Friday, January 16, 2015

ഒരു പൂട്ട്‌ വെച്ച കഥ: ഗുണപാഠം

എന്റെ വീട്ടിലെ എഴുത്ത് മേശയുടെ ഒരു വലിപ്പിന് (Desk drawer)  പൂട്ട്‌ ഇല്ല. കുട്ടികൾ ഇടക്കിടെ എന്റെ മേശ റെയിഡ് നടത്തുന്നത് കൊണ്ട് അതിനൊരു പൂട്ട്‌ പിടിപ്പിക്കാൻ തീരുമാനിച്ചു. എന്ത് കൊണ്ട് എനിക്ക് തനിയെ ഒരു പൂട്ട്‌ വാങ്ങി പിടിപ്പിച്ചു കൂടാ എന്നായി അടുത്ത ചിന്ത. പൂട്ട്‌ പിടിപ്പിക്കാനുള്ള സുഷിരങ്ങളും, താക്കോൽ ദ്വാരവും മേശ ഉണ്ടാക്കിയ ആശാരി ഔദാര്യപൂർവ്വം ഇട്ടു തന്നിട്ടുണ്ട്. നിസ്സാര വിലയുള്ള ഒരു പൂട്ട്‌ പിടിപ്പിക്കാൻ അദ്ദേഹം മറന്നു പോയി. വളരെ പഴക്കമുള്ള മേശ ആയതു കൊണ്ട് അതിന്റെ പൂർവ്വ ചരിത്രം എനിക്കറിയില്ല.

ചങ്ങനാശ്ശേരിയിലെ പ്രമുഖ ഹാർഡ്‌വെയർ വ്യാപാരിയായ മുസ്തഫ സാഹിബിന്റെ കടയിൽ പോയി മേശ വലിപ്പിനുള്ള പൂട്ട്‌ മുപ്പതു രൂപയ്ക്കു വാങ്ങി. വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന വഴി 'ടെക്&മെക്' എന്ന കടയിൽ നിന്നും 'തപാരിയാ' സ്ക്രൂ ഡ്രൈവർ സെറ്റ്(200 രൂപ) വാങ്ങി. വീട്ടിലെത്തി ചായ കുടി കഴിഞ്ഞു മേശയിൽ പൂട്ട്‌ പിടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. പൂട്ട്‌ കൃത്യമായി വെച്ച് നോക്കി, സ്ക്രൂ ഉറപ്പിക്കാനുള്ള സുഷിരം തീർക്കാൻ അടയാളം ഇട്ടു. മുനയൻ കൊണ്ട് ദ്വാരം ഇട്ടു. പൂട്ട്‌ വിജയകരമായി ഉറപ്പിച്ചു. മേശ അടച്ച ശേഷം, താക്കോൽ കടത്തി പൂട്ടാൻ ശ്രമിച്ചു. മേശക്കൊരു വിസമ്മതം പോലെ. പൂട്ട്‌ കൃത്യമായി വീഴുന്നില്ല. അവയവങ്ങൾ മാറ്റി വെക്കാനുള്ള ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ, ശരീരം പുതിയ അവയവത്തെ സ്വീകരിക്കാൻ ആദ്യമൊക്കെ വിസമ്മതിക്കും എന്ന് കേട്ടിട്ടുണ്ട്. അത് പോലെ പുതിയ താഴും, താക്കോലും വെച്ചത് എന്റെ മേശക്കു തീരെ ഇഷ്ടപ്പെട്ടില്ല എന്നു തോന്നിപ്പോയി. പൂട്ട്‌ വീഴാനുള്ള മേശയുടെ വെട്ട് ഞാൻ പരിശോധിച്ചു, ഞാൻ അറിയാതെ തേങ്ങിപ്പോയി. പുതിയ പൂട്ട്‌ വീഴണമെങ്കിൽ വെട്ടിന് അൽപം കൂടി വീതി കൂട്ടണം. ഉളിയുണ്ടെങ്കിലെ പണി നടക്കു. ഒരു ആശാരിയുടെ സഹായമില്ലാതെ കാര്യം നടക്കില്ല എന്ന് ഉറപ്പിച്ചു. ആശാരിക്ക് നിസ്സാരമായി ചെയ്യാവുന്ന ജോലിയെ ഉള്ളു. വിശ്വകർമ്മാവിനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് മേശയോട്‌ ക്ഷമാപണം നടത്തി പിൻവാങ്ങി.

ഗുണപാഠം: അന്യന്റെ തൊഴിൽ മേഖലയിൽ ആവശ്യമില്ലാതെ അതിക്രമിച്ചു കടക്കരുത്. അവന്റെ കഞ്ഞിയിൽ മണ്ണിടാൻ ശ്രമിക്കരുത്. ഓരോരുത്തർക്കും അറിയാവുന്ന പണി ചെയ്ത് ജീവിക്കുക!!

5 comments:

  1. ഹ ഹ ഹ.വിശ്വകർമ്മാവിനെ ധ്യാനിച്ചത്‌ ഏതായാലും നന്നായി.

    ReplyDelete
  2. സ്വന്തം ബ്ലോഗിൽ ഒരു കമന്റ്‌ കിട്ടാൻ ഓരൊരുത്തരും കൊതിച്ചു പോകുന്ന ഈ കാലത്ത്‌,ഒരു കമന്റ്‌ ഇട്ടു അതിനു അപ്പ്രൂവൽ കിട്ടാൻ നോക്കിയിരിക്കേണ്ട ഗതികേട്‌ ഒരു വായനക്കാരനുമില്ല.ശ്രദ്ധിച്ചാൽ കൊള്ളാം.

    ReplyDelete
  3. ചിലർ സ്പാം സന്ദേശങ്ങൾ ഇടുന്നു, അത് കൊണ്ടാണ് കമന്റുകൾ നിയന്ത്രിച്ചിരിക്കുന്നത്‌. അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി.

    ReplyDelete
  4. അതൊന്നും കാര്യമാക്കാനില്ല.

    ReplyDelete