ഇന്ന് രാവിലെ എന്റെ കണ്ണിനെ ഈറൻ അണിയിച്ച ഒരു സംഭവം ഉണ്ടായി. ഞാൻ രാവിലെ ക്ലാസിനു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങാൻ തുടങ്ങും നേരം 90 വയസ്സ് കഴിഞ്ഞ എന്റെ അമ്മൂമ്മ (അച്ഛന്റെ അമ്മ) വീട്ടിലേക്ക് വന്നു. എന്റെ അടുത്തായി ഇരുന്ന ശേഷം എന്നോടു ചോദിച്ചു, നീ യുനിവെർസിറ്റിയിൽ പോകുന്ന വഴി കുമാരനല്ലൂര് ഇന്ന പേരിലുള്ള ഒരു വീട് ഉണ്ടോ എന്ന് അന്വേഷിക്കുമോ എന്ന്. ഞാൻ ചോദിച്ചു എന്തിനാണ് അമ്മൂമ്മേ ആ വീട് തിരക്കുന്നത് എന്ന്. അമ്മൂമ്മ പറഞ്ഞു, "എന്റെ അച്ഛന്റെ വീട് അവിടെയാണ്". ഈയിടെയായി അമ്മൂമ്മ അച്ഛനെ തുടരെ സ്വപ്നം കാണുന്നു എന്ന്. ആ വീട്ടിൽ ആരെങ്കിലും ഒക്കെ അവശേഷിച്ചിട്ടുണ്ടോ എന്ന് അറിയാൻ ആണെന്ന്. അമ്മൂമ്മക്ക് അച്ഛന് വേണ്ടി ബലിയിട്ടാൽ കൊള്ളാമെന്നുണ്ട്. അമ്മൂമ്മ ആ പഴയ കഥ എന്നോടു പറയാൻ തുടങ്ങി.