Sunday, April 21, 2019

പഠനഭാരം കുറയ്ക്കാന്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍


കൊച്ചി: സ്കൂൾ സമയം ക്രമീകരിക്കുക, പഠനഭാരം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളുമായി സി.ബി.എസ്.ഇ. സ്കൂളുകള്ക്ക് പുതിയ സര്ക്കുലര് വരുന്നു. സ്കൂളുകളിലെ പഠനസമയം പരിഷ്കരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഇത്തരം കാര്യങ്ങള് ഉൾപ്പെടുത്തി കേന്ദ്ര മാനവശേഷിവികസന മന്ത്രാലയം പുതിയ നിർദ്ദേശം പുറത്തിറക്കും. കേന്ദ്ര നിബന്ധനകളുടെ അടിസ്ഥാനത്തില് നിർദ്ദേശങ്ങൾ സമാഹരിക്കാൻ സംസ്ഥാനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകും.

പല സി.ബി.എസ്.ഇ. സിലബസ് സ്കൂളുകളിലെയും പഠന സമയത്തെക്കുറിച്ച് ഒട്ടേറെ പരാതികള് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചുവയസ്സുള്ള കുഞ്ഞുങ്ങൾക്കു വരെ അതിരാവിലെത്തന്നെ അധ്യയനം ആരംഭിക്കുന്ന തരത്തിലുള്ള സമയക്രമമാണ് ചിലയിടങ്ങളിലുള്ളത്. രാവിലെ ഏഴിന് ക്ളാസ് ആരംഭിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും സ്‌കൂൾ സമയം  ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം പുനഃക്രമീകരിക്കുകയെന്നത് പുതിയ നിർദ്ദേശങ്ങളില് പ്രധാനമാണ്. സമയക്രമവുമായി ബന്ധപ്പെട്ട് വനിതാ-ശിശുക്ഷേമ മന്ത്രാലയം പലവട്ടം രംഗത്തെത്തിയിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മിഷനും ഒട്ടേറെ പരാതികള് ലഭിച്ചിട്ടുണ്ട്.

കേന്ദ്ര നിർദ്ദേശപ്രകാരം അനുവദനീയമായതിനും ഇരട്ടിയാണ് സി.ബി.എസ്.ഇ. സ്കൂളുകളിലെ ബാഗുകളുടെഭാരം. സ്കൂള്ബാഗുകളുടെ ഭാരം കുറയ്ക്കാന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് സി.ബി.എസ്.ഇ. ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇക്കാര്യത്തില് കൂടുതല് വ്യക്തത വരുത്തിയാവും പുതിയ നിർദ്ദേശങ്ങള് വരുക.

അത്യാവശ്യമില്ലാത്ത പഠനോപകരണങ്ങളും പുസ്തകങ്ങളും സ്കൂളില്ത്തന്നെ സൂക്ഷിക്കാൻ സംവിധാനമൊരുക്കണമെന്നും ഗൃഹപാഠം നല്കിയേ തീരൂവെന്ന് നിർബന്ധിക്കുന്ന മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തണമെന്നും പുതിയ സർക്കുലറിൽ നിർദ്ദേശമുണ്ട്.

വാർത്താ കടപ്പാട്: മാതൃഭൂമി ദിനപത്രം, 21 ഏപ്രിൽ 2019