Friday, November 21, 2014

ഒളിബന്ധങ്ങള്‍ ഹൃദയം പിച്ചിചീന്തുന്നു

ദാമ്പത്യത്തിന്റെ പുതുമോടി അണയുംമുമ്പേ കാമുകനെത്തേടിയിറങ്ങുന്നവര്‍, ചെറുസൗന്ദര്യപ്പിണക്കങ്ങള്‍ പോലും വിവാഹ പൂര്‍വ ബന്ധത്തെ പുനരുജ്ജീവിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍, ഒരു മിസ്ഡ്‌കോള്‍ പ്രണയത്തിന്റെ വൈകാരികത്തിളപ്പില്‍ പ്രസവിച്ച് പോറ്റിവളര്‍ത്തിയ മക്കളെപ്പോലും ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോകുന്നവര്‍, പ്രണയത്തിന് തടസ്സമാകുന്നത് അച്ഛനോ അനുജത്തിയോ പങ്കാളിയോ ആയാല്‍ പോലും അവരെ ഇല്ലാതാക്കാന്‍ മടിക്കാത്തവര്‍, വിവാഹേതര ബന്ധം അല്ലലില്ലാതെ തുടരാവാനാവാത്ത സാഹചര്യത്തില്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍.. അങ്ങിനെയങ്ങിനെ വിലക്കപ്പെട്ട കനിയുടെ മധുരം നുണയാന്‍ ദാമ്പത്യത്തിന്റെ കൂടുപൊട്ടിച്ചെറിയുന്നവരില്‍ പലതരക്കാരുണ്ട്. 

വിവാഹമോചനം തേടി കുടുംബകോടതികളിലെത്തുന്ന കേസുകളില്‍ വലിയൊരു ശതമാനത്തിന് വിവാഹേതര ബന്ധങ്ങളാണ് കാരണം. പക്ഷേ പലപ്പോഴും അവ കാരണമായി കാണിക്കാറില്ല എന്നുമാത്രം. വിവാഹേതര ബന്ധം കോടതിയില്‍ തെളിയിക്കാനുള്ള പ്രയാസം, വിവാഹേതര ബന്ധമാണ് കാരണമെന്ന് വരുന്നത് പുനര്‍വിവാഹ സാധ്യത കുറയ്ക്കുന്നത്, വിവാഹേതരബന്ധം പുറത്തറിയുന്നതിലെ നാണക്കേട് തുടങ്ങിയവയൊക്കെ മൂലം വിവാഹമോചന കേസില്‍ വിവാഹേതര ബന്ധം മറച്ചുവെച്ച് മറ്റു കാരണങ്ങളാണ് പലരും കാണിക്കുക. അഭിഭാഷകരും അതിന് പ്രേരിപ്പിക്കും. മൊബൈല്‍ഫോണുകളിലുമൊക്കെ പ്രചരിക്കുന്ന ക്ലിപ്പുകളും സംഭാഷണങ്ങളുമൊക്കെയും പെരുകുന്ന വിവാഹേതര ബന്ധങ്ങളുടെ സംസാരിക്കുന്ന തെളിവുകളാണ്. കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളില്‍ വിവാഹേതര ബന്ധത്തിനുള്ള തെളിവായി ടെലഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകള്‍ ഇന്ന് ധാരാളമായി ഹാജരാക്കപ്പെടുന്നുണ്ട്. 

Sunday, November 16, 2014

സർവ്വത്ര പുച്ഛം!!

ചിലർ അങ്ങനെയാണ്. എല്ലാത്തിനോടും സർവ്വത്ര പുച്ഛം. തനൊഴിച്ചുള്ള ഭൂലോകത്തിലെ സകലമാന കാര്യങ്ങളോടും പുച്ഛം. പൊതുവെ കേരളത്തിന്‌ പുറത്തു പോയി വളരെക്കാലം ജീവിച്ചവരിലാണ് ഈ പ്രവണത കൂടുതൽ. നാട്ടിലെ വൃത്തിയില്ലായ്മ, ജനാധിപത്യ സംവിധാനം, നിയമ സംവിധാനം, ഗതാഗതം, വസ്ത്രധാരണം തുടങ്ങിയ ഏതു കാര്യത്തിലും ഗുണദോഷ വശങ്ങൾ നോക്കാതെ കണ്ണുമടച്ചു കുറ്റം പറയും. മാലിന്യ സംസ്കരണത്തെ കുറ്റപ്പെടുത്തും, സ്വന്തം വീട്ടിലെ മാലിന്യം ആരും കാണാതെ അന്യന്റെ പറമ്പിൽ കൊണ്ടിടും!!

മറ്റു ചില ദോഷൈകദൃക്കുകളുടെ കാര്യം ഇതിലും രസകരമാണ്. അവർ എന്തിനും ഏതിനും സർക്കാർ സംവിധാനങ്ങളെ തലങ്ങും വിലങ്ങും കുറ്റപ്പെടുത്തും.  നല്ല സർക്കാർ സ്‌കൂൾ വീടിനടുത്ത് ഉണ്ടെങ്കിലും സ്വന്തം കുഞ്ഞുങ്ങളെ അവിടെ ചേർക്കില്ല. അതൊക്കെ ഭയങ്കര കുറച്ചിലാണ്. കൂടുതൽ തുക ഡൊണേഷൻ കൊടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർക്കും. അതെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞു നടക്കും. കൂടുതൽ തുക ഡൊണേഷൻ വാങ്ങുന്ന സ്‌കൂളിന് കൂടുതൽ നിലവാരം ഉണ്ടെന്നാണ് വിചാരം. ചിട്ടയായി പഠിച്ചാൽ ആർക്കും ഉന്നത വിജയം കരസ്ഥമാക്കാം. ഇന്ന് ഉന്നത പദവികളിൽ ഇരിക്കുന്ന പ്രമുഖർ എല്ലാം സർക്കാർ സ്‌കൂളുകളിൽ പഠിച്ചവർ ആണെന്ന് ഓർക്കുക.

ദോഷൈക ദൃക്കുകളായ ചില സർക്കാർ ജീവനക്കാരുടെ കാര്യം നോക്കുക. പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഇവർ എല്ലാറ്റിനെയും കുറ്റവും  പറയും ജോലിയും ചെയ്യില്ല. രാവിലെ ഓഫീസിൽ വരും. വന്നാൽ ഉടനെ ഫേസ്ബുക്ക്‌ തുറക്കും. മുഖം കാണിക്കും. കുറച്ചു ജോലി ചെയ്യും. പിന്നെ എസ്.എം.എസ് അയച്ചു ആരോടെങ്കിലും പഞ്ചാരയടി തുടങ്ങും. അടുത്ത പടിയായി വൈരാഗ്യം ഉള്ള ആരെയെങ്കിലും തെറി പറയണമെന്നു തോന്നും, ഉടൻ തന്നെ ഫോണ്‍ വിളിച്ചു നോക്കും. പാവപ്പെട്ടവൻ തിരക്കിട്ട ജോലി കാരണം ഫോണ്‍ എടുത്തില്ലെങ്കിൽ തെറി എസ്.എം.എസ് ആയി അയക്കും. മറുപടി ഉടൻ കിട്ടിയില്ലെങ്കിൽ കുറച്ചു തെറി കൂടി അയക്കും. എന്നിട്ട് ചായ കുടിക്കാൻ പോകും. ആത്മാർഥമായി പൊതുജന സേവനം ചെയ്യുന്ന ജീവനക്കാർ ക്ഷമിക്കുക. 

Tuesday, November 11, 2014

മാമ്പൂ കണ്ടും മക്കളെ കണ്ടും..... (ചെറുകഥ)

നിലവിളക്ക് കെടുത്തിയ ശേഷം ഭവാനിയമ്മ വാടക വീടിന്റെ മുറ്റത്തേക്കിറങ്ങി. അത്ര അകലെയല്ലാതെ ഗൃഹപ്രവേശം ആഘോഷിക്കുന്ന വീട്ടിലെ വർണ ദീപങ്ങളും, ശബ്ദഘോഷങ്ങളും ശ്രദ്ധിച്ചു കൊണ്ട് നിന്നു. തനിക്ക് സ്വന്തമായിരിന്ന ആ സ്ഥലത്ത് മകൾ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കു ചേരാൻ ഭാഗ്യം ഇല്ലല്ലോ എന്നോർത്തപ്പോൾ അറിയാതെ തേങ്ങി പോയി. ഭാവാനിയമ്മയുടെ ഓർമ്മ ഒരു വർഷം പിന്നിലേക്ക്‌ പോയി. 

പതിവില്ലാതെ വാതിലിൽ ആരോ മുട്ടുന്നത് കേട്ടത് കൊണ്ടാണ് അടുക്കളയിൽ പച്ചക്കറി നുറുക്കുകയായിരിന്ന താൻ ആയാസപ്പെട്ട്‌ എഴുന്നേറ്റത്. കതക് തുറന്ന് നോക്കിയപ്പോൾ വരാന്തയിൽ നിൽക്കുന്ന മരുമകനെ കണ്ടു ആദ്യമൊന്നു അമ്പരന്നു. തൊട്ടടുത്ത വീട്ടിലാണ് താമസമെങ്കിലും വളരെക്കാലമായി സംസാരമില്ല, ചിരിയില്ല. പിണക്കത്തിന്റെ കാര്യം അന്നും, ഇന്നുമറിയില്ല. താൻ ചിരിച്ചെങ്കിലും മരുമകന്റെ മുഖത്ത് ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല. "ഞാൻ ഇവിടെ ഒരു വീട് പണിയാൻ ഉദ്ദേശിക്കുന്നു, അടുത്ത മാസം നിങ്ങൾ രണ്ടു പേരും ഇവിടെ നിന്നും ഇറങ്ങി തരണം" ഇത്രയും ഒറ്റ ശ്വാസത്തിൽ  പറഞ്ഞിട്ട് മരുമകൻ ധൃതിയിൽ തിരികെപ്പോയി. പാരമ്പര്യമായി കിട്ടിയ വീടാണ്, അല്പം പഴയതുമാണ്. തങ്ങൾ ജീവിതം തുടങ്ങിയതും, മകളെയും, കൊച്ചുമക്കളെയും വളർത്തിയതും ഇതേ വീട്ടിൽ വെച്ചാണ്. അവർക്ക് സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ വേറെ വീട് വെച്ച് താമസം തുടങ്ങി. ഓർമ്മയുടെ ഭാണ്ടകെട്ടുകളും പേറി താനും, ഭർത്താവും  ഇവിടെ തുടരുന്നു. ചിലസമയത്ത് കൊച്ചു മക്കളുടെ കളി ചിരികൾ വീടിന്റെ ഏതോ കോണിൽ മുഴങ്ങുന്നതായി തോന്നും. അതൊരു തോന്നലായിരിന്നു എന്ന് തിരിച്ചറിയുമ്പോൾ കണ്ണുകൾ അറിയാതെ നിറയും. സ്വന്തം മകളുണ്ട്, കൊച്ചു മക്കളുണ്ട്, അവർക്കും കുട്ടികളുണ്ട്. എല്ലാവരും സമീപത്താണ് താമസം എങ്കിലും, കണ്ടാൽ പോലും ചിരിക്കില്ല, മിണ്ടില്ല. 

എന്തായാലും വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കാൻ തീരുമാനിച്ചു. അടുത്തു തന്നെ ചെറിയ ഒരു വീട് വാടകയ്ക്ക് എടുത്തു. പെൻഷൻ ഉള്ളത് കൊണ്ട് വാടക, മരുന്ന്, ഭക്ഷണം എന്നിവയ്ക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ല. പഴയ വീട് പൊളിച്ചു കളയുന്നതും, പുതിയ വീട് പണിയുന്നതിന്റെ വിവിധ ഘട്ടങ്ങളും ആ വഴി പോയപ്പോൾ കാണാൻ ഇടയായി. ഗൃഹ പ്രവേശത്തിന് വിളിക്കുമെന്ന് ആശിച്ചു. മകളും മരുമകനും തൊട്ടടുത്തുള്ള വീടുകളിൽ പോയി ക്ഷണിക്കുന്നത് കണ്ടു. അവർ ഇങ്ങോട്ട് വരുമെന്ന് കരുതി ചായ തയ്യാറാക്കാൻ തേയിലയും, പാലും, പഞ്ചസാരയും എടുത്തു വെച്ചു. വരാന്തയിൽ കാത്തു നിന്നു. പക്ഷെ അവർ ഈ ഭാഗത്തേക്ക് നോക്കാതെ  നടന്നു പോയി. ഗൃഹ പ്രവേശനത്തിന് ക്ഷണിക്കും എന്ന ആശയും ഇല്ലാതായി. പട്ടണത്തിൽ പോയപ്പോൾ പുതിയ ഒരു ജോഡി വസ്ത്രങ്ങൾ വാങ്ങി വെക്കുകയും ചെയ്തതതാണ്‌.

ഗൃഹപ്രവേശത്തിന്റെ അന്ന് രാവിലെ തന്നെ ഉണർന്നു. കുളിച്ചു കഴിഞ്ഞു ക്ഷേത്ര ദർശനം ചെയ്തു, വഴിപാടുകൾ നടത്തി. എല്ലാവർക്കും നല്ലത് വരണേ എന്ന് പ്രാർഥിച്ചു. വീട്ടിലെത്തി വസ്ത്രങ്ങൾ മാറാതെ വരാന്തയിൽ കാത്തിരിന്നു, കുട്ടികൾ ആരെങ്കിലും വന്നു വിളിച്ചാലോ എന്ന് കരുതി . ഗൃഹപ്രവേശം നടക്കുമ്പോഴുള്ള കുരവയിടൽ കേട്ടു. ആ ഇരിപ്പ് അങ്ങനെ ഇരുന്നു. സമയം പോയതറിഞ്ഞില്ല. ഗൃഹപ്രവേശനത്തിനു പോയ അയൽക്കാർ സദ്യയും കഴിഞ്ഞു തിരികെ വന്നു കൊണ്ടിരിക്കുന്നു. നേരം ഉച്ചയായിരിക്കുന്നു. ഇനി ആരും ക്ഷണിക്കാൻ വരില്ല. കിഴവനെയും കിഴവിയെയും ആരും പ്രതീക്ഷിക്കുന്നുമില്ല. വിശപ്പ്‌ തോന്നി തുടങ്ങിയിരിക്കുന്നു. കാലത്ത് ആഹാരം കഴിച്ചിട്ടില്ല എന്ന് ഓർത്തു. ഗുളിക കഴിക്കാനുണ്ട്. സമയത്തു ആഹാരം കഴിച്ചില്ലെങ്കിൽ ഗുളിക കഴിക്കാൻ പറ്റില്ല. ഭവാനിയമ്മ അടുക്കളയിലേക്ക് നടന്നു. അരിപ്പെട്ടി തുറന്ന് ചോറ് വെക്കാനുള്ള അരി അളന്നു വെള്ളത്തിലിട്ടു.

Monday, November 10, 2014

ഷാരൂഖ്‌ ഖാന്റെ മീശ (ചെറുകഥ)

എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണ് അമ്മിണിക്കുട്ടി മണിയറയിലേക്ക് പാലുമായി പോയത്. തന്റെ കല്യാണ ചെറുക്കനെ വിവാഹ മണ്ഡപത്തിൽ വെച്ച് കണ്ടപ്പോൾ മുതലേ തുടങ്ങിയ കലിപ്പാണ്‌. കല്യാണ നിശ്ചയം കഴിഞ്ഞ ശേഷം എത്രയോ തവണ മൊബൈൽ ഫോണിൽ സംസാരിച്ചു. മീശ വടിച്ചു കളയണം എന്ന് ഒരു നൂറു വട്ടമെങ്കിലും പറഞ്ഞു കാണണം. കല്യാണത്തിന് വരുമ്പോൾ മീശ കാണില്ല എന്ന് ചെറുക്കൻ വാക്ക് തന്നതാണ്.

കുട്ടിക്കാലം മുതലേ ഷാരൂഖ്‌ ഖാനെ ആരാധിച്ചു തുടങ്ങിയതാണ്‌. ഖാന്റെ മീശയില്ലാത്ത മാർബിൾ പോലെയുള്ള മുഖം എത്ര സുന്ദരമാണ്. അങ്ങനെ ഉള്ള ഒരു സുന്ദരക്കുട്ടപ്പനെ മാത്രമേ കെട്ടുകയുള്ളൂ എന്ന് ഒരുപാടു തവണ മനസ്സിൽ ശപഥം ചെയ്തു. അതിന്റെ പേരിൽ എത്രയോ കല്യാണ ആലോചനകൾ ഓരോ കാരണം പറഞ്ഞു താൻ തന്നെ മുടക്കി. ഈ ചെറുക്കൻ സുന്ദരൻ ആണെങ്കിലും മീശയുണ്ട്. ഇത്തവണ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ചെറുക്കനെ ഇഷ്ടപ്പെട്ടു എങ്കിലും ആ മീശ ഒരു തടസ്സം നിൽക്കുന്നു. താനൊഴിച്ചു എല്ലാവർക്കും ചെറുക്കനേയും, അവന്റെ മീശയും ഇഷ്ടപ്പെട്ടു. ഇടതുപക്ഷ അനുഭാവിയായ അടുത്ത കൂട്ടുകാരി പറഞ്ഞു സ്റ്റാലിന്റെ മീശ പോലെയുണ്ടെന്ന്. കടുത്ത കോണ്‍ഗ്രസ്‌കാരനായ പാലാക്കാരൻ അമ്മാവൻ അഭിപ്രായപ്പെട്ടു പി.ടി. ചാക്കോയുടെ മീശ പോലെയെന്ന്. ബിജെപിക്കാരൻ അനുജൻ പറഞ്ഞു, അൽപ്പം കൂടി മീശക്കു കട്ടി കുറക്കാമെങ്കിൽ അളിയന്റെ മീശ ശ്യാമപ്രസാദ് മുഖർജിയുടെ മീശ പോലെ തന്നെ ആകും. ഇതെല്ലാം കേട്ട് മനസ്സ് തേങ്ങി. ഷേപ്പ് ചെയ്യുന്നതിനിടയിൽ അറിയാതെ കത്രിക തട്ടി മീശ മൊത്തം മുറിഞ്ഞു പോകണേ എന്ന് എത്രയോ തവണ കൃഷ്ണനോടു പ്രാർത്ഥിച്ചു.

അമ്മിണിക്കുട്ടി മണിയറയിൽ കയറിയ ശേഷം ചെറുക്കന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. താനാണോ ചെറുക്കനാണോ ആദ്യം പാല് കുടിച്ചത് എന്ന് പോലും ഓർക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരിന്നില്ല അവൾ. എങ്ങനെയോ നേരം വെളുപ്പിച്ചു. അമ്മിണിക്കുട്ടി മണിയറയുടെ വാതിൽ തുറന്നു പുറത്തിറങ്ങി. കയ്യിൽ ചുരുട്ടി പിടിച്ചിരിന്ന കടലാസ് പൊതിയിലെ മീശ ജനലിൽ കൂടി വെളിയിലേക്ക് വലിച്ചെറിഞ്ഞു. മണിയറയുടെ വാതിൽ ഒന്ന് കൂടി തുറന്ന് നോക്കി. അകത്ത് ഉറങ്ങിക്കിടക്കുന്ന സ്വന്തം ഷാരൂഖ്‌ ഖാനെ കണ്ട് സംതൃപ്തിയോടെ നെടുവീർപ്പിട്ടു.

Sunday, November 2, 2014

ഡിസ്പ്പോസ്സിബിൾ


കടപ്പാട്: മാതൃഭൂമി ദിനപത്രം, 2 നവംബർ 2014.