
വർഷം 2002, ഞാൻ ഡിഗ്രി കഴിഞ്ഞ ശേഷം ലൈബ്രറി സയൻസ് പഠിക്കാൻ തയ്യാറെടുക്കുന്ന കാലം. ലൈബ്രറി സയൻസ് പഠിക്കാൻ കേരള സർവ്വകലാശാലയിൽ ചേരുക എന്നതാണ് ലക്ഷ്യം. എൻ്റെ നാട്ടിലുള്ള ഈശ്വരൻ നമ്പൂതിരി ചേട്ടൻ ലൈബ്രറി സയൻസ് പഠിച്ചത് കേരള സർവ്വകലാശാലയിലാണെന്ന് കേട്ടിട്ടുണ്ട്. എത്ര രൂപ ചെലവ് വരുമെന്ന് വലിയ ധാരണയില്ല. എൻ്റെ ആഗ്രഹം വീട്ടിൽ പറഞ്ഞു. അതിന് ശേഷം അമ്മക്ക് അക്കൗണ്ടുള്ള ഒരു പൊതുമേഖല ബാങ്കിൽ പോകാനിടയായി. മാനേജരോട് അമ്മ ചോദിച്ചു, ലൈബ്രറി സയൻസ് പഠിക്കാൻ വിദ്യാഭ്യാസ ലോൺ കൊടുക്കുമോയെന്ന്. തൊഴിൽ സാദ്ധ്യതയുള്ള എഞ്ചിനീയറിംഗ്, മെഡിക്കൽ തുടങ്ങിയ കോഴ്സുകൾക്ക് മാത്രമേ ലോൺ കൊടുക്കാറുള്ളൂ എന്ന് മാനേജർ പറഞ്ഞു. ഞാൻ കേരള സർവ്വകലാശാലയിൽ രണ്ട് വർഷം ദൈർഘ്യമുള്ള ലൈബ്രറി സയൻസ് (MLibSc) കോഴ്സിന് 2003 ൽ ചേർന്നു. പൊതു സ്ഥാപനമായതിനാൽ സെമസ്റ്ററിന് 1500 രൂപ മാത്രമേ സെമസ്റ്റർ ഫീസ് ഉണ്ടായിരിന്നുള്ളൂ. കോഴ്സിൻ്റെ ഭാഗമായ വൈവ കഴിഞ്ഞ് പിറ്റേ ദിവസം ലൈബ്രറി സയൻസ് ഡിപ്പാർട്ട്മെൻ്റിലെത്തിയപ്പോൾ ടെക്നോപാർക്കിൽ പുതിയതായി തുടങ്ങുന്ന ഒരു സ്ഥാപനത്തിൽ അസിസ്റ്റൻ്റ് ലൈബ്രേറിയൻ്റെ ഒഴിവുണ്ട്, ഇൻ്റർവ്യൂവിന് പോകാൻ താൽപര്യമുണ്ടോയെന്ന് ഞങ്ങളുടെ പ്രൊഫസർ ഡോ. കെ.പി. വിജയകുമാർ ചോദിച്ചു. ഞാൻ പോകാമെന്ന് ഏറ്റു. പുതിയതായി തുടങ്ങിയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് എന്ന സ്ഥാപനത്തിലാണ് ഒഴിവുണ്ടായിരിന്നത്. ടെക്നോപാർക്കിൻ്റെ സ്ഥാപക CEO , മുൻ പ്ലാനിംഗ് ബോർഡ് മെമ്പറുമായ ശ്രീ. ജി. വിജയരാഘവൻ എന്നെ ഇൻ്റെർവ്യൂ ചെയ്തു, ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങിനെ കോഴ്സിൻ്റെ റിസൾട്ട് വരും മുൻപ് ജോലിയായി.അന്നത്തെ കാലത്തെ മികച്ച ശമ്പളവും കിട്ടി. കേരള സർവ്വകലാശാല മുൻ ഡെപ്യൂട്ടി ലൈബ്രേറിയൻ എൻ. പരമേശ്വരൻ സാറായിരുന്നു അവിടെ ലൈബ്രേറിയൻ. അദ്ദേഹത്തിൻ്റെ ശിഷ്യനായി ഞാൻ പ്രൊഫഷണൽ ജീവിതം തുടങ്ങി. എൻ്റെ സഹപാഠികളും മികച്ച ശമ്പളത്തോടെ മറ്റു പല സ്ഥാപനങ്ങളിലും ജോലിക്ക് കയറി.
ഞാൻ ഇത്രയും എഴുതാൻ കാരണം ബാങ്കുകളുടെ പരിഗണനക്കുറവിനെക്കുറിച്ച് പറയാനാണ്. ജോലി സാധ്യതയുള്ള എല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും ബാങ്കുകൾ ലോൺ കൊടുക്കാറില്ല. സോഷ്യൽ സയൻസ്, മാനവിക വിഷയങളോട് ബാങ്കുകൾക്ക് അത്ര താൽപ്പര്യമില്ല. ലൈബ്രറി സയൻസ് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രൊഫഷണൽ കോഴ്സുകളുടെ ഫീസ് വളരെ കുറവാണെങ്കിലും താമസം, ഭക്ഷണം തുടങ്ങിയ അനുബന്ധ ചെലവുകൾ വഹിക്കേണ്ടതുണ്ട്. ബാങ്ക് ലോണിൻ്റെ സഹായമുണ്ടെങ്കിൽ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. കേരള സർവ്വകലാശാലയിൽ എത്തിയപ്പോൾ ശ്രദ്ധിച്ചത് എൻ്റെ സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ സാമ്പത്തിക ശേഷി കുറഞ്ഞ വീടുകളിൽ നിന്ന് വന്നവരായിരിന്നു. മിക്കവരും പoന സമയം കഴിഞ്ഞ് എന്തെങ്കിലും ചെറിയ ജോലികൾ ചെയ്താണ് ചെലവുകൾ നടത്തിയിരിന്നത്. മെഡിക്കൽ, എഞ്ചിനിയറിംഗ് പോലെ വലിയ തുക ചെലവ് വരികയില്ലെങ്കിലും ജോലി സാധ്യതയുള്ള മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കും ബാങ്കുകൾ ലോൺ കൊടുക്കണം. ബാങ്കുമായി വൈകാരിക ബന്ധം വളരാൻ ഇത് സഹായിക്കും.
പ്രസക്തമായ മറ്റൊരു കാര്യം, പൊതു സമൂഹത്തിൻ്റെ നികുതി പിരിച്ച് കെട്ടിപ്പടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളത് കൊണ്ടാണ് സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് നാമമാത്രമായ ചെലവിൽ പഠനം പൂർത്തിയാക്കാനും, ജീവിത നിലവാരം ഉയർത്താനും സാധിക്കുന്നത്. പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് എന്നും സ്നേഹവും, ആദരവും, കടപ്പാടും മാത്രം.
പ്രതീകാത്മക ചിത്രം. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ചിത്രീകരിച്ചത്..
No comments:
Post a Comment