീരത്ത്. ഈ പാലത്തിലൂടെ ട്രെയിൻ പോകുന്നത് ഒരു പാടു മലയാളം സിനിമകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും.
രാവിലെ തന്നെ ഭാരതപ്പുഴയിൽ കുളിയും കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിക്കാൻ ചെറുതുരുത്തിയിലെ ഷാലിമാർ ഹോട്ടലിൽ എത്തി.
ഷാലിമാർ ഹോട്ടലിലെ സസ്യ-മാംസ വിഭവങ്ങൾ പേര് കേട്ടതാണ്. ഊത്തപ്പവും, മസാല ദോശയും കഴിച്ചു ഞങ്ങൾ യാത്ര തുടങ്ങി.
ചെറുതുരുത്തിയിലെ വള്ളത്തോൾ മ്യൂസിയം.
വള്ളത്തോൾ മ്യൂസിയം കണ്ടശേഷം  ഞങ്ങൾ പാലക്കാട് കോട്ട കാണാൻ ബസിൽ തിരിച്ചു. മൈസൂർ സുൽത്താൻ ആയിരിന്ന ഹൈദരാലി ആണ് ഈ കോട്ട ഇന്നത്തെ നിലയിൽ പണി കഴിപ്പിച്ചത്. പ്രാദേശിക ഭരണാധികാരി സാമൂതിരിയെ തുരത്താൻ വേണ്ടി ഹൈദരാലിയെ ക്ഷണിക്കുകയും, ഈ കോട്ട പിന്നീട് ഹൈദരാലി കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇത് ബ്രിട്ടീഷുകാർ കയ്യടക്കി. പാലക്കാട് സ്പെഷ്യൽ സബ് ജയിൽ കോട്ടക്കുള്ളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 
പാലക്കാട് കോട്ടയുടെ വിവിധ ഭാഗത്ത്‌ നിന്നുള്ള ദൃശ്യങ്ങൾ.
കോട്ടയിൽ നിന്ന് വെളിയിൽ ഇറങ്ങി ഞങ്ങൾ അവിടെ വിൽക്കാൻ വെച്ചിരിന്ന ഉപ്പിലിട്ട മാങ്ങാ വാങ്ങി കഴിച്ചു തുടങ്ങി. ഉപ്പിലിട്ട മാങ്ങാ ആസ്വദിക്കുന്നതിനിടയിൽ ഒരാൾ വിളിച്ചു പറഞ്ഞു, അതാ ചൂലന്നുർ ബസ്‌, ഓടി ചെന്നില്ലെങ്കിൽ കിട്ടില്ല. ഞങ്ങൾ മാങ്ങയും കടിച്ചു പിടിച്ചു കൊണ്ട് ചൂലന്നുർ മയിൽ സാങ്കേതത്തിലേക്കുള്ള ബസ്‌ പിടിക്കാൻ ഓടി!! പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്കിലെ തരൂർ പഞ്ചായത്തിലാണ് മയിലുകൾക്ക് മാത്രമായുള്ള ഈ സംരക്ഷണ കേന്ദ്രം. ബസ്സുകൾ ഈ ഭാഗത്തേക്ക്‌ കുറവാണെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. 

കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം. ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീ‍ക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠന്റെ സ്മരണക്കായി 2008-ൽ ആണ് ഈ മയിൽ സങ്കേതം സമർപ്പിചിരിക്കുന്നത്. 
ഇലപൊഴിയും കാടുകളും പാറപ്പുറങ്ങളും ചേർന്നതാണ് മയിൽ സാങ്കേതതത്തിനുള്ളിലെ ഭൂപ്രകൃതി.
ചില സമയങ്ങളിൽ മയിലുകളെ നേരിട്ട് കാണാൻ ബുദ്ധിമുട്ട് നേരിടാറുണ്ട് എന്ന് ജീവനക്കാർ പറഞ്ഞു. ഞങ്ങൾക്ക് ഏതാനും മയിലുകളെ സാങ്കേതതിനുള്ളിൽ തന്നെ കാണാനുള്ള ഭാഗ്യമുണ്ടായി.

മയിൽ സാങ്കേതതിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ഞങ്ങൾ ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു. പോയ വഴിയിൽ പടത്തിനു നടുവിൽ ചൂലന്നുർ അയ്യപ്പൻ കാവ് കണ്ടു. ഒരു പച്ച പട്ടു വിതാനിച്ച പാടത്തിനു നടുവിലെ അയ്യപ്പൻ കാവ് നയനമനോഹരമാണ്.

ചൂലന്നുർ അയ്യപ്പൻ കാവ്. ഒരു വിദൂര ദൃശ്യം.
യാത്രക്കിടയിൽ ഞങ്ങൾ പ്രശസ്ത ഹാസ്യ സാഹിത്യകാരൻ വി. കെ. എൻ. എന്റെ തിരുവില്വാ മലയിൽ എത്തി. അവിടുത്തെ വില്വാദ്രി നാഥ ക്ഷേത്രം കാണാൻ പോയി. സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി ആയതിനാൽ ക്ഷേത്ര പരിസരം വിജനമായിരിന്നു. ഇതൊരു ശ്രീരാമ ക്ഷേത്രമാണ്. തിരുവില്വാ മലയിൽ തന്നെയാണ് പ്രശസ്തമായ പുനർജ്ജനി ഗുഹ. വൃശ്ചിക മാസത്തിലെ ഏകാദശി നാളിൽ ഈ ഗുഹക്കുള്ളിൽ നൂഴ്‌ന്നു ഇറങ്ങിയാൽ പുനർജ്ജന്മം ഇല്ലാതെ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. പുരുഷന്മാരെ മാത്രമേ ഗുഹക്കുള്ളിൽ നൂഴ്‌ന്നു ഇറങ്ങാൻ സമ്മതിക്കൂ. സ്ത്രീകൾ അങ്ങനെ മോക്ഷം പ്രാപിക്കണ്ട എന്നാണ് വെപ്പ്. പുനർജ്ജന്മം ഇല്ലാതെ നേരെ സ്വർഗത്തിൽ എത്തി ഭാര്യമാരെ പേടിക്കാതെ ജീവിക്കാം എന്ന് ചിന്തിച്ച ഏതോ സ്ത്രീ വിരോധി ആണ് ഈ വിശ്വാസം തട്ടിക്കൂട്ടിയതിനു പിന്നിൽ എന്ന് ഞാൻ ശക്തമായി സംശയിക്കുന്നു!!

വില്വാദ്രി നാഥ ക്ഷേത്രം, തിരുവില്വാ മല.
ഞങ്ങൾ വൈകുന്നേരത്തോടെ നെന്മാറയിൽ എത്തി. പിറ്റേ ദിവസം രാവിലെ നെല്ലിയാമ്പതിയിലേക്ക് പോകാൻ നെന്മാറയിൽ തങ്ങുന്നതാണ് നല്ലത്. നെല്ലിയാമ്പതി ഒരു ഹിൽ സ്റ്റേഷൻ ആണ്. ഈ ചെറിയ പ്രദേശത്ത് സഞ്ചാരികൾക്ക് താമസിക്കാൻ നിലവാരമുള്ള ഹോട്ടലുകൾ ഇല്ലയെന്നത്‌ ഒരു പോരായ്മയാണ്. രാവിലെ ആറരക്കുള്ള ബസ്സിൽ ഞങ്ങൾ നെല്ലിയാമ്പതിക്കു തിരിച്ചു.
നെല്ലിയാമ്പതിയിലെ സീതാർ ഗുണ്ട് എന്ന സ്ഥലം. വനവാസ കാലത്ത് ശ്രീരാമനും സീതയും ഇവിടെ വന്നു വിശ്രമിച്ചിരിന്നു എന്ന് ഐതീഹ്യം ഉണ്ട്.


നെല്ലിയാമ്പതിയിലെ ജൈവ തേയില തോട്ടം.
നെല്ലിയാമ്പതി കണ്ടു തിരികെ ചുരം ഇറങ്ങുമ്പോൾ പോത്തുണ്ടി ഡാം ദൃശ്യമാകാൻ തുടങ്ങും. ജലസേചനത്തിനു വേണ്ടി പണിഞ്ഞ ഡാം ആണിത്. മീനച്ചിലാടി, പാടിപ്പുഴകൾക്ക് കുറുകെയാണ് പോത്തുണ്ടി ഡാം പണി തീർത്തിരിക്കുന്നത്.
പോത്തുണ്ടി ഡാം.

യാത്ര സംഘത്തിലെ അംഗങ്ങൾ.
നെന്മാറ പട്ടണത്തിൽ ഇറങ്ങി ഉച്ചയൂണും കഴിച്ച ശേഷം ഞങ്ങൾ തൃശൂർക്ക് തിരിച്ചു. തൃശൂരിൽ നിന്നും ട്രെയിനിൽ ചങ്ങനാശ്ശേരിയിലേക്ക് തിരിച്ചു. വരിക്കാശ്ശേരി മന കാണാൻ കഴിഞ്ഞില്ല എന്നയൊരു സങ്കടം മാത്രം മനസ്സിനെ അലട്ടി. മനയിൽ ഞങ്ങൾ എത്തിയപ്പോൾ അവിടെ ഫിലിം ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. അതിനാൽ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല. ഇനിയും വരുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പാലക്കാടിന് വിട ചൊല്ലി. പാലക്കാടിനെ ഏകദേശം അറിഞ്ഞ ഒരു സംതൃപ്തി മനസ്സിൽ തങ്ങി നിന്നു.