Monday, February 12, 2024

സീറോ ബാലൻസ് അക്കൗണ്ട് തുറക്കാം

ഇന്ത്യയിലെ ബാങ്കിങ് രംഗത്ത് പുതുതലമുറ ബാങ്കുകൾ കടന്നു വന്നത് മൂലം കടുത്ത മത്സരമാണ് നടക്കുന്നത്. കേരളത്തിലെ ചെറിയ പട്ടണങ്ങളിൽ പോലും പത്തിലധികം ബാങ്കുകളുടെ ബ്രാഞ്ചുകളുണ്ട്. മികച്ച വ്യക്തിഗത സേവനങ്ങളും, ഡിജിറ്റൽ അനുഭവവുമാണ് പുതുതലമുറ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായും കൂടിയാണ് ബാങ്കുകൾ ഡിജിറ്റൽ സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഉപഭോക്താവിന് ബ്രാഞ്ചുകളിൽ ചെല്ലാതെ തന്നെ മുഴുവൻ ഇടപാടുകളും നടത്താമെന്നതാണ് മെച്ചം. പൊതുമേഖലാ ബാങ്കുകളും പഴയ പഴയ ശൈലിയിൽ  നിന്നും മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ജൻധൻ അക്കൗണ്ടുകൾ എല്ലാ ബാങ്കുകളും നൽകണമെന്നത് നിർബന്ധമാക്കിയതോടെ സീറോ ബാലൻസ് അക്കൗണ്ടുകൾ ജനകീയമായിത്തുടങ്ങി. പരമ്പരാഗത സ്വകാര്യ-പൊതുമേഖലാ  ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് വലിയ പ്രചാരം നൽകുന്നുമില്ല, പ്രോത്സാഹിപ്പിക്കാറുമില്ല. സാധാരണ ജനങ്ങൾക്ക് സീറോ ബാലൻസ് അക്കൗണ്ടുകളെക്കുറിച്ച് ബോധവാൻമാരുമല്ല.  സീറോ ബാലൻസ് അക്കൗണ്ടുകൾ ലഭ്യമാണെന്ന കാര്യം എല്ലാ ബാങ്കുകളുടേയും വെബ്‌സൈറ്റിൽ ഉണ്ട്. സീറോ ബാലൻസ്  അക്കൗണ്ട് എടുക്കാൻ ബാങ്കിൽ ചെന്ന് കഴിഞ്ഞാൽ ഉഴപ്പൻ സമീപനമാണ് ജീവനക്കാർ സ്വീകരിക്കുന്നത്. ഈ ബ്രാഞ്ചിൽ സീറോ ബാലൻസ് അക്കൗണ്ട് ഇല്ല, സീറോ ബാലൻസ് അക്കൗണ്ട് കൊള്ളില്ല, മറ്റു സേവിങ്സ് അക്കൗണ്ട് എടുത്തു കൂടെ എന്നിങ്ങനെ പല തരത്തിലുള്ള ചോദ്യങ്ങൾ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകും. ചുരുക്കം പറഞ്ഞാൽ സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ ചെല്ലുന്നവരെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണുള്ളത്. 

സീറോ ബാലൻസ് അക്കൗണ്ടിന്റെ ഗുണങ്ങൾ
മറ്റു സേവിങ്സ് അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുക മിച്ചം സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. വിദ്യാർത്ഥികൾക്കും, സ്ഥിരവരുമാനം ഇല്ലാത്തവർക്കും, സാധാരണക്കാർക്കും ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാമെന്നത് നേട്ടമാണ്. ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ചെക്ക് ബുക്ക് തുടങ്ങിയ സേവനങ്ങളും ലഭിക്കും. ഇഷ്ടമുള്ള ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കാം, ഡെബിറ്റ് കാർഡുകൾക്ക് മികച്ച ഷോപ്പിംഗ് ഓഫറുകളും നൽകുന്നുണ്ട്. യുപിഐ ഇടപാടുകൾ നടത്താൻ വേണ്ടി മാത്രം  പ്രത്യേകം അക്കൗണ്ടുകൾ തുറക്കേണ്ടവർക്കും സീറോ ബാലൻസ് അക്കൗണ്ടുകൾ പ്രയോജനപ്രദമാണ്.

ഡിജിറ്റൽ സീറോ ബാലൻസ് അക്കൗണ്ട് 
പുതുതലമുറ ബാങ്കുകളാണ് സീറോ ബാലൻസ് അക്കൗണ്ടുകൾ ഓൺലൈനായി തുറക്കുന്നത് പ്രചാരത്തിലാക്കിയത്. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും, ബാങ്കിങ് സേവനങ്ങൾ പരിചയപ്പെടുത്താനും സീറോ ബാലൻസ് അക്കൗണ്ടുകൾ തുറക്കുന്നത് ഉദാരമാക്കി. ബാങ്ക് സന്ദർശിക്കാതെ തന്നെ സീറോ ബാലൻസ് അക്കൗണ്ട് തുറക്കാമെന്നതാണ് മെച്ചം. അതാത് ബാങ്കിന്റെ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം അക്കൗണ്ടിന് അപേക്ഷിക്കാം.  ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഒന്നും തന്നെയില്ല. വീഡിയോ കെ. വൈ. സി. വഴി അക്കൗണ്ട് തുറക്കുന്ന പ്രക്രിയ പൂർത്തിയാകും. ആധാർ കാർഡ്, പാൻ കാർഡ് എന്നീ രേഖകൾ  വീഡിയോ കെ. വൈ. സി.  സമയത്തു കരുതണം.  ബാങ്കിങ് ആപ്പ് വഴി വിവിധ സേവനങ്ങൾ ഉപയോഗിക്കാം. ലളിതവും, ഉപയോക്തൃ സൗഹൃദവുമാണ് പുതുതലമുറ ബാങ്കിങ്  ആപ്പുകൾ. പരമാവധി അക്കൗണ്ടിൽ സൂക്ഷിക്കാവുന്ന തുകയ്ക്ക് പരിധി ഉണ്ടാവുമെന്നതാണ് സീറോ ബാലൻസ് അക്കൗണ്ടുകളുടെ ഒരു പോരായ്മ. തുകയുടെ പരിധി ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. ബാങ്കുകളുടെ വെബ്‌സൈറ്റിൽ സീറോ ബാലൻസ് അക്കൗണ്ടുകളുടെ വിശദ വിവരങ്ങൾ ലഭിക്കും. ഞാൻ ഉപയോഗിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടുകളുടെ വിവരങ്ങൾ ഇവിടെ പറയാം.

കൊട്ടക് മഹിന്ദ്ര ബാങ്ക്
Kotak811 എന്ന ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തു അക്കൗണ്ട് തുറക്കാം. വീഡിയോ കെവൈസി ഉണ്ടാവും. ഡെബിറ്റ് കാർഡ് എടുക്കണമെന്ന് നിർബന്ധമില്ല, ആവശ്യമെങ്കിൽ 299 രൂപ അടച്ചാൽ ലഭ്യമാണ്. ഡിജിറ്റൽ ഡെബിറ്റ് കാർഡ് ലഭിക്കും.  ബേസിക് അക്കൗണ്ട് കിട്ടിക്കഴിഞ്ഞാൽ Kotak811 ആപ്പ്  കളയാവുന്നതാണ്. ബാങ്കിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൊണ്ട്, ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാവുന്നതാണ്. ബാങ്കിങ് സേവനങ്ങൾ നല്ലതാണ്. പരസ്യം, ഫോൺ വിളി തുടങ്ങിയ ശല്യപ്പെടുത്തലുകൾ ഇല്ല. ബാങ്കിങ് ആപ്പിന് അൽപ്പം വേഗത കുറവാണ്, പക്ഷെ മോശമല്ല.

ഇൻഡസ് ഇൻഡ് ബാങ്ക്
അക്കൗണ്ട് തുറക്കുന്നത് പൂർണ്ണമായും ഡിജിറ്റലാണ്. ഡെബിറ്റ് കാർഡ് തരും, അഞ്ഞൂറ് രൂപ വാർഷിക ഫീസ് ഉണ്ട്. നിശ്ചിത തുക ഡെബിറ്റ് കാർഡ് വഴി ഒരു വർഷത്തിനുള്ളിൽ ചിലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കി തരും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച്  ഷോപ്പിംഗ്, സിനിമ ടിക്കറ്റ്, ഓൺലൈൻ ഭക്ഷണം ഓർഡർ ചെയ്യൽ എന്നിവക്ക് മികച്ച ഡിസ്‌കൗണ്ട് കിട്ടും.  മികച്ച ബാങ്കിങ് ആപ്പ് ആണ് പ്രത്യേകത. 

എ യു ബാങ്ക് (AU Bank)
കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് എ യു ബാങ്കിന് ശാഖയുള്ളത്. വീഡിയോ കെവൈസി പൂർത്തിയായിക്കഴിഞ്ഞാൽ മൂന്നു ദിവസത്തിനകം ഡെബിറ്റ് കാർഡ് അടങ്ങിയ വെൽക്കം കിറ്റ് വീട്ടിലെത്തി. ബാങ്കിങ് ആപ്പ് മികച്ചതാണ്. ഡെബിറ്റ് കാർഡ് എടുക്കണമെന്ന് നിർബന്ധമില്ല. പ്ലാറ്റിനം ഡെബിറ്റ് കാർഡ് ആണ് ലഭിക്കുന്നത്, വിസ അല്ലെങ്കിൽ റൂപേ ഇനത്തിൽപ്പെട്ട കാർഡ് തിരഞ്ഞെടുക്കാൻ സാധിക്കും. റൂപേ കാർഡ് ആണ് മെച്ചം. പ്രതിവർഷം എട്ടു തവണ  ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസ് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. 170 രൂപയും, ജിഎസ്ടിയും ചേർന്നതാണ് വാർഷിക ഫീസ്. വാർഷിക ഫീസ് ഒഴിവാക്കാൻ മാർഗ്ഗമൊന്നുമില്ല. എയർപോർട്ട് ലോഞ്ച് ആക്സസ് ഉപയോഗിക്കാൻ സാധിക്കുന്നവർക്കു ഡെബിറ്റ് കാർഡ് വമ്പൻ ലാഭമാണ്.

ഫെഡറൽ ബാങ്ക്
സെൽഫി അക്കൗണ്ട് എന്നാണ് ഫെഡറൽ ബാങ്ക് സീറോ ബാലൻസ് അക്കൗണ്ടിന്റെ പേര്. ഡിജിറ്റൽ സീറോ ബാലൻസ്  അക്കൗണ്ട് എന്ന് കണ്ടു അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ശ്രമിച്ചു. അവസാനം പറഞ്ഞു കെവൈസി പൂർത്തിയാക്കാൻ ബാങ്കിൽ എത്തിയാലേ പറ്റൂന്ന്!! ബാങ്കിൽ ചെന്നപ്പോൾ സീറോ ബാലൻസ് എടുക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്താനായി ശ്രമം. ഞാൻ അനങ്ങാപ്പാറ നയം സ്വീകരിച്ചു. സീറോ ബാലൻസ് ഉള്ള പ്രീമിയം സാലറി അക്കൗണ്ട് നൽകി എന്നെ അവർ സന്തോഷിപ്പിച്ചു യാത്രയാക്കി!! ഫെഡറൽ ബാങ്കിങ് ആപ്പും, സേവനങ്ങളും മികച്ചതാണ്. ബ്രാഞ്ചിൽ ചെന്നാലും ജീവനക്കാരുടെ പെരുമാറ്റം സൗഹാർദ്ദപരമാണ്. 

പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയും സീറോ ബാലൻസ് അക്കൗണ്ട് ഓൺലൈനായി തുറക്കാൻ അനുവദിക്കുന്നുണ്ട്‌. BOB Lite എന്നാണ് അക്കൗണ്ടിന്റെ പേര്. ആപ്പ് വഴിയോ, ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ അക്കൗണ്ട് തുറക്കാവുന്നതാണ്. വാർഷിക ഫീ ഇല്ലാത്ത റൂപേ ഡെബിറ്റ് കാർഡ് തരുമെങ്കിലും, മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധന പറയുന്നുണ്ട്. ഡെബിറ്റ് കാർഡ് വേണ്ടാന്ന് വെച്ചാൽ മതിയാവും. ബാങ്ക് ആപ്പ് വഴി വെർച്വൽ ഡെബിറ്റ് കാർഡ് കിട്ടും, ചാർജ് ഉണ്ടാവില്ല. ഡിജിറ്റൽ അക്കൗണ്ട് നിർമ്മിക്കാനുള്ള എന്റെ ശ്രമം സാങ്കേതിക പ്രശ്നം മൂലം, പാതിവഴിയിൽ നിന്നു പോയത് കൊണ്ട് പൂർത്തിയാക്കാൻ പറ്റിയില്ല. ബാങ്ക് ഓഫ് ബറോഡ ബാങ്കിങ് ആപ്പ് മികച്ചതാണ്.

വലിയ ബാധ്യതയില്ലാതെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാമെന്നതാണ് സീറോ ബാലൻസ് അക്കൗണ്ടുകളുടെ പ്രധാന ഗുണം. ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയാൽ റിവാർഡ് പോയിന്റുകൾ ലഭിക്കുകയും, അവയെ പണമായോ, ഷോപ്പിംഗ് കൂപ്പണുകൾ ആക്കി മാറ്റാനും സാധിക്കും. അക്കൗണ്ട് എടുത്ത ശേഷം നല്ല രീതിയിൽ ഇടപാടുകൾ നടത്തുന്നവർക്ക് ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ സാധ്യത കൂടുതലാണ്. ഓൺലൈൻ ഓഫറുകൾ ഉപയോഗപ്പെടുത്താൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സഹായിക്കും. 

(ഈ പോസ്റ്റിൽ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ചേർത്തിട്ടുണ്ട്. വേണ്ടത്ര പഠനങ്ങൾക്ക് ശേഷം മാത്രം നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക)