Monday, November 10, 2014

ഷാരൂഖ്‌ ഖാന്റെ മീശ (ചെറുകഥ)

എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണ് അമ്മിണിക്കുട്ടി മണിയറയിലേക്ക് പാലുമായി പോയത്. തന്റെ കല്യാണ ചെറുക്കനെ വിവാഹ മണ്ഡപത്തിൽ വെച്ച് കണ്ടപ്പോൾ മുതലേ തുടങ്ങിയ കലിപ്പാണ്‌. കല്യാണ നിശ്ചയം കഴിഞ്ഞ ശേഷം എത്രയോ തവണ മൊബൈൽ ഫോണിൽ സംസാരിച്ചു. മീശ വടിച്ചു കളയണം എന്ന് ഒരു നൂറു വട്ടമെങ്കിലും പറഞ്ഞു കാണണം. കല്യാണത്തിന് വരുമ്പോൾ മീശ കാണില്ല എന്ന് ചെറുക്കൻ വാക്ക് തന്നതാണ്.

കുട്ടിക്കാലം മുതലേ ഷാരൂഖ്‌ ഖാനെ ആരാധിച്ചു തുടങ്ങിയതാണ്‌. ഖാന്റെ മീശയില്ലാത്ത മാർബിൾ പോലെയുള്ള മുഖം എത്ര സുന്ദരമാണ്. അങ്ങനെ ഉള്ള ഒരു സുന്ദരക്കുട്ടപ്പനെ മാത്രമേ കെട്ടുകയുള്ളൂ എന്ന് ഒരുപാടു തവണ മനസ്സിൽ ശപഥം ചെയ്തു. അതിന്റെ പേരിൽ എത്രയോ കല്യാണ ആലോചനകൾ ഓരോ കാരണം പറഞ്ഞു താൻ തന്നെ മുടക്കി. ഈ ചെറുക്കൻ സുന്ദരൻ ആണെങ്കിലും മീശയുണ്ട്. ഇത്തവണ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ചെറുക്കനെ ഇഷ്ടപ്പെട്ടു എങ്കിലും ആ മീശ ഒരു തടസ്സം നിൽക്കുന്നു. താനൊഴിച്ചു എല്ലാവർക്കും ചെറുക്കനേയും, അവന്റെ മീശയും ഇഷ്ടപ്പെട്ടു. ഇടതുപക്ഷ അനുഭാവിയായ അടുത്ത കൂട്ടുകാരി പറഞ്ഞു സ്റ്റാലിന്റെ മീശ പോലെയുണ്ടെന്ന്. കടുത്ത കോണ്‍ഗ്രസ്‌കാരനായ പാലാക്കാരൻ അമ്മാവൻ അഭിപ്രായപ്പെട്ടു പി.ടി. ചാക്കോയുടെ മീശ പോലെയെന്ന്. ബിജെപിക്കാരൻ അനുജൻ പറഞ്ഞു, അൽപ്പം കൂടി മീശക്കു കട്ടി കുറക്കാമെങ്കിൽ അളിയന്റെ മീശ ശ്യാമപ്രസാദ് മുഖർജിയുടെ മീശ പോലെ തന്നെ ആകും. ഇതെല്ലാം കേട്ട് മനസ്സ് തേങ്ങി. ഷേപ്പ് ചെയ്യുന്നതിനിടയിൽ അറിയാതെ കത്രിക തട്ടി മീശ മൊത്തം മുറിഞ്ഞു പോകണേ എന്ന് എത്രയോ തവണ കൃഷ്ണനോടു പ്രാർത്ഥിച്ചു.

അമ്മിണിക്കുട്ടി മണിയറയിൽ കയറിയ ശേഷം ചെറുക്കന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. താനാണോ ചെറുക്കനാണോ ആദ്യം പാല് കുടിച്ചത് എന്ന് പോലും ഓർക്കാനുള്ള മാനസിക അവസ്ഥയിൽ ആയിരിന്നില്ല അവൾ. എങ്ങനെയോ നേരം വെളുപ്പിച്ചു. അമ്മിണിക്കുട്ടി മണിയറയുടെ വാതിൽ തുറന്നു പുറത്തിറങ്ങി. കയ്യിൽ ചുരുട്ടി പിടിച്ചിരിന്ന കടലാസ് പൊതിയിലെ മീശ ജനലിൽ കൂടി വെളിയിലേക്ക് വലിച്ചെറിഞ്ഞു. മണിയറയുടെ വാതിൽ ഒന്ന് കൂടി തുറന്ന് നോക്കി. അകത്ത് ഉറങ്ങിക്കിടക്കുന്ന സ്വന്തം ഷാരൂഖ്‌ ഖാനെ കണ്ട് സംതൃപ്തിയോടെ നെടുവീർപ്പിട്ടു.

3 comments: