വീട് നിരീക്ഷണ വിധേയമാക്കാനും, സുരക്ഷിതമാക്കാനും സെക്യൂരിറ്റി ക്യാമറ ഉപയോഗിക്കുന്നത് കൂടി വരികയാണ്. വീട് പണിയാൻ പോകുന്നവർക്കും, പണി കഴിഞ്ഞവർക്കും സെക്യൂരിറ്റി ക്യാമറ സ്ഥാപിക്കാനാവും. ഒരു വിദഗ്ദന്റെ സഹായത്തോടെയും, അല്ലാതെയും സെക്യൂരിറ്റി ക്യാമറ സ്ഥാപിക്കുന്നതിന് സാധിക്കും. എന്നിരുന്നാലും സെക്യൂരിറ്റി ക്യാമറ സംവിധാനത്തെക്കുറിച്ചു ധാരണ ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. ഒരു സെക്യൂരിറ്റി ക്യാമറ സംവിധാനത്തിൽ താഴെ പറയുന്ന ഘടകങ്ങൾ ഉണ്ടായിരിക്കും.
ക്യാമറ: രണ്ടു തരത്തിലുള്ള ക്യാമറകൾ ഉണ്ട്; അനലോഗ്, ഐപി ക്യാമറകൾ. ദൃശ്യങ്ങളെ അനലോഗ് സിഗ്നൽ ആയി ശേഖരിക്കുന്ന ക്യാമറയാണ് അനലോഗ് ക്യാമറ. അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ രൂപത്തിൽ മാറ്റിയാണ് ശേഖരിക്കുന്നത്. ദൃശ്യങ്ങളെ നേരിട്ട് ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുന്നവയാണ് ഐപി ക്യാമറകൾ.
Dome camera |
Bullet camera |
ബുള്ളറ്റ് ക്യാമറകൾക്ക് കാഴ്ച പരിധി കൂടുതലുണ്ട്. വീടിന്റെ പുറം ഭാഗങ്ങൾ, വലിയ വീട്ടുമുറ്റം, പാർക്കിംഗ് സ്ഥലങ്ങൾ, ഇടുങ്ങിയ പാതകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിക്കാൻ മികച്ചതാണ്. ക്യാമറകളുടെ ദൂര പരിധി കൂടി പരിഗണിച്ചു വേണം തിരഞ്ഞെടുക്കാൻ, 15, 20, 25, 30 മീറ്റർ ദൂര പരിധിയുള്ള ക്യാമറകൾ ലഭ്യമാണ്. ക്യാമറകൾ പുറത്തു ഉപയോഗിക്കാനോ, അകത്തു ഉപയോഗിക്കാനോ യോജിച്ചത് എന്ന് കൃത്യമായി പറഞ്ഞിരിക്കും. വീട്ടിനകത്തു ഉപയോഗിക്കാനുള്ള ക്യാമറ പുറത്തുപയോഗിക്കാൻ പാടില്ല. ചൂട്, പൊടി തുടങ്ങിയ താങ്ങാനുള്ള ശേഷി അവക്കുണ്ടായിരിക്കില്ല.
നിരീക്ഷണ സംവിധാനം: ക്യാമറകളിലെ ദൃശ്യങ്ങൾ തത്സമയം കാണുന്നതിനും, റെക്കോർഡ് ചെയ്തത് കാണുന്നതിനും മോണിറ്റർ സ്ക്രീൻ ഉപയോഗിക്കുന്നു. മൊബൈൽ ആപ്പുകൾ വഴിയും ദൃശ്യങ്ങൾ കാണാൻ പറ്റും.
വയറിങ്: ക്യാമറയും, റെക്കോർഡിങ് സംവിധാനത്തേയും ബന്ധിപ്പിക്കുന്നതിനാണ് വയറിങ് ഉപയോഗിക്കുന്നത്. വിവിധ തരത്തിലുള്ള വയറുകൾ ഉപയോഗിക്കുന്നുണ്ട്. CAT 6 കേബിൾ ആണ് അനലോഗ്, ഐപി ക്യാമറകൾക്കായി ഉപയോഗിക്കുന്നത്. PoE IP (Power over Ethernet) സവിശേഷതയുള്ള കേബിൾ ആണ്; ക്യാമറക്കു പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകാനും, ചെയ്യാനും പ്രക്ഷേപണം ചെയ്യാനും ഒരു കേബിൾ മാത്രമേ ആവശ്യമുള്ളൂ. വീട് പണി നടക്കുമ്പോൾ തന്നെ സെക്യൂരിറ്റി ക്യാമറക്കുള്ള വയറിങ് കൂടി നടത്തുന്നത് സൗകര്യപ്രദമാണ്.
വയർലെസ്സ് ഇന്റർനെറ്റ് പ്രചാരത്തിലായതോടെ കേബിൾ വഴി സെക്യൂരിറ്റി ക്യാമറകളെ കേബിൾ വഴി ബന്ധിപ്പിക്കുന്ന രീതി കുറഞ്ഞു വരികയാണ്. വൈ ഫൈ സെക്യൂരിറ്റി സംവിധാനം പ്രചാരത്തിലായിട്ടുണ്ട്. സെക്യൂരിറ്റി ക്യാമറ വയറിങ് നടത്തിയിട്ടില്ലാത്ത വീടുകൾക്ക് വൈ ഫൈ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ഉപയോഗിക്കാം.
വീഡിയോ റെക്കോർഡർ: ക്യാമറകൾ ശേഖരിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്യുന്ന സംവിധാനമാണ്. ഡിജിറ്റൽ വീഡിയോ റെക്കോർഡർ (DVR), നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ (NVR) എന്നിങ്ങനെ രണ്ടു തരത്തിലുള്ള സംവിധാനങ്ങൾ പ്രചാരത്തിലുണ്ട്. അനലോഗ് ക്യാമറ ശേഖരിക്കുന്ന വീഡിയോയെ ഡിജിറ്റൽ രൂപത്തിൽ മാറ്റം വരുത്തി ശേഖരിക്കുന്ന പ്രവർത്തിയാണ് DVR ചെയ്യുന്നത്. ഐപി ക്യാമറ റെക്കോർഡ് ചെയ്യുന്ന ഡിജിറ്റൽ വീഡിയോ നേരിട്ട് ശേഖരിക്കുകയാണ് NVR ചെയ്യുന്നത്.
Image courtesy: blog.swann.com |
നേരിട്ട് ഡിജിറ്റൽ രൂപത്തിൽ റെക്കോർഡ് ചെയ്യുന്നതിനാൽ വീഡിയോ ക്വാളിറ്റി മികച്ചത് NVR സംവിധാനത്തിലാണ്. NVR സംവിധാനത്തിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി സംവിധാനത്തിന് DVR നേക്കാൾ അൽപ്പം ചിലവ് കൂടുതലാണ്. NVR വേണോ, DVR വേണോ എന്നത് തീരുമാനിക്കേണ്ടത് വീട്ടുടമ ആണ്.
ശേഖരണ സംവിധാനം: വീഡിയോ ശേഖരിക്കുന്നത് NVR, DVR സംവിധാനത്തിനുള്ളിലെ ഡിജിറ്റൽ സംഭരണിയിലേക്കാണ്. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന തരം സ്റ്റോറേജ് ആണ് ഇവിടേയും ഉപയോഗിക്കുന്നത്. എത്ര ദിവസത്തേക്കുള്ള വീഡിയോ സൂക്ഷിക്കണം എന്നതിനെ അടിസ്ഥാനപ്പെടുത്തി വേണ്ടം സ്റ്റോറേജ് വലുപ്പം (e.g. 1 TB, 2 TB) തിരഞ്ഞെടുക്കേണ്ടത്.
ഏങ്ങിനെ തിരഞ്ഞെടുക്കണം
ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം. വീട് പണി അവസാന ഘട്ടത്തിൽ എത്തുമ്പോൾ കരുതിയിരുന്ന കാശ് തീർന്ന അവസ്ഥയിലാവും എല്ലാവരും. സെക്യൂരിറ്റി ക്യാമറ സംവിധാനങ്ങളുടെ വില ഒന്ന് പരിശോധിക്കാം. എത്ര ക്യാമറകൾ സ്ഥാപിക്കണം എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിലവ് കണക്കു കൂട്ടുക. ചെറിയ പരിസരമാണ് നിരീക്ഷണ വിധേയമാക്കേണ്ടതെങ്കിൽ വീടിന്റെ മുൻഭാഗത്തും, പിൻഭാഗത്തും തൽക്കാലം രണ്ടു ക്യാമറകൾ മതിയാവും. സ്ഥലത്തിന്റെ കിടപ്പ്, ആകൃതി എന്നിവയൊക്കെ ക്യാമറ സ്ഥാപിക്കുമ്പോൾ പരിഗണിക്കേണ്ടതാണ്. എത്ര ക്യാമറ വേണം എന്നതിനെ പരിഗണിച്ചു വേണം വീഡിയോ റെക്കോർഡർ (DVR/NVR) തിരഞ്ഞെടുക്കേണ്ടത്. നാല് ക്യമറകൾ ആവശ്യമുണ്ടെങ്കിൽ, അത്രയും ക്യാമറകൾ ഘടിപ്പിക്കാനുള്ള സൗകര്യം DVR/NVRൽ ഉണ്ടായിരിക്കണം.
4 ചാനൽ DVR |
ഭാവിയിൽ കൂടുതൽ ക്യമറകൾ ഘടിപ്പിക്കേണ്ടത് മുൻകൂട്ടി കണ്ട് അതനുസരിച്ചുള്ള സ്ലോട്ടുകൾ ഉള്ള DVR/NVR വാങ്ങുക. എത്ര resolution (ഉദാ. 2 MP, 5MP) ഉള്ള ക്യാമറകൾ സപ്പോർട്ട് ചെയ്യും എന്ന് കൂടി പരിശോധിക്കേണ്ടതാണ്. DVR അധിഷ്ഠിത സെക്യൂരിറ്റി സംവിധാനങ്ങളിൽ ദൃശ്യങ്ങൾക്ക് വ്യക്തത വേണമെങ്കിൽ 5 MP (Mega Pixel) ക്യാമറ വേണ്ടി വരും. NVR സംവിധാനത്തിൽ നേരിട്ട് ഡിജിറ്റൽ രൂപത്തിൽ റെക്കോർഡ് ചെയ്യുന്നതിനാൽ 2 MP ക്യാമറയിൽ പോലും മികച്ച ദൃശ്യങ്ങൾ ലഭിക്കും. CP PLUS, Hikvision, Dahua തുടങ്ങിയ കമ്പനികളാണ് ഈ രംഗത്തെ പ്രമുഖർ.
DVR/NVR സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള ജോലിയാണ്. നിങ്ങളുടെ സ്ഥലത്തുള്ള സേവന ദാതാക്കളെ കണ്ടു ക്വട്ടേഷൻ വാങ്ങാവുന്നതാണ്. DVR/NVR റെക്കോർഡർ, ക്യാമറ, അനുബന്ധ സാധനങ്ങളുടെ വില ആമസോൺ, ഫ്ലിപ്കാർട്ട് വെബ്സൈറ്റുകളിൽ നോക്കി താരതമ്യം ചെയ്യാവുന്നതാണ്. സാമഗ്രികൾ സെറ്റ് ആയിട്ടും, വെവ്വേറെയും വാങ്ങാൻ സാധിക്കും. DVR/NVR, ക്യാമറകൾ, ഹാർഡ് ഡിസ്‌ക്, കേബിളുകൾ തുടങ്ങിയവ കോംബോ ബോക്സിൽ ഉണ്ടാവും. ഉദാഹരമായി CP PLUS കമ്പനിയുടെ നാല് ക്യാമറ ഉള്ള DVR/NVR കിറ്റ് ആണ് വേണ്ടതെങ്കിൽ ആമസോണിൽ ഈ പറയുന്ന വാക്കുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തുക, cp plus dvr 4 channel kit. ക്യാമറയുടെ പ്രത്യേകത അനുസരിച്ചു കിറ്റിന്റെ വിലയിലും വ്യത്യാസം ഉണ്ടാവും. അതിലെ ഓരോ ഘടകത്തിന്റെയും സ്പെസിഫിക്കേഷൻ കൂടി പരിശോധിക്കുക, വിലക്കുറവ് മാത്രം നോക്കരുത്. കയ്യിൽ കാശ് കുറവാണെങ്കിൽ സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെ സാമഗ്രികൾ ഓൺലൈൻ ആയി EMI രീതിയിൽ വാങ്ങാവുന്നതാണ്. നിങ്ങൾ സാങ്കേതിക കൗതുകം ഉള്ളയാളാണെങ്കിൽ DVR/NVR വാങ്ങി യൂട്യൂബ് വീഡിയോ നോക്കി സ്വയം പഠിച്ചു സ്ഥാപിക്കാവുന്നതാണ്.