ദാമ്പത്യത്തിന്റെ പുതുമോടി അണയുംമുമ്പേ കാമുകനെത്തേടിയിറങ്ങുന്നവര്‍,
ചെറുസൗന്ദര്യപ്പിണക്കങ്ങള്‍ പോലും വിവാഹ പൂര്‍വ ബന്ധത്തെ
പുനരുജ്ജീവിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍, ഒരു മിസ്ഡ്‌കോള്‍ പ്രണയത്തിന്റെ
വൈകാരികത്തിളപ്പില്‍ പ്രസവിച്ച് പോറ്റിവളര്‍ത്തിയ മക്കളെപ്പോലും
ഉപേക്ഷിച്ച് കാമുകനൊപ്പം ഓടിപ്പോകുന്നവര്‍, പ്രണയത്തിന് തടസ്സമാകുന്നത്
അച്ഛനോ അനുജത്തിയോ പങ്കാളിയോ ആയാല്‍ പോലും അവരെ ഇല്ലാതാക്കാന്‍
മടിക്കാത്തവര്‍, വിവാഹേതര ബന്ധം അല്ലലില്ലാതെ തുടരാവാനാവാത്ത
സാഹചര്യത്തില്‍ മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവര്‍.. അങ്ങിനെയങ്ങിനെ
വിലക്കപ്പെട്ട കനിയുടെ മധുരം നുണയാന്‍ ദാമ്പത്യത്തിന്റെ
കൂടുപൊട്ടിച്ചെറിയുന്നവരില്‍ പലതരക്കാരുണ്ട്.
വിവാഹമോചനം തേടി കുടുംബകോടതികളിലെത്തുന്ന കേസുകളില്‍ വലിയൊരു ശതമാനത്തിന്
വിവാഹേതര ബന്ധങ്ങളാണ് കാരണം. പക്ഷേ പലപ്പോഴും അവ കാരണമായി കാണിക്കാറില്ല
എന്നുമാത്രം. വിവാഹേതര ബന്ധം കോടതിയില്‍ തെളിയിക്കാനുള്ള പ്രയാസം, വിവാഹേതര
ബന്ധമാണ് കാരണമെന്ന് വരുന്നത് പുനര്‍വിവാഹ സാധ്യത കുറയ്ക്കുന്നത്,
വിവാഹേതരബന്ധം പുറത്തറിയുന്നതിലെ നാണക്കേട് തുടങ്ങിയവയൊക്കെ മൂലം വിവാഹമോചന
കേസില്‍ വിവാഹേതര ബന്ധം മറച്ചുവെച്ച് മറ്റു കാരണങ്ങളാണ് പലരും കാണിക്കുക.
അഭിഭാഷകരും അതിന് പ്രേരിപ്പിക്കും. മൊബൈല്‍ഫോണുകളിലുമൊക്കെ പ്രചരിക്കുന്ന ക്ലിപ്പുകളും സംഭാഷണങ്ങളുമൊക്കെയും
പെരുകുന്ന വിവാഹേതര ബന്ധങ്ങളുടെ സംസാരിക്കുന്ന തെളിവുകളാണ്.
കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളില്‍ വിവാഹേതര ബന്ധത്തിനുള്ള
തെളിവായി ടെലഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകള്‍ ഇന്ന് ധാരാളമായി
ഹാജരാക്കപ്പെടുന്നുണ്ട്.
ഒന്നാം പ്രതി മൊബൈലും ഇന്റര്‍നെറ്റും
ദാമ്പത്യത്തില്‍ വിവാഹേതരബന്ധങ്ങള്‍ പെരുകുന്നതിന് പിന്നില്‍ പല കാരണങ്ങള്‍
ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാം പ്രതി മൊബൈലും
ഇന്റര്‍നെറ്റുമടക്കമുള്ള ആശയവിനിമയ ഉപാധികളാണ്. വിവാഹിതരായ
സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ അവരുടെ ദാമ്പത്യത്തില്‍
അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക
വിവാഹേതര ബന്ധത്തിലായിരിക്കും.
ഫേസ് ബുക്ക് പോലുളള സോഷ്യല്‍ മീഡിയകളില്‍ രസം
തേടുന്നവരുമുണ്ട്.മൊബൈലുകള്‍ വഴി ഒളിപ്പിച്ചു വയ്ക്കുന്ന പല ബന്ധങ്ങളും
പിന്നീട് ഭാര്യയോ ഭര്‍ത്താവോ അറിയുമ്പോള്‍ പ്രശ്‌നങ്ങള്‍
ഉടലെടുക്കുന്നു. 2011 ലെ മൂന്നിലൊന്ന് വിവാഹമോചനങ്ങള്‍ക്കും വഴിവെച്ചത് ലോകത്തിലെ ഏറ്റവും
വലിയ സൗഹൃദ കൂട്ടായ്മയായ ഫേസ്ബുക്കാണെന്ന് ലണ്ടനിലെ നിയമ വ്യവഹാര സ്ഥാപനമായ
ഡിവോഴ്‌സ് ഓണ്‍ലൈന്‍ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിവാഹിതനായ ശേഷവും ഭര്‍ത്താവ് ഫേസ്ബുക്ക് പ്രൊഫൈലില്‍ സ്റ്റാറ്റസ്
മാറ്റാത്തതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ച
വാര്‍ത്തയും ഈയിടെ നമ്മുടെ തൊട്ടയല്‍പക്കമായ ആന്ധ്രയില്‍ നിന്ന് കേട്ടു.
മൊബൈല്‍ ഫോണ്‍ കാമുകരെത്തേടി തുടര്‍ച്ചയായി യുവതികള്‍ കുറ്റിപ്പുറം
റെയില്‍വേ സ്റ്റേഷനിലെത്തിയത് ഈയിടെ പത്രങ്ങളില്‍ കൗതുക
വാര്‍ത്തയായിരുന്നു. ഒരു പരിചയവുമില്ലാത്ത, ഒരിക്കല്‍ പോലും നേരിട്ട്
കണ്ടിട്ടില്ലാത്ത വ്യക്തിയുടെ വാക്കുകള്‍ വിശ്വസിച്ച് ഭര്‍ത്താവിനെയും
മക്കളെയും ഉപേക്ഷിച്ച് യുവതികള്‍ ഇറങ്ങിപ്പോകുന്ന കേസുകള്‍ ഇന്ന് ധാരാളം
കേള്‍ക്കുന്നുണ്ട്. സാങ്കേതിക പുരോഗതിയുടെ ഒരു നെഗറ്റീവ് ഇംപാക്ടാണിത്.
കുടുംബത്തിനോ കുട്ടികള്‍ക്കോ വേണ്ടി സ ഹിക്കാന്‍ പണ്ടേപ്പോലെ ഇന്ന് സ്ത്രീകള്‍ തയ്യാറല്ല. പൊരുത്തക്കേടുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ യുവതികള്‍ 'നോ' പറയുന്നുണ്ടിന്ന്. സാമ്പത്തിക സ്വാശ്രയത്വവും സ്വന്തം ലൈംഗികതയെക്കുറിച്ചുള്ള അവബോധവും അവകാശബോധവുമൊക്കെ പൊടുന്നനെ ഇത്തരം കടുത്ത തീരുമാനമെടുക്കാന്‍ അവര്‍ക്ക് പ്രേരണയാകുന്നുണ്ട്. ദാമ്പത്യത്തില്‍ അസ്വസ്ഥതകളുണ്ടാവുമ്പോള്‍ വിവാഹപൂര്‍വ ബന്ധത്തിലെ കാമുകനെ സമീപിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. മറ്റുള്ളവരുമായുള്ള ആശയവിനിമയം കൂടിയപ്പോള്‍ തന്നെ ദാമ്പത്യപങ്കാളികള്‍ക്കിടയിലെ കമ്യൂണിക്കേഷന്‍ വല്ലാതെ കുറഞ്ഞിട്ടുമുണ്ട്.
ഇന്ത്യയിലെ വിവാഹമോചനക്കേസുകളില്‍ 80-85 ശതമാനത്തിനും മുന്‍കൈ എടുക്കുന്നത്
സ്ത്രീകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ ഒരു യുവതിയും
ഭര്‍ത്താവും വിവാഹമോചനം തേടിയെത്തി. ഭാര്യ ഐ ടി കമ്പനിയിലും ഭര്‍ത്താവ്
മെഡിക്കല്‍ കോളേജിലും ജോലി ചെയ്യുന്നു. നാട്ടിന്‍പുറത്തുകാരനായ ഭര്‍ത്താവ്
തന്നോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു
യുവതിയുടെ പരാതി. വീട്ടുകാരും കൗണ്‍സലറുമൊക്കെ പിന്തിരിപ്പിക്കാന്‍
ശ്രമിച്ചിട്ടും അവള്‍ ഡിവോഴ്‌സില്‍ ഉറച്ചു നിന്നു. ഇതിനിടെ ചെറുപ്പക്കാരന്‍
അപകടത്തില്‍ പെട്ട് കിടപ്പിലായി. തെളിവെടുപ്പിന് കോടതിയില്‍ വരാന്‍
പറ്റാത്ത അവസ്ഥ. വീട്ടുകാരും ബന്ധുക്കളുമൊക്കെ നിര്‍ബന്ധിച്ചിട്ടും സാവകാശം
നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഒടുവില്‍ ഭര്‍ത്താവിനെ
സ്‌ട്രെച്ചറില്‍ കോടതിമുറിയിലെത്തിച്ചാണ് വിവാഹമോചനം നേടിയത്.
പെണ്‍കുട്ടിക്ക് ഒരു അഫയര്‍ ഉണ്ടായിരുന്നതാണേ്രത എത്രയും പെട്ടെന്ന് ഈ
ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവളെ പ്രേരിപ്പിച്ചത്.
പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ 'ഓവര്‍ പ്രൊട്ടക്ടീവ്' ആകുന്നു എന്നാണ് ശിഥിലമായ ചില ബന്ധങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് പറയാനുള്ളത്. അതായത് അച്ഛനും അമ്മയ്‌യുടെയും ഏക മകള്‍ ആയിരിക്കും ഇത്തരം കേസില്‍ മറുവശത്ത്. മകള്‍ ചെയ്യുന്നത് മാത്രം ശരി. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും തെറ്റ് എന്നാവും ഭാര്യയുടെയും വീട്ടുകാരുടെയും നിലപാട്. ഭര്‍ത്താവിനെ കുറ്റപ്പെടുത്തുകയും മാനസികമായി സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. സ്വാഭാവികമായി ഇത് ബന്ധത്തില്‍ ഉലച്ചില്‍ വരുത്തും. മാത്രമല്ല, നിസാര പ്രശ്‌നങ്ങള്‍ക്കുപോലും ബന്ധം ഉപേക്ഷിച്ച് പോരൂ എന്ന നിര്‍ദേശവും വീട്ടുകാരുടെ പക്ഷത്തു നിന്ന് ഉണ്ടാവുന്നു.
പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ 'ഓവര്‍ പ്രൊട്ടക്ടീവ്' ആകുന്നു എന്നാണ് ശിഥിലമായ ചില ബന്ധങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് പറയാനുള്ളത്. അതായത് അച്ഛനും അമ്മയ്‌യുടെയും ഏക മകള്‍ ആയിരിക്കും ഇത്തരം കേസില്‍ മറുവശത്ത്. മകള്‍ ചെയ്യുന്നത് മാത്രം ശരി. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും തെറ്റ് എന്നാവും ഭാര്യയുടെയും വീട്ടുകാരുടെയും നിലപാട്. ഭര്‍ത്താവിനെ കുറ്റപ്പെടുത്തുകയും മാനസികമായി സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. സ്വാഭാവികമായി ഇത് ബന്ധത്തില്‍ ഉലച്ചില്‍ വരുത്തും. മാത്രമല്ല, നിസാര പ്രശ്‌നങ്ങള്‍ക്കുപോലും ബന്ധം ഉപേക്ഷിച്ച് പോരൂ എന്ന നിര്‍ദേശവും വീട്ടുകാരുടെ പക്ഷത്തു നിന്ന് ഉണ്ടാവുന്നു.
അനാഥരാകുന്ന കുഞ്ഞുങ്ങള്‍
വിവാഹേതരബന്ധങ്ങളും വിവാഹമോചനങ്ങളും പെരുകുമ്പോള്‍ പ്രധാനമായും അതിന്റെ ഇരകളാകുന്നത് കുഞ്ഞുങ്ങളാണ്. അവരെക്കുറിച്ച് എന്തിന് ചിന്തിക്കണം എന്നാണ് സ്വന്തം കാര്യം നോക്കി വിവാഹേതര ബന്ധം തേടുന്നവരുടെയും പിരിയുന്നവരുടെയും ലൈന്‍. നീലേശ്വരത്ത് ഈയിടെ കാമുകിക്കൊപ്പം യുവാവ് ജീവിതം അവസാനിപ്പിച്ചപ്പോള്‍ അനാഥമായത് ഭാര്യയുടെയും ഇരട്ടകളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവിതമാണ്.
ചെറുപ്പക്കാര്‍ക്കിടയില്‍ ഇന്‍ഡിവിജ്വലിസം വ്യാപകമാവുകയാണ്.
ഉത്തരവാദിത്തങ്ങളില്ലാത്ത, ചരടുകളില്ലാത്ത
സ്വതന്ത്രബന്ധങ്ങളോടാണവര്‍ക്കിന്ന് താല്‍പര്യം. ലിവ്-ഇന്‍ റിലേഷനുകളും
കാഷ്വല്‍ സെക്‌സുമൊക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ കൂടുന്നതായി ഒരു
പ്രമുഖ ദേശീയ മാസിക ഈയിടെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് ഓര്‍ക്കുക.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമുള്ള ലൈംഗിക അസംതൃപ്തിയും വിവാഹേതര
ബന്ധങ്ങള്‍ കൂടാനുള്ള ഒരു കാരണമായി മനശ്ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
പിരിയാന്‍ എന്തെളുപ്പം
വിവാഹമോചനം നേടിയവരും തേടുന്നവരുമായ ദമ്പതിമാരുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമായി മനസ്സിലാകുന്നത് പല ബന്ധങ്ങളും കൃത്യവും വ്യക്തവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിലല്ല പിരിയുന്നത് എന്നാണ്. പലതും തെറ്റിധാരണകള്‍കൊണ്ടും വിട്ടുവീഴ്ചയില്ലായ്മകൊണ്ടുമാണ് സംഭവിക്കുന്നത്. ചിലര്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ് ലഭിക്കാത്തതുകൊണ്ടും.
കടപ്പാട്: മാതൃഭൂമി
No comments:
Post a Comment