എവിടെ നിന്ന് വാങ്ങണം?
പ്രാദേശിക സൈക്കിൾ ഷോപ്പുകൾ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ, എന്നിവിടങ്ങളിൽ നിന്ന് സൈക്ലിംഗ് സാമഗ്രികൾ വാങ്ങാവുന്നതാണ്. ആമസോൺ, ഫ്ലിപ്കാർട്ട് ഷോപ്പിംഗ് സൈറ്റുകളിൽ ഒരേ ഇനം സാധനങ്ങൾ പല വിലയുടെ ഉണ്ടാവും. പ്രോഡക്റ്റിനൊപ്പം വാങ്ങിച്ച ആളുകളുടെ അഭിപ്രായം പരിശോധിച്ച ശേഷം ഓർഡർ കൊടുക്കാം. പ്രാദേശിക ഷോപ്പുകളിലേക്കാൾ വിലക്കുറവാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ. സവാരിക്കാരന്റെ ബഡ്ജറ്റ് അനുസരിച്ചു സാധനങ്ങൾ തിരഞ്ഞെടുക്കാനാവും. ഡെക്കാത്‌ലോൺ (Decathlon) ഷോ റൂമുകളിലും സൈക്ലിംഗ് സാമഗ്രികൾ എല്ലാം തന്നെ ലഭിക്കും. ക്വാളിറ്റിയും, വിലയും കൂടുതലായിരിക്കും ഡെക്കാത്‌ലോൺ ഷോ റൂമുകളിൽ. സൈക്ലിംഗ് തുടക്കക്കാരന് അത്യാവശ്യം വേണ്ട സാധനങ്ങളുടെ വിവരണം താഴെ കൊടുത്തിരിക്കുന്നു. ഓരോ സാമഗ്രിയുടേയും പേരിനൊപ്പം അതിന്റെ ഇംഗ്ലീഷ് പേരും ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ തിരയാൻ വേണ്ടി കൊടുത്തിട്ടുണ്ട്.
സീറ്റ് കവർ (Cycle saddle cover): സീറ്റ് കവറുകൾ പ്രധാനമായും രണ്ടു തരത്തിലുള്ളത് കിട്ടും; കുഷ്യൻ ഉള്ളതും, ജെൽ നിറച്ചതും. ജെൽ നിറച്ച സീറ്റ് കവറാണ് ഇരിക്കാൻ സുഖപ്രദം. നീളമുള്ള സീറ്റ് ആണെങ്കിൽ അതിനു യോജിച്ച കവർ വാങ്ങുക.
പാഡുള്ള നിക്കർ (Padded cycling shorts): പാഡ് ഉള്ള നിക്കർ കൂടി ഉണ്ടെങ്കിലേ സൈക്കിളിലെ ഇരുപ്പ് സുഖപ്രദമാകൂ. ജെൽ പാഡ് ഉള്ള നിക്കർ തിരഞ്ഞെടുക്കുക. പാഡ് നിക്കർ അകത്തു ഇടാനുള്ളതായതു കൊണ്ട് ജട്ടി ഇടേണ്ടതില്ല. പാഡ് നിക്കർ ധരിച്ച ശേഷം അതിനു പുറമേ സാധാരണ നിക്കർ കൂടി ധരിക്കണം.
പുറമേ ഇടാനുള്ള നിക്കർ (Cycling shorts): പുറമേ ഇടാനുള്ള നിക്കർ പോളിയെസ്റ്റർ തിരഞ്ഞെടുക്കുക. ശരീര വിയർപ്പ് നിക്കറിൽ കുതിർന്നു പിടിക്കാതെ വേഗം ഉണങ്ങി പൊയ്‌ക്കൊള്ളും. സൈക്ലിംഗ് വേണ്ടി മാത്രമായുള്ള നിക്കറുകൾ വാങ്ങാൻ കിട്ടും. ബ്രാൻഡഡ് നിക്കറുകൾക്കു വില കൂടും. പ്രാദേശിക വിപണിയിൽ കിട്ടുന്ന നിക്കർ വാങ്ങി ഉപയോഗിക്കാം.
ജേഴ്‌സി (Cycling jersey): സൈക്ലിംഗ് ജേഴ്‌സി ബ്രാൻഡഡ് കിട്ടും. പോളിയെസ്റ്റർ ടീഷർട്ട് വാങ്ങിയാലും മതി.
ഷൂസ് (Cycling shoes): സൈക്ലിംഗ് ഷൂവിന്റെ അടിഭാഗം പെഡലിൽ ചേർന്നിരിക്കാൻ അനുയോജ്യമായിരിക്കും. സവാരിക്കിടെ പെഡലിൽ നിന്നും കാല് തെന്നിപ്പോകാത്ത രീതിയിലായിരിക്കണം ഷൂവിന്റെ അടിഭാഗം. സ്പോർട്സ് ഇനത്തിന് (നടപ്പ്, ഓട്ടം, ജിം) പറ്റിയ ഷൂ കൈവശം ഉണ്ടെങ്കിൽ അതുപയോഗിക്കാം. കൈവശം ഷൂ ഇല്ലായെങ്കിൽ സൈക്ലിംഗ് ഷൂ വാങ്ങാവുന്നതാണ്.
സോക്സ്: കായിക താരങ്ങൾ ഉപയോഗിക്കുന്ന സോക്സ് വാങ്ങി ഉപയോഗിക്കണം. സോക്‌സിന് മാർദ്ദവം (Cushion) ഉണ്ടോന്നു ഉറപ്പു വരുത്തണം. ബ്രാൻഡഡ് സ്പോർട്സ് സോക്സ് നോക്കി വാങ്ങണം. ഡെക്കാത്‌ലോൺ സ്റ്റോറിൽ മികച്ച സോക്സ് വിലക്കുറവിൽ ലഭിക്കും.
കയ്യുറ (Cycling gloves): സൈക്കിൾ ഓടുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കൈകളിൽ ഏൽക്കാതിരിക്കാൻ കയ്യുറ സഹായിക്കും. കൈപ്പത്തി പകുതി, അല്ലെങ്കിൽ മുഴുവൻ മൂടുന്നതുമായ കയ്യുറകൾ ലഭ്യമാണ്.
മഡ്ഗാർഡ് (Cycle mudguard): സൈക്കിൾ വാങ്ങുമ്പോൾ മഡ്ഗാർഡ് ലഭിച്ചില്ലായെങ്കിൽ വാങ്ങേണ്ടതാണ്. മഴ സമയത്തു ചെളി ടയറിൽ നിന്ന് തെറിക്കുന്നതു ഒഴിവാക്കാൻ സാധിക്കും. സൈക്കിളിന്റെ ഫ്രെയിം നിറവുമായി യോജിക്കുന്ന കളറുള്ള മഡ്ഗാർഡ് ലഭിക്കും.
സൈക്കിൾ ബെൽ (Cycle horn): ശബ്‌ദം നിറഞ്ഞ നിരത്തുകളിൽ പഴയ ടൈപ്പ് ബെല്ലുകൾ ഫലപ്രദമല്ല. ഇലക്ട്രോണിക് ഹോണുകൾ വെക്കുന്നതാണ് ഉചിതം. റീചാർജ് ചെയ്യാവുന്ന ബാറ്ററി സഹിതമുള്ള ഹോൺ ലഭിക്കും. ലൈറ്റും, ഹോണും ഒരുമിച്ചുള്ളതും വാങ്ങാൻ ലഭിക്കും.
ലൈറ്റ് (Cycle light): രാത്രി കാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷക്കായി ഹെഡ് ലൈറ്റും, പുറകിലെ ലൈറ്റും അത്യാവശ്യമാണ്. ബാറ്ററി ഇടാവുന്നതും, റീചാർജ് ചെയ്യുന്നതുമായ രണ്ടു തരത്തിൽ ലൈറ്റുകൾ കിട്ടും. ലൈറ്റുകൾ പലരീതിയിൽ പ്രകാശിക്കുന്നത് ലഭിക്കും; ഒരേ രീതിയിൽ കത്തുന്നതും, മിന്നുന്നതും.
റിഫ്ളക്ടർ (Cycle reflector): രാത്രി യാത്രക്ക് മറ്റു വാഹനങ്ങൾ ഓടിക്കുന്നവർക്ക് സൈക്കിൾ മനസ്സിലാക്കാൻ റിഫ്ലക്ടറുകൾ സഹായിക്കും. ചക്രങ്ങളിലും, മുന്നിലും, പിന്നിലും റിഫ്ലക്ടറുകൾ സ്ഥാപിക്കാവുന്നതാണ്.
ഹെൽമെറ്റ് (Cycle helmet): സൈക്കിൾ യാത്രികന്റെ സുരക്ഷക്ക് നിലവാരമുള്ള ഹെൽമെറ്റ് അത്യാവശ്യമാണ്. തലയുടെ വലുപ്പത്തിന് അനുസരിച്ചുള്ള ഹെൽമെറ്റ് വാങ്ങുക. മറ്റു വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്ന നിറമുള്ള (ഫ്ലൂറസെന്റ് കളർ), റിഫ്ളക്ടർ ഉള്ള ഹെൽമെറ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
വാട്ടർ ബോട്ടിൽ ഹോൾഡർ (Cycle bottle holder): വാട്ടർ ബോട്ടിൽ സൈക്കിളിന്റെ ഫ്രെയിമിൽ സൗകര്യപ്രദമായി വെക്കാൻ ഹോൾഡർ സഹായിക്കും.
വാട്ടർ ബോട്ടിൽ (Cycling water bottle): സൈക്കിൾ യാത്രക്കുള്ള വാട്ടർ ബോട്ടിൽ പ്രത്യേകം വാങ്ങാൻ കിട്ടും. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ബോട്ടിൽ വാങ്ങുക. മെറ്റൽ വാട്ടർ ബോട്ടിൽ ഹോൾഡറിൽ വെച്ചാൽ സൈക്കിൾ ഓടുമ്പോൾ കുലുങ്ങി ശബ്ദം പുറപ്പെടുവിക്കാനുള്ള സാധ്യതയുണ്ട്.
ബാഗ് (Cycle bag): സൈക്കിൾ സവാരിക്കിടയിൽ ഉപയോഗിക്കാനുള്ള സാധനങ്ങൾ സൂക്ഷിക്കാനായി ഒരു ബാഗ് വാങ്ങാവുന്നതാണ്. സൈക്കിൾ ഫ്രയിമിന്റെ മുൻഭാഗത്തും (Cycle frame bag), സീറ്റിന്റെ പുറകിലും (Saddle bag) തൂക്കിയിടാൻ പറ്റുന്ന ബാഗ് കിട്ടും. അത്യാവശ്യമുള്ള ടൂളുകൾ, പഞ്ചർ കിറ്റ്, ചെറിയ പമ്പ്, മൊബൈൽ ഫോൺ തുടങ്ങിയ വസ്‌തുക്കൾ സൂക്ഷിക്കാൻ ഉതകുന്ന ബാഗ് ലഭ്യമാണ്.
പഞ്ചർ കിറ്റ് (Puncture kit): യാത്രക്കിടയിൽ സൈക്കിൾ പഞ്ചറായാൽ ഒട്ടിക്കാനുള്ള പശ, ടയർ അഴിച്ചു ട്യൂബ് പുറത്തെടുക്കാനുള്ള ടൂൾസ് അടങ്ങിയതാണ് പഞ്ചർ കിറ്റ്. ചെറിയ പമ്പ് കൂടി വാങ്ങി സൂക്ഷിക്കാം.
പമ്പ് (Cycle air pump): പമ്പുകൾ ചെറുതും, വലുതും ലഭ്യമാണ്. പ്രഷർ കാണിക്കുന്ന മീറ്ററോട് കൂടിയ പമ്പ് കിട്ടും.
ടൂൾ ബോക്സ് (Cycle tool box): വിവിധതരം സ്പാനറുകൾ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങി സൂക്ഷിക്കണം. അതുപയോഗിക്കുന്ന രീതിയും പഠിക്കണം.
സൈക്കിൾ മൗണ്ടിംഗ് ഹുക്ക് (Cycle hook for wall): സ്ഥലപരിമിതിയുള്ള വീട്ടിൽ സൈക്കിൾ ഉയർത്തി ഭിത്തിയിൽ തൂക്കിയിടാൻ ഹുക്കുകൾ സഹായിക്കും. ഉയരത്തിൽ തൂക്കിയിട്ടാൽ കുട്ടികൾ സൈക്കിളിന്റെ ഗിയർ ഷിഫ്‌റ്റർ അനാവശ്യമായി പിടിച്ചു തിരിക്കുന്നതും ഒഴിവാക്കാം.
ലോക്ക് (Cycle lock): താക്കോൽ ഉള്ളതും, നമ്പർ ഉപയോഗിച്ച് പൂട്ടുന്നതുമായ ലോക്കുകൾ കിട്ടും.
സൈക്കിൾ ട്യൂബ് (Cycle tube): ഒരു സൈക്കിൾ ട്യൂബ് അധികമായി യാത്രക്കുള്ള ബാഗിൽ കരുതുക. ട്യൂബ് പൊട്ടിയാൽ പെട്ടെന്ന് തന്നെ മാറിയിടാൻ ഉപകരിക്കും.
സ്ട്രാവ ആപ്പ് (Strava app): സൈക്കിൾ യാത്രയുടെ വിവരങ്ങൾ GPS ഉപയോഗിച്ച് രേഖപ്പെടുത്താൻ സ്ട്രാവ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് സഹായിക്കും.
ഉപസംഹാരം
സൈക്കിൾ വാങ്ങാനുള്ള പണം മാത്രമാവും എല്ലാവരും ആദ്യം സമാഹരിക്കുക. അനുബന്ധ സാമഗ്രികളും വാങ്ങേണ്ടി വരും എന്നുള്ള കാര്യം പ്രതീക്ഷിക്കുന്നുണ്ടാവില്ല. സൈക്കിൾ വാങ്ങിക്കഴിയുമ്പോൾ കയ്യിൽ കരുതിയിരിക്കുന്ന പണവും തീർന്നിട്ടുണ്ടാവും. അനുബന്ധ സാധനങ്ങൾ വാങ്ങാൻ ഞെരുക്കം അനുഭവപ്പെടുകയും ചെയ്യും. എല്ലാ സാധനങ്ങളും വാങ്ങാനുള്ള പണം കയ്യിലില്ലെങ്കിൽ, ഏറ്റവും അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം ആദ്യം വാങ്ങുക. മറ്റു സാധനങ്ങൾ പണം കിട്ടുന്നതനുസരിച്ചു പിന്നീട് വാങ്ങാം എന്ന് തീരുമാനിക്കുക. ഏറ്റവും അത്യാവശ്യം വാങ്ങേണ്ട സാധനങ്ങൾ ഇവയൊക്കെയാണ്; ഹെൽമെറ്റ്, ജെൽ സീറ്റ് കവർ, പാഡ് നിക്കർ, കയ്യുറ, ഷൂ, ഹോൺ, റിഫ്ളക്ടറുകൾ.
No comments:
Post a Comment