എങ്ങനെ എത്തിച്ചേരാം
കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ തൊടുപുഴ ടൗണിൽ നിന്നും (ഇരുപതു കിലോമീറ്റർ ദൂരം) തൊമ്മൻ കുത്തു ജംഗ്ഷനിൽ എത്തി വണ്ണപ്പുറം പോകുന്ന വഴി ഒരു കിലോമീറ്റർ താഴെ മാത്രം ദൂരം സഞ്ചരിച്ചു ആന ചാടി കുത്തിൽ എത്താം. ബസ്സിൽ വരുന്നവർ തൊടുപുഴയിൽ നിന്ന് കയറി തൊമ്മൻ കുത്തു ജംഗ്ഷനിൽ ഇറങ്ങി, ഓട്ടോ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ കുറച്ചു കുറച്ചകലെ എത്താം. കുറച്ചു റബ്ബർ തോട്ടത്തിനുള്ളിലൂടെ നടന്നു വേണം ജലപാതത്തിൽ എത്താൻ. അവധി ദിനങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ വരുന്നവരുടെ തിരക്ക് കൂടുതലാണ്. കാറിൽ വരുന്നവർ സമീപ വാസികളുടെ പുരയിടത്തിൽ വേണം പാർക്ക് ചെയ്യാൻ. ഇരുപതു രൂപ പാർക്കിംഗ് ഫീസ് പുരയിടത്തിന്റെ ഉടമസ്ഥർ വാങ്ങുന്നുണ്ട്. കീഴ്‍ക്കാം തൂക്കായ ഒരു മുട്ടക്കുന്നു വലിഞ്ഞു കയറി വേണം വെള്ളച്ചാട്ടത്തിൽ എത്താൻ. മഴക്കാല മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം മുഴുവൻ ഭംഗിയിൽ ആസ്വദിക്കാൻ കിട്ടൂ. ജൂലൈ മുതൽ ഒക്ടോബർ മാസം വരെ വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം.
വെള്ളച്ചാട്ടത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പോടു കൂടി വേണം ഇവിടെ വരാൻ. നീണ്ടു നിവർന്ന പാറക്കു മുകളിലൂടെ വെള്ളം പരന്നു ഒഴുകി താഴേക്ക് ചാടുന്നു. ശ്രദ്ധിച്ചു നോക്കിയാൽ ജലപാതത്തിന്റെ മുകൾ ഭാഗത്തെ പാറ ആനയുടെ പുറം പോലെ തോന്നും. ചരൽ നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തു ഇറങ്ങി നിൽക്കാം. മുട്ടറ്റം വെള്ളമേ ഉണ്ടാവുകയുള്ളു. ജലപാതത്തിന്റെ താഴെ നിന്നാൽ വെള്ളം ചരൽ വാരി എരിയുന്ന പോലെ ശരീരത്തിൽ വീഴും. ഇത്രയും അടുത്തു നിന്ന് വെള്ളച്ചാട്ടത്തിൽ കുളിച്ചു തിമിർക്കാൻ വേറെ ഒരിടത്തും അവസരം ഉണ്ടാവുകയില്ല. വെള്ളച്ചാട്ടത്തിന്റെ ചുറ്റും നല്ല പച്ചപ്പ് ആണ്.
ഫോട്ടോ: നജീബ് കാസിം |
ഭരത വാക്യം: ആന ചാടി കുത്തു വെള്ളച്ചാട്ടം ജനശ്രദ്ധയിൽ വന്നിട്ട് അധികം നാളായിട്ടില്ല. മലയാളിയുടെ മര്യാദകേടിന്റെ അടയാളങ്ങൾ വെള്ളച്ചാട്ടത്തിന്റെ സമീപത്തു മാലിന്യ കൂമ്പാരമായി കാണാം. ഭക്ഷണ അവശിഷ്ടങ്ങൾ, മദ്യക്കുപ്പികൾ, വലിച്ചെറിഞ്ഞ പാദരക്ഷകൾ, തുണികൾ തുടങ്ങിയവ ജലപാത പരിസരത്തു കുന്നുകൂടി തുടങ്ങിയിരിക്കുന്നു. മദ്യപിച്ചു എത്തുന്നവരെയും കാണാൻ സാധിക്കും. മാലിന്യം നിക്ഷേപിക്കാതെ ജലപാതത്തിന്റെ ഭംഗി ആസ്വദിച്ച് തിരികെ വരുക.
No comments:
Post a Comment