Tuesday, December 22, 2015

തലശ്ശേരി കാഴ്ചകൾ

തലശ്ശേരി എന്നത് ഭക്ഷണ പ്രേമികളുടെ ഭൂപടത്തിലെ പ്രധാന ഇടമാണ്. സ്വാദിന്റെയും സാഹിസകതയുടെയും കേന്ദ്രം കൂടിയാണ്. അത് കൊണ്ടാണ് തലശ്ശേരി മൂന്ന് C-കൾക്ക് പ്രസിദ്ധമാണെന്നു പറയപ്പെടുന്നത്; സർക്കസ് (Circus), കേക്ക് (Cake), ക്രിക്കറ്റ്‌ (Cricket). കേരളത്തിന്റെ സർക്കസ് പാരമ്പര്യം തലശ്ശേരിയിൽ നിന്നാണ് ആരംഭിക്കുന്നത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ കീലേരി കുഞ്ഞിക്കണ്ണൻ ആശാൻ ആണ് തലശ്ശേരിയിലെ സർക്കസ് പരിശീലനം തുടങ്ങിയത്. ഇതിനെത്തുടർന്ന് ധാരാളം സർക്കസ്  പ്രതിഭകൾ ഇവിടെ ഉണ്ടായി. ജെമിനി സർക്കസ് കമ്പനി അടക്കമുള്ള പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും സർക്കസിന്റെ തലശ്ശേരി പെരുമ ഉറപ്പിച്ചു. തലശ്ശേരിക്കാരുടെ ബേക്കറികൾ കേരളത്തിലെ മിക്കവാറും പട്ടണങ്ങളിലും ഉണ്ട്. തിരുവനന്തപുരത്തെ ശാന്താ ബേക്കറിയും (Shantha bakery), കോട്ടയത്തും, ചങ്ങനാശ്ശേരിയിലുമുള്ള ബെസ്റ്റ് ബേക്കറിയും (Best bakery) തലശ്ശേരിക്കാർ തുടങ്ങിയതാണ്‌. തലശ്ശേരിയുടെ പട്ടണത്തിന്റെ അതിരിന്റെ പകുതിയോളം  അറബിക്കടലിന്റെ ആലിംഗനത്തിൽ അമർന്നു കിടക്കുകയാണ്. എഴുകുന്നുകളുടെ നഗരം എന്നൊരു വിശേഷണവും തലശ്ശേരിക്കുണ്ട്. ഇതിനെല്ലാം പുറമേ പഴയ ബ്രിട്ടീഷ്‌ മലബാറിന്റെ ഭരണ സിരാകേന്ദ്രം ആയിരിന്നു തലശ്ശേരി.

തലശ്ശേരിയിലെ പഴയ ബസ്‌ സ്റ്റാന്റ് ജങ്ക്ഷൻ. ഇവിടെയാണ് പ്രശസ്തമായ ജയഭാരതി ബേക്കറി. ധാരാളം തുണിക്കടകൾ ഇവിടെയുണ്ട്.


അസ്സൽ തലശ്ശേരി ബിരിയാണി ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് പഴയ ബസ്‌ സ്റ്റാന്റിനു അടുത്തുള്ള പാരിസ് ഹോട്ടൽ. 1942ൽ ആണ് ഈ ഹോട്ടൽ സ്ഥാപിച്ചത്. പഴയ ബസ്‌ സ്റ്റാൻഡിൽ നിന്ന് നടക്കാനുള്ള ദൂരമേയുള്ളൂ ഇവിടേക്ക്. മലബാർ ഭാഗത്ത്‌ ലഭിക്കുന്ന ബിരിയാണിയിൽ കോഴിമുട്ട ഉണ്ടാവില്ല. കേരളത്തിന്റെ തെക്കുഭാഗത്ത്‌ നിന്ന് വരുന്ന ആൾക്കാർ ഇവിടെ നിന്നും ബിരിയാണി കഴിക്കുമ്പോൾ ആദ്യമായി ശ്രദ്ധിക്കുന്ന ഒരു കാര്യമാണിത്. കോട്ടയം മെഡിക്കൽ കോളേജിനു സമീപം തലശ്ശേരിക്കാരൻ തുടങ്ങിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ പ്രദേശവാസി ബിരിയാണിയിൽ മുട്ട കാണാഞ്ഞു ദേഷ്യപ്പെട്ടതിനു ഞാൻ ദൃക്സാക്ഷിയാണ്!!

കിണ്ണത്തപ്പം
നാടൻ പലഹാരങ്ങളുടെ ഒരു കേന്ദ്രമാണ് തലശ്ശേരി. തലശ്ശേരിയിൽ ലഭിക്കുന്ന കിണ്ണത്തപ്പം അതി സ്വാദിഷ്ടമായ ഒരു പലഹാരമാണ്. രൂപത്തിലും രുചിയിലും കോട്ടയം ഭാഗത്ത്‌ ലഭിക്കുന്ന അരി ഹൽവയുടെ ചേട്ടനായി വരും. കാസറഗോഡ് ഭാഗത്ത്‌ പ്രചാരത്തിലുള്ള കലത്തപ്പം, കിണ്ണത്തപ്പത്തിന്റെ അകന്ന ഒരു ബന്ധുവാണ്. അരിപ്പൊടി, ശർക്കര , തേങ്ങാപ്പാൽ, നെയ്യ്, കടലപ്പരിപ്പ്, ഏലക്ക തുടങ്ങിയവയാണ് പ്രധാന ചേരുവകൾ. ഇവിടുള്ള മിക്കവാറും ബേക്കറികളിൽ കിണ്ണത്തപ്പം വാങ്ങാൻ കിട്ടും.

ഇവിടെ ലഭിക്കുന്ന ബേക്കറി പലഹാരങ്ങൾ വൈവിധ്യം പുലർത്തുന്നവയാണ്. ഇന്ത്യയിൽ ആദ്യമായി കേക്ക് നിർമ്മിച്ചത് തലശ്ശേരിക്കാരൻ മമ്പള്ളി ബാപ്പു ആണ്. 1883 ഡിസംബർ 23-നു ബ്രൌണ്‍ സായിപ്പിന്റെ നിർദേശ പ്രകാരം ബ്രിട്ടീഷ്‌ കേക്കിന്റെ അതെ രുചിയിലും മാതൃകയിലും ആണ് ബാപ്പു കേക്ക് നിർമിച്ചത്. സ്വാദിന്റെ കാര്യത്തിൽ തലശ്ശേരി കേക്കിന്റെ മുൻപിൽ ബ്രിട്ടീഷ്‌ കേക്ക് നമിച്ചു നിന്നു. ബാപ്പു നിർമിച്ചു നൽകിയ കേക്ക് കഴിച്ചു ബ്രൌണ്‍ സായിപ്പ് ആനന്ദ ചിത്തനായി എന്ന് ചരിത്രം പറയുന്നു. ഇന്ത്യയിൽ ആദ്യമായി കേക്ക് നിർമ്മിച്ചതിന്റെ 132-മത് വാർഷികം 2015 ഡിസംബറിൽ തലശ്ശേരിയിൽ കൊണ്ടാടി.

കോഴിക്കാൽ
മലബാറുകാർ സൽക്കാര പ്രിയർ ആണ്. അതിഥികളെ സൽക്കരിക്കാൻ ആവണം വളരെയേറെ വിഭവങ്ങൾ ഈ പ്രദേശത്ത് പ്രചാരത്തിലുള്ളത്. കോഴിക്കാൽ, അരിപ്പത്തിരി, ചട്ടിപ്പത്തിരി, പെട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, ഉന്നക്കായ, അരികടുക്ക, അങ്ങനെ പോകുന്നു രുചി വൈവിധ്യം. മരുമകനെ സൽക്കരിക്കാൻ മലബാറിലെ ഒരു അമ്മായി അമ്മ പലഹാരങ്ങൾ ഉണ്ടാക്കി വട്ടായിപ്പോയ രസകരമായ പാട്ട് വളരെ പ്രചാരമുള്ളതാണ്. ഇവിടുത്തെ രുചി വൈവിധ്യം വളരെ വലുതാണ്‌. കോഴിക്കാൽ (കോയിക്കാൽ എന്ന് തലശ്ശേരിക്കാർ സ്നേഹത്തോടെ വിളിക്കും) എന്ന പലഹാരം പേര് കേൾക്കും പോലെ ഇറച്ചി വിഭവം അല്ല. തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപമുള്ള ചായക്കടയിൽ നിന്ന് ഞങ്ങൾ കോഴിക്കാൽ യാദൃശ്ചികമായി കഴിക്കാനിട വന്നു. ഫ്രഞ്ച് ഫ്രൈയ്ക്ക് എന്ന പോലെ കപ്പ അരിഞ്ഞു മാവിൽ മുക്കി വറുത്തെടുത്താണ് കോഴിക്കാൽ ഉണ്ടാക്കുന്നത്. ചായക്കൊപ്പം കഴിക്കാൻ കൊള്ളാവുന്ന ഒരു നാലു മണി പലഹാരമാണിത്. രൂപത്തിൽ മാത്രമാണ് കോഴിക്കാലിനോടു സാമ്യം.

പട്ടണതിനുള്ളിലാണ് തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്. 1708-ൽ ബ്രിട്ടീഷുകാർ ആണ് കോട്ട പണിഞ്ഞത്. കോട്ടയുടെ ഒരു വശം കടൽ ആണ്. വെട്ടുകല്ലിൽ ആണ് കോട്ട നിർമ്മിച്ചിരിക്കുന്നത്.
തലശ്ശേരിയിലെ കടൽപ്പാലം. പഴയ ബസ്‌ സ്റ്റാന്റ് ജങ്ക്ഷനിൽ നിന്നും നടക്കാനുള്ള ദൂരമേയുള്ളൂ. ധാരാളം ആളുകൾ വൈകുന്നേരം ഇവിടെ കാറ്റ് കൊള്ളാൻ വന്നിരിക്കാറുണ്ട്. പാലത്തിന്റെ കരയോടു ചേർന്ന ഭാഗം വൃത്തി ഹീനമാണ്.


തലശ്ശേരിയിലെ കടൽപ്പാലത്തിന് സമീപമുള്ള മീൻ കച്ചവടം.
മത്സ്യ ബന്ധന ബോട്ടുകളിൽ നിന്ന് മീൻ കടൽപ്പാലത്തിനു സമീപമെത്തിച്ച ശേഷം ദൂരെ സ്ഥലങ്ങളിലേക്ക് ലോറിയിൽ കയറ്റി വിടുന്നു. തിരണ്ടി മത്സ്യം (Stingray) ആണ് താഴത്തെ ചിത്രത്തിൽ കാണുന്നത്. ഇതിന്റെ വാല് പണ്ട് കാലത്ത് ചാട്ട വാറു ഉണ്ടാക്കാൻ ഉപയോഗിച്ചിരിന്നു.തിരണ്ടി വാലിനടിക്കുക എന്ന പ്രയോഗം തന്നെ മലയാളത്തിൽ ഉണ്ട്. 
കടൽപ്പലത്തിനു സമീപമുള്ള സജീവമായ ആധുനിക മീൻ ചന്ത.
മീൻ ചന്തക്ക് വെളിയിൽ വിൽക്കാൻ വെച്ചിരിക്കുന്ന കല്ലുമ്മക്കായ (Mussel). കല്ലുമ്മക്കായ വിഭവങ്ങൾക്ക് മലബാറിൽ വൻ പ്രചാരമാണ് ഉള്ളത്.
ഓവർ ബറീസ് ഫോളി പാർക്ക്‌. ഇതൊരു കടൽത്തീര പാർക്ക്‌ ആണ്. 1879-ൽ തലശ്ശേരിയിൽ സേവനമനുഷ്ടിചിരിന്ന ഇ. എൻ. ഓവർബറി (E. N. Overbury) എന്ന ബ്രിട്ടീഷ്‌ ജഡ്ജിയുടെ സ്മരണക്കായി ആണ് പാർക്കിനു ഈ പേര് നൽകിയിരിക്കുന്നത്.

തലശ്ശേരി ഹോട്ടലുകൾ രുചിയുടെ കലവറകൾ ആണ് ആഹാര പ്രേമികൾക്കായി തുറന്നിട്ടിരിക്കുന്നത്‌. ഇൻഡ്യൻ കോഫി ഹൗസിലെ പുട്ടും കടലയും, ജൂബിലി ഹോട്ടലിലെ പുട്ടും മീൻകറിയും രുചിയുടെ കാര്യത്തിൽ ഒന്നിനൊന്നു മികച്ചു നിൽക്കുന്നവയാണ്. പഴയ ബസ്‌ സ്റ്റാന്റ് ജുങ്ക്ഷനിലെ ഒരു ചെറിയ കടയിൽ നിന്ന് കുടിച്ച പുതിന സ്പെഷ്യൽ ജ്യൂസ്‌ നാവിലെ സ്വാദ് മുകുളങ്ങളെ താരാട്ട് പാടി ഉണർത്താൻ പോരുന്നതാണ്.

ധർമ്മടം ദ്വീപും, മുഴുപ്പിലങ്ങാടി കടൽ തീരവും ഈ യാത്രയിൽ സന്ദർശിക്കാൻ സാധിച്ചില്ല. ഇവിടുത്തെ കടൽക്കരയിലൂടെ വാഹനം ഓടിക്കാൻ സാധിക്കും. ഇത്തരത്തിൽപ്പെട്ട കേരളത്തിലെ ഒരേ ഒരു കടൽ തീരമാണിത്. അടുത്ത യാത്രയിൽ ഇത്തവണ സന്ദർശിക്കാൻ വിട്ടു പോയ പ്രദേശങ്ങൾ കാണാം എന്ന പ്രതീക്ഷയോടെ തലശ്ശേരിയോട് വിട ചൊല്ലി.

കടപ്പാട്: തലശ്ശേരിയെക്കുറിച്ച് വിവരങ്ങൾ നൽകി സഹായിച്ച പ്രവാസിയായ മാഹി സ്വദേശി നിഹാദ്, ഗവേഷകനായ നിതിൻ കലോർത്ത്, യാത്ര സാധ്യമാക്കി തന്ന, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലെ ലൈബ്രേറിയൻമാരായ ശിൽപ, ഉസ്‌മാൻ, മനോഹരമായ ചിത്രങ്ങൾ എടുത്തു തന്നു സഹായിച്ച എന്റെ സഹയാത്രികൻ ജാസിം എന്നിവർക്ക് എന്റെ നന്ദി രേഖപ്പെടുത്തുന്നു.

10 comments:

 1. നല്ല യാത്രവിവരണം

  ReplyDelete
 2. Good one...vayichirikan nalla rasam...
  Kazhinja 6 varshamayi ennum kanmunniloode pokunna ee kazhchakalk ithrayum kada parayan undayirunno..

  ReplyDelete
 3. തലശ്ശേരിയെ കുറിച്ചുള്ള വിവരണങ്ങൾ ഇഷ്ടപ്പെട്ടു , എങ്കിലും ഒരുപാട് ചരിത്രം ഉറങ്ങുന്ന തലശ്ശേരിയെ ഭക്ഷണകഥകളിലേക്ക് ചുരുക്കിയത് ശരിയായില്ല ?

  ReplyDelete
  Replies
  1. തലശ്ശേരിയുടെ ഭക്ഷണ പെരുമയെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. ഞങ്ങൾ ഈ യാത്രയിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഭക്ഷണ ശാലകളിലാണ്. സ്വാഭാവികമായും തലശ്ശേരി വിഭവങ്ങളെക്കുറിച്ച് എഴുതിയത് കൂടിപ്പോയി. ഇനിയും ഞങ്ങൾ വരുന്നുണ്ട് തലശ്ശേരിയുടെ പൈതൃകം മനസ്സിലാക്കാൻ.

   Delete
 4. kurachu koodi ezhuthaaamayirunnu......

  ReplyDelete
 5. Hi Vimal,
  I started my career at Thalassery Engineering College. That time it was working in a small shopping complex building at Narangappuram. I was there for one year.When the college shifted to the permanent campus at Kundoormala, I got transfer to Perumon (Kollam). Nice place and food. But the only problem I faced was they use fish and non veg every time and there are less options for vegetarians.

  ReplyDelete
  Replies
  1. Yes, they are non vegetarians. Non vegetarian people can enjoy Thalassery dishes well.

   Delete