Saturday, December 23, 2017

ബീഫ് ഉലര്‍ത്തിയത്

 
ചേരുവകൾ 
പോത്തിറച്ചി-1 കിലോ സവാള-2 (നീളത്തില്‍ അരിഞ്ഞത്) ചെറിയ ഉള്ളി-1 കപ്പ് (തൊലി കളഞ്ഞ് നീളത്തില്‍ അരിഞ്ഞത്) മല്ലിപ്പൊടി-2 സ്പൂണ്‍ മുളകുപൊടി-1 സ്പൂണ്‍ കുരുമുളകു പൊടി-1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി-1 സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി-1 സ്പൂണ്‍ ഗരം മസാല-അര സ്പൂണ്‍ കറുവാപ്പട്ട-ചെറിയ കഷ്ണം ഗ്രാമ്പൂ-4 പെരുഞ്ചീരകം-അര സ്പൂണ്‍ തേങ്ങാക്കൊത്ത്-അര കപ്പ് വെളിച്ചെണ്ണ കറിവേപ്പില ഉപ്പ്.

പാകം ചെയ്യുന്ന വിധം
ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വയ്ക്കുക. ഗ്രാമ്പൂ, കറുവാപ്പട്ട, പെരുഞ്ചീരകം എന്നിവ വറുത്തു പൊടിക്കുക. ഇതും ബാക്കി മസാലപ്പൊടികളും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്എന്നിവയും ഇറച്ചില്‍ പുരട്ടി വയ്ക്കുക. കറിവേപ്പിലയും ചേര്‍ക്കുക. ഇത് 1 മണിക്കൂര്‍ വയ്ക്കണം. പിന്നീടിത് അധികം വെള്ളം ചേര്‍ക്കാതെ വേവിച്ചെടുക്കണം. വേവിച്ച ഇറച്ചിയില്‍ നിന്നും വെള്ളം പൂര്‍ണമായും വറ്റിച്ചെടുക്കണം. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറിയ ഉള്ളി, സവാള എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ വഴറ്റണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബിഫ് ഇട്ട് ഇളക്കുക. അല്‍പസമയത്തിനു ശേഷം നാളികേരക്കൊത്തും ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം.
 
കടപ്പാട്: ഹബീബ് മൂസ, ചങ്ങനാശ്ശേരി

Friday, October 27, 2017

ആന ചാടി കുത്തു വെള്ളച്ചാട്ടം


ദൈനംദിന ജോലി ഭാരത്തിൽ നിന്ന് ഓടിയൊളിച്ചു കൊണ്ട് വെള്ളച്ചാട്ടത്തിന്റെ കുളിർമ്മയിൽമുങ്ങിപ്പൊങ്ങാൻ ആരാണ് ആഗ്രഹിക്കാത്തത്. കേരളത്തിന് പുറത്തുള്ള വെള്ളച്ചാട്ടങ്ങൾ (കുറ്റാലം) തിക്കും തിരക്കും നിറഞ്ഞതും, വൃത്തിഹീനവുമാണ്. അവിടങ്ങളിൽ എത്താൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടിയും വരും. മദ്ധ്യ തിരുവിതാംകൂറുകാർക്കു എളുപ്പത്തിൽ എത്തിച്ചേരാവുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ആന ചാടി കുത്തു. പണ്ടൊരിക്കൽ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു രണ്ടു കരിവീരന്മാർ കൊമ്പ് കോർക്കുകയും അതിലൊരു വീരൻ ഉരുണ്ടു താഴെ വീഴുകയും ചെയ്‌തു. അതിനാലാണ് ഈ വെള്ളച്ചാട്ടത്തിനു ആന ചാടി കുത്തു എന്ന പേര് വന്നതെന്ന് പരിസരവാസികൾ പറഞ്ഞു തന്നു. വെള്ളച്ചാട്ടങ്ങൾ സാധാരണ ഗതിയിൽ അപകട സാധ്യത ഏറിയ മേഖലകളാണ്. ഇതിനടുത്തുള്ള തൊമ്മൻ കുത്തു വെള്ളച്ചാട്ടം അപകട സാധ്യത ഏറെ ഉള്ള സ്ഥലമാണ്. സഞ്ചാരികൾക്ക് വെള്ളത്തിൽ ഇറങ്ങാൻ അനുവാദവുമില്ല. അവിടെ ചെന്ന് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത മാറി നിന്ന് ആസ്വദിച്ചു തിരിച്ചു വരാനേ നിർവാഹം ഉള്ളു. എന്നാൽ ആന ചാടി കുത്തു വെള്ളച്ചാട്ടം അപകട രഹിതവും, അതിമനോഹരവുമാണ്. ജലപാതത്തിന്റെ ചുവട്ടിൽ നിന്ന് കൊണ്ട് കുളിർമ്മ ആസ്വദിക്കുകയും ചെയ്യാം.

എങ്ങനെ എത്തിച്ചേരാം
കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ തൊടുപുഴ ടൗണിൽ നിന്നും (ഇരുപതു കിലോമീറ്റർ ദൂരം) തൊമ്മൻ കുത്തു ജംഗ്ഷനിൽ എത്തി വണ്ണപ്പുറം പോകുന്ന വഴി ഒരു കിലോമീറ്റർ താഴെ മാത്രം ദൂരം സഞ്ചരിച്ചു ആന ചാടി കുത്തിൽ എത്താം. ബസ്സിൽ വരുന്നവർ തൊടുപുഴയിൽ നിന്ന് കയറി തൊമ്മൻ കുത്തു ജംഗ്ഷനിൽ ഇറങ്ങി, ഓട്ടോ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ കുറച്ചു കുറച്ചകലെ എത്താം. കുറച്ചു റബ്ബർ തോട്ടത്തിനുള്ളിലൂടെ നടന്നു വേണം ജലപാതത്തിൽ എത്താൻ. അവധി ദിനങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വരുന്നവരുടെ തിരക്ക് കൂടുതലാണ്. കാറിൽ വരുന്നവർ സമീപ വാസികളുടെ പുരയിടത്തിൽ വേണം പാർക്ക് ചെയ്യാൻ. ഇരുപതു രൂപ പാർക്കിംഗ് ഫീസ് പുരയിടത്തിന്റെ ഉടമസ്ഥർ വാങ്ങുന്നുണ്ട്. കീഴ്‍ക്കാം തൂക്കായ ഒരു മുട്ടക്കുന്നു വലിഞ്ഞു കയറി വേണം വെള്ളച്ചാട്ടത്തിൽ എത്താൻ. മഴക്കാല മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം മുഴുവൻ ഭംഗിയിൽ ആസ്വദിക്കാൻ കിട്ടൂ. ജൂലൈ മുതൽ ഒക്ടോബർ മാസം വരെ വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം.
കുളിക്കാനിറങ്ങാം
വെള്ളച്ചാട്ടത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പോടു കൂടി വേണം ഇവിടെ വരാൻ. നീണ്ടു നിവർന്ന പാറക്കു മുകളിലൂടെ വെള്ളം പരന്നു ഒഴുകി താഴേക്ക് ചാടുന്നു. ശ്രദ്ധിച്ചു നോക്കിയാൽ ജലപാതത്തിന്റെ മുകൾ ഭാഗത്തെ പാറ ആനയുടെ പുറം പോലെ തോന്നും. ചരൽ നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തു ഇറങ്ങി നിൽക്കാം. മുട്ടറ്റം വെള്ളമേ ഉണ്ടാവുകയുള്ളു. ജലപാതത്തിന്റെ താഴെ നിന്നാൽ വെള്ളം ചരൽ വാരി എരിയുന്ന പോലെ ശരീരത്തിൽ വീഴും. ഇത്രയും അടുത്തു നിന്ന് വെള്ളച്ചാട്ടത്തിൽ കുളിച്ചു തിമിർക്കാൻ വേറെ ഒരിടത്തും അവസരം ഉണ്ടാവുകയില്ല. വെള്ളച്ചാട്ടത്തിന്റെ ചുറ്റും നല്ല പച്ചപ്പ്‌ ആണ്.
ഫോട്ടോ: നജീബ് കാസിം


 ഭരത വാക്യം: ആന ചാടി കുത്തു വെള്ളച്ചാട്ടം ജനശ്രദ്ധയിൽ വന്നിട്ട് അധികം നാളായിട്ടില്ല. മലയാളിയുടെ മര്യാദകേടിന്റെ അടയാളങ്ങൾ വെള്ളച്ചാട്ടത്തിന്റെ സമീപത്തു മാലിന്യ കൂമ്പാരമായി കാണാം. ഭക്ഷണ അവശിഷ്ടങ്ങൾ, മദ്യക്കുപ്പികൾ, വലിച്ചെറിഞ്ഞ പാദരക്ഷകൾ, തുണികൾ തുടങ്ങിയവ ജലപാത പരിസരത്തു കുന്നുകൂടി തുടങ്ങിയിരിക്കുന്നു. മദ്യപിച്ചു എത്തുന്നവരെയും കാണാൻ സാധിക്കും. മാലിന്യം നിക്ഷേപിക്കാതെ ജലപാതത്തിന്റെ ഭംഗി ആസ്വദിച്ച് തിരികെ വരുക.

Thursday, October 5, 2017

ധർമസ്യ തത്വം നിഹിതം ഗുഹായാം

ഡോ. സുനിൽ ഇളയിടത്തിന്റെ "മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രം" എന്ന ബൃഹത് പ്രഭാഷണ പാരമ്പര രണ്ടു മാസം കൊണ്ട് കേട്ടു തീർത്തു. വൈരുദ്ധ്യങ്ങളുടെ ആകെത്തുകയാണ് ജീവിതം എന്ന് മഹാഭാരതം പറയുന്നു. സത്യത്തിനുള്ളിൽ അസത്യത്തെ, ധർമ്മത്തിനുള്ളിൽ അധർമ്മത്തെ, നന്മക്കുള്ളിൽ തിന്മയെ, വിജയത്തിനുള്ളിൽ പരാജയത്തെ മഹാഭാരതം നമുക്ക് കാണിച്ചു തരുന്നു. മഹാഭാരത തത്വം ചുരുക്കിപറഞ്ഞാൽ;

ധർമസ്യ തത്വം നിഹിതം ഗുഹായാം
(The essence of right conduct is a very subtle secret) 

ജീവിത ജ്ഞാനത്തെ മഹാഭാരതത്തിൽ ആവിഷ്‌ക്കരിച്ച വ്യാസനെ നമിക്കാതെ വയ്യ: 

നമോസ്‍തുതേ വ്യാസ വിശാല ബുദ്ധേ 
ഫുല്ലരവിന്ദതായത പത്ര നേത്രാ 
യേന ത്വയാ ഭാരത തൈല പൂർണ്ണാ 
പ്രജ്വോലിതോ ജ്ഞാന പ്രദീപ ഹ 

പ്രഭാഷണം ശബ്‌ദ രൂപത്തിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കിട്ടും. 

യൂട്യുബിലും ലഭ്യമാണ് 

Wednesday, September 13, 2017

വിശ്വഭാരതി സർവ്വകലാശാല

രബീന്ദ്രനാഥ ടാഗോർ 
രബീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനം ബംഗാളിന്റെ സാംസ്‌കാരിക മണ്ഡലവുമായി ഇഴുകി ചേർന്ന് കിടക്കുകയാണ്. ടാഗോറിന്റെ സംഭാവനകൾ സംഗീതം, സാഹിത്യം, ചിത്രകല എന്നീ മേഖലകളെ പ്രത്യേക ശാഖകളാക്കി വളർത്തിയിട്ടുണ്ട്. ബംഗാളികൾക്ക് ഗുരുദേവനാണ് ടാഗോർ. ടാഗോറിന്റെ ഏകലോക ദർശനത്തിനു ഉത്തമ ഉദാഹരണമാണ് വിശ്വഭാരതി സർവ്വകലാശാല. ലോകത്തെ മുഴുവൻ ഒരു കിളിക്കൂടായിട്ടാണ് ആണ് ടാഗോർ ദർശിച്ചത്. അവിടെ വിഭിന്ന ദേശീയതകളുടെ അതിരുകളില്ല. "യത്ര വിശ്വം ഭവത്യേക നീഢം" (Where the whole world meets in a single nest) എന്നതാകുന്നു ഈ സർവ്വകലാശാലയുടെ ആപ്‌തവാക്യം. പരമ്പരാഗത സർവ്വകലാശാലകളുടെ പ്രവർത്തന രീതികളിൽ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ടാഗോർ വിശ്വഭാരതിയിലൂടെ വിഭാവന ചെയ്‌തത്‌. ഒരു ചെറിയ വിദ്യാലയം  എന്ന രീതിയിൽ തുടങ്ങുകയും, ടാഗോറിന് ലഭിച്ച നോബൽ സമ്മാന തുക ഉപയോഗിച്ച് സർവ്വകലാശാലയായി വിപുലീകരിക്കുകയും ചെയ്‌തു. ഇപ്പോൾ ഇതൊരു കേന്ദ്ര യൂണിവേഴ്‌സിറ്റി ആണ്. പടിഞ്ഞാറൻ ബംഗാൾ സംസ്ഥാനത്തിലെ ബിർഭും എന്ന ജില്ലയിലെ ശാന്തിനികേതൻ എന്ന ചെറിയ പ്രദേശത്താണ് വിശ്വഭാരതി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയിൽ നിന്നും നൂറ്റി അൻപതോളം കിലോമീറ്റർ അകലെയാണ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.

Wednesday, August 16, 2017

ദൂധ്‌ സാഗർ വെള്ളച്ചാട്ടം (യാത്രാ വിവരണം)

സഞ്ചാര പ്രേമികൾക്ക് വ്യത്യസ്‌ത യാത്രാനുഭവം സമ്മാനിക്കുന്നതാണ് ദൂധ്‌ സാഗർ വെള്ളച്ചാട്ടവും (Dudhsagar Falls), അങ്ങോട്ടുള്ള നടത്തവും. റെയിൽ പാതയിലൂടെയുള്ള 20 (ഇരുവശത്തേക്കും) കിലോമീറ്റർ നീളുന്ന നടത്തവും, പാല് പോലെ പതഞ്ഞൊഴുകുന്ന വളരെ  ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും നൽകുന്ന അനുഭവം അവർണ്ണനീയമാണ്. ഇത്രയും വ്യത്യസ്‌തതയുള്ള ജലപാതം കാണാനുള്ള യാത്ര ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. നമ്മൾ കാണാൻ പോകുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം (310 മീറ്റർ) കൂടിയ മൂന്നാമത്തെ ജലപാതം ആണ്. ഗോവ സംസ്ഥാനത്തിൽ ഉള്ള മണ്ഡോവി (Mandovi) നദിയുടെ സംഭാവനയാണ് ഈ വെള്ളച്ചാട്ടം.

ദൂധ്‌ സാഗർ വെള്ളച്ചാട്ടം

Tuesday, July 25, 2017

തലശ്ശേരി കോഴി ബിരിയാണി (പാചകവിധി)

ലോകത്തിലെ ഏറ്റവും മികച്ച ബിരിയാണി ഏതുനാട്ടില്‍ കിട്ടും? ഇവിടെ കിട്ടുമെന്നാകും കോഴിക്കോട്ടുകാരുടെ മറുപടി. കോഴിക്കോടന്‍ ബിരിയാണിയോട് സ്വാദില്‍ കിടപിടിക്കാന്‍ മറ്റൊരു ബിരിയാണിക്കുമാകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരേറെ. എന്നാല്‍ ഇവിടെനിന്ന് എഴുപത്തിമൂന്നു കിലോമീറ്റര്‍ മാത്രം ദൂരമുള്ള തലശ്ശേരിയിലെ ബിരിയാണി കഴിച്ചവര്‍ അതു സമ്മതിച്ചു തരില്ലെന്നു മാത്രം. അരി ആദ്യം നെയ്യില്‍ വറുത്തശേഷം മസാലക്കൂട്ടുകളും കോഴിയിറച്ചിയുമിട്ട് ദം ചെയ്‌തെടുക്കുന്നു എന്നതാണ് തലശ്ശേരി ബിരിയാണിയുടെ പ്രത്യേകത.(നാടന്‍ കോഴി ഉപയോഗിച്ചാല്‍ രുചിയും കൂടും)
പാരീസ് ഹോട്ടൽ, തലശ്ശേരി. ഇവിടുത്തെ ബിരിയാണി പ്രശസ്തമാണ്.

Saturday, July 22, 2017

വേണമെങ്കിൽ അമ്മാവനേയും കൊല്ലാം

ഒരിടത്ത് ബദ്ധവൈരികളായ ഒരു അമ്മാവനും മരുമകനും ഉണ്ടായിരിന്നു. മരുമകൻ ഭാഗവതം വായിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മാവൻ എത്തി. അമ്മാവനെ കണ്ട മരുമകൻ ഭാഗവതം വായന നിർത്തി.

ഭാഗവതം വായിച്ചിട്ട് എന്ത് മനസ്സിലായി? അമ്മാവൻ മരുമകനോട് ചോദിച്ചു.

മരുമകന്റ മറുപടി ഉടൻ വന്നു,
"വേണമെങ്കിൽ അമ്മാവനേയും കൊല്ലാം".

ചിലർ പുരാണ പാരായണം നടത്തുന്നത് കേൾക്കുമ്പോൾ ഈ കഥ ഓർമ്മ വരുന്നു.

Monday, July 17, 2017

കോനാര്‍ മെസ്സിലെ മട്ടണ്‍ ദോശ

മധുരക്ക് പോയാല്‍ കോനാര്‍ മെസ്സിലെ മട്ടണ്‍ ദോശ കഴിക്കാതെ വരാന്‍ പറ്റുമോ? മിന്‍സ് ചെയ്ത മട്ടണ്‍ റോസ്റ്റാക്കി, മസാല ദോശ ചുടുന്ന പോലെ ദോശക്ക് നടുവില്‍ മട്ടണ്‍ റോസ്റ്റ് വച്ച് ചുട്ടെടുക്കുന്ന മട്ടണ്‍ ദോശയാണ് കോനാര്‍ കടയിലെ ഏറ്റവും ഫേമസ് ഐറ്റം. കൂടെ നല്ല മട്ടണ്‍ കുറുമാ കറിയും.

വിവരങ്ങൾക്ക് കടപ്പാട്: ഹബീബ് മൂസ, ചങ്ങനാശ്ശേരി

Sunday, July 16, 2017

ബോര്‍ഡര്‍ റഹ്മത്ത് കടയിലെ പൊറോട്ട

''നാവില്‍ വച്ചാല്‍ അലിഞ്ഞു പോകുന്ന പൊറോട്ടാ കഴിച്ചിട്ടുണ്ടോ ?!!    ഇത് ബോര്‍ഡര്‍ റഹ്മത്ത് കട. ചെങ്കോട്ട കുറ്റാലം റോഡില്‍ വളരെ പ്രശസ്തമായ കട... പ്രത്യേകത എന്താന്നു വച്ചാല്‍, ആട്ടാമാവ് കൊണ്ടുള്ള പൊറോട്ടാ. മാവ് കുഴക്കുംമ്പോള്‍ വെള്ളത്തിനു പകരം പാല്‍ മാവില്‍ ചേര്‍കുന്നത് കാരണം. അതുകൊണ്ടായിരിക്കാം പൊറോട്ടാ കൈയ്യിലെടുത്താല്‍ പഞ്ഞിപോലെ കാവടി ഷെയ്‌പ്പില്‍ കാണാം. നാവില്‍ വച്ചാല്‍ അലിഞ്ഞു പോകുന്ന പോലെ തോന്നും എന്നുള്ളത് സത്യമാണ്. പിന്നേ കോഴിക്കറിയാണ് മറ്റൊരു പ്രത്യേകത.. നാടന്‍ കോഴിയെ മാത്രമേ അവര്‍ ഉപയോഗിക്കുന്നുള്ളു..യാതൊരുവിധ പാക്കറ്റ് പൊടികളും കറിയില്‍ ചേര്‍കില്ല. മുളകും,മല്ലിയും,മഞ്ഞളും,കുരുമുളകുമെല്ലാം വലിയ ഗ്രൈന്ഡറില്‍ അരച്ചെടുക്കുകയാണ് ..അതുകൊണ്ടാവാം കറിക്കും അന്യായ രുചിയാണ്. പലവിധ ആഹാരങ്ങള്‍ ആ ഹോട്ടലിലുണ്ടങ്കിലും പൊറോട്ടായും കോഴിക്കറിയുമാണ്  അവിടുത്തെ പ്രത്യേകത. ചെങ്കോട്ടവഴി യാത്ര ചെയ്യുന്നവര്‍ കുറ്റാലം ബോര്‍ഡര്‍ റഹ്മത്ത് കട ഒന്നു സന്ദര്‍ശിക്കൂ.... ചെന്നൈയുള്‍പ്പടെ തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഇതിന് ബ്രാഞ്ചുകളുണ്ട്. പക്ഷേ ചെങ്കോട്ടയാണ്  തറവാട് കട.

Saturday, May 13, 2017

മെയ് മാസത്തിലെ ഗുൽമോഹർ പൂക്കൾ

മെയ് മാസത്തിൽ കോയിപ്രം സ്കൂളിലെ ഗുൽമോഹർ പൂത്ത് നിൽക്കുന്നത് കാണുമ്പോൾ സ്‌കൂളിലെ ഓർമ്മകൾ ഓടിയെത്തും. സ്‌കൂളിൽ പഠിക്കുന്ന കാലത്തു എല്ലാ മേയ് മാസവും ഒരു പോലെയാണ്. 

സ്‌കൂൾ മുറ്റത്തെ ഗുൽമോഹർ പൂക്കുമ്പോഴാണ് പരീക്ഷ ഫലം വരുന്നത്. ഫലം അറിയാൻ സ്‌കൂളിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ വേനൽ മഴ നനഞ്ഞ മണ്ണിന്റെ മണവും, തെളിഞ്ഞ അന്തരീക്ഷവും പ്രത്യേക അനുഭൂതി മനസ്സിൽ നിറക്കും. അണ്ണാറക്കണ്ണന്മാർ പാതി കടിച്ചു ഉപേക്ഷിച്ച നാടൻ മാങ്ങകളുടെ മണം നിറഞ്ഞ വഴി. പുതിയ ക്ലാസ്സിലേക്കുള്ള പുസ്തകങ്ങൾ മെയ് പകുതിയോടെ കൊടുത്ത് തുടങ്ങും. അപ്പോൾ ചുവന്ന ഗുൽമോഹർ പൂക്കൾ പൊഴിഞ്ഞ് സ്കൂൾ മുറ്റം പട്ട് വിരിച്ച പോലെയാകും.

ഗുൽമോഹർ ചുവട്ടിലെ പുസ്തക സ്റ്റോറിനു മുന്നിൽ തടിച്ച് കൂടിയിരിക്കുന്നവരുടെ ഇടയിൽ നിന്ന് സ്‌റ്റോറിനകത്ത് നിൽക്കുന്ന നടേശൻ സാറിനോട് നിലവിളി പോലൊരു ചോദ്യം,

" അഞ്ചാം പാഠം വന്നോ സാറേ?"

എന്തോ കൂട്ടിക്കൊണ്ടിരിന്നതിനിടയിൽ ബുക്കിൽ നിന്ന് കണ്ണെടുക്കാതെ സാറിന്റെ മറുപടി, "എല്ലാം വന്നില്ലടാ".

വേറൊരുത്തന്റെ നിലവിളി, "മഠത്തിൽ സ്കൂളിൽ പഠിക്കുന്നവൾ പുസ്തകം മേടിക്കാൻ മുന്നിൽ നിക്കുന്നു സാറേ, കൊടുക്കല്ലേ".
ഒറ്റിയവനെ അവൾ ദേഷ്യത്തോടെ നോക്കി. അപ്പോൾ അവളുടെ മുഖം ഗുൽമോഹർ പൂ പോലെ ചുവന്നിരിന്നു.

Monday, May 8, 2017

എറണാകുളം-രാമേശ്വരം സ്പെഷ്യൽ ട്രെയിൻ

മധ്യ കേരളത്തിലുള്ളവർക്കും, വടക്കൻ കേരളത്തിലുള്ളവർക്കും  രാമേശ്വരം, ധനുഷ്കോടി പോയിവരുവാൻ ഇപ്പോൾ വളരെ എളുപ്പം. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4 മണിക്ക് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റെന്ന് അതിരാവിലെ 4 മണിക്ക് രാമേശ്വരം എത്തുന്ന രീതിയിൽ ട്രെയിൻ സർവീസ് ആരംഭിച്ചു. രാവിലെ നാലു മുതൽ രാത്രി പത്ത് മണി വരെ അവിടെ ചിലവിട്ട് അതേ ദിവസം രാത്രി പത്ത് മണിക്ക് തിരികെ പുറപ്പെടുന്ന ട്രെയിൻ കയറിയാൽ പിറ്റെന്ന് രാവിലെ 10:15 ന് എറണാകുളത്തു തിരികെ എത്താം. ഇപ്പോൾ ആഴ്ച തോറും പ്രത്യേക സർവീസ് നടത്തുന്ന ഈ ട്രെയിൻ ലാഭകരമല്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് നിർത്താൻ സാധ്യതയുണ്ട്. നിലവിൽ ജൂൺ 26 വരെയാണ് ഈ ട്രെയിൻ സർവീസ് അനുവദിച്ചിരിക്കുന്നത്.

ട്രെയിൻ വിവരം
എറണാകുളം (ERS) - രാമേശ്വരം (RMM) ട്രെയിൻ നമ്പർ -06035
രാമേശ്വരം (RMM) - എറണാകുളം (ERS) ട്രെയിൻ നമ്പർ-06036

യാത്രാ നിരക്ക്
II AC- Rs. 1585
III AC- Rs. 1120
Sleeper Class- Rs. 400

അവലംബം
http://english.mathrubhumi.com/news/kerala/rameshwaram-spl-train-to-charge-same-fare-from-ernakulam-thrissur-palakkad-1.1842026

Saturday, March 18, 2017

ദൈവ വിശ്വാസവും കക്കൂസിലെ പുകവലിയും

ചില ദൈവ വിശ്വാസികൾക്ക് മറ്റുള്ളവരെ കൂടി വിശ്വാസികളാക്കിയില്ലേൽ സമാധാനം കിട്ടില്ല. ബസ് യാത്രക്കിടയിൽ സംസാര മദ്ധ്യേ എന്നെ വിശ്വാസിയാക്കാൻ ശ്രമിച്ച ഒരാളെ ഞാൻ ഒരു ഉപമ പറഞ്ഞ് കേൾപ്പിച്ചു:

ചില ആണുങ്ങൾക്ക് കക്കൂസിൽ ചെന്നിരിന്ന് വയറ്റിൽ നിന്ന് പോകാൻ ബീഡി / സിഗററ്റ് വലി നിർബന്ധം. എനിക്കാണെങ്കിൽ ഇതൊന്നും ഇല്ലാതെ തന്നെ കാര്യങ്ങൾ നടക്കും. അങ്ങനെ ഉള്ള എന്നോട് പുകവലിക്കാൻ നിർബന്ധിക്കേണ്ടതുണ്ടോ? വയറ്റീന്ന് പോവാൻ പുകവലി വേണമെന്നത് മനസിന്റെ ബലക്കുറവിനെ സൂചിപ്പിക്കുന്നു. ദുർബല മാനസർക്ക് ദൈവ വിശ്വാസം ഉപകാരപ്പെടും.

ജീവിതം ചുഴി മലരികൾ നിറഞ്ഞതാണ്. പൊരുതിയില്ലെങ്കിൽ ജീവിതത്തിൽ ഒന്നും നേടാനാവില്ല. വെള്ളത്തിൽ വീണാൽ കൈകാൽ അടിച്ചു കൊണ്ടേയിരിക്കണം. അല്ലെങ്കിൽ മുങ്ങിത്താഴും. വിശ്വാസങ്ങൾ പ്രായോഗിക ജീവിതത്തിൽ വിലപ്പോവില്ല.

ദൈവം വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതം അതിന്റെ വഴിക്ക് നീങ്ങും. ആഗോള താപനം ലോകത്തെ മുച്ചുടും. അതിൽ വിശ്വാസിയും അവിശ്വാസിയുമൊക്കെ ഈയാംപാറ്റയെപ്പോലെ എരിഞ്ഞ് തീരും. ഇത് കേട്ട പാടെ വിശ്വാസി തെറിച്ച് വീണ പോലെ അടുത്ത സീറ്റിൽ ചെന്നിരിന്നു !!