Monday, March 2, 2015

പൊങ്കാലയുടെ മനശാസ്ത്രം

Photo courtesy: The Hindu
ഈ ചിത്രം കണ്ടാൽ നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം, പ്രകൃതി ദുരന്തം മൂലം എല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം സ്ത്രീകൾ നിലവിളിക്കുന്ന രംഗമാണെന്ന്. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടാൻ വന്ന സ്ത്രീകൾ ഭക്തി മൂത്ത് കാണിക്കുന്ന കോപ്രായങ്ങൾ ആണെന്നു അറിയുമ്പോൾ നമ്മൾ മലയാളികൾ നാണക്കേടുകൊണ്ട് തല താഴ്ത്തണം. ഭൌതിക നേട്ടങ്ങൾക്ക്‌ വേണ്ടി ആരാധനാലയങ്ങളിൽ പോയി ഗോഷ്ടി കാണിക്കുന്ന മലയാളികൾ ഭക്തി മൂത്ത് ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ്. ശാസ്ത്ര ബോധവും, സ്വതന്ത്ര ചിന്തയും നമ്മുടെ സമൂഹത്തിനു കൈമോശം വന്നിരിക്കുന്നു. നമ്മുടെ സമൂഹത്തിനു മൊത്തം തന്നെ ചികിത്സ വേണ്ടി വരും.

Photo courtesy: Mathrubhumi
ഒരു പൊങ്കാല കാലം കൂടി വരുന്നു. പൊങ്കാല കാഴ്ച്ചകൾ അനവധിയാണ്. സ്ത്രീകൾ വെയിലത്ത്‌ വിയർത്തു കുളിച്ചു പൊങ്കാലയിടുന്നു. സാരിക്കിടയിലൂടെ വെളിവാക്കപ്പെടുന്ന ശരീര ഭാഗങ്ങളിലേക്ക് ചാനൽ ക്യാമറകൾ കാക്ക ദൃഷ്ടിയോടെ പായുന്നു. സ്ത്രീകൾ ഇല്ലാത്ത അവസരം മുതലാക്കി പുരുഷന്മാർ വീട്ടിലിരിന്നു വിശ്രമ വേളകൾ ആനന്ദമാക്കാൻ ഉള്ള വഴികൾ തേടും. അതിനും പറ്റാത്തവർ വെറുതെയിരിന്നു ദിവാസ്വപ്നം കാണും. മേലനങ്ങി പണി ചെയ്യാത്ത സിനിമ താരങ്ങൾ, ഗസറ്റഡ് ഉദ്യോഗസ്ഥകൾ, യുജിസി ജന്മങ്ങൾ ഇവരൊക്കെയാണ് സ്വന്തം നേട്ടങ്ങൾക്ക്‌ വേണ്ടിയും, പൊങ്കാല ടിവിയിൽ കാണുന്നവർക്കായും ഇങ്ങനെ പണിയെടുക്കുന്നത്.

"പകിട 13" എന്ന പുസ്തകത്തിൽ ശ്രീ. രവിചന്ദ്രൻ പൊങ്കാലയുടെ മനശാസ്ത്രം വിശകലനം ചെയ്യുന്നു. "പൊങ്കാലയ്ക്ക് ലക്ഷക്കണക്കിന്‌ സ്ത്രീകൾ പങ്കെടുക്കും. നേട്ടമുണ്ടായെന്നും അനുഗ്രഹം ലഭിച്ചെന്നും പങ്കെടുത്തവർ അവകാശപ്പെടും. ഇത് കേട്ട് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടവരും കൂടെക്കൂടുന്നു. പൊങ്കാലയ്ക്ക് ശേഷമുള്ള ഒരു വർഷം ഭക്തയുടെ ജീവിതത്തിൽ സുഖ-ദുഃഖ സമ്മിശ്രമായ നൂറു കണക്കിന് അനുഭവങ്ങളുണ്ടാവും. പല ആഗ്രഹങ്ങളും പൂർണ്ണമായോ ഭാഗികമായോ നിറവേറ്റപ്പെട്ടതായി തോന്നാം.  ഒപ്പം നഷ്ടങ്ങളും തിരിച്ചടികളുമുണ്ടാകാം. ഇതിൽ സുഖാനുഭവങ്ങൾ മാത്രം അരിച്ചു വേർതിരിച്ചെടുത്തു ഓർമ്മയിൽ സൂക്ഷിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുകയാണ് വിശ്വാസികളുടെ പ്രധാന പരിപാടി. തൊഴിൽപരമായ നേട്ടം, പശുവിന്റെ പ്രസവം, വീടുപണി, ചിട്ടി, ഗ്യാസ് കണക്ഷൻ, മകളുടെ പരീക്ഷാ വിജയം.... എന്നിവ തുടങ്ങി കഴുത്തിലെ അരിമ്പാറ മാറുന്നത് വരെ ആഗ്രഹ പട്ടികയിൽ ഉണ്ടായിരിന്നിരിക്കും. ഇവയിൽ പലതും പൂർണ്ണമായോ ഭാഗികമായോ സംഭവിക്കുന്നതോടെ "അമ്മയുടെ ശക്തിയും ചൈതന്യവും" വെളിവാക്കപ്പെടുന്നു. കിട്ടിയത് നിലനിർത്താനും കൂടുതൽ ലഭിക്കാനും അടുത്ത വർഷം വീണ്ടും തീർഥാടനം നടത്തി അനുഗ്രഹം റീചാർജ് ചെയ്യുന്നു. പൊങ്കാലക്ക് ശേഷം തനിക്കുണ്ടാകുന്ന ദുഖനുഭവങ്ങൾ ഓർക്കാൻ ഭക്ത ഇഷ്ടപ്പെടില്ല. ദുഖാനുഭവം ഉണ്ടാകാൻ പ്രാർഥിച്ചിട്ടില്ല-അപ്പോൾപ്പിന്നെ അതൊക്കെ പ്രാർത്ഥനയുടെ കുഴപ്പമാകുന്നതെങ്ങനെ?

നേട്ടങ്ങൾക്ക്‌ വേണ്ടിയാണ് പ്രാർത്ഥന, അത് മൊത്തമായും ചില്ലറയായും നിറവേറ്റപ്പെട്ടിരിക്കുന്നു. മോശം അനുഭവം വേണമെന്നു പ്രാർഥിച്ചിട്ടില്ല. അത് കൊണ്ട് അത്തരം അനുഭവങ്ങൾ മൂർത്തി തരുന്നതല്ല!! കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുന്ന ഈ മാരക യുക്തിയാണ് വിശ്വാസസംരക്ഷണത്തിന്റെ ആണിക്കല്ല്. ഏതു വിധേനയും വിശ്വാസത്തെ സംരക്ഷിക്കുക എന്നതാണിവിടെ തനതു സാങ്കേതികതമായി പ്രവർത്തിക്കുന്നത്. 

Photo courtesy: Mathrubhumi
ദുഖാനുഭവങ്ങൾ, തിരിച്ചടികൾ എന്നിവ സ്വന്തം പിഴവ്, വിധി, മോശം ഭക്തി  തുടങ്ങിയവ കാരണമാണെന്ന് സമാധാനിക്കാൻ വിശ്വാസികൾ സദാ തയ്യാറായിരിക്കും. പൊങ്കാലയിടാതെ ആട് പ്രസവിക്കുമോ, ചിട്ടിയടിക്കുമോ, തൊഴിൽ കിട്ടുമോ എന്നൊക്കെ പരീക്ഷിക്കാൻ അവർക്ക് താൽപ്പര്യമില്ല; പൊങ്കാല മാത്രം ചെയ്ത് ഇതൊക്കെ സാധിക്കുമോ എന്നൊരു പരീക്ഷണവുമില്ല! സുഖ-ദുഃഖ സമ്മിശ്രമായ അനുഭവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ അനുസ്യൂതം സംഭവിക്കുന്നുണ്ട്. പൊങ്കാലയ്ക്ക് പകരം നഗരത്തിൽ തന്നെ വർഷം തോറും നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്താലും തുടർന്നുള്ള ഒരു വർഷം ജീവിതത്തിൽ പല നേട്ടങ്ങളുമുണ്ടാവും. നല്ല അനുഭവങ്ങളെല്ലാം ഫെസ്റ്റിവലിൽ പങ്കെടുത്തതു കൊണ്ടാണെന്ന് സങ്കൽപ്പിക്കുക; മോശം അനുഭവങ്ങൾ സ്വന്തം കുറ്റമായി പരിഗണിക്കുക-വീണ്ടും പൊങ്കാല മനസ്സോടെ അടുത്ത വർഷത്തെ ഫെസ്റ്റിവലിനു എത്തിപ്പോകും.

ഉള്ളത് നിലനിർത്താനും പുതിയവ വെട്ടിപ്പിടിക്കാനും മനുഷ്യർ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. ദുരിതത്തിൽപ്പെട്ടാൽ കരകയറാൻ പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കും. ഒരു ആഗ്രഹം നടന്നു കിട്ടാനായി പ്രാർഥിക്കുന്ന ഭക്തൻ അത് നടപ്പിലാക്കാനായി പ്രായോഗികമായി എന്തെല്ലാം ചെയ്യണമോ അതെല്ലാം കൃത്യമായി ചെയ്തിട്ടാണ് പ്രാർത്ഥിക്കുന്നത്‌. അത് കൊണ്ട് മാത്രമാണ് അവന്റെ വിശ്വാസം സ്വാർത്ഥകമാകുന്നത്. കൈക്കൂലിയില്ലാതെ നടത്തിയെടുക്കാവുന്ന, നടത്തിയെടുക്കേണ്ട ഒരു കാര്യം കൈക്കൂലി കൊടുത്തു നടത്തിയെടുക്കുന്ന പോലെയാണ് ഇത്".

ഇതിനൊക്കെ പുറമേ രസകരമായ വിവിധ ജനദ്രോഹപരമായ കാഴ്ചകളും പൊങ്കാല തീരുമ്പോൾ കാണാം. എംസി റോഡിന്റെ രണ്ടു വശത്തും നിൽക്കുന്ന യുവരാക്ഷസന്മാർ തിരികെ പോകുന്ന വണ്ടികൾ തടഞ്ഞു നിർത്തി സ്ത്രീകളെ നിർബന്ധമായും മോരും വെള്ളം കുടിപ്പിക്കും. വെള്ളം വേണ്ടായേ  എന്ന് പറഞ്ഞാലും നിർബന്ധമായും വായിൽ ഒഴിച്ച് കൊടുത്തു സഹായിക്കും!! ആറ്റുകാൽ പൊങ്കാല ദിവസം അല്ലാതെ ഇക്കൂട്ടർ ആർക്കും അറിഞ്ഞു കൊണ്ട് ഒരുപകാരവും ആർക്കും ചെയ്തു കൊടുക്കുന്നതല്ല. ഫലമോ ഗതാഗത സ്തംഭനം. ഇതൊന്നും അറിയാതെ ആശുപത്രികളിലേക്ക് വരുന്ന രോഗികൾ അടക്കമുള്ളവർ വഴിയിൽ കിടന്നു നരകിക്കും.

റഫറൻസ്
ഇലക്ട്രിക് സന്ന്യാസിമാർ. (2013). In പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം. (pp. 82-84). കോട്ടയം: ഡി സി ബുക്സ്.

1 comment:

  1. ജീവിതം നേട്ടങ്ങൾക്ക്‌ വേണ്ടിയാണ് എന്ന ചിന്തയിൽ പരിശ്രമിക്കാതെ പ്രാർത്ഥനയിൽ അഭയം തേടുന്നു. ജീവിതം സന്തോഷിക്കനുള്ളതാണ്. സ്ഥിരമായ പരിശ്രമത്തിലൂടെ മാത്രമേ വിജയങ്ങൾ ഉണ്ടാകൂ

    ReplyDelete