Showing posts with label Children. Show all posts
Showing posts with label Children. Show all posts

Tuesday, November 11, 2014

മാമ്പൂ കണ്ടും മക്കളെ കണ്ടും..... (ചെറുകഥ)

നിലവിളക്ക് കെടുത്തിയ ശേഷം ഭവാനിയമ്മ വാടക വീടിന്റെ മുറ്റത്തേക്കിറങ്ങി. അത്ര അകലെയല്ലാതെ ഗൃഹപ്രവേശം ആഘോഷിക്കുന്ന വീട്ടിലെ വർണ ദീപങ്ങളും, ശബ്ദഘോഷങ്ങളും ശ്രദ്ധിച്ചു കൊണ്ട് നിന്നു. തനിക്ക് സ്വന്തമായിരിന്ന ആ സ്ഥലത്ത് മകൾ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കു ചേരാൻ ഭാഗ്യം ഇല്ലല്ലോ എന്നോർത്തപ്പോൾ അറിയാതെ തേങ്ങി പോയി. ഭാവാനിയമ്മയുടെ ഓർമ്മ ഒരു വർഷം പിന്നിലേക്ക്‌ പോയി. 

പതിവില്ലാതെ വാതിലിൽ ആരോ മുട്ടുന്നത് കേട്ടത് കൊണ്ടാണ് അടുക്കളയിൽ പച്ചക്കറി നുറുക്കുകയായിരിന്ന താൻ ആയാസപ്പെട്ട്‌ എഴുന്നേറ്റത്. കതക് തുറന്ന് നോക്കിയപ്പോൾ വരാന്തയിൽ നിൽക്കുന്ന മരുമകനെ കണ്ടു ആദ്യമൊന്നു അമ്പരന്നു. തൊട്ടടുത്ത വീട്ടിലാണ് താമസമെങ്കിലും വളരെക്കാലമായി സംസാരമില്ല, ചിരിയില്ല. പിണക്കത്തിന്റെ കാര്യം അന്നും, ഇന്നുമറിയില്ല. താൻ ചിരിച്ചെങ്കിലും മരുമകന്റെ മുഖത്ത് ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല. "ഞാൻ ഇവിടെ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നു, അടുത്ത മാസം നിങ്ങൾ രണ്ടു പേരും ഇവിടെ നിന്നും ഇറങ്ങി തരണം" ഇത്രയും ഒറ്റ ശ്വാസത്തിൽ  പറഞ്ഞിട്ട് മരുമകൻ ധൃതിയിൽ തിരികെപ്പോയി. പാരമ്പര്യമായി കിട്ടിയ വീടാണ്, അല്പം പഴയതുമാണ്. തങ്ങൾ ജീവിതം തുടങ്ങിയതും, മകളെയും, കൊച്ചുമക്കളെയും വളർത്തിയതും ഇതേ വീട്ടിൽ വെച്ചാണ്. അവർക്ക് സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ വേറെ വീട് വെച്ച് താമസം തുടങ്ങി. ഓർമ്മയുടെ ഭാണ്ടകെട്ടുകളും പേറി താനും, ഭർത്താവും  ഇവിടെ തുടരുന്നു. ചിലസമയത്ത് കൊച്ചു മക്കളുടെ കളി ചിരികൾ വീടിന്റെ ഏതോ കോണിൽ മുഴങ്ങുന്നതായി തോന്നും. അതൊരു തോന്നലായിരിന്നു എന്ന് തിരിച്ചറിയുമ്പോൾ കണ്ണുകൾ അറിയാതെ നിറയും. സ്വന്തം മകളുണ്ട്, കൊച്ചു മക്കളുണ്ട്, അവർക്കും കുട്ടികളുണ്ട്. എല്ലാവരും സമീപത്താണ് താമസം എങ്കിലും, കണ്ടാൽ പോലും ചിരിക്കില്ല, മിണ്ടില്ല. 

എന്തായാലും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കാൻ തീരുമാനിച്ചു. അടുത്തു തന്നെ ചെറിയ ഒരു വീട് വാടകയ്ക്ക് എടുത്തു. പെൻഷൻ ഉള്ളത് കൊണ്ട് വാടക, മരുന്ന്, ഭക്ഷണം എന്നിവയ്ക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ല. പഴയ വീട് പൊളിച്ചു കളയുന്നതും, പുതിയ വീട് പണിയുന്നതിന്റെ വിവിധ ഘട്ടങ്ങളും ആ വഴി പോയപ്പോൾ കാണാൻ ഇടയായി. ഗൃഹ പ്രവേശത്തിന് വിളിക്കുമെന്ന് ആശിച്ചു. മകളും മരുമകനും തൊട്ടടുത്തുള്ള വീടുകളിൽ പോയി ക്ഷണിക്കുന്നത് കണ്ടു. അവർ ഇങ്ങോട്ട് വരുമെന്ന് കരുതി ചായ തയ്യാറാക്കാൻ തേയിലയും, പാലും, പഞ്ചസാരയും എടുത്തു വെച്ചു. വരാന്തയിൽ കാത്തു നിന്നു. പക്ഷെ അവർ ഈ ഭാഗത്തേക്ക് നോക്കാതെ  നടന്നു പോയി. ഗൃഹ പ്രവേശനത്തിന് ക്ഷണിക്കും എന്ന ആശയും ഇല്ലാതായി. പട്ടണത്തിൽ പോയപ്പോൾ പുതിയ ഒരു ജോഡി വസ്ത്രങ്ങൾ വാങ്ങി വെക്കുകയും ചെയ്തതതാണ്‌.

ഗൃഹപ്രവേശത്തിന്റെ അന്ന് രാവിലെ തന്നെ ഉണർന്നു. കുളിച്ചു കഴിഞ്ഞു ക്ഷേത്ര ദർശനം ചെയ്തു, വഴിപാടുകൾ നടത്തി. എല്ലാവർക്കും നല്ലത് വരണേ എന്ന് പ്രാർഥിച്ചു. വീട്ടിലെത്തി വസ്ത്രങ്ങൾ മാറാതെ വരാന്തയിൽ കാത്തിരിന്നു, കുട്ടികൾ ആരെങ്കിലും വന്നു വിളിച്ചാലോ എന്ന് കരുതി . ഗൃഹപ്രവേശം നടക്കുമ്പോഴുള്ള കുരവയിടൽ കേട്ടു. ആ ഇരിപ്പ് അങ്ങനെ ഇരുന്നു. സമയം പോയതറിഞ്ഞില്ല. ഗൃഹപ്രവേശനത്തിനു പോയ അയൽക്കാർ സദ്യയും കഴിഞ്ഞു തിരികെ വന്നു കൊണ്ടിരിക്കുന്നു. നേരം ഉച്ചയായിരിക്കുന്നു. ഇനി ആരും ക്ഷണിക്കാൻ വരില്ല. കിഴവനെയും കിഴവിയെയും ആരും പ്രതീക്ഷിക്കുന്നുമില്ല. വിശപ്പ്‌ തോന്നി തുടങ്ങിയിരിക്കുന്നു. കാലത്ത് ആഹാരം കഴിച്ചിട്ടില്ല എന്ന് ഓർത്തു. ഗുളിക കഴിക്കാനുണ്ട്. സമയത്തു ആഹാരം കഴിച്ചില്ലെങ്കിൽ ഗുളിക കഴിക്കാൻ പറ്റില്ല. ഭവാനിയമ്മ അടുക്കളയിലേക്ക് നടന്നു. അരിപ്പെട്ടി തുറന്ന് ചോറ് വെക്കാനുള്ള അരി അളന്നു വെള്ളത്തിലിട്ടു.