Monday, January 12, 2015

ചരിത്രമുറങ്ങുന്ന ഝാൻസി: യാത്രാ വിവരണം

റാണി ലക്ഷ്മി ഭായിയുടെ കോട്ട കാണാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഝാൻസി നഗരത്തിൽ എത്തിയത്. ഉത്തരപ്രദേശിലെ അതിപ്രധാനമായ ഒരു നഗരമാണിത്‌. ചരിത്രവും, സംസ്‌കാരവും ഇഴചേർന്ന് കിടക്കുന്ന പ്രദേശമാണ് ഝാൻസി. പുരാതന കാലത്ത് ചന്ദേല രാജ വംശവും, ആധുനിക കാലത്ത് റാണി ലക്ഷ്മി ഭായിയും, പിന്നീട് ബ്രിട്ടീഷുകാരും വരുതിയിലാക്കിയ പ്രദേശമാണിത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പടയോട്ടങ്ങൾക്കും ഈ നഗരം സാക്ഷ്യം വഹിച്ചു.

ഇന്ത്യയിലെ വേഗത കൂടിയ ട്രെയിൻ ആയ ശതാബ്തി എക്സ്പ്രെസ്സിൽ ആണ് ഗ്വാളിയോറിൽ നിന്നും ഉച്ചയോടടുത്ത സമയം ഝാൻസിയിൽ വന്നിറങ്ങിയത്. ബ്രിട്ടീഷുകാർ 1880-ൽ ആണ് ഈ സ്റ്റേഷൻ പണി തീർത്തത്. പുറമേ നിന്ന് നോക്കിയാൽ ഒരു കോട്ടയുടെ രൂപം അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മിതി. ഇംഗ്ലീഷ്, ഹിന്ദി, ഉർദു എന്നിങ്ങനെ മൂന്നു ഭാഷകളിൽ സ്റ്റേഷന്റെ പേര് പ്രദർശിപ്പിച്ചിട്ടുണ്ട്. വടക്ക് മധ്യ റെയിൽ (North Central Railway) ഡിവിഷനിൽപ്പെടുന്ന ഈ സ്റ്റേഷനിലൂടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള ട്രെയിനുകൾ കടന്നു പോകുന്നു. ട്രെയിൻ വൈകിയത് കൊണ്ട് ഞങ്ങൾ ക്ലോക്ക് റൂമിൽ ലഗ്ഗേജ് സൂക്ഷിക്കാൻ ഏൽപ്പിച്ച ശേഷം ധൃതിയിൽ കോട്ട കാണാൻ തിരിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയിലേക്ക് 4 കിലോമീറ്റർ ദൂരം ഉണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാർ ഞങ്ങളെ വളഞ്ഞു. കോട്ടയിലേക്ക് 80  രൂപ കൂലി വേണമെന്ന് പറഞ്ഞു. ഞങ്ങൾ അവരെ അവഗണിച്ചുകൊണ്ട് മുന്നോട്ടു നടന്നു. വിലപേശലിനു ശേഷം 40 രൂപയ്ക്കു സമ്മതിച്ചു. വടക്കെ ഇന്ത്യയിൽ ഏതു കാര്യത്തിനും ന്യായ വില അല്ലെന്ന് തോന്നിയാൽ ധൈര്യമായി വിലപേശാം. ഞങ്ങൾ ഓട്ടോയിൽ കോട്ടയിലേക്ക് യാത്ര തിരിച്ചു. കോട്ടയുടെ ആകാരം ദൂരെ നിന്ന് തന്നെ ദൃശ്യമാകാൻ തുടങ്ങി.

ഝാൻസി കോട്ട
ഒരു മലയുടെ മുകളിൽ ആണ് ഝാൻസിയിലെ കോട്ട സ്ഥിതി ചെയ്യുന്നത്. ബീർ സിംഗ് എന്ന രാജാവാണ് 1613-ൽ ആണ് ഈ കോട്ട സ്ഥാപിച്ചത്. ധാരാളം ചരിത്രം ഈ കോട്ടയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടെങ്കിലും ഝാൻസി റാണിയുടെ പേരിലാണ് ഈ നഗരവും, കോട്ടയും ഖ്യാതി നേടിയത്. 1838 മുതൽ ഗംഗാധർ റാവു എന്ന മറാത്ത വംശജനായ രാജാവാണ് ഝാൻസി പ്രദേശം ഭരിച്ചിരിന്നത്. 1842ൽ ഇദ്ദേഹം മണികർണ്ണിക താംബെ എന്ന യുവതിയെ വിവാഹം കഴിച്ചു. മണികർണ്ണിക താംബെ എന്ന പേര് വിവാഹ ശേഷം ലക്ഷ്മി ഭായി എന്ന് പുനർനാമകരണം ചെയ്തു. ഭർത്താവിന്റെ മരണ ശേഷം ലക്ഷ്മിഭായ് ഝാൻസിയുടെ ഭരണം ഏറ്റെടുത്തു.  ബ്രിട്ടീഷുകാരുമായി ലക്ഷ്മിഭായിക്കുണ്ടായിരിന്ന അഭിപ്രായ വ്യത്യാസങ്ങൾ 1858ൽ യുദ്ധത്തിലും, അവരുടെ വീര മൃത്യുവിലും കലാശിച്ചു.

പ്രവേശന കവാടത്തിൽ നിന്നും അഞ്ചു രൂപയുടെ ടിക്കറ്റും വാങ്ങി ഞങ്ങൾ കോട്ടയുടെ അകത്തേക്ക് നടന്നു കയറി. ഭീമാകാരമായ മതിലും, കൂറ്റൻ വാതിലും ഈ കോട്ടയുടെ പ്രത്യേകതയാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ്
(A rchaeological Survey of I ndia) ഈ കോട്ട ഏറ്റെടുത്ത് പരിപാലിക്കുന്നത്. "കരക്ക് ബിജലി" (Karak Bijli) എന്ന കൂറ്റൻ പീരങ്കി കോട്ടയുടെ പ്രധാന കവാടത്തിനു അടുത്തു തന്നെ സ്ഥാപിച്ചിട്ടുണ്ട്. "ഭവാനി ശങ്കർ" എന്ന മറ്റൊരു പീരങ്കിയും ഈ കോട്ടയിൽ സൂക്ഷിച്ചിട്ടുണ്ട്. കോട്ടയുടെ പ്രതാപ കാലത്ത് ഉപയോഗിച്ചിരിന്ന യന്ത്രത്തോക്കുകൾ അകത്തേക്കുള്ള കവാടത്തിനു മുൻഭാഗത്ത്‌ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ കാഴ്ച്ചകൾ എല്ലാം തന്നെ ഝാൻസി കോട്ടയ്ക്ക് ഒരു പടത്താവളത്തിന്റെ കെട്ടും-മട്ടും തോന്നിപ്പിക്കുന്നു. മലമുകളിൽ സ്ഥിതി ചെയ്യുന്ന കോട്ടയായത് കൊണ്ട് തന്നെ അതിനുള്ളിലെ കെട്ടിടങ്ങൾ തട്ടുകളിലായാണ് പണി കഴിച്ചിരിക്കുന്നത്. ഉയരത്തിലുള്ള കോട്ട മതിലിനു മുകളിലൂടെ നടന്നു കൊണ്ട് തന്നെ കോട്ടക്കുള്ളിലെ കെട്ടിടങ്ങൾ കാണാം. മതിലിനു മറു വശത്തേക്ക് നോക്കിയാൽ ഝാൻസി നഗരത്തിന്റെ വിദൂര ദൃശ്യവും  കാണാം. ശിവന്റെയും, ഗണപതിയുടെയും ക്ഷേത്രങ്ങൾ കോട്ടയുടെ അകത്തുണ്ട്. നന്നായി പരിപാലിച്ചിരിക്കുന്ന പൂന്തോട്ടങ്ങൾ കോട്ടയുടെ ഉൾഭാഗത്തെ ആകർഷണീയമാക്കിയിരിക്കുന്നു.

റാണി ലക്ഷ്മി ഭായി കോട്ട മുകളിൽ നിന്നും ചാടി രക്ഷപെട്ട സ്ഥലം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും വിധം പുറം മതിലിന്റെ ഒരു ഭാഗത്ത്‌ ബോർഡിൽ എഴുതി വെച്ചിട്ടുണ്ട്. ബ്രിട്ടീഷുകാർ കോട്ട വളഞ്ഞ അവസരത്തിൽ ഉയരമുള്ള ഈ ഭാഗത്ത്‌ നിന്ന് വളർത്തു മകനെ ശരീരത്തിൽ ചേർത്ത് വെച്ചുകൊണ്ട് താഴെ നിർത്തിയിരിന്ന കുതിരയുടെ പുറത്തേക്കു റാണി ചാടി. ചാട്ടത്തിന്റെ ആഘാതത്തിൽ 'ബാദൽ' എന്ന കുതിര ചത്തുവെങ്കിലും, ശത്രുക്കളുടെ പിടിയിൽ നിന്ന് റാണിക്ക് രക്ഷപ്പെടുവാനായി.

കോട്ടയിൽ നിന്നും ഇറങ്ങിയ ഞങ്ങൾ അടുത്തു തന്നെ സ്ഥിതിചെയ്യുന്ന മ്യുസിയം കാണാനായി നടന്നു. ഈ മ്യുസിയത്തിൽ ഝാൻസി പ്രദേശത്തിന്റെ ചരിത്രം ചിത്രങ്ങളും, പ്രതിമകളും ഉപയോഗിച്ച് നന്നായി ദൃശ്യവൽക്കരിച്ചിട്ടുണ്ട്. അത് കൂടാതെ തന്നെ രാജവംശം ഉപയോഗിച്ചിരിന്ന ആയുധങ്ങളും, പടക്കോപ്പുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.  ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഝാൻസി പ്രദേശത്ത് നടന്ന ഏറ്റുമുട്ടലുകൾ ചിത്രീകരിച്ചിരിക്കുന്നത് ഞിജ്ഞാസ പകരുന്നതാണ്. വിദ്യാർഥികൾക്കും, ചരിത്ര കുതുകികൾക്കും ഈ മ്യുസിയം വളരെയധികം വിജ്ഞാനം പകർന്നു നൽകും. മ്യുസിയം ചുറ്റി നടന്നു കാണുന്നതിനിടയിൽ, സ്‌കൂളിൽ ചെല്ലമ്മ ടീച്ചറിന്റെ ചരിത്ര പഠന ക്ലാസ്സിലേക്ക് ഓർമ തിരികെ സഞ്ചരിച്ചു. ഇത്തരം സന്ദർശനങ്ങൾ കുട്ടികളുടെ ചരിത്ര പഠനം വളരെ ആസ്വാദ്യകരമാക്കും. മ്യുസിയത്തിൽ നിന്നും പുറത്തിറങ്ങിയ തൊട്ടടുത്തുള്ള വിശാലമായ ഝാൻസി പാർക്കിലേക്ക് നടന്നു. കുതിക്കാനൊരുങ്ങി നിൽക്കുന്ന പടക്കുതിരയുടെ പുറത്ത് വാളുമേന്തി ഇരിക്കുന്ന റാണിയുടെ പ്രതിമ പാർക്കിനുള്ളിലെ പ്രധാന ആകർഷണം ആണ്. ശൈത്യകാലമായിരുന്നതിനാൽ ധാരാളം ആളുകൾ പാർക്കിനുള്ളിൽ വെയിൽ കാഞ്ഞു കൊണ്ട് ഇരുപ്പുണ്ടായിരിന്നു. ഞങ്ങൾ പാർക്കിലെ ബെഞ്ചിൽ ഇരുന്നു കൊണ്ട് വിശ്രമിച്ചു. കോട്ടയിലും, മ്യുസിയത്തിലും കണ്ട കാഴ്ച്ചകൾ ചരിത്ര നിമിഷങ്ങളെ ഒരു സിനിമ പോലെ മനസ്സിലൂടെ ഓടിച്ചു കാണിക്കാൻ സഹായിച്ചു.

സഞ്ചാരികളുടെ ശ്രദ്ധക്ക്
കേരളത്തിൽ നിന്നും വടക്കേ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള മിക്കവാറും ട്രെയിനുകൾ ഝാൻസി വഴി കടന്നു പോകുന്നവയാണ്.  ഝാൻസി നഗരം കാണാനെത്തുന്ന നിങ്ങൾ ഖജുരാഹോയും സന്ദർശിക്കുന്നത് നന്നായിരിക്കും. ഇവിടെ നിന്നും ഖജുരാഹോയിലേക്ക് 175 കിലോമീറ്റർ ദൂരം ഉണ്ട്. ട്രെയിൻ മാർഗം പോകുന്നതാണ് സൌകര്യപ്രദം. 4.50 മണിക്കൂർ ട്രെയിൻ യാത്ര ഉണ്ട്. ഝാൻസിയിൽ നിന്നും ഖജുരാഹോയിലേക്ക് പുറപ്പെടുന്ന ട്രെയിനുകളുടെ സമയം ശ്രദ്ധിക്കുക, 2.25 am, 7.10 am, 2.35 pm. ഖജുരാഹോയിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന ട്രെയിനിന്റെ സമയക്രമം അനുസരിച്ച് ഝാൻസി നഗര ദർശനം ക്രമീകരിക്കുക. അസഹനീയമായ തണുപ്പ് ഉള്ളതിനാൽ നവംബർ-ഡിസംബർ-ജനുവരി മാസങ്ങളിലെ യാത്ര ഒഴിവാക്കുക. ഫെബ്രുവരി-മാർച്ച്‌ മാസങ്ങളാണ് സന്ദർശന യോഗ്യമായ സമയം.

1 comment: