എങ്ങനെ എത്തിച്ചേരാം
കൊൽക്കത്ത നഗരത്തിൽ എവിടെയോ ആണ് ശാന്തിനികേതനവും, വിശ്വഭാരതി സർവ്വകലാശാലയും സ്ഥിതി ചെയ്യുന്നത് എന്ന വിചാരമായിരിന്നു ഇത്ര നാളും എനിക്കുണ്ടായിരുന്നത്. കൊൽക്കത്തയിൽ നിന്ന് 146 കിലോമീറ്റർ ട്രെയിനിൽ സഞ്ചരിച്ചു വേണം വിശ്വഭാരതി സർവ്വകലാശാലയിൽ എത്തേണ്ടത് എന്ന് വൈകി അറിഞ്ഞു. രാവിലെ കൊൽക്കത്തയിൽ നിന്ന്പു പുറപ്പെട്ടു, സർവ്വകലാശാല കണ്ടിട്ടു വൈകിട്ട് തിരികെ വരാം എന്ന പ്രതീക്ഷയിൽ ഹൗറ റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ ഏഴേകാലിനു പുറപ്പെടുന്ന ട്രെയിനിൽ കയറി കാലും നീട്ടി ഇരുന്നു. ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞപ്പോൾ, ബംഗാളി സുഹൃത്ത് ജോയ്‌ദീപിന്റെ ഫോൺ വിളി വന്നു. ഫേസ് ബുക്ക് വഴി ഞങ്ങളുടെ യാത്ര പദ്ധതി അറിഞ്ഞിട്ടുള്ള വിളിയാണ്. ഫേസ് ബുക്കിനു ഇങ്ങനെയും ചില ഗുണങ്ങളുണ്ട്!! നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് വിശ്വഭാരതിയും, ശാന്തിനികേതനും കണ്ടു തീർക്കാൻ സാധിക്കില്ല എന്നും ഒരു ദിവസം അവിടെ തങ്ങണമെന്നും അറിയിച്ചു. രണ്ടു കയ്യും വീശി യാത്രക്കിറങ്ങിയ ഞങ്ങൾ ഒരു ദിവസം തങ്ങാനുള്ള സാധന സാമഗ്രികൾ (സോപ്പ്, ചീപ്പ്, കണ്ണാടി, തോർത്ത്, സോപ്പ്, ബനിയൻ, ഷർട്ട്, മുണ്ട് വസ്‌തുവകകൾ) ഒന്നും തന്നെ കരുതിയിരുന്നില്ല. എങ്കിലും, എല്ലാം കണ്ട ശേഷം മാത്രമേ തിരികെ വരുന്നുള്ളു എന്ന് ജോയ്‌ദീപിനെ അറിയിച്ചു. സഹപാഠിയായ അൻഷുമാൻ ബാനർജിയെ ഞങ്ങൾ വരുന്ന വിവരം ജോയ്ദീപ്അറിയിച്ചു. ലൈബ്രറി ജീവനക്കാരനായ അൻഷുമാൻ ഞങ്ങൾക്ക് വേണ്ടി സർവ്വകലാശാല അതിഥി മന്ദിരത്തിൽ ഒരു മുറി ഏർപ്പാടാക്കി വെച്ചു. സർവകലാശാലയുടെ മൂക്കിനും മൂലയിലും ഞങ്ങളെ ചുറ്റിയടിച്ചു കാണിച്ചു തന്നത് അൻഷുമാൻ ബാനർജി ആണ്.
ബിർഭും ജില്ലയിലാണ് ശാന്തിനികേതനം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. അവിടെയാണ് വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. നമ്മുടെ മുൻ പ്രസിഡന്റ് പ്രണബ് കുമാർ മുഖർജി ബിർഭും ജില്ലക്കാരനാണ്. കൊൽക്കത്തയിലെ ഹൗറ റെയിൽവേ സ്റ്റേഷനിൽ നിന്നും ധാരാളം ട്രെയിനുകൾ ശാന്തിനികേതൻ വഴി കടന്നു പോകുന്നുണ്ട്. ബോൽപ്പൂർ എന്ന സ്റ്റേഷനിലേക്കാണ് ടിക്കറ്റ് എടുക്കേണ്ടത്. മൂന്നര മണിക്കൂർ യാത്ര ചെയ്‌തു വേണം ഇവിടെയെത്താൻ. ബോൽപ്പൂർ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരമുണ്ട് സർവ്വകലാശാലയിലേക്ക്.
ഹൗറ സ്റ്റേഷൻ വിട്ടു ഇരുപതു മിനിറ്റിനകം തന്നെ നയന മനോഹരങ്ങളായ ഭൂപ്രകൃതി കാണാൻ തുടങ്ങും. കേരളത്തിലെ പോലെ തന്നെ കുളങ്ങളും, പാടങ്ങളും നിറഞ്ഞ ഭൂപ്രകൃതി ആണ് ബംഗാളിലേത്. തെങ്ങും, നെല്ലുമൊക്കെ ഇവിടെയും സർവ്വസാധാരണം. കാർഷിക ജില്ലയാണ് ബിർഭും. ബോൽപ്പൂർ എത്തുന്നത് വരെ നെൽപ്പാടങ്ങൾ നിറഞ്ഞ നാട്ടുമ്പുറത്തു കൂടിയാണ് ട്രെയിൻ ഓടുന്നത്. ഓഗസ്റ്റ് മാസത്തിൽ മഴ ഉള്ളത് കൊണ്ട് പോകുന്ന വഴിയെല്ലാം പച്ചപ്പട്ടു വിരിച്ച പാടങ്ങൾ ആയിരിന്നു. നമ്മുടെ കുട്ടനാടിനെ കടത്തി വെട്ടുന്ന പ്രകൃതി സൗന്ദര്യം ആണ് എവിടെയും. ഇവിടുത്തെ പാടങ്ങളിൽ വിളയുന്നത് ചാക്കരിയോ (നമ്മടെ റേഷനരി), പച്ചരിയോ, കുത്തരിയോ എന്ന സംശയം മാത്രം ബാക്കി നിന്നു!!
|
നെൽപ്പാടങ്ങൾ നിറഞ്ഞ ബംഗാളിലെ ഒരുൾപ്രദേശം. |
ഉച്ചക്ക് മുൻപ് പതിനൊന്നര മണിയോടെ ട്രെയിൻ ബോൽപ്പൂർ സ്റ്റേഷനിലെത്തി. വളരെ ചെറിയൊരു സ്റ്റേഷനാണ് ബോൽപ്പൂർ. വിശ്വഭാരതി എന്ന പേരിൽ ഒരു ട്രെയിൻ ദിവസവും ഇവിടെ നിന്ന് പുറപ്പെട്ടു ഹൗറ വരെ പോകുന്നുണ്ട്. റെയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയ ഞങ്ങളുടെ കണ്ണുകൾ ഓട്ടോറിക്ഷക്കു വേണ്ടി പരതാൻ തുടങ്ങി. ഓട്ടോറിക്ഷക്കു പകരം ടോട്ടോ എന്ന ബാറ്ററിയിൽ ഓടുന്ന പച്ചപരിഷ്‌ക്കാരി സൈക്കിൾ റിക്ഷാകൾ മാത്രമാണവിടെ ഉണ്ടായിരുന്നത്.
|
ടോട്ടോ ശബ്ദരഹിതവും, സുഖപ്രദവുമായ യാത്ര പ്രദാനം ചെയ്യുന്നു. |
വിശ്വഭാരതി സർവ്വകലാശാലയിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരം ഞങ്ങൾ ടോട്ടോയിൽ യാത്ര ചെയ്‌തു. ടോട്ടോക്കാരൻ ആവശ്യപ്പെട്ട അറുപതു രൂപ കൊടുത്തു. ബംഗാളി ഭാഷയിലെ ചീത്തവിളികൾ മനസ്സിലാക്കാൻ ത്രാണി ഇല്ലാത്തത്കൊണ്ട് തർക്കിക്കാൻ പോയില്ല. പിന്നീടറിഞ്ഞു ഇരുപതു രൂപ കൂലിയെ ഉണ്ടായിരുന്നുള്ളു എന്ന്. കേരളത്തിലായാലും, ബംഗാളിലായാലും ഓട്ടോക്കാരൻ തക്കം കിട്ടിയാൽ തനി ഗുണം കാണിക്കും (മൂഷിക സ്‌ത്രീ എന്നും മൂഷിക സ്‌ത്രീ തന്നെ).
ചരിത്രം ചുരുക്കത്തിൽ
പ്രതിഭകൾക്ക് നിറഞ്ഞതാണ് ടാഗോർ കുടുംബം. കല, സാഹിത്യം, മതം, തത്വചിന്ത, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ടാഗോർ കുടുംബത്തിൽ നിന്നുള്ളവർ വ്യാപരിച്ചിരിന്നു. രബീന്ദ്രനാഥ ടാഗോറിന്റെ പിതാവാണ് ദേബേന്ദ്രനാഥ ടാഗോർ. അദ്ദേഹം തത്വചിന്തകനും, ബ്രഹ്മസമാജ പ്രചാരകനും ആയിരിന്നു. ഹിന്ദു മതത്തിന്റെ പുനരുദ്ധാരണം ആയിരിന്നു ബ്രഹ്മസമാജത്തിന്റെ സ്ഥാപക ലക്ഷ്യമെങ്കിലും, 1860ൽ ഒരു ഹിന്ദു മതത്തിൽ നിന്നും വേറിട്ട് വേറൊരു മതമായി പ്രവർത്തിച്ചു തുടങ്ങി. ഒരു കാലത്തു തരിശായി കിടന്നിരുന്ന ഭൂമിയായിരുന്നു ശാന്തിനികേതനം ഉൾപ്പെട്ട പ്രദേശം. ദേബേന്ദ്രനാഥ ടാഗോറിനു ഈ പ്രദേശം ഇഷ്ടപ്പെടുകയും, 1862ൽ ഇവിടം വാങ്ങുകയും ചെയ്‌തു. ഇവിടെ ഒരു പഴയ കെട്ടിടം ഉണ്ടായിരുന്നതിന്റെ പേരായിരുന്നു ശാന്തിനികേതനം എന്നത്. ഈ പേര് തന്നെ ആ പ്രദേശത്തിന് നൽകുകയും ചെയ്‌തു. ദേബേന്ദ്രനാഥ ടാഗോർ ശാന്തിനികേതനിൽ ഒരു ബ്രഹ്മവിദ്യാലയം സ്ഥാപിച്ചു.
|
പാർവതി ബാവുൽ |
1901ൽ രബീന്ദ്രനാഥ ടാഗോർ തന്റെ വിദ്യാഭ്യാസ സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കാൻ യോജിച്ച രീതിയിലുള്ള ഒരു വിദ്യാലയം സ്ഥാപിച്ചു. ബ്രിട്ടീഷ് സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസ രീതിയോട് ടാഗോറിന് ആഭിമുഖ്യം ഉണ്ടായിരുന്നില്ല. ഗുരുകുല രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് വിശ്വഭാരതിയിൽ അനുവർത്തിച്ചിരുന്നത്. അടഞ്ഞ ക്ലാസ്സ്മുറികളിൽ ഇരുന്നു വിദ്യ പകരുന്നതിനു പകരം തുറന്ന സ്ഥലങ്ങളിൽ ഇരുന്നുള്ള പഠനമാണ് വിശ്വഭാരതിയിൽ പ്രോത്സാഹിപ്പിച്ചിരുന്നത്. വിദ്യാർത്ഥിക്ക് തന്റെ അറിവ് പൂർണമായി എന്ന തോന്നൽ ഉണ്ടാകുന്നത് വരെ പഠനം തുടരാം. 1921ൽ ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും, സമ്മാനമായി ലഭിച്ച തുക ഉപയോഗിച്ച് നിലവിലുള്ള വിദ്യാലയത്തെ വിപുലീകരിച്ചു. 1951ൽ കേന്ദ്ര സർക്കാർ വിശ്വഭാരതിക്കു സർവ്വകലാശാല പദവി നൽകി. അമർത്യ സെൻ (സാമ്പത്തിക വിദഗ്ദ്ധൻ), മഹേശ്വതാ ദേവി (സാഹിത്യകാരി), രാംകിങ്കർ ബൈജ് (ശിൽപ്പി), ശിവകുമാർ (കലാ ചരിത്രകാരൻ), സത്യജിത് റായ് (സംവിധായകൻ), ഇന്ദിരാ ഗാന്ധി തുടങ്ങിയ പ്രഗത്ഭരും, പ്രതിഭകളും വിശ്വഭാരതി സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥികളാണ്. കേരളത്തിന്റെ മരുമകളായ ബാവുൽ കലാകാരി പാർവതി വിശ്വഭാരതിയിലെ പൂർവ്വവിദ്യാർഥിനിയാണ്. അൻഷുമാൻ സംസാര മധ്യേ പാർവതിയുടെ കാര്യം സൂചിപ്പിക്കുകയും ചെയ്‌തു.
വിശ്വഭാരതി സർവ്വകലാശാല
മറ്റു സർവ്വകലാശാലാ സംവിധാങ്ങളിൽ നിന്നും വ്യത്യസ്‌തമാണ് വിശ്വഭാരതി. ഇവിടെ നഴ്‌സറി സ്കൂൾ മുതൽ വിവിധ പഠന വകുപ്പുകൾ വരെ സർവ്വകലാശാല സംവിധാനത്തിന്റെ ഭാഗമായുണ്ട്. ഇന്ത്യൻ പ്രധാന മന്ത്രിയാണ് ചാൻസലർ, സംസ്ഥാന ഗവർണർ ആണ് ബോധകൻ (Rector). ശാന്തിനികേതൻ, ശ്രീനികേതൻ എന്നിങ്ങനെ രണ്ടു വളപ്പുകളിലായി സർവ്വകലാശാല സംവിധാനം പരന്നു കിടക്കുന്നു. കേരളത്തിലെ പോലെ സർവ്വകലാശാല വളപ്പിലെ പല ഭാഗങ്ങൾക്കും 'പള്ളി' എന്ന വാക്ക് (ഉദാ: രബീന്ദ്ര പള്ളി, പൂർബ പള്ളി) പേരിനൊപ്പം ഉണ്ട്. പള്ളി എന്നാൽ ഗ്രാമ പ്രദേശം എന്നേ അർത്ഥമുള്ളൂ എന്ന് അൻഷുമാൻ ബാനർജി പറഞ്ഞു.
ഇവിടുത്തെ പഠന വിഭാഗങ്ങൾ ഭവൻ എന്ന പേര് ചേർത്താണ് അറിയപ്പെടുന്നത്; ഉദാ: കലാ ഭാവന (ഫൈൻ ആർട്സ്), ശിക്ഷ ഭാവന (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) എന്നിങ്ങനെ. ഇംഗ്ലീഷിൽ '
ഭാവന'എന്ന് വായിക്കുമെങ്കിലും, നമ്മുടെ ഭാഷയിലെ '
ഭവൻ' എന്ന് വിചാരിച്ചാൽ മതി.
|
ദർശൻ ഭവൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി) |
നാല് കിലോമീറ്ററോളം പരന്ന് കിടക്കുന്ന ക്യാമ്പസ്സിൽ സഞ്ചരിക്കാൻ വിദ്യാർത്ഥികളും, അധ്യാപകരും സൈക്കിൾ ഉപയോഗിക്കുന്നു. ക്യാമ്പസ്സിന്റെ വിവിധ ഭാഗങ്ങളിൽ എത്താൻ ടോട്ടോ ഉപയോഗിക്കാം. സൈക്കിൾ റിക്ഷകളും ലഭ്യമാണ്. അപരിചിതരെന്ന് കണ്ടാൽ '
ടോട്ടോച്ചാൻമാർ' ഉയർന്ന കൂലി ആവശ്യപ്പെടും. നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷ കൂലിയുമായി താരതമ്യം പാടില്ല. ബംഗാളിൽ മനുഷ്യാധ്വാനത്തിനു പുല്ലു വിലയാണ്. അറുപതു രൂപ കൂലി ചോദിച്ചാൽ ഇരുപതു രൂപയാണ് (യഥാർത്ഥ കൂലിയുടെ മൂന്നിരട്ടി) ശരിക്കുള്ള കൂലിയെന്നു മനസ്സിലായി.
|
സൈക്കിൾ റിക്ഷ ചവിട്ടുന്ന പഴയ തലമുറക്കാരൻ. |
|
പുതിയ തലമുറ ടോട്ടോ. |
വിശ്വഭാരതി സർവ്വകലാശാലാ ലൈബ്രറി
പ്രധാന ലൈബ്രറിക്ക് പുറമെ പഠന വിഭങ്ങളിലും ലൈബ്രറികൾ ഉണ്ട്. പ്രധാന ലൈബ്രറി കെട്ടിടം പഴയ ശൈലിയിൽ ഉള്ളതാണ്. എല്ലാ ലൈബ്രറികളിലുമായി ഒൻപതു ലക്ഷത്തോളം പുസ്തകങ്ങൾ ഉണ്ട് എന്ന് ലൈബ്രേറിയൻ പറഞ്ഞു. 1901ൽ സ്ഥാപിച്ച ലൈബ്രറിയിൽ വിവിധ ഭാഷകളിലുള്ള അമൂല്യങ്ങളായ ധാരാളം പഴയ പുസ്തങ്ങളും, രേഖകളും ഉണ്ട്. കോട്ടയം പാലാ സ്വദേശിയായ ഡോ. വി. കെ. തോമസ് ദീർഘനാൾ ഇവിടെ പ്രധാന ലൈബ്രേറിയനായി സേവനമനുഷ്ഠിച്ച ശേഷം അടുത്തയിടെ വിരമിക്കുകയുണ്ടായി. അദ്ദേഹത്തെക്കുറിച്ചു വളരെ മതിപ്പോടെയാണ് ലൈബ്രറി ജീവനക്കാർ സംസാരിച്ചത്. ഡോ. വി. കെ. തോമസ് മുൻകൈയെടുത്തു ലൈബ്രറിയിൽ നടപ്പിലാക്കിയ പുരോഗമനപരമായ പല കാര്യങ്ങളും ഞങ്ങളെ കാണിച്ചു തന്നു. വംഗദേശത്തുള്ളവർ ഒരു കോട്ടയംകാരനെക്കുറിച്ചു മതിപ്പോടെ സംസാരിച്ചത് കേട്ടപ്പോൾ എനിക്കു രോമാഞ്ചം തോന്നി.
|
വിശ്വഭാരതിയിലെ പ്രധാന ലൈബ്രറി. |
|
ലൈബ്രറി സർക്കുലേഷൻ കൌണ്ടർ. |
രബീന്ദ്ര ഭവൻ മ്യൂസിയം
ചില വ്യക്തിത്വങ്ങൾക്ക് നമ്മുടെ ദേശീയ ചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം കൊടുത്തു കാണുന്നില്ല. ടാഗോർ ഗീതാഞ്ജലി എഴുതി എന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ മറ്റു സംഭാവനകളെക്കുറിച്ചു നമ്മുടെ ചരിത്ര പഠന പുസ്തകങ്ങളിൽ വേണ്ടത്ര പ്രാധാന്യം കൊടുത്തു കണ്ടിട്ടില്ല. രബീന്ദ്രനാഥ ടാഗോറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ചരിത്രവും, സംഭാവനകളും നന്നായി അറിയാൻ പാകത്തിനാണ് രബീന്ദ്ര ഭവൻ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
|
രബീന്ദ്ര ഭവൻ മ്യൂസിയം |
ടാഗോർ കുടുംബത്തിന്റെ വിശദമായ വംശാവലി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ശാന്തിനികേതനത്തിന്റെയും, വിശ്വഭാരതിയുടെയും വിവിധ വളർച്ചാ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ഫോട്ടോകളും ഇവിടെ കാണാൻ സാധിക്കും. വിശ്വഭാരതിയിൽ സഹകരിച്ചിരുന്ന പ്രതിഭകളുടെ ഫോട്ടോകളും വിവരണങ്ങളും ഇവിടെ ഉണ്ട്. ഗീതാഞ്ജലി വിവിധ ലോകഭാഷകളിലും, ഇന്ത്യൻ ഭാഷകളിലും അച്ചടിച്ചതിന്റെ കോപ്പികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പതിഞ്ഞ ശബ്ദത്തിൽ രബീന്ദ്ര സംഗീതം വിവിധ ഗായകർ ആലപിക്കുന്നത് അകമ്പടിയായി കേട്ട് കൊണ്ട് പ്രദർശന വസ്തുക്കൾ കാണുന്നത് നല്ല ഒരു അനുഭവമാണ്.
മ്യൂസിയത്തിന്റെ പരിസരത്തായി ടാഗോർ ഉപയോഗിച്ചിരുന്ന വിവിധ കെട്ടിടങ്ങൾ വിശാലമായ ഒരങ്കണത്തിൽ കാണാം. വിശാലമായ മുറ്റത്തിന്റെ വിവിധ ഭാഗങ്ങളിൽ രാംകിങ്കർ ബൈജ് തീർത്ത ശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
|
ടാഗോർ ഈ വീടിന്റെ തുറന്ന മുറ്റത്തു കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. |
|
മറ്റൊരു ചെറിയ മനോഹര ഗൃഹം. |
|
ടാഗോർ ഉപയോഗിച്ചിരുന്ന കാർ. |
|
ശാന്തിനികേതനത്തിലേക്കു അമേരിക്കയിൽ നിന്ന് സംഭാവന കിട്ടിയ പ്രിന്റിങ് പ്രെസ്സ്. |
വിശ്വഭാരതി ക്യാമ്പസ്
ഏകദേശം നാല് കിലോമീറ്ററോളം വ്യാപ്തിയുള്ളതാണ് വിശ്വഭാരതി ക്യാമ്പസ്. നഴ്സറി സ്കൂൾ മുതൽ സർവ്വകലാശാല വരെ ഉൾപ്പെടുന്നതാണ് വിശ്വഭാരതി സംവിധാനം. അതിൽ തന്നെ ഓഫീസ്, ജീവനക്കാർക്കുള്ള താമസ സൗകര്യങ്ങൾ, അതിഥി ഗൃഹങ്ങൾ, കടകൾ, ചന്തകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ലോകമാണ് ഇവിടം.
|
സന്തോഷ് പാഠശാല; നഴ്സറി വിദ്യാലയം. |
|
ഈ വളപ്പിനുള്ളിൽ രാവിലെ ക്ലാസുകൾ നടക്കുന്നുണ്ട്. ഈ സമയത്തു ഇവിടെ പ്രവേശനമില്ല. |
|
ഉപാസന ഗൃഹം. ഈ പ്രാർത്ഥനാ മന്ദിരം രബീന്ദ്രനാഥ ടാഗോറിന്റെ പിതാവ് ദേബേന്ദ്രനാഥ ടാഗോർ 1863ൽ പണികഴിപ്പിച്ചതാണ്. |
|
സന്തോഷ പാഠശാലക്കു സമീപമുള്ള വലിയൊരു ആൽമരം. |
|
ഈ അരയാലിനു ചുറ്റും വലിയൊരു പുൽത്തകിടിയാണ്. വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്‌പീക്കറുകളിൽ കൂടി രബീന്ദ്ര സംഗീതം കേൾക്കാം. |
|
ക്യാമ്പസ്സിന്റെ ധമനികൾ ആണ് തണൽ വിരിച്ച വഴികൾ. |
വിശ്വഭാരതിയിൽ സംഗീത ഭവൻ എന്ന പഠന വിഭാഗത്തിൽ കഥകളിയും പാഠ്യപദ്ധതിയിൽ ഉണ്ട്. കഥകളി വിഭാഗത്തിൽ കുറച്ചു മലയാളി അധ്യാപകർ ഇവിടെയുണ്ട്. അവരെ കണ്ടു മുട്ടാൻ സാധിച്ചില്ല. രബീന്ദ്രനാഥ ടാഗോറിന്റെ ക്ഷണം സ്വീകരിച്ചു കൊണ്ട് ഗുരു കേളു നായർ 1936ൽ ശാന്തിനികേതനത്തിൽ എത്തുകയും വിശ്വഭാരതിക്കു വേണ്ടി കഥകളി പാട്യവിധാനം ചിട്ടപ്പെടുത്തുകയും ചെയ്‌തു.
ശ്രീനികേതൻ
വിശ്വഭാരതി സർവ്വകലാശാല ക്യാമ്പസ്സിന്റെ തുടർച്ചയാണ് ശ്രീനികേതൻ. ഇതൊരു ഗ്രാമീണ വികസന കേന്ദ്രം കൂടിയാണ്. ഗ്രാമീണ ജനതയുടെ ക്ഷേമം, അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ, വിവിധ പരിശീലനങ്ങൾ, ഗ്രാമീണരുടെ വിവിധ പ്രശ്നങ്ങൾക്കുള്ള ശാസ്ത്രീയ പരിഹാര മാർഗങ്ങൾ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് ശ്രീനികേതൻ 1922ൽ തുടങ്ങിയത്. സർവ്വകലാശാല പഠന കേന്ദ്രങ്ങൾ സ്കൂൾ, കാർഷിക കോളേജ്, അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഇവിടെ ഉണ്ടാക്കുന്ന കൈത്തറി വസ്ത്രങ്ങളാണ് വിശ്വഭാരതിയിലെ സ്കൂൾ യൂണിഫോമിനായി ഉപയോഗിക്കുന്നത്. ബംഗാൾ പരുത്തി തുണിയിൽ ഉണ്ടാക്കിയ വസ്ത്രങ്ങൾ മാർദവം ഉള്ളതും ധരിക്കാൻ സുഖപ്രദമാണ്.
|
ശ്രീനികേതൻ വളപ്പിലുള്ള ഒരു കൈത്തറി തുണി വില്പനശാല. |
ഗ്രാമവികസന സങ്കൽപ്പങ്ങൾ ഗാന്ധിജിക്കും ടാഗോറിനും ഒന്നായിരുന്നു. ഇന്ത്യയിലെ ഏതു സംരംഭങ്ങളും ഗ്രാമങ്ങളെ മറന്നു കൊണ്ട് ചെയ്യാനാവില്ല; വ്യവസായമോ, വാണിജ്യമോ, വിദ്യാഭ്യാസമോ ആയാൽപ്പോലും. ഒരു വിദ്യാ കേന്ദ്രം ഗ്രാമ വികസനത്തിനും എങ്ങനെയൊക്കെ ഉതകും എന്നതിന് മകുടോദാഹരണമാണ് വിശ്വഭാരതി സർവ്വകലാശാല. പരീക്ഷ നടത്തിപ്പു കേന്ദ്രങ്ങൾ മാത്രമായി ഒതുങ്ങുന്ന മറ്റു ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്ന് വ്യത്യസ്തമാണ് വിശ്വഭാരതി.
No comments:
Post a Comment