ഞാൻ ഇത് വരെ രണ്ടു തവണ പൊതുമേഖലാ ബാങ്കുകളിൽ ലോണിന് അപേക്ഷിച്ചിട്ടുണ്ട്. രേഖകൾ ശരിയാക്കാനും കൊടുക്കാനും എന്നെ മൂന്നു മാസത്തോളം നടത്തിച്ചു. ഒരു സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ വേറെ പുതിയ ഒരെണ്ണം കൂടി കൊണ്ട് വരാൻ പറയും. അങ്ങനെ ബാങ്ക് പറഞ്ഞ എല്ലാ അലവലാതി രേഖകളും ഞാൻ എത്തിച്ചു കൊടുത്തു. ലോൺ ഇപ്പം കിട്ടും എന്ന പ്രതീക്ഷ പടർന്നു പന്തലിച്ചു നിന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞു ബാങ്കുകൾ അവസാന നിമിഷം ലോൺ അനുവദിച്ചില്ല.
രണ്ടു തവണയും എന്നെ ലോൺ തന്നു സഹായിച്ചത് സഹകരണ ബാങ്കുകളാണ്. പൊതുമേഖലാ ബാങ്കിലെ മാനേജരുമായി സംസാരിക്കുമ്പോൾ തന്നെ ബാങ്കിന് നിങ്ങളോടുള്ള അവിശ്വാസം എത്രയുണ്ടെന്ന് മനസ്സിലാകും. ക്ഷണിക്കാത്ത കല്യാണത്തിന് ചെന്ന് കേറിയ പോലെയുള്ള അവസ്ഥ. സഹകരണ ബാങ്കിൽ ചെന്നാൽ നമ്മളെ അറിയുന്നവരെ അവിടെ കാണൂ. സ്വന്തം വീട്ടിൽ ചെന്ന പോലത്തെ അനുഭവം. അൽപ്പം പലിശ കൂടിയാലും സാരമില്ല, ഭാരമില്ലാത്ത മനസ്സുമായി നമുക്ക് തിരികെ പോകാം.
മുതലാളിമാർ ബാങ്കുകളെ പറ്റിച്ചു കാശു കൊണ്ട് പോയെന്നു കേട്ടപ്പോൾ ഇങ്ങനൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളു എന്ന് തോന്നിപ്പോയി!!