Friday, May 29, 2026

റീഫർബിഷ്ഡ് ലാപ്ടോപ്പ് തിരഞ്ഞെടുക്കാം

അടുത്തയിടെ കമ്പ്യൂട്ടർ ഉല്പന്നങ്ങളുടേയും, ഘടകങ്ങളുടേയും വില വളരെയധികം വർധിച്ചത് എല്ലാവരും ശ്രദ്ധിച്ചു കാണും. വർദ്ധിച്ചുവരുന്ന ഡിമാൻഡും (പ്രത്യേകിച്ച് AI മേഖലയിൽ), അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും, വിതരണ ശൃംഖലയിലെ ഏറിയ ചെലവുകളുമാണ് (ഉദാ: പശ്ചിമേഷ്യൻ സംഘർഷം) കമ്പ്യൂട്ടർ വിപണിയിലെ ഈ വിലവർദ്ധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ. ലാപ്ടോപ്പുകളുടെ വില വളരെയധികം കൂടിയിട്ടുണ്ട്. രണ്ടു വർഷത്തേക്ക് ഈ സ്ഥിതി തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ പുതിയ ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഒന്ന് ആലോചിച്ചിട്ട് വാങ്ങുന്നതാവും നല്ലത്. സ്‌കൂൾ, കോളേജ് തുറക്കുന്ന സമയമാണ്. ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ വാങ്ങേണ്ടവർ എന്ത് ചെയ്യും? അതിനൊരു പരിഹാരമാണ് Refurbished computer products. റീഫർബിഷ്ഡ് (Refurbished) കമ്പ്യൂട്ടറുകൾ എന്നാൽ സെക്കൻഡ് ഹാൻഡ് ലാപ്ടോപ്പുകൾ പോലെ വെറുതെ വാങ്ങി വിൽക്കുന്നവയല്ല. അവ കൃത്യമായ പരിശോധനകൾക്കും, അറ്റകുറ്റപ്പണികൾക്കും ശേഷം നവീകരിച്ചു വിൽക്കുന്നവയാണ്.

എവിടെ നിന്നാണ് റീഫർബിഷ്ഡ് കമ്പ്യൂട്ടറുകൾ വരുന്നത്?

വൻകിട ഐടി കമ്പനികളും, കോർപ്പറേറ്റുകളും അവരുടെ ജീവനക്കാർക്കായി വാങ്ങിയ ലാപ്ടോപ്പുകൾ കാലാവധി കഴിയുമ്പോൾ വിൽക്കുന്നത് വിപണിയിൽ എത്തും. ഇങ്ങനെ തിരികെ നൽകുന്ന ഉയർന്ന നിലവാരമുള്ള ബിസിനസ്സ് സീരീസ് ലാപ്ടോപ്പുകളാണ് (ഉദാഹരണത്തിന്: Dell Latitude, Lenovo ThinkPad, HP EliteBook) റീഫർബിഷ്ഡ് വിപണിയിലെ പ്രധാന ഉറവിടം.

ആളുകൾ ഓൺലൈൻ വഴിയോ കടകളിൽ നിന്നോ ലാപ്ടോപ്പ് വാങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരികെ നൽകുന്ന Open Box category എന്ന പേരിൽ വിപണിയിൽ എത്തുന്നു. ചിലപ്പോൾ ചെറിയ എന്തെങ്കിലും തകരാർ കൊണ്ടോ, അല്ലെങ്കിൽ നിറം ഇഷ്ടപ്പെടാത്തത് പോലുള്ള വ്യക്തിപരമായ കാരണങ്ങൾ കൊണ്ടോ ആകാം ഇവ തിരികെ നൽകുന്നത്. കമ്പനികൾക്ക് ഇവ പിന്നീട് പുതിയത് എന്ന് പറഞ്ഞ് വിൽക്കാൻ കഴിയില്ല. അതിനാൽ ഇവ പരിശോധിച്ച് റീഫർബിഷ്ഡ് ആയി വിൽക്കുന്നു.

പുതിയ ലാപ്ടോപ്പ് വാങ്ങുന്നവർ, പഴയ ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്യാറുണ്ട്. അത്തരം ലാപ്ടോപ്പുകളും റീഫർബിഷ്ഡ് പ്രക്രിയക്ക് വിധേയമാക്കുന്നു.

വലിയ ഇലക്ട്രോണിക്സ് ഷോറൂമുകളിലും, പ്രദർശനങ്ങളിലും (Exhibitions) ഉപഭോക്താക്കൾക്ക് കാണാനും ഉപയോഗിച്ചു നോക്കാനുമായി വെക്കുന്ന ലാപ്ടോപ്പുകളാണിവ. കുറച്ചുകാലത്തെ പ്രദർശനത്തിന് ശേഷം കമ്പനികൾ ഇവ തിരികെ എടുക്കുകയും, ആവശ്യമായ സർവീസ് നടത്തി റീഫർബിഷ്ഡ് ലാപ്ടോപ്പുകളായി വിപണിയിൽ എത്തിക്കുകയും ചെയ്യും.

നിർമ്മാണ വേളയിലോ (Manufacturing defect) വിതരണ സമയത്തോ ചെറിയ പോറലുകളോ ഹാർഡ്‌വെയർ തകരാറുകളോ സംഭവിക്കുന്ന ലാപ്ടോപ്പുകൾ കമ്പനികൾ തന്നെ തിരികെ എടുത്ത് ഫാക്ടറിയിൽ വെച്ച് ശരിയാക്കാറുണ്ട്. ഇവയും റീഫർബിഷ്ഡ് കാറ്റഗറിയിലാണ് വിൽക്കുക.

റീഫർബിഷ്ഡ് പ്രക്രിയ എന്താണ്?

റീഫർബിഷ്ഡ് ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സേവന ദാതാക്കൾ ഈ ലാപ്ടോപ്പുകൾ വാങ്ങി ക്വാളിറ്റി ചെക്കുകൾ നടത്തുകയും, തകരാറുള്ള ഭാഗങ്ങൾ മാറ്റുകയും, ഒപ്പറേറ്റിംഗ് സിസ്റ്റം (OS) ഇൻസ്റ്റാൾ ചെയ്ത് വാറന്റിയോടെയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

റീഫർബിഷ്ഡ് ഉൽപ്പന്നങ്ങൾ എവിടെ നിന്നു വാങ്ങണം?

റീഫർബിഷ്ഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന പ്രാദേശിക ഷോപ്പുകളും, ഓൺലൈൻ ഷോപ്പുകളും ഉണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴി സെല്ലർമാർ റീഫർബിഷ്ഡ് ലാപ്‌ടോപ്പുകൾ വിൽക്കുന്നുണ്ട്. ലെനോവോ പോലെയുള്ള ലാപ്ടോപ്പ് നിർമ്മാണ കമ്പനികളും, റീഫർബിഷ്ഡ് ലാപ്‌ടോപ്പുകൾ വിൽക്കുന്നുണ്ട്. Refurbished Laptop എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ധാരാളം ഷോപ്പുകൾ കാണിച്ചു തരും. ഷോപ്പുകളിൽ എത്തിയ ലാപ്‌ടോപ്പുകൾ എല്ലാ ക്വാളിറ്റി ചെക്കുകളും ഒന്ന് കൂടി നടത്തിയ ശേഷമാണ് ഉപഭോക്താവിന് വിൽക്കുന്നത്. പ്രാദേശിക ഷോപ്പുകളിൽ പോലും നിശ്ചിത കാലയളവ് വാറന്റിയും, വിൽപ്പനാന്തര സേവനവും കൂടി നൽകുന്നുണ്ട്. ചെറിയ തുക മുടക്കിയാൽ Extended Warranty കൂടി ലഭിക്കും.

റീഫർബിഷ്ഡ് ലാപ്ടോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റീഫർബിഷ്ഡ് ലാപ്ടോപ്പ് വാങ്ങുമ്പോൾ കൊടുക്കുന്ന പണത്തിന് കൃത്യമായ മൂല്യം ലഭിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ (Selection Criteria) പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:

വാറന്റി (Warranty)

റീഫർബിഷ്ഡ് ലാപ്ടോപ്പിന് കുറഞ്ഞത് 6 മാസം മുതൽ 1 വർഷം വരെ വാറന്റി ലഭിക്കേണ്ടതുണ്ട്. വാറന്റി നൽകുന്നത് ആരാണെന്ന് ഉറപ്പുവരുത്തുക:
ലാപ്ടോപ്പ് നിർമ്മിച്ച കമ്പനി (Dell, HP, Lenovo) നേരിട്ട് നൽകുന്ന വാറന്റി ഉപയോഗിക്കാവുന്നതാണ്. ഇതാണ് ഏറ്റവും സുരക്ഷിതം. പക്ഷേ ചെലവ് കൂടുതലായിരിക്കും.
ലാപ്ടോപ്പ് വിൽക്കുന്ന ഷോപ്പുകൾ,  ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോ നൽകുന്ന വാറന്റി.

ബിസിനസ്സ് ക്ലാസ്സ് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുക

ബജറ്റ് ലാപ്ടോപ്പുകളേക്കാൾ (ഉദാ: Dell Inspiron, Lenovo Ideapad) എപ്പോഴും നല്ലത് ബിസിനസ്സ് ക്ലാസ്സ് ലാപ്ടോപ്പുകളാണ്. ഇവയുടെ ഘടകങ്ങൾ കൂടുതൽ കാലം ഈടുനിൽക്കുന്നവയും, മികച്ച ബോഡി ക്വാളിറ്റിയോടെയാണ് നിർമ്മിച്ചിരിക്കുന്നത്.
ഉദാഹരണത്തിന് Lenovo ThinkPad, Dell Latitude/Precision, HP EliteBook, Asus Expertbook.

ഹാർഡ്‌വെയർ ഘടകങ്ങൾ

വില കുറവാണെന്ന് കരുതി വളരെ പഴയ മോഡലുകൾ വാങ്ങരുത്. ഇന്നത്തെ കാലത്ത് സുഗമമായി ഉപയോഗിക്കാൻ താഴെ പറയുന്ന മിനിമം ആവശ്യകതകൾ ഉണ്ടായിരിക്കണം:
Processor: കുറഞ്ഞത് Intel Core i5 (8th Generation അല്ലെങ്കിൽ അതിനു മുകളിൽ) അല്ലെങ്കിൽ AMD Ryzen 5 പ്രൊസസ്സർ ഉണ്ടായിരിക്കണം. വിൻഡോസ് 11 ഒഫീഷ്യൽ ആയി സപ്പോർട്ട് ചെയ്യാൻ 8th Gen എങ്കിലും വേണം. ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് പഴയ ലാപ്ടോപ്പ് മോഡലുകളിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. 

RAM: കുറഞ്ഞത് 8 GB RAM (സാധ്യമെങ്കിൽ 16 GB ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്നത്). 8 GB RAM കൂടി അധികം ഇടാനുള്ള സ്ലോട്ട് മദർ ബോർഡിൽ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം.
 
Storage: സാധാരണ ഹാർഡ് ഡിസ്കിന് (HDD) പകരം SSD (Solid State Drive) ഉള്ളവ മാത്രം തിരഞ്ഞെടുക്കുക. ഇത് ലാപ്ടോപ്പിന് മികച്ച വേഗത നൽകും. റീഫർബിഷ്ഡ് സേവനദാതാക്കൾ പെർഫോമൻസ് ഉയർത്താൻ മിക്കവാറും SSD സ്റ്റോറേജ് ഉൾപ്പെടുത്തിയിട്ടുണ്ടാവും.
 
ബാറ്ററിയുടെ ആരോഗ്യം:റീഫർബിഷ്ഡ് ലാപ്ടോപ്പുകളിൽ ഏറ്റവും കൂടുതൽ പ്രശ്നം വരാൻ സാധ്യതയുള്ളത് ബാറ്ററിയിലാണ്. വാങ്ങുന്നതിന് മുൻപ് ബാറ്ററി ലൈഫ് എത്ര സമയം കിട്ടുമെന്ന് ചോദിച്ചറിയുക. കപ്പാസിറ്റി കുറഞ്ഞത് 70% മുതൽ 80% വരെ (Battery Health) ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ആവശ്യമാണെങ്കിൽ പുതിയ ഒരു ബാറ്ററി ഇട്ടു തരാൻ കടക്കാരോട് ആവശ്യപ്പെടാം. ബാറ്ററിയുടെ ആരോഗ്യം അറിയാനുള്ള സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു പരിശോധിക്കാവുന്നതാണ്. 

റിട്ടേൺ പോളിസി: ലാപ്ടോപ്പ് വാങ്ങി ഉപയോഗിക്കുമ്പോൾ എന്തെങ്കിലും തകരാർ കണ്ടെത്തുകയാണെങ്കിൽ അത് തിരികെ നൽകാനോ മാറ്റിയെടുക്കാനോ ഉള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കുക. കുറഞ്ഞത് 7 മുതൽ 15 ദിവസത്തെ റീപ്ലേസ്‌മെന്റ്/റിട്ടേൺ പോളിസി നൽകുന്ന വിൽപനക്കാരിൽ നിന്ന് മാത്രം വാങ്ങുക.

റീഫർബിഷ്ഡ് ഗ്രേഡ്: പല വിൽപ്പനക്കാരും ലാപ്ടോപ്പുകളുടെ ബാഹ്യമായ ഭംഗി അനുസരിച്ച് അവയെ തരംതിരിക്കാറുണ്ട്:
Grade A: ഒരു പോറലോ കേടുപാടുകളോ ഇല്ലാത്ത, പുതിയതുപോലെയുള്ള അവസ്ഥ. (ഇതാണ് ഏറ്റവും നല്ലത്).
Grade B: ചെറിയ രീതിയിലുള്ള ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളോ, നേർത്ത പോറലുകളോ ഉണ്ടാകാം, പക്ഷേ സിസ്റ്റം നന്നായി പ്രവർത്തിക്കും.
Grade C: പ്രകടമായ പോറലുകളും, ചളുക്കങ്ങൾ (Dent) ഉണ്ടാകാം, വില വളരെ കുറവായിരിക്കും.
 

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

ലാപ്ടോപ്പ് കൈപ്പറ്റിയ ഉടൻ തന്നെ കീബോർഡിലെ എല്ലാ കീകളും പ്രവർത്തിക്കുന്നുണ്ടോ, വൈഫൈ, ബ്ലൂടൂത്ത്, വെബ്ക്യാം, എല്ലാ യുഎസ്ബി പോർട്ടുകളും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. പ്രാദേശിക ഷോപ്പിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ, ബില്ലിൽ വാറന്റി കാലയളവും (Warranty Period) അത് എന്തിനൊക്കെ ബാധകമാണ് (Motherboard, Battery, etc.) എന്നും കൃത്യമായി എഴുതി വാങ്ങി സൂക്ഷിക്കുക. ഒരേ ഹാർഡ്‌വെയർ ഘടകങ്ങൾ ഉള്ള ലാപ്‌ടോപ്പുകൾ വിവിധ ഷോപ്പുകളിൽ പല വിലക്കാണ് നൽകുന്നത്. വിവിധ ഷോപ്പുകളിലെ വിലകൾ താരതമ്യം ചെയ്ത ശേഷം വാങ്ങുക. ഒരുമിച്ചു തുക കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് തവണകളായി അടക്കാൻ EMI സൗകര്യവും ഷോപ്പുകൾ നൽകുന്നുണ്ട്.

ലാപ്ടോപ്പുകളുടെ തിരഞ്ഞെടുപ്പ്, പരിപാലനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാൻ ഞാൻ എഴുതിയ പുസ്തകം വായിക്കുക:

ലാപ്‌ടോപ്പ് കമ്പ്യൂട്ടർ: തിരഞ്ഞെടുപ്പ് , പരിപാലനം, സുരക്ഷ. [Laptop computer: selection, maintenance and safety.]. Book Forge, 2024. ISBN 978-81-968142-8-1 
പുസ്തകം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്: https://github.com/vimalibre/laptop-book/releases/download/e-book/laptop-computer-vimal-kumar-e-book.pdf

Sunday, April 26, 2026

ഉബുന്ദു 26.04 LTS പതിപ്പും, കൂടിയ RAM ഉപയോഗവും: ആശങ്കപ്പെടേണ്ടതുണ്ടോ?


ഉബുന്ദു 26.04 LTS പതിപ്പ് ഏപ്രിൽ 23 തീയതി റിലീസ് ചെയ്തു. ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ വ്യക്തിഗത ഉപയോഗത്തിനും, വിദ്യാഭ്യാസ രംഗത്തും പരിചിതമാക്കിയതിനു പ്രധാന കാരണം  ഉബുന്ദുവാണ്. Ubuntu 26.04 (Resolute Raccoon) LTS പതിപ്പിൽ മിനിമം റാം (RAM) ആവശ്യകത 6 GB ആയി വർദ്ധിപ്പിച്ചത് കുറഞ്ഞ മെമ്മറിയുള്ള കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ്. ഇതിന്റെ പിന്നിലെ വസ്തുതകൾ പരിശോധിക്കാം.  

ആശങ്കക്ക് കാരണങ്ങൾ

സാധാരണക്കാർ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് അടക്കമുള്ള കമ്പ്യൂട്ടറുകൾ മിക്കവാറും കുറഞ്ഞ RAM ശേഷിയുള്ളവ ആയിരിക്കും. പുതിയ പതിപ്പ് ഉബുന്ദു മികച്ച രീതിയിൽ ഉപയോഗിക്കേണ്ടവർ RAM ശേഷി ഉയർത്തേണ്ടി വരും.  കൂടുതൽ RAM ആവശ്യകത ഉബുന്ദു ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. RAM വില 2026 ൽ വളരെയധികം ഉയർന്നിട്ടുണ്ട്.  AI കമ്പനികളുടെ വൻതോതിലുള്ള ആവശ്യവും, സാധാരണ റാം ഉല്പാദനം കുറഞ്ഞതുമാണ് നിലവിലെ ഈ വിലക്കയറ്റത്തിന് പിന്നിൽ. ChatGPT പോലുള്ള AI സേവനങ്ങൾ പ്രവർത്തിക്കുന്ന വലിയ ഡാറ്റാ സെന്ററുകൾക്ക് ഭീമമായ അളവിൽ റാം ആവശ്യമാണ്. സാധാരണ കമ്പ്യൂട്ടറുകളേക്കാൾ ഉയർന്ന ശേഷിയുള്ള RAM ആണ് ഡാറ്റ സെന്ററുകൾ ഉപയോഗിക്കുന്നത്. നിർമ്മാതാക്കൾ ലാഭം ലക്ഷ്യമിട്ട് ഇത്തരം വലിയ കമ്പനികൾക്ക് (Microsoft, Google, Meta) മുൻഗണന നൽകുന്നു. ഇത് മൂലം, സാധാരണ ഉപഭോക്താക്കൾക്കുള്ള റാമിന്റെ ലഭ്യത കുറയാൻ കാരണമായി. 

മറ്റൊരു സാങ്കേതിക കാരണം, പഴയ DDR4 സാങ്കേതികവിദ്യയിൽ നിന്ന് പുതിയ DDR5-ലേക്ക് വിപണി മാറുകയാണ്. നിർമ്മാതാക്കൾ DDR4 ഉല്പാദനം കുറച്ചതോടെ അതിന്റെ വില കൂടാൻ തുടങ്ങി. അതേസമയം, DDR5-ന് ഇപ്പോഴും ആവശ്യത്തിന് ഉല്പാദനം ഇല്ലാത്തതിനാൽ അതിനും ഉയർന്ന വിലയാണ് ഈടാക്കുന്നത്.  2026 അവസാനത്തോടെ മാത്രമേ ഇതിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാനാവൂ.

RAM ശേഷി ഉയർത്തിയതിന് പിന്നിൽ

ഉബുന്ദു 26.04 LTS പതിപ്പിനു വേണ്ട ഹാർഡ്‌വെയർ ശേഷി (System Requirements) വർദ്ധിപ്പിച്ചതിന് പിന്നിൽ സാങ്കേതികവും, പ്രവർത്തനപരവുമായ കാരണങ്ങളുണ്ട്. 

Ubuntu ഉപയോഗിക്കുന്ന GNOME ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് ഓരോ അപ്‌ഡേറ്റിലും കൂടുതൽ ആധുനികമായ വിഷ്വൽ എഫക്റ്റുകളും, ഫീച്ചറുകളും ഉൾപ്പെടുത്തുന്നുണ്ട്. Kubuntu വിൽ ഉപയോഗിക്കുന്ന KDE ഡെസ്ക്ടോപ്പിനും ഇതേ അവസ്ഥയാണ്. ഇവ സുഗമമായി പ്രവർത്തിക്കാൻ കൂടുതൽ മെമ്മറി ആവശ്യമാണ്. 

ഇന്നത്തെ വെബ് ബ്രൗസറുകളും മറ്റ് ആപ്ലിക്കേഷനുകളും പ്രവർത്തിക്കാൻ തന്നെ വലിയ അളവിൽ റാം ആവശ്യമാണ്. ഫയർഫോക്സ്, ക്രോം ബ്രൗസറുകൾ ഉപയോഗിക്കുമ്പോൾ ഏതാനും ടാബുകൾ തുറന്നിട്ടാൽ തന്നെ RAM ഉപയോഗം 1 GB അടുത്ത്  എത്തും. 

സിസ്റ്റം സെക്യൂരിറ്റി, ഇൻഡെക്സിംഗ്, ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ, ക്‌ളൗഡ്‌ സേവനങ്ങൾ തുടങ്ങിയ ബാക്ക്ഗ്രൗണ്ട് സേവനങ്ങൾ തടസ്സമില്ലാതെ നടക്കാൻ കൂടുതൽ RAM ആവശ്യമാണ്.

എന്താണ് പ്രതിവിധി

RAM ശേഷി ഉയർത്തുക എന്നതാണ് ഒന്നാമത്തെ പോംവഴി. പക്ഷേ, പുതിയ RAM-ന് വില വളരെ കൂടുതലാണ്. Used RAM കുറഞ്ഞ വിലക്ക് വാങ്ങാൻ ഓൺലൈൻ സ്റ്റോറുകൾ വഴി കിട്ടും. പഴയ 4 GB RAM വാങ്ങി,  നിലവിലെ 4 GB യെ 8 GB ആയി ഉയർത്താൻ പറ്റും.   നിങ്ങളുടെ കമ്പ്യൂട്ടറിൽ 6 GB റാം ഇല്ലെങ്കിൽ, Ubuntu-വിന് പകരം Lubuntu അല്ലെങ്കിൽ Xubuntu പോലുള്ള പതിപ്പുകൾ ഉപയോഗിക്കാം. ഇവ കുറഞ്ഞ റാമിലും വേഗത്തിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തവയാണ്. എന്നിരുന്നാലും, Xubuntu, Lubuntu പുതിയ പതിപ്പുകൾക്ക് RAM ഉപയോഗം കൂടുതലാണ്. അതുമല്ലെങ്കിൽ, പഴയ കമ്പ്യൂട്ടറുകൾ ചീറിപ്പായാൻ Debian ലിനക്സ് ഉപയോഗിക്കാവുന്നതാണ്. 

Saturday, April 4, 2026

ഇ-ബുക്ക് വായനക്കാരേ, ഇതിലേ ഇതിലേ !!

ഇ-റീഡറുകളിൽ വായന വളരെ സുഖകരമാണ്. ഇ - ബുക്കുകൾ വായിക്കുമ്പോൾ വായനക്കാരന് അക്ഷരങ്ങളുടെ വലിപ്പം (Font size), ഫോണ്ട് സ്റ്റൈൽ, വരികൾക്കിടയിലുള്ള അകലം എന്നിവ മാറ്റാൻ സാധിക്കും. കൂടാതെ ബാക്ക്ഗ്രൗണ്ട് നിറം മാറ്റാനും (ഉദാഹരണത്തിന് രാത്രിയിൽ വായിക്കാൻ Dark Mode) എളുപ്പമാണ്. ഇ-റീഡറുകൾ കൊണ്ടു നടക്കാനും സൗകര്യപ്രദമാണ്. ഇ-ഇങ്ക് (E-Ink) ഡിസ്പ്ളേ ആയതിനാൽ കണ്ണിനു സുഖകരമാണ്, ഇ-ബുക്ക് റീഡറുകൾക്ക് ആഴ്ചകളോളം ബാറ്ററി ബാക്കപ്പും ലഭിക്കും.

ഇ-ബുക്ക് റീഡർ ഏതു വാങ്ങണമെന്ന് ആരോട് ചോദിച്ചാലും, ആമസോൺ കിൻഡിൽ (Amazon Kindle) മതിയെന്ന് പറയും. കിൻഡിൽ റീഡറിന്റെ പ്രചാരം അത്രക്കുണ്ട്. കൂടുതൽ പുസ്തകങ്ങൾ ആമസോണിൽ നിന്ന് വാങ്ങുന്നവർക്ക് കിൻഡിൽ റീഡർ നല്ലതാണ്. ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് കിൻഡിൽ പുസ്തകങ്ങൾ വായിക്കാൻ ആകർഷകമായ ചില ഓഫറുകൾ ലഭ്യമാണ്. പക്ഷെ കിൻഡിൽ റീഡറിന് ചില പോരായ്മകൾ ഉണ്ട്. 

കിൻഡിൽ റീഡർ ഞാൻ ഉപയോഗിച്ചപ്പോൾ സ്വാതന്ത്ര്യക്കുറവ് തോന്നി. കിൻഡിൽ റീഡറിൽ സ്വതന്ത്ര ഫോർമാറ്റ് ആയ EPUB നേരിട്ട് ഉപയോഗിക്കാൻ പറ്റുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഡിജിറ്റൽ പുസ്തകങ്ങൾക്കായി (e-books) ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫയൽ ഫോർമാറ്റാണ് EPUB (Electronic Publication). വേൾഡ് വൈഡ് വെബ് കൺസോർഷ്യം (W3C) ആണ് നിലവിൽ EPUB മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. വായിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ (സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, ഇ-റീഡർ) സ്ക്രീൻ വലിപ്പത്തിനനുസരിച്ച് ഇതിലെ അക്ഷരങ്ങളും വരികളും തനിയെ ക്രമീകരിക്കപ്പെടും. അതുകൊണ്ട് തന്നെ ചെറിയ ഫോണിലായാലും വലിയ ടാബ്‌ലെറ്റിലായാലും വായന സുഖകരമായിരിക്കും.

EPUB ഫോർമാറ്റിലുള്ള പുസ്തകം, കാലിബർ (Calibre) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് MOBI, AZW3 എന്നീ  ഫോർമാറ്റിലേക്ക്  മാറ്റിയ ശേഷം കിൻഡിൽ ഉപയോഗിച്ച് വായിക്കാം.  കിൻഡിലിന്റെ പുതിയ പതിപ്പുകളിൽ EPUB ഫോർമാറ്റിലെ  പുസ്തകങ്ങൾ പരിവർത്തനം ചെയ്യാൻ സൗകര്യമുണ്ട്. എന്നിരുന്നാലും, പകർപ്പവകാശം ലംഘനം ഇല്ലാത്ത പുസ്തകങ്ങൾ മാത്രമേ വായിക്കാൻ സാധിക്കൂ. സാധാരണക്കാർക്ക് ഇ-ബുക്കുകൾ വില കൊടുത്തു വാങ്ങി വായിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം, അച്ചടിച്ച പുസ്തകങ്ങളും, അതിന്റെ ഇ-ബുക്ക് പതിപ്പുകൾക്കും വിലയിൽ വലിയ വ്യത്യാസമില്ല. 

ഇ-ബുക്കുകൾ അടക്കമുള്ള ഡിജിറ്റൽ സൃഷ്ടികളുടെ അനധികൃത വിതരണവും പകർപ്പവകാശ ലംഘനവും തടയാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് DRM (Digital Rights Management). ഇ-ബുക്ക് ഫയലിലെ വിവരങ്ങളെ പ്രത്യേക കോഡുകളാക്കി മാറ്റുന്നു (Encryption). ഈ പുസ്തകം വായിക്കണമെങ്കിൽ ഒരു പ്രത്യേക 'Digital Key' ആവശ്യമാണ്. പുസ്തകം വാങ്ങുമ്പോൾ, ആമസോൺ അല്ലെങ്കിൽ കോബോ പോലുള്ള കമ്പനികൾ നിങ്ങളുടെ ഉപകരണത്തിലേക്ക് ഈ കീ കൂടി നൽകുന്നു. ഈ കീ ഇല്ലാത്ത മറ്റൊരു ഉപകരണത്തിലോ ആപ്പിലോ ആ ഫയൽ തുറക്കാൻ സാധിക്കില്ല. DRM നീക്കിയ പുസ്തകങ്ങൾ അനധികൃതമായി ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ ഗ്രൂപ്പുകളും, വെബ്സൈറ്റുകളും സജീവമാണ്. അവിടെ നിന്നും പുസ്തകങ്ങൾ ഡൌൺലോഡ് ചെയ്തു വായിക്കുകയാണ് മിക്കവരും ചെയ്യുന്നത്. സ്വതന്ത്രമായി  (Open Access) പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും ലഭ്യമാണ്. ഇ-ബുക്കുകൾ കൂടുതലും EPUB ഫോർമാറ്റിൽ ലഭ്യമായതിനാൽ കിൻഡിലിനു പകരം മറ്റൊരു ഇ-ബുക്ക് റീഡർ ഉപയോഗിക്കുന്നതാണ് നല്ലത്.
   
കിൻഡിലിന്റെ പോരായ്മകളെ മറികടക്കാൻ ജപ്പാനിലുള്ള റകുട്ടെൻ (Rakuten Group, Inc.) കമ്പനിയുടെ കോബോ എന്ന റീഡറിനു കഴിയും. 2012-ലാണ് അവർ കനേഡിയൻ കമ്പനിയായ കോബോയെ വാങ്ങിയത്. ബാർസിലോണ ഫുട്ബോൾ ക്ലബ്ബിന്റെ പഴയ ജേഴ്‌സിയിൽ Rakuten എന്ന പേര് മിക്കവരും കണ്ടിട്ടുണ്ടാവും. ആദ്യത്തെ കിൻഡിൽ ഇ-റീഡർ 2007 നവംബർ 19-നാണ് ആമസോൺ പുറത്തിറക്കിയത്. കോബോയുടെ ആദ്യത്തെ ഇ-റീഡർ 2010 മെയ് 1-നാണ് ഔദ്യോഗികമായി വിപണിയിലെത്തിയത്. കോബോ റീഡറുകൾ ഇന്ത്യൻ വിപണിയിൽ മുൻകാലങ്ങളിൽ ലഭ്യമായിരുന്നെങ്കിലും, 2023 മുതൽ നേരിട്ട് ഇന്ത്യയിൽ വിൽക്കാൻ തുടങ്ങി. 

EPUB, PDF, MOBI തുടങ്ങി മിക്കവാറും എല്ലാ ഫോർമാറ്റുകളും കോബോ നേരിട്ട് സപ്പോർട്ട് ചെയ്യും. ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങിയ ക്‌ളൗഡ്‌ സ്റ്റോറേജിൽ പുസ്തകം ഇട്ടാൽ, കോബോ റീഡർ വഴി എടുത്തു വായിക്കാൻ എളുപ്പമുണ്ട്. ആമസോൺ സ്റ്റോർ പോലെ, കോബോ സ്റ്റോറും വളരെ വലുതാണ്. ഇതിനും പുറമേ, OverDrive (Libby) സപ്പോർട്ട് എന്ന സംവിധാനം വഴി ലോകമെമ്പാടുമുള്ള പല പബ്ലിക് ലൈബ്രറികളിൽ നിന്നും പുസ്തകങ്ങൾ നേരിട്ട് ഈ ഉപകരണം വഴി കടമെടുക്കാം.

കിൻഡിൽ റീഡർ സോഫ്റ്റ്‌വെയർ ഇന്റർഫേസ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. എന്നാൽ, വായനക്കാരന് സെറ്റിംഗ്സുകളിൽ മാറ്റങ്ങൾ (Customisation) വരുത്താൻ പരിമിതികളുണ്ട്. കിബോയിൽ പുതിയ ഫോണ്ടുകൾ ലോഡ് ചെയ്യാനും, മാർജിനുകൾ മാറ്റാനും, വായനയുടെ സ്റ്റാറ്റിസ്റ്റിക്സ് നോക്കാനും കൂടുതൽ സൗകര്യങ്ങളുണ്ട്. EPUB ഫയലുകൾ തടസ്സമില്ലാതെ വായിക്കണമെന്നുണ്ടെങ്കിൽ കോബോ വാങ്ങിക്കുന്നതാണ് നല്ലത്. 

ഇന്ത്യൻ വിപണിയിൽ ലഭ്യമായ പ്രധാനപ്പെട്ട കോബോ (Kobo) ഇ-റീഡർ മോഡലുകൾ പരിചയപ്പെടുത്താം:

കോബോ ക്ലാര ബി.ഡബ്ല്യു (Kobo Clara BW)
കോബോയുടെ എൻട്രി ലെവൽ മോഡലാണ്. 
ഡിസ്‌പ്ലേ: 6 ഇഞ്ച് ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീൻ (E Ink Carta 1300).
പ്രത്യേകത: വളരെ വേഗത്തിലുള്ള പേജ് മാറ്റവും വ്യക്തമായ അക്ഷരങ്ങളും. വെള്ളത്തിനടിയിൽ വീണാലും കേടുപറ്റില്ല (IPX8 Waterproof).
സ്റ്റോറേജ്: 16 GB (ഏകദേശം 12,000 പുസ്തകങ്ങൾ സൂക്ഷിക്കാം).
വില: ഏകദേശം ₹14,999.

കോബോ ക്ലാര കളർ (Kobo Clara Colour)
കുറഞ്ഞ വിലയിൽ ലഭിക്കുന്ന കളർ ഡിസ്പ്ളേ ഉള്ള മോഡലാണിത്. പുസ്തകങ്ങളിലെ കവർ ചിത്രങ്ങളും ഹൈലൈറ്റുകളും നിറത്തിൽ കാണാൻ സാധിക്കും. കോംപാക്ട് ആയതുകൊണ്ട് യാത്രകളിൽ കൊണ്ടുപോകാൻ എളുപ്പമാണ്. ഇതിനും വാട്ടർപ്രൂഫ് സൗകര്യമുണ്ട്.
ഡിസ്‌പ്ലേ: 6 ഇഞ്ച് കളർ സ്ക്രീൻ (E Ink Kaleido 3).
സ്റ്റോറേജ്: 16 GB.
വില: ഏകദേശം ₹16,999.

കോബോ ലിബ്ര കളർ (Kobo Libra Colour)
കളർ ഡിസ്പ്ളേ ഉള്ള ലിബ്ര മോഡൽ ആണ്. പേജ് മാറ്റാൻ പ്രത്യേക ബട്ടണുകൾ (Physical buttons) ഇതിലുണ്ട്. കൂടാതെ Kobo Stylus 2 ഉപയോഗിച്ച് പുസ്തകങ്ങളിൽ കുറിപ്പുകൾ എഴുതാനും സാധിക്കും (സ്റ്റൈലസ് പ്രത്യേകം വാങ്ങണം).
ഡിസ്‌പ്ലേ: 7 ഇഞ്ച്.
സ്റ്റോറേജ്: 32 GB.
വില: ഏകദേശം ₹19,999.

കോബോ സേജ് (Kobo Sage)
കോബോയുടെ പ്രീമിയം ഇ-റീഡറാണ്. ഇതിന്റെ ഒരു വശത്ത് പേജ് മറിക്കാൻ സഹായിക്കുന്ന ഫിസിക്കൽ ബട്ടണുകളുണ്ട്. പുസ്തകം ഒരു കൈകൊണ്ട് പിടിച്ചു വായിക്കുന്നവർക്ക് ഇത് വളരെ സൗകര്യപ്രദമാണ്.  E Ink Carta 1200 ഏറ്റവും പുതിയ ഡിസ്‌പ്ലേ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ അക്ഷരങ്ങൾ കൂടുതൽ തെളിച്ചമുള്ളതും പേജ് മാറുന്നത് വളരെ വേഗത്തിലുമാണ്.
ഡിസ്‌പ്ലേ: 8 ഇഞ്ച്.
സ്റ്റോറേജ്: 32 GB.
വില: ഏകദേശം ₹26000.

കോബോ എലിപ്സ 2E (Kobo Elipsa 2E)
ഇതൊരു ഇ-റീഡർ മാത്രമല്ല, ഒരു ഡിജിറ്റൽ നോട്ട്ബുക്ക് കൂടിയാണ്. വലിയ സ്ക്രീൻ ആവശ്യമുള്ളവർക്കും, പഠനാവശ്യങ്ങൾക്കും അനുയോജ്യമാണ്. ഇതിനൊപ്പം Kobo Stylus 2 സൗജന്യമായി ലഭിക്കും. പി.ഡി.എഫ് (PDF) ഫയലുകൾ വായിക്കാനും അവയ്ക്ക് മുകളിൽ കുറിപ്പുകൾ എഴുതാനും ഏറ്റവും അനുയോജ്യമായ മോഡലാണിത്.
ഡിസ്‌പ്ലേ: 10.3 ഇഞ്ച് വലിയ ബ്ലാക്ക് ആൻഡ് വൈറ്റ് സ്ക്രീൻ.
സ്റ്റോറേജ്: 32 GB.
വില: ഏകദേശം ₹40,000 - ₹45,000
 
എവിടെ നിന്ന് വാങ്ങാം?
ഇന്ത്യയിൽ Flipkart, Amazon എന്നീ ഓൺലൈൻ സ്റ്റോറുകൾ വഴിയാണ് കോബോ ഇ-റീഡറുകൾ പ്രധാനമായും വിൽക്കുന്നത്. വിൽപ്പന മേളകൾ നടക്കുമ്പോൾ ഇ-റീഡറുകളുടെ വില കുറയാറുണ്ട്.

പി.ഡി.എഫ് (PDF) രൂപത്തിലുള്ള ഡോക്യൂമെന്റുകൾ കൂടുതൽ വായിക്കുന്ന ആളുകൾക്ക് , 6 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ള റീഡറുകളെ അപേക്ഷിച്ച് 8 ഇഞ്ച് സ്ക്രീൻ (Libra Colour/Elipsa 2E) കൂടുതൽ ഉപകാരപ്പെടും. സാങ്കേതികമായി നോക്കിയാൽ, ഓപ്പൺ ഫോർമാറ്റുകൾ (EPUB പോലെ) ഇഷ്ടപ്പെടുന്നവർക്കും കൂടുതൽ ഫീച്ചറുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കോബോ ആണ് കൂടുതൽ അനുയോജ്യം.

അനുബന്ധം: മലയാളം ഇ-ബുക്കുകൾ താരതമ്യേന കുറവാണ്. കൂടുതൽ പുസ്തകങ്ങളും ഇംഗ്ലീഷിലാണ് ലഭ്യമാകുക.

Monday, December 15, 2025

വാഷിങ് മെഷീൻ തിരഞ്ഞെടുക്കാം

Image courtesy: Philip Hailing

അലക്ക് യന്ത്രങ്ങൾ എല്ലാ വീടുകളിലും സർവ്വ  സാധാരണമായിരിക്കുന്നു. അലക്കാനുള്ള സമയം ലാഭിക്കുന്നതിനൊപ്പം, ജല ഉപയോഗം കുറക്കാനും അലക്കു യന്ത്രങ്ങൾ സഹായകരമാണ്. തിരക്കുള്ളവർക്കും, പ്രായമുള്ളവർക്കും അലക്കു യന്ത്രങ്ങൾ ഉപകാരപ്രദമാണ്. സാധാരണ ഗതിയിൽ കടയിൽ ചെന്ന് അവിടെയുള്ള ഏതെങ്കിലും ഒരു ബ്രാൻഡിന്റെ അലക്കു യന്ത്രം വാങ്ങിച്ചു വീട്ടിലേക്കു മടങ്ങുകയാണ് പതിവ്. കഴിഞ്ഞ പത്തു വർഷമായി LG കമ്പനിയുടെ ടോപ്പ് ലോഡ് അലക്ക് യന്ത്രം ഇടക്കിടെ പണിമുടക്കാൻ തുടങ്ങിയതോടെ, പുതിയൊരെണ്ണം വാങ്ങുന്നതിനായി ഗൃഹപാഠം ചെയ്യേണ്ടി വന്നു. അതിൽ നിന്നും മനസ്സിലായ കാര്യങ്ങളും, അലക്കുയന്ത്രം ഉപയോഗിച്ചതിന്റെ പരിചയത്തിൽ എനിക്കുള്ള  അറിവും ഞാൻ പങ്കുവെക്കാം.  
പത്തു വർഷങ്ങൾക്ക് മുൻപുള്ളതിനേക്കാൾ മെച്ചപ്പെട്ട പ്രത്യേകതകൾ ഉള്ള അലക്കു യന്ത്രങ്ങൾ ഇന്ന് വാങ്ങാൻ ലഭിക്കും.  അലക്ക് യന്ത്രം വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്; വിവിധ തരങ്ങൾ, ഘടകങ്ങൾ, മറ്റു പ്രത്യേകതകൾ അറിഞ്ഞു വാങ്ങേണ്ടതുണ്ട്. 

Monday, October 6, 2025

ലൈബ്രറി സയൻസ് പഠിക്കാൻ ബാങ്ക് ലോൺ !!

വർഷം 2002, ഞാൻ ഡിഗ്രി കഴിഞ്ഞ ശേഷം ലൈബ്രറി സയൻസ് പഠിക്കാൻ തയ്യാറെടുക്കുന്ന കാലം. ലൈബ്രറി സയൻസ് പഠിക്കാൻ കേരള സർവ്വകലാശാലയിൽ ചേരുക എന്നതാണ് ലക്ഷ്യം. എൻ്റെ നാട്ടിലുള്ള ഈശ്വരൻ നമ്പൂതിരി ചേട്ടൻ ലൈബ്രറി സയൻസ് പഠിച്ചത് കേരള സർവ്വകലാശാലയിലാണെന്ന് കേട്ടിട്ടുണ്ട്. എത്ര രൂപ ചെലവ് വരുമെന്ന് വലിയ ധാരണയില്ല. എൻ്റെ ആഗ്രഹം വീട്ടിൽ പറഞ്ഞു.  അതിന് ശേഷം അമ്മക്ക് അക്കൗണ്ടുള്ള ഒരു പൊതുമേഖല ബാങ്കിൽ പോകാനിടയായി. മാനേജരോട് അമ്മ ചോദിച്ചു, ലൈബ്രറി സയൻസ് പഠിക്കാൻ വിദ്യാഭ്യാസ ലോൺ കൊടുക്കുമോയെന്ന്. തൊഴിൽ സാദ്ധ്യതയുള്ള എഞ്ചിനീയറിംഗ്, മെഡിക്കൽ തുടങ്ങിയ കോഴ്സുകൾക്ക് മാത്രമേ ലോൺ കൊടുക്കാറുള്ളൂ എന്ന് മാനേജർ പറഞ്ഞു. ഞാൻ കേരള സർവ്വകലാശാലയിൽ രണ്ട് വർഷം ദൈർഘ്യമുള്ള ലൈബ്രറി സയൻസ് (MLibSc) കോഴ്സിന് 2003 ൽ ചേർന്നു. പൊതു സ്ഥാപനമായതിനാൽ സെമസ്റ്ററിന് 1500 രൂപ മാത്രമേ സെമസ്റ്റർ ഫീസ് ഉണ്ടായിരിന്നുള്ളൂ. കോഴ്സിൻ്റെ ഭാഗമായ വൈവ കഴിഞ്ഞ് പിറ്റേ ദിവസം ലൈബ്രറി സയൻസ് ഡിപ്പാർട്ട്മെൻ്റിലെത്തിയപ്പോൾ ടെക്നോപാർക്കിൽ പുതിയതായി തുടങ്ങുന്ന ഒരു സ്ഥാപനത്തിൽ അസിസ്റ്റൻ്റ് ലൈബ്രേറിയൻ്റെ ഒഴിവുണ്ട്, ഇൻ്റർവ്യൂവിന് പോകാൻ താൽപര്യമുണ്ടോയെന്ന് ഞങ്ങളുടെ പ്രൊഫസർ ഡോ. കെ.പി. വിജയകുമാർ ചോദിച്ചു. ഞാൻ പോകാമെന്ന് ഏറ്റു. പുതിയതായി തുടങ്ങിയ ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്സ് എന്ന സ്ഥാപനത്തിലാണ് ഒഴിവുണ്ടായിരിന്നത്. ടെക്നോപാർക്കിൻ്റെ സ്ഥാപക CEO , മുൻ പ്ലാനിംഗ് ബോർഡ് മെമ്പറുമായ ശ്രീ. ജി. വിജയരാഘവൻ എന്നെ ഇൻ്റെർവ്യൂ ചെയ്തു, ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. അങ്ങിനെ കോഴ്സിൻ്റെ റിസൾട്ട് വരും മുൻപ് ജോലിയായി.അന്നത്തെ കാലത്തെ മികച്ച ശമ്പളവും കിട്ടി. കേരള സർവ്വകലാശാല മുൻ ഡെപ്യൂട്ടി ലൈബ്രേറിയൻ എൻ. പരമേശ്വരൻ സാറായിരുന്നു അവിടെ ലൈബ്രേറിയൻ.  അദ്ദേഹത്തിൻ്റെ ശിഷ്യനായി ഞാൻ പ്രൊഫഷണൽ ജീവിതം തുടങ്ങി. എൻ്റെ സഹപാഠികളും മികച്ച ശമ്പളത്തോടെ മറ്റു പല സ്ഥാപനങ്ങളിലും ജോലിക്ക് കയറി.

ഞാൻ ഇത്രയും എഴുതാൻ കാരണം ബാങ്കുകളുടെ പരിഗണനക്കുറവിനെക്കുറിച്ച് പറയാനാണ്. ജോലി സാധ്യതയുള്ള എല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും ബാങ്കുകൾ ലോൺ കൊടുക്കാറില്ല. സോഷ്യൽ സയൻസ്, മാനവിക വിഷയങളോട് ബാങ്കുകൾക്ക് അത്ര താൽപ്പര്യമില്ല. ലൈബ്രറി സയൻസ് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ നടത്തുന്ന പ്രൊഫഷണൽ കോഴ്സുകളുടെ ഫീസ് വളരെ കുറവാണെങ്കിലും താമസം, ഭക്ഷണം തുടങ്ങിയ അനുബന്ധ ചെലവുകൾ വഹിക്കേണ്ടതുണ്ട്. ബാങ്ക് ലോണിൻ്റെ സഹായമുണ്ടെങ്കിൽ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. കേരള സർവ്വകലാശാലയിൽ എത്തിയപ്പോൾ ശ്രദ്ധിച്ചത് എൻ്റെ സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ  സാമ്പത്തിക ശേഷി കുറഞ്ഞ വീടുകളിൽ നിന്ന് വന്നവരായിരിന്നു. മിക്കവരും പoന സമയം കഴിഞ്ഞ് എന്തെങ്കിലും ചെറിയ ജോലികൾ ചെയ്താണ് ചെലവുകൾ നടത്തിയിരിന്നത്. മെഡിക്കൽ, എഞ്ചിനിയറിംഗ് പോലെ വലിയ തുക ചെലവ് വരികയില്ലെങ്കിലും ജോലി സാധ്യതയുള്ള മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കും ബാങ്കുകൾ ലോൺ കൊടുക്കണം. ബാങ്കുമായി വൈകാരിക ബന്ധം വളരാൻ ഇത് സഹായിക്കും. 

പ്രസക്തമായ മറ്റൊരു കാര്യം, പൊതു സമൂഹത്തിൻ്റെ നികുതി പിരിച്ച് കെട്ടിപ്പടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളത് കൊണ്ടാണ് സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് നാമമാത്രമായ ചെലവിൽ പഠനം പൂർത്തിയാക്കാനും, ജീവിത നിലവാരം ഉയർത്താനും സാധിക്കുന്നത്. പൊതുമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് എന്നും സ്നേഹവും, ആദരവും, കടപ്പാടും മാത്രം. 

പ്രതീകാത്മക ചിത്രം. നിർമ്മിത ബുദ്ധി ഉപയോഗിച്ച് ചിത്രീകരിച്ചത്..

Tuesday, June 17, 2025

പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം (തുടക്കക്കാർക്കായി)

ഫോട്ടോ കടപ്പാട്: gemini.google.com

അക്കാദമിക, സാംസ്‌കാരിക, സാങ്കേതിക, സാംസ്കാരിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ നമ്മുടെ ചുറ്റുപാടും നടക്കുന്നുണ്ട്. അവയൊക്കെ റെക്കോർഡ് ചെയ്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രഭാഷണങ്ങൾ റെക്കോർഡ് ചെയ്തു യൂട്യൂബ് പോലെയുള്ള മാധ്യമങ്ങളിൽ ലഭ്യമാക്കിയാൽ ഏറെപ്പേർക്ക് ഉപകാരപ്പെടും.

മൊബൈൽ ഫോൺ, വീഡിയോ ക്യാമറ മാത്രം ഉപയോഗിച്ച് റെക്കോർഡ് ചെയ്‌താൽ മികച്ച രീതിയിൽ ശബ്ദം രേഖപ്പെടുത്തണമെന്നില്ല. പ്രഭാഷണങ്ങൾ മികച്ച ശബ്ദ ഗുണനിലവാരത്തോടെ റെക്കോർഡ് ചെയ്തു സൂക്ഷിക്കാൻ താഴെ പറയുന്ന ഉപകരണങ്ങൾ ആവശ്യമാണ്.

മൊബൈൽ ഫോൺ: സ്വന്തം മൊബൈൽ മതിയാവും.

ബ്ലൂ ടൂത്ത് മൈക്ക്: 500 രൂപ മുതൽ മുകളിലേക്ക് വിലയുള്ള മൈക്ക് ഓൺലൈൻ ഷോപ്പുകളിൽ വാങ്ങാൻ കിട്ടും. ബ്ലൂ ടൂത്ത് മൈക്ക് പ്രഭാഷകന്റെ ഷർട്ടിൽ ഘടിപ്പിക്കുകയോ, മൈക്ക് സ്റ്റാൻഡിന്റെ വയറിൽ ക്ലിപ്പ് ചെയ്തു വെക്കുകയോ ചെയ്യാം. 1000 രൂപ വില വരുന്ന ഗ്രനേരോ എന്ന കമ്പനിയുടെ മൈക്ക് ലിങ്ക്, https://amzn.in/d/hCCAgyM

കൂടുതൽ ഗുണമേന്മയുള്ള മൈക്കുകൾക്ക് വില കൂടുതലാണ്. ഉയർന്ന നിലവാരവും വിലയുമുള്ള (12000 രൂപ) Rode എന്ന കമ്പനിയുടെ മൈക്ക് ലിങ്ക്, https://amzn.in/d/0g4Qqg5

ട്രൈപോഡ്: മൊബൈൽ ഫോൺ ട്രൈപോഡിൽ വെച്ച് റെക്കോർഡ് ചെയ്യാം. ട്രൈപോഡിന്റെ പൊക്കം എത്ര വേണമെന്ന് തീരുമാനിച്ചു അനുയോജ്യമായത് വാങ്ങണം. https://amzn.in/d/74DpTRl

പവർ ബാങ്ക് (Optioal): ദീർഘനേരം പ്രഭാഷണം റെക്കോർഡ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ചാർജ് കുറയുന്ന ഘട്ടത്തിൽ പവർ ബാങ്ക് ഉപയോഗിച്ചു ചാർജ് ചെയ്യാം.

വീഡിയോ എഡിറ്റർ: കമ്പ്യൂട്ടർ ഉപയോഗിച്ച് എഡിറ്റിംഗ് നടത്തുന്നവർക്ക് ഓപ്പൺഷോട്ട് (OpenShot) സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. തുടക്കക്കാർക്ക് പോലും വീഡിയോ ഭംഗിയായി എഡിറ്റ് ചെയ്യാം. വീഡിയോയിൽ നിന്നും ആവശ്യമില്ലാത്ത ഭാഗങ്ങൾനീക്കം ചെയ്യാൻഉപയോഗിക്കാം. https://www.openshot.org/

മൊബൈൽ ഫോണിൽ വീഡിയോ എഡിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ VN editor എന്ന ആപ്പ് ഉപയോഗിക്കുക. https://play.google.com/store/apps/details?id=com.frontrow.vlog&hl=en_IN

വിവിധ നിലവാരത്തിലും, വിലയിലുമുള്ള ഉപകരണങ്ങൾ വാങ്ങാൻ ലഭിക്കും. നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന മികച്ചത് വാങ്ങുക.

ഉപയോഗിക്കേണ്ട വിധം
മൊബൈൽ ഫോൺ ട്രൈപോഡിൽ ഉറപ്പിക്കുക. ബ്ലൂടൂത്ത് മൈക്ക് ഫോണുമായി പെയർ ചെയ്യുക. ബ്ലൂടൂത്ത് മൈക്ക്, പ്രഭാഷകന്റെ ഷർട്ടിൽ ക്ലിപ്പ് ചെയ്യുക, അല്ലെങ്കിൽ മൈക്ക് സ്റ്റാൻഡിൽ/വയറിൽ പ്രഭാഷകന്റെ മുഖത്ത് നിന്നും അകലെയല്ലാതെ ഉറപ്പിക്കുക. മൈക്ക് പ്രഭാഷകന്റെ വസ്ത്രത്തിൽ കുത്തുന്നതിനു മുൻപ് അനുവാദം ചോദിയ്ക്കാൻ മറക്കരുത്. പ്രഭാഷണം റെക്കോർഡ് ചെയ്യുക. വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക.

തയ്യാറാക്കിയത്: ഡോ. വിമൽ കുമാർ വി , അസിസ്റ്റന്റ് ലൈബ്രേറിയൻ, മഹാത്മാ ഗാന്ധി സർവ്വകലാശാല, കോട്ടയം.

Wednesday, June 11, 2025

ഫ്രെഡറിക് ഫോർസൈത്ത്: ത്രില്ലറുകളുടെ കുലപതി

ഫോട്ടോ കടപ്പാട്: വിക്കിമീഡിയ കോമൺസ്
ത്രില്ലറുകളുടെ കുലപതിയായ ഫ്രെഡറിക് ഫോർസൈത്ത് 9 ജൂൺ 2025-നു ഈ ലോകത്തു നിന്ന് വിടവാങ്ങി. കൈരളി വായനശാലയിലെ ചില്ല് അലമാരകളിൽ നിന്നാണ് ഫ്രെഡറിക് ഫോർസൈത്തിന്റെ പുസ്തകങ്ങളായ ഡേ ഓഫ് ദി ജാക്കളും, ദി ഡോഗ്സ് ഓഫ് വാർ, ഒഡേസ്സ ഫയൽ, എന്നീ പുസ്തകങ്ങൾ സ്‌കൂൾ പഠന കാലത്തു കണ്ടെത്തി വായിച്ചത്. വായനശാലക്ക് ആരോ സംഭാവന നൽകിയ ഇംഗ്ലീഷ് പുസ്തകങ്ങളായിരിന്നു അവയെല്ലാം. ഇംഗ്ലീഷ് ഭാഷ ഉറപ്പിക്കാനുള്ള ഉദ്ദേശവും ത്രില്ലറുകൾ വായിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്നു. ഡേ ഓഫ് ദി ജാക്കൾ ആണ് ഏറ്റവും നന്നായി ആസ്വദിച്ച് വായിച്ചത്. അന്ന് ഫ്രെഡറിക് ഫോർസൈത്ത് എന്ന എഴുത്തുകാരനെക്കുറിച്ചു അധികമൊന്നും അറിഞ്ഞു കൂടായിരിന്നു.

ഒരു ബ്രിട്ടീഷ് നോവലിസ്റ്റും പത്രപ്രവർത്തകനുമാണ് ഫ്രെഡറിക് മക്കാർത്തി ഫോർസൈത്ത്. 1938 ഓഗസ്റ്റ് 25-ന് ഇംഗ്ലണ്ടിലെ കെന്റിലാണ് അദ്ദേഹം ജനിച്ചത്. റോയൽ എയർഫോഴ്‌സിൽ ഒരു ഫൈറ്റർ പൈലറ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് പത്രപ്രവർത്തനത്തിലേക്ക് തിരിയുകയായിരിന്നു. സ്വന്തം അനുഭവങ്ങളും പത്രപ്രവർത്തന പശ്ചാത്തലവും അദ്ദേഹത്തിന്റെ എഴുത്തിന് ആധികാരികത നൽകി. ലോകമെമ്പാടും ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ട അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും സിനിമയായിട്ടുണ്ട്. ഡേ ഓഫ് ദി ജാക്കൾ സിനിമ എനിക്ക് കാണാൻ സാധിച്ചത് ഏറെ വർഷങ്ങൾക്ക് ശേഷമാണ്. ഇന്റർനാഷണൽ പൊളിറ്റിക്‌സും , ചാരവൃത്തിയും അദ്ദേഹത്തിന്റെ രചനകളിലെ സ്ഥിരം പ്രമേയങ്ങളാണ്. യഥാർത്ഥ കൃതിയോട് നീതി പുലർത്തിയാണ് ഡേ ഓഫ് ദി ജാക്കൾ സിനിമ നിർമ്മിച്ചത്. എഡ്‌വേഡ്‌ ഫോക്സ് എന്ന നടന് മികച്ച കരിയർ നൽകിയ സിനിമയായിരുന്നു ഡേ ഓഫ് ദി ജാക്കൾ.

Friday, June 6, 2025

ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ് (1978)

Image courtesy: http://imdb.com
1978-ൽ എൻസോ ജി. കാസ്റ്റെല്ലാരിയുടെ (Enzo G. Castellari) സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഇറ്റാലിയൻ യുദ്ധ സിനിമയാണ് 'ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ്' (The Inglorious Bastards). Quel maledetto treno blindato (That damned armored train) എന്നാണ് സിനിമയുടെ യഥാർത്ഥഇറ്റാലിയൻ പേര്. ക്വെന്റിൻ ടരന്റിനോയുടെ 2009-ലെ ഇതേപേരിലുള്ള സിനിമയ്ക്ക് പ്രചോദനമായത് ഈ ചിത്രമാണ്. എന്നാൽ, ടരന്റിനോയുടെ സിനിമയിൽ നിന്ന് ഇതിവൃത്തത്തിലും, ആഖ്യാനത്തിലും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഒരു കൂട്ടം അമേരിക്കൻ സൈനിക കുറ്റവാളികളുടെ സാഹസികമായ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. രസകരമായ ആക്ഷൻ സിനിമ ആയതിനാൽ, ഞാൻ പലവട്ടം കണ്ടിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് സൈനിക ജയിലിലേക്ക് കൊണ്ടുപോകുന്ന ഒരു സംഘം അമേരിക്കൻ സൈനികർ. യാത്രാമദ്ധ്യേ ജർമ്മൻ സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഇവർ സഞ്ചരിച്ച വാഹനം തകരുന്നു. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും വകവരുത്തി ഈ തടവുകാർ രക്ഷപ്പെടുന്നു. തുടർന്ന്, നിഷ്പക്ഷ രാജ്യമായ സ്വിറ്റ്സർലൻഡിലേക്ക് കടക്കാനുള്ള ഇവരുടെ ശ്രമങ്ങളും അതിനിടയിൽ അവർ ചെന്നു ചാടുന്ന അപകടകരമായ ഒരു ദൗത്യവുമാണ് സിനിമയുടെ ഇതിവൃത്തം. ഫ്രഞ്ച് വിപ്ലവകാരികൾക്കുവേണ്ടി ജർമ്മൻ സൈന്യത്തിന്റെ അതിനിർണ്ണായകമായ V2 മിസൈൽ വാഹനം തകർക്കുക എന്ന ചാവേർ ദൗത്യം ഈ 'തെമ്മാടികൾ' ഏറ്റെടുക്കുന്നതോടെ സിനിമ അതിന്റെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് പ്രവേശിക്കുന്നു. 'ദി ഡേർട്ടി ഡസൻ' (The Dirty Dozen) പോലുള്ള ഹോളിവുഡ് യുദ്ധ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമയുടെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

അഭിനേതാക്കൾ നമുക്ക് പരിചയമുള്ളവരല്ല. ഒന്നിന് പിറകേ മറ്റൊന്നായി ആക്ഷൻ രംഗങ്ങൾ വന്നു കൊണ്ടേയിരിക്കും. യുദ്ധവിരുദ്ധതയോ സിനിമയോ, യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് സംസാരിക്കുന്ന സൃഷ്ടിയോ അല്ല. മറിച്ച്, യുദ്ധപശ്ചാത്തലത്തിൽ സാഹസികതയും അതിജീവനവും പ്രമേയമാക്കിയ ഒരു സിനിമയാണിത്. നായകന്മാർ ഇവിടെ രാജ്യസ്നേഹികളായ പട്ടാളക്കാരല്ല, മറിച്ച് സ്വന്തം ജീവൻ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന, നിയമം കയ്യിലെടുക്കുന്ന കുറ്റവാളികളാണ്. പരിമിതമായ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകും. എന്നിരുന്നാലും, വെടിയൊച്ചകളും സ്ഫോടനങ്ങളും നിറഞ്ഞ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ ഈ സിനിമക്ക് കഴിയുന്നുണ്ട്. എൻസോ ജി. കാസ്റ്റെല്ലാരിയുടെ സംവിധാന മികവ് സിനിമയുടെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്. ക്വെന്റിൻ ടരന്റിനോയുടെ സിനിമ കണ്ട ശേഷം ഈ ചിത്രം കാണുന്നവർക്ക് ഒരുപക്ഷേ നിരാശ തോന്നിയേക്കാം. കാരണം, രണ്ട് സിനിമകളും രണ്ട് ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. എന്നാൽ, 1970-കളിലെ യൂറോപ്യൻ ആക്ഷൻ സിനിമകളുടെ ആരാധകർക്ക് 'ദി ഇൻഗ്ലോറിയസ് ബാസ്റ്റാർഡ്സ്' ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും. Plex ആപ്പിൽ ഈ സിനിമ സൗജന്യമായി കാണാവുന്നതാണ്.

Tuesday, May 27, 2025

ഫോണുകൾ വിലകുറച്ചു വാങ്ങി ഉപയോഗിക്കാം

Image courtesy: Google Gemini
ഒരു പുതിയ ഫോൺ പുറത്തിറക്കുമ്പോൾ ഉയർന്ന വില ഈടാക്കിയാണ് വിൽക്കുന്നത്. തുടക്കത്തിലെ വിപണി വില ആവില്ല കുറച്ചു നാൾ കഴിഞ്ഞ ശേഷം. പുതിയ മോഡലുകൾ പുറത്തിറക്കുമ്പോഴും, വിപണിയിലെ മത്സരം കടുക്കുമ്പോഴും കമ്പനികൾ ഫോണുകളുടെ വില വളരെയധികം കുറയ്ക്കും. കൂടിയ വിലക്ക് ഫോൺ വാങ്ങിയവർ എല്ലാവരും ശശിയാകും. ഉൽപ്പാദന ചിലവിനേക്കാൾ വളരെയധികം വിലകൂട്ടിയാണ് ഫോണുകൾ വിൽക്കുന്നത്. ഒരു ഐഫോൺ 16 പ്രോ മാക്സ് ഉത്പാദിപ്പിക്കാൻ ആപ്പിളിന് ഏകദേശം $485 (ഏകദേശം 41,000 രൂപ) ചിലവാകും, എന്നാൽ ഇന്ത്യയിൽ ഇത് 1,44,900 രൂപയ്ക്ക് വിൽക്കുന്നു.


സാങ്കേതിക വിദ്യയിലെ പുതിയ മാറ്റങ്ങളുടെ വരവും ഫോണുകളുടെ വിലയിൽ ഇടിവുണ്ടാക്കുന്ന ഘടകങ്ങളാണ്. സാങ്കേതിക വിദ്യയിലെ പുരോഗതിക്കനുസരിച്ചു ഫോണിലെ ഘടകങ്ങളും മെച്ചപ്പെടുന്നുണ്ട്. പ്രൊസസ്സറിന്റെ വേഗത, ക്യാമറയുടെ നിലവാരം, റാമിന്റെ, സ്റ്റോറേജിന്റെ വലുപ്പം, സിഗ്നൽ ടെക്നോളജി (4G/5G) തുടങ്ങിയ കാര്യങ്ങൾ മൊബൈൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘട്ടങ്ങളാണ്. എന്നിരുന്നാലും, അടിസ്ഥാന ഫോൺ ഉപയോഗങ്ങളായ ഫോൺ വിളി, സോഷ്യൽ മീഡിയ ഉപയോഗം, ബാങ്കിങ് ആപ്പുകൾ, ക്യാമെറ എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് വിലകൂടിയ പുതിയ ഒരു ഫോൺ ഇല്ലെങ്കിലും നടത്താൻ സാധിക്കും. കൂടിയ ശേഷിയുള്ള പുതിയ ഒരു ഫോൺ വാങ്ങിയാലും പ്രവർത്തന ശേഷിയുടെ 40% വരെയേ സാധാരണ ഉപയോഗങ്ങൾക്ക് ആവശ്യം വരുന്നുള്ളൂ. മൊബൈൽ ഫോണിനായി കൂടുതൽ പണം ചിലവഴിക്കാൻ താല്പര്യമില്ലാത്തവർക്ക് ഒരൽപ്പം പഴയ ഫോൺ വാങ്ങി ഉപയോഗിക്കുന്നത് നല്ലൊരു മാർഗ്ഗമാണ്. കുറച്ചു നാളുകൾക്ക് മുൻപ് പ്രചാരത്തിലുണ്ടായിരുന്ന പ്രീമിയം ഫോണുകൾ കുറഞ്ഞ വിലക്ക് ഓൺലൈൻ ഷോപ്പുകളിൽ വാങ്ങാൻ ലഭിക്കും. 91mobiles പോലെയുള്ള സൈറ്റുകളിൽ തിരഞ്ഞാൽ അത്തരം ഫോണുകളും, വിവിധ സൈറ്റുകളിലെ വിലയും അറിയാൻ സാധിക്കും. ഫോണിന്റെ റിവ്യൂ കൂടി പരിശോധിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ ചിലപ്പോൾ 5-10% വരെ വീണ്ടും വിലക്കുറവ് കിട്ടും. ഫോണിന്റെ യഥാർത്ഥ വിലയേക്കാൾ 60% വരെയൊക്കെ വിലകുറച്ചു കിട്ടാൻ സാധ്യതയുണ്ട്.

രണ്ടു വർഷം പഴക്കമുള്ള ഫോൺ വാങ്ങിയാൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് നിലച്ചിട്ടുണ്ടാവും. ഫോണിൽ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്തു കൊണ്ട് ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പതിപ്പിലേക്ക് മാറ്റാൻ സാധിക്കും. ഫോണിനൊപ്പം ലഭിക്കുന്ന ഫാക്ടറി നിർമ്മിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് (Stock ROM) പകരം ഉപയോഗിക്കാവുന്ന ആൻഡ്രോയ്ഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് കസ്റ്റം റോമുകൾ. പുതിയ മോഡൽ മൊബൈൽ ഫോൺ വിപണിയിലിറക്കുമ്പോൾ ആൻഡ്രോയ്ഡ് സോഴ്സ് കോഡ് പൊതു ഉപയോഗത്തിനായി മൊബൈൽ കമ്പനികൾ പ്രസിദ്ധീകരിക്കുന്നു. ലിനക്സ് കെർണൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുമതിപത്രമായ ഗ്നു ജനറൽ പബ്ലിക് ലൈസൻസ് (GPL) ഉപയോഗിക്കുന്നതിനാൽ, മാറ്റങ്ങൾ വരുത്തിയ ആൻഡ്രോയ്ഡ് സോഴ്സ് കോഡ് പ്രസിദ്ധീകരിക്കാൻ ഫോൺ നിർമ്മാതാക്കൾ നിർബന്ധിതരാകുന്നു. ഇതേ സോഴ്സ് കോഡ് ഉപയോഗിച്ചാണ് കസ്റ്റം റോമുകൾ നിർമ്മിക്കുന്നത്.

വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോൺ കസ്റ്റം റോം സപ്പോർട്ട് ഉണ്ടോയെന്ന് പരിശോധിക്കുക. CrDroid, LineageOS കസ്റ്റം റോം സൈറ്റുകളിൽ ഫോൺ മോഡൽ ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുന്ന വിധമൊക്ക സൈറ്റിൽ വിശദമായി പറഞ്ഞിരിക്കും. നിങ്ങളുടെ പ്രദേശത്തുള്ള ടെക്കി പിള്ളേരോട് പറഞ്ഞാൽ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്തു തരും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 നിലവിൽ കസ്റ്റം റോമുകൾ നൽകുന്നുണ്ട്. വളരെ വൈകാതെ ആൻഡ്രോയ്ഡ് 16 അധിഷ്ഠിതമായ കസ്റ്റം റോമുകൾ ഇറങ്ങും. ഫോണുകളിൽ കസ്റ്റം റോമുകൾ ഉപയോഗിക്കുമ്പോൾ പെർഫോമൻസ്, ബാറ്ററി ബാക്കപ്പ് കൂടുന്നതായി കാണാവുന്നതാണ്. കൃത്യമായ അപ്ഡേറ്റുകളും ലഭിക്കും. ബ്ലോട്ടുവെയറുകൾ ഉണ്ടാവില്ല.

Redmi, Poco എന്നീ ബ്രാൻഡ് ഫോണുകൾ കസ്റ്റം റോമുകൾ സപ്പോർട്ട് ചെയ്യുന്നവയാണ്. പഴയ ഫോണുകൾ വളരെ വിലകുറച്ചു വാങ്ങി കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്തു ദീർഘനാൾ ഉപയോഗിക്കാവുന്നതാണ്. 20000 രൂപ വിലയുണ്ടായിരുന്ന Poco X3 Pro ഫോൺ ഇപ്പോൾ 10000 രൂപക്ക് വാങ്ങാൻ ലഭിക്കും. Poco X3 Pro ഫോണിൽ Android 15 അധിഷ്ഠിതമായ CrDroid കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. പുതിയ ഫോൺ വാങ്ങുന്നതിനു മുൻപ് ഏറെ മുതൽ മുടക്കണോ എന്നത് ഒന്ന് കൂടി ആലോചിക്കുക.

Sunday, May 25, 2025

ആൻഡ്രോയ്ഡിലെ ആകുലതകൾ

Modular phone conceptual image. Image courtesy: Google Gemini
സ്മാർട്ട് ഫോണിന്റെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഘടകങ്ങൾ കമ്പ്യൂട്ടറിന്റേതിൽ നിന്നും വ്യത്യസ്തമാണ്. ലിനക്സ് കെർണൽ ആണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നതെങ്കിലും, കമ്പ്യൂട്ടറുകൾ കൂടുതൽ മോഡുലാർ ആണ്, ഉപയോക്താവിന് ആവശ്യമുള്ള ഘടകങ്ങൾ തിരഞ്ഞെടുക്കാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയും. പിന്നീട് കമ്പ്യൂട്ടർ ശേഷി ഉയർത്താൻ ഹാർഡ്‌വെയർ ഘടകങ്ങൾ കൂട്ടിച്ചേർക്കാനും കഴിയും. ഏതെങ്കിലും ഒരു ഘടകം കേടായാൽ പുതിയത് വാങ്ങിയിടാനും കഴിയും. മൊബൈൽ ഉപകരണങ്ങൾക്ക് വ്യത്യസ്തമായ ഘടനയാണുള്ളത്. എല്ലാ ഹാർഡ്‌വെയർ ഘടകങ്ങളും ഒറ്റ ചിപ്‌സെറ്റായി ഏകോപിപ്പിച്ചു ചേർത്ത് വെച്ചിരിക്കുന്നു. ഹാർഡ്‌വെയർ ഘടകങ്ങളെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന പ്രൊപ്രൈറ്ററി ഡ്രൈവറുകൾ (ഉദാ. പ്രൊസസ്സർ ഡ്രൈവർ), ഗ്രാഫിക്കൽ ഇന്റർഫേസിനെ മനോഹരമാക്കുന്ന ഘടകങ്ങൾ ചേർത്താണ് മൊബൈൽ കമ്പനികൾ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ രൂപപ്പെടുത്തുന്നത്.

ചിലവ് കുറഞ്ഞ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുന്നതിനും, ജനകീയമാക്കുന്നതിനും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം കാരണമായി. നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഫോൺ നിർമ്മാതാക്കൾ, അനുബന്ധ ഘടക നിർമ്മാതാക്കൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന 84 സ്ഥാപനങ്ങൾ ചേർന്ന് രൂപീകരിച്ച ഓപ്പൺ ഹാൻഡ് അലയൻസ് എന്ന കൂട്ടായ്മയാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിറവിക്ക് കാരണമായത്. ഗൂഗിൾ കമ്പനിയാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വികസനത്തിന് പ്രധാന നേതൃത്വം വഹിച്ചത്. മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആഗോള വിപണി വിഹിതത്തിൽ 70 ശതമാനം ആൻഡ്രോയ്ഡ് കയ്യടക്കിയിരിക്കുന്നു. ആൻഡ്രോയ്‌ഡിന്‌ പകരം വെക്കാൻ പറ്റുന്ന മറ്റൊരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിലവിലില്ല. കമ്പ്യൂട്ടർ വാങ്ങിക്കഴിഞ്ഞാൽ ഉപഭോതാവിന്റെ ഇഷ്ടപ്രകാരം ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റുന്നത് പോലെ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റുന്നത് സാധാരണക്കാരന് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതും കൂടാതെ, നിരീക്ഷണ സംവിധാനങ്ങൾ, ഉപഭോക്താവിന്റെ പ്രവർത്തന വിവരങ്ങൾ കമ്പനിയുടെ സെർവറിലേക്ക് അയക്കുന്ന സോഫ്റ്റ്‌വെയറുകൾ, പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന സംവിധാനങ്ങൾ, പണം വാങ്ങി ഉൾപ്പെടുത്തിയിരിക്കുന്ന ആപ്പുകൾ (Promotion apps) തുടങ്ങിയ കാര്യങ്ങൾ കമ്പനി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കും; ഇവ ബ്ലോട്ട് വെയറുകൾ എന്നറിയപ്പെടുന്നു. ബ്ലോട്ട് വെയറുകൾ ഉപയോക്താവിന്റെ സ്വകാര്യതയിൽ കടന്നു കയറി വിവരങ്ങൾ ചോർത്തുകയും, ഫോണിന്റെ പ്രവർത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. സാധാരണ ആപ്പുകൾ നീക്കം ചെയ്യുന്നത് പോലെ ബ്ലോട്ട് വെയറുകൾ ഉപഭോക്താവിന്റെ ഫോണിൽ നിന്ന് ഒഴിവാക്കുന്നത് അത്രഎളുപ്പമല്ല. ബ്ലോട്ട് വെയറുകൾ ഇല്ലാത്ത ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് ലഭിക്കുന്ന ഫോണുകൾ വളരെ കുറവാണ്. ഗൂഗിൾ പിക്സൽ, നത്തിങ് കമ്പനിയുടെ ഫോണുകൾ ക്‌ളീൻ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകുന്നത്.

മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ദീർഘനാൾ അപ്ഡേറ്റുകൾ ലഭിക്കേണ്ടത് ആവശ്യമാണ്. പുതിയ ഫോൺ ഇറങ്ങി അധിക നാൾ കഴിയും മുൻപേ അപ്ഡേറ്റുകൾ മൊബൈൽ കമ്പനികൾ നിർത്തലാക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതുമൂലം പുതിയ ആൻഡ്രോയ്ഡ് പതിപ്പുകൾ സ്വീകരിക്കാനാവാതെ ഫോൺ ഉപയോഗശൂന്യമാകുകയാണ് പതിവ്. നിലവിൽ രണ്ടു വർഷം വരെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മൊബൈൽ ഫോൺ നിർമ്മാണ കമ്പനികൾ അപ്ഡേറ്റുകൾ ലഭിക്കാറുണ്ട്. കാലാവധി കഴിഞ്ഞാൽ അപ്ഡേറ്റുകൾ നിലക്കുകയും, ആപ്പുകൾ പ്രവർത്തിക്കാൻ വിസമ്മതിക്കുകയും ചെയ്യും. ബാങ്കിങ് ആപ്പുകൾ ആവും ആദ്യം പ്രവർത്തനം നിർത്തുക. ഫോണിന്റെ ഹാർഡ്‌വെയർ ഭാഗത്തിന് യാതൊരു പ്രശ്നവും ഉണ്ടായിരിക്കുകയില്ല. ഉപഭോക്താക്കൾ പുതിയ ഫോൺ വാങ്ങാൻ നിര്ബന്ധിതരാവുകയും ചെയ്യും. ദീർഘകാലം നിലനിൽക്കാത്ത ഫോണുകൾ ഇ-വേസ്റ്റ് കൂടുന്നതിന് കാരണമാകും. മറ്റു ഫോണുകളിൽ നിന്നും വ്യത്യസ്തമായി നത്തിങ് ഫോൺ (Nothing Phone) കമ്പനി മൂന്ന് വർഷത്തെ പ്രധാന ആൻഡ്രോയ്ഡ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുന്നു.

ഫോണിനൊപ്പം നിർമ്മാതാക്കൾ നൽകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ കാലാവധി കഴിഞ്ഞു പ്രവർത്തനം നിലയ്ക്കുമ്പോൾ പുതുജീവൻ നൽകാൻ കസ്റ്റം റോമുകൾക്കാവും. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പുകൾ (Android 15) കസ്റ്റം റോമുകളുടെ രൂപത്തിൽ ലഭ്യമാക്കുന്നുണ്ട്. കസ്റ്റം റോമുകൾ ഇൻസ്റ്റാൾ ചെയ്തു കൊണ്ട് പഴയ ഫോണുകൾ ഏറെ നാൾ തുടർന്നുപയോഗിക്കാൻ സാധിക്കും. ഫോണിൽ വരുത്തുന്ന മാറ്റങ്ങൾ നിയന്ത്രിക്കാൻ നിർമ്മാതാക്കൾ പല തരത്തിലുള്ള ലോക്കുകളും സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നതു കസ്റ്റം റോമുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി ചില ബാങ്കിങ് ആപ്പുകൾ കസ്റ്റം റോമുകളിൽ പ്രവർത്തിക്കില്ല.

വാണിജ്യ താല്പര്യങ്ങളില്ലാത്ത, സ്വകാര്യത സംരക്ഷിക്കുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ലിനക്സ് അധിഷ്ഠിത സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ അടിസ്ഥാനം ഡെബിയൻ പോലെയുള്ള സ്വതന്ത്ര ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ്. ഗ്രാഫിക്കൽ ഇന്റർഫേസ് നൽകാൻ ഉപയോഗിക്കുന്നത് ഫോൺ ഷെൽ അഥവാ ഫോഷ് (phosh), പ്ലാസ്മ തുടങ്ങിയ പ്രോഗ്രാമുകളാണ്. ഫോൺ വിളികൾ നടത്തുന്നതിനുള്ള കോളിംഗ് ആപ്ലിക്കേഷൻ, കോൺടാക്ട്, കലണ്ടർ, മാപ്പ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലിനക്സ് അധിഷ്ഠിത സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുണ്ട്. കൂടാതെ ലിനക്സ് സോഫ്റ്റ്‌വെയർ സംഭരണിയിൽ ലഭ്യമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തുപയോഗിക്കാൻ സാധിക്കും. ഡെബിയൻ ലിനക്സ് അധിഷ്ഠിതമായ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് മൊബിയൻ. സ്മാർട്ട് ഫോണുകളിലും, ടാബ്ലറ്റ് പിസികളിലും ഉപയോഗിക്കാൻ അനുയോജ്യമാണ്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള ആപ്പുകളിലെ വൈവിധ്യം ലിനക്സ് അധിഷ്ഠിത ഫോണുകളിൽ കാണാനാവില്ല. ലിനക്സ് അധിഷ്ഠിത സ്മാർട്ട് ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും, ധാരാളം പരിമിതികൾ നേരിടുന്നുണ്ട്. ലിനക്സ് അധിഷ്ഠിത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളോട് യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന മൊബൈൽ ഹാർഡ്‌വെയറുകളുടെ ലഭ്യതക്കുറവ് സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്തിനു വെല്ലുവിളി ഉയർത്തുന്നുണ്ട്‌. ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമേ മൊബിയൻ പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ സുഗമമായി പ്രവർത്തിക്കുകയുള്ളു. ലിനക്സ് സൗഹൃദമായ കൂടുതൽ മൊബൈൽ ഫോൺ ഹാർഡ്‌വെയറുകൾ ലഭ്യമാകാൻ നിർമ്മാണ കമ്പനികളുടെ സഹകരണം ആവശ്യമാണ്. ആര (Ara) എന്ന പേരിൽ മോഡുലാർ സ്മാർട്ട് ഫോൺ സംരംഭം ഗൂഗിൾ തുടങ്ങിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു.

Tuesday, April 29, 2025

ഗെയിമിംഗ് പിസി, വളരെ ചെലവ് കുറച്ച്!

വെബ് ബ്രൗസിംഗ്, വേർഡ് പ്രൊസസ്സിങ് തുടങ്ങിയ അടിസ്ഥാന ഉപയോഗങ്ങൾക്ക് വീട്ടിലോ, ഓഫിസിലോ ഒരു കമ്പ്യൂട്ടർ വേണമെന്ന് തോന്നിയാൽ പുതിയതൊന്ന് വാങ്ങാം എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരിക. കൂടിയ വില കൊടുത്തു നമ്മുടെ ആവശ്യത്തിനേക്കാൾ അധിക ശേഷിയുള്ള കമ്പ്യൂട്ടർ വാങ്ങുന്നതു എല്ലാവർക്കും പറ്റുന്ന അബദ്ധമാണ്. പുതിയ കമ്പ്യൂട്ടറിന്റെ നാലിൽ ഒന്ന് ചിലവിൽ സാധാരണ ഉപയോഗങ്ങൾക്കുള്ള കമ്പ്യൂട്ടർ സ്വയമോ, ഒരു വിദഗ്ദന്റെ സഹായത്തോടെയോ അസംബിൾ ചെയ്യാം. ഉപയോഗിച്ച പ്രൊസസ്സറുകൾ ഓൺലൈൻ വാങ്ങാൻ കിട്ടും. ഉദാഹരണത്തിന്ന്, ഇന്റൽ കോർ i 5, 3rd generation പ്രൊസസ്സർ 1000 രൂപക്ക് വാങ്ങാൻ കിട്ടും. ശരിയായ പരിചരണം ഉണ്ടെങ്കിൽ ഒരു പ്രൊസസ്സർ സാധാരണയായി 5 മുതൽ 10 വർഷം വരെ നിലനിൽക്കും. പ്രോസസ്സറിനു യോജിക്കുന്ന പുതിയ മദർ ബോർഡും, മറ്റു ഘടകങ്ങളും കുറഞ്ഞ വിലക്ക് ഓൺലൈൻ ആയി വാങ്ങാൻ കിട്ടും. പുതിയ മദർ ബോർഡിൽ SSD സ്റ്റോറേജ് ഉപയോഗിക്കാൻ സാധിക്കുമെന്നതിനാൽ കമ്പ്യൂട്ടറിനു നല്ല വേഗത കിട്ടും. പഴയ കമ്പ്യൂട്ടർ ഘടകങ്ങൾ പുനരുപയോഗിക്കുന്നതിലൂടെ മാലിന്യം കുറക്കുന്നതിനും, പഴയ ഘടകങ്ങളുടെ ഉപയോഗം പരമാവധി ആക്കാനും സാധിക്കും. ഇങ്ങിനെ ചെയ്യുന്നതിലൂടെ സർക്കുലർ ഇക്കോണമി (circular economy) എന്ന ആശയം സാധ്യമാക്കാൻ കഴിയും. ഈ യൂട്യൂബ് വിഡിയോയിൽ പഴയ പ്രൊസസ്സർ ഉപയോഗിച്ച് , 5000 - 12000 ചെലവ് വരുന്ന ഒരു ഗെയിമിംഗ് പിസി നിർമ്മിക്കാം എന്ന് ലളിതമായി പറയുന്നു. യൂട്യൂബ് വീഡിയോ നിർമ്മിക്കുന്നവർ എത്ര ലളിതമായും, മനോഹരമായും ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. യൂട്യൂബ് ഇപ്പോൾ സാധാരണക്കാരുടെ സർവ്വകലാശാലയായി മാറിയിട്ടുണ്ട്.  

Sunday, April 20, 2025

ഫെഡോറ ലിനക്സ്

Fedora Linux with KDE Plasma Desktop
2004 ൽ ഫെഡോറ ലിനക്സ് ഉപയോഗിച്ച് നോക്കിയിട്ടുണ്ട്. അന്ന് ഉബുണ്ടു പ്രചാരത്തിലില്ലാത്തതിനാൽ ഫെഡോറ ആയിരിന്നു എന്നോപ്പോലെയുള്ള തുടക്കക്കാരായ ലിനക്സ് ഉപഭോക്താക്കളുടെ ആശ്രയം. ഡെബിയൻ ലിനക്സ് തൊട്ടു നോക്കാനുള്ള പോലും ധൈര്യം ആയിട്ടില്ലാത്ത കാലം. ആദ്യകാലത്തു കോഹ ഫെഡോറയിൽ ആയിരിന്നു ഇൻസ്റ്റാൾ ചെയ്തിരുന്നത്. ഉബുണ്ടു വന്ന ശേഷം ഫെഡോറ ലിനക്സ് ഉപയോഗിച്ച് നോക്കിയിട്ടില്ല. അടുത്ത കാലത്തു ഉബുണ്ടു ലിനക്സിൽ ഉണ്ടായ കുത്തക മനോഭാവം ലിനക്സ് പ്രേമികൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഡെബിയൻ, ഉബുണ്ടു അധിഷ്ഠിതമായ ലിനക്സ് മിന്റ് (Linux Mint), പോപ്പ് ഒഎസ് (POPOS), ലിനക്സ് ലൈറ്റ് (Linux Lite) തുടങ്ങിയ ഫ്‌ളേവറുകളാണ് ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നതും, മറ്റുള്ളവർക്ക് ഉപയോഗത്തിനായി നിർദ്ദേശിക്കുന്നതും.

Intel TH510-D4 എന്ന മദർ ബോർഡുള്ള കമ്പ്യൂട്ടറിൽ ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ ബുദ്ധിമുട്ടി. ഡെബിയൻ, ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. എങ്കിൽ മറ്റൊരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു നോക്കാം എന്ന് വിചാരിച്ചാണ് ഫെഡോറ ലിനക്സ് സൈറ്റ് സന്ദർശിച്ചത്. ഫെഡോറ വെബ്സൈറ്റ് കണ്ട ഞാൻ അമ്പരന്നു പോയി. ധാരാളം മാറ്റങ്ങളും, വൈവിധ്യങ്ങളും ഫെഡോറ ലിനക്സിൽ വന്നിരിക്കുന്നു. വർക്ക് സ്റ്റേഷൻ, സെർവർ, IoT, Cloud, Containerഎന്നിങ്ങനെ വിവിധ ഉപയോഗങ്ങൾക്കുള്ള എഡിഷനുകൾ പ്രത്യേകമായുണ്ട്. വർക്ക് സ്റ്റേഷൻ എഡിഷൻ ആണ് ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കേണ്ടത്. വർക്ക് സ്റ്റേഷൻ എഡിഷനിൽ ഗ്നോം (GNOME) ആണ് ഡെസ്ക്ടോപ്പ്. കെഡിഇ പ്ലാസ്മ (KDE Plasma) ഡെസ്ക്ടോപ്പ് ഉൾപ്പെടുന്ന ഒരു വർക്ക് സ്റ്റേഷൻ എഡിഷൻ കൂടി ലഭ്യമാണ്. XFCE, Cinnamon, MATE, COSMIC, LXQt, LXDE ഡെസ്ക്ടോപ്പ് ഇഷ്ടപ്പെടുന്നവർക്ക് Fedora Spin എന്ന പേരിൽ മറ്റൊരു എഡിഷനും ലഭ്യമാണ്.

ഫെഡോറ വേർഷൻ ഏറ്റവും പുതിയത് 42 ആണ്. GNOME പുതിയ ഏറ്റവും പുതിയ വേർഷൻ 48, ലിനക്സ് കെർണൽ 6.14 എന്നിവയാണ് ഫെഡോറ 42 നു ഒപ്പം ലഭിക്കുന്നത്. രണ്ടു ജിബിയിൽ ഒതുങ്ങുന്ന ISO ഫയലാണ് ഫെഡോറ ലിനക്സിനുള്ളത്. ഉബുണ്ടുവിന്റെ ISO സൈസ് 6 ജിബി കടന്നിട്ടുണ്ട്. പുതു പുത്തൻ ഗ്നോം ഡെസ്ക്ടോപ്പും, ലിനക്സ് കെർണലും ഫെഡോറയെ അടിപൊളിയാക്കിയിട്ടുണ്ട്. പരമ്പരാഗതമായി ഫെഡോറ ഉപയോഗിച്ച് വരുന്ന അനക്കോണ്ടാ ഇൻസ്റ്റാളർ വളരെ പോളിഷ്ഡ് ആക്കിയിട്ടുണ്ട്. ഉബുണ്ടുവിലെ പോലെ ഗ്നോം ഡെസ്ക്ടോപ്പ് കസ്റ്റമൈസ്‌ ചെയ്തു കുളമാക്കിയിട്ടില്ല, ഗ്നോം ഡെസ്ക്ടോപ്പ് (Vanilla) എങ്ങിനെയാണോ ലഭിക്കുന്നത് അതേപടി നിലനിർത്തിയിട്ടുണ്ട്. കസ്റ്റമൈസേഷൻ ഇല്ലാത്ത ഡെസ്ക്ടോപ്പ് ആയതു കൊണ്ട് തന്നെ പുതിയതും പഴയതുമായ ഹാർഡ്‌വെയറുകളിൽ തീപാറുന്ന പെർഫോമൻസ് ആണ്. പഴയ ഹാർഡ്‌വെയർ ആണെങ്കിൽ ആണെങ്കിൽ നെറ്റ് മിനിമൽ ഇൻസ്റ്റാളർ ഉപയോഗിച്ച് ഇൻസ്റ്റലേഷൻ തുടങ്ങാം, ആവശ്യമുള്ള ഡെസ്ക്ടോപ്പ് ഉൾപ്പെടെയുള്ള ഘടകങ്ങൾ വഴിയേ തിരഞ്ഞെടുക്കാം. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലോകത്തെ ഒരേ ഒരു സംവിധാനം ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് എന്ന് പറയാൻ സാധിക്കും.

DNF എന്ന ടൂൾ ആണ് പാക്കേജ് മാനേജ്മെന്റിനായി ഉപയോഗിക്കുന്നത്. ഉബുണ്ടുവിൽ APT ആണ് പാക്കേജ് മാനേജ്‌മന്റ് നിർവ്വഹണം നടത്തുന്നത്. ഉബുണ്ടു ഉപയോഗിക്കുന്നവർ ഫെഡോറയിലേക്ക് മാറുമ്പോൾ apt നു പകരം dnf എന്ന പദം ഉപയോഗിക്കുക. ഉദാ: sudo apt update, sudo dnf update.

ഫെഡോറയുടെ ഓരോ എഡിഷനും കുറഞ്ഞത് 13 മാസ ആയുർദൈർഘ്യം ആണുള്ളത്. പുതിയ പതിപ്പ് എത്തുമ്പോൾ, ഫെഡോറ ഉപയോക്താക്കൾക്ക് വീണ്ടും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഒരു പതിപ്പിൽ നിന്ന് മറ്റൊന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഉബുണ്ടു ഉപയോഗിച്ച് മടുത്തവർ ഉണ്ടെങ്കിൽ ഒരു മാറ്റത്തിനായി ഫെഡോറ ഉപയോഗിച്ച് നോക്കാവുന്നതാണ്.

Saturday, December 28, 2024

പി.കെ. കൃഷ്ണൻ കലണ്ടർ: വടക്കേ മലബാറിന്റെ സ്വന്തം കലണ്ടർ

കേരളത്തിന്റെ തെക്കൻ പ്രദേശത്തു അത്ര പരിചിതമല്ലാത്ത ഒന്നാണ് പി.കെ. കൃഷ്ണൻ കലണ്ടർ. കേരളത്തിലെ വിപണിയിൽ പത്രങ്ങൾ പുറത്തിറക്കുന്ന കലണ്ടറുകൾ മുന്നിട്ടു നിൽക്കുമ്പോഴും, വടക്കേ മലബാറിൽ പി.കെ. കൃഷ്ണൻ കലണ്ടറിന് ഇപ്പോഴും സ്വന്തമായൊരു സ്ഥാനമുണ്ട്. കോഴിക്കോട്ടെ കോരപ്പുഴ മുതൽ വടക്ക് കാസർഗോഡ് വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലെ വീടുകളിലും, കടകളിലും ടാബ്ലോയ്ഡ് വലിപ്പത്തിലുള്ള ഈ കലണ്ടർ കാണാൻ സാധിക്കും.
1931-ൽ തലശ്ശേരിയിലെ വ്യാപാരിയായ പി.കെ. കൃഷ്ണൻ തന്റെ കടയുടെ പരസ്യത്തിനായി തുടങ്ങിയതാണ് ഈ കലണ്ടർ. വടക്കൻ കേരളത്തിലെ വിശേഷങ്ങളും, ഉത്സവങ്ങളും കൃത്യമായി അറിയാൻ ഈ കലണ്ടർ സഹായിക്കും. കലണ്ടറുകളിൽ ഇപ്പോഴും ആധികാരികമായ പേരാണ് പികെ കൃഷ്ണൻ. മറ്റേതൊരു കലണ്ടറിനേക്കാളും കൂടുതൽ പ്രാദേശിക പരിപാടികളുടെയും ആഘോഷങ്ങളുടെയും വിശദാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
പി.കെ. കൃഷ്ണൻ മരിച്ചിട്ട് 55 വർഷം കഴിഞ്ഞെങ്കിലും, ഈ കലണ്ടറിന് ഇപ്പോഴും ആരാധകർ ഏറെയാണ്. പ്രാദേശിക പരിപാടികളുടെയും ആഘോഷങ്ങളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ കലണ്ടർ വടക്കേ മലബാറിലെ വീടുകളിൽ ഒഴിച്ചു കൂടാത്ത ഒന്നാണ്. 35 രൂപയാണ് കലണ്ടറിന്റെ വില.

സുരക്ഷിതമായി യുപിഐ പണമിടപാടുകൾ നടത്താനുള്ള ചില മാർഗ്ഗങ്ങൾ

യുപിഐ ഇടപാടുകൾ നടത്തുമ്പോൾ തട്ടിപ്പിനിരയാകാതിരിക്കാൻ വിവിധ സുരക്ഷാ നിർദേശങ്ങൾ ബാങ്കുകളും, ബന്ധപ്പെട്ട സ്ഥാപനങ്ങളും നൽകാറുണ്ട്. എന്നിരുന്നാലും തട്ടിപ്പുകാർ പുതിയ വഴികൾ പരീക്ഷിക്കുന്നതിനാൽ, പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. നിലവിലെ സുരക്ഷാ നിർദ്ദേശങ്ങൾക്ക് പുറമേ, ഈ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കുകയോ, ഇരയായാൽ തന്നെ സാമ്പത്തിക ആഘാതം കുറക്കാനും സാധിക്കും. 

പ്രധാന ബാങ്ക് അക്കൗണ്ട് യുപിഐ ഇടപാടുകൾക്കായി ഉപയോഗിക്കാതിരിക്കുക. പ്രധാന ബാങ്ക് അക്കൗണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശമ്പളം വരുന്ന അക്കൗണ്ട്, അല്ലായെങ്കിൽ പ്രധാന വരുമാന സ്രോതസ്സ് സൂക്ഷിക്കാനുള്ള അക്കൗണ്ട് എന്നാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു ബാങ്ക് അക്കൗണ്ട് യുപിഐ ഇടപാടുകൾക്കായി തുറക്കുക. സീറോ ബാലൻസ് അക്കൗണ്ടുകൾ ഉപയോഗിക്കുകയാണെങ്കിൽ മിനിമം ബാലൻസ് ഇല്ലെങ്കിലും കുഴപ്പമില്ല, ചാർജുകൾ ഉണ്ടാവില്ല. മിക്കവാറും ബാങ്കുകൾക്ക് സീറോ ബാലൻസ് അക്കൗണ്ട് ഉണ്ട്. ബാങ്കിൽ പോകാതെ തന്നെ ഓൺലൈൻ ആയി സീറോ ബാലൻസ് അക്കൗണ്ട് തുറക്കാവുന്നതാണ്. യുപിഐ ഇടപാടുകൾക്കായുള്ള അക്കൗണ്ടിൽ കുറച്ചു തുക മാത്രം സൂക്ഷിക്കുക. 

ക്രെഡിറ്റ് കാർഡുകൾ യുപിഐ ഇടപാടുകൾക്കായി ഉപയോഗിക്കുകയെന്നതാണ് മറ്റൊരു മാർഗ്ഗം. റൂപേ ക്രെഡിറ്റ് കാർഡുകളാണ് യുപിഐ ഇടപാടുകൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത്. പൊതു, സ്വകാര്യ മേഖല ബാങ്കുകൾ റൂപേ കാർഡുകൾ നൽകുന്നുണ്ട്. എല്ലാ യൂപിഐ ആപ്പുകളിലും റൂപേ ക്രെഡിറ്റ് കാർഡുകൾ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. സേവിങ്സ് അക്കൗണ്ടിൽ നിന്നും പണം ഉപയോഗിക്കുന്നതിനു പകരം, യൂപിഐ ഇടപാടുകൾ നടത്തുമ്പോൾ ക്രെഡിറ്റ് കാർഡിൽ നിന്നും പണം ഉപയോഗിക്കുന്നു എന്നതാണ് വ്യത്യാസം. ക്രെഡിറ്റ് കാർഡുകളിൽ ഉപയോഗിക്കാവുന്ന തുകയുടെ പരിധി കുറച്ചു വെക്കുക. തട്ടിപ്പിന് ഇരയായാലും, രൂപ തിരികെ എത്തിക്കാൻ താരതമ്യേന എളുപ്പമാണ്. സേവിങ്സ് അക്കൗണ്ടിലെ തുക കുറഞ്ഞാൽ നഷ്ടം സംഭവിച്ച വ്യക്തിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. സേവിങ്സ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട ശേഷം ബാങ്കിനേയും, പോലീസിനേയും സമീപിച്ചാൽ തണുപ്പൻ സമീപനമായിരിക്കും ലഭിക്കുക. നിങ്ങൾക്ക് ശ്രദ്ധിച്ചു കൂടായിരുന്നോ തുടങ്ങിയ കുറ്റപ്പെടുത്തലുകളും കിട്ടിയെന്നിരിക്കും. ക്രെഡിറ്റ് കാർഡിൽ നിന്നും പണം നഷ്ടപ്പെട്ടാൽ, കാർഡ് ബ്ലോക്ക് ചെയ്യാൻ ഉപഭോക്താവിന് തന്നെ സാധിക്കും. അടുത്ത ബില്ലിംഗ് സൈക്കിളിനുള്ളിൽ പരിഹാരം കണ്ടെത്താൻ സാധിക്കും.

Sunday, September 15, 2024

എംഡനും യമണ്ടനും !!


ഒന്നാം ലോകമഹായുദ്ധകാലത്ത് എംഡൻ (Emden) എന്ന ജർമ്മൻ യുദ്ധക്കപ്പൽ മദിരാശി തുറമുഖത്ത് കടന്ന് വെടിയുതിർത്തിട്ട് 110 വർഷം തികയുന്നു. 1914 സെപ്തംബർ 22-ന് രാത്രി, ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും വ്യാപിച്ച് കിടക്കുന്ന  ബ്രിട്ടീഷ് നാവികസേനയെ ധൈര്യപൂർവ്വം മറികടന്ന് മദ്രാസ് ഹാർബറിലേക്ക് കടന്ന് കയറി. നാവിക കമാൻഡർ കാൾ വോൺ മുള്ളർ നയിച്ച എസ്എംഎസ് എംഡൻ, 30 മിനിറ്റിനുള്ളിൽ തുറമുഖത്ത് ഏകദേശം 130 തവണ പീരങ്കി വെടിയുതിർത്തു. നിരവധി ഓയിൽ ടാങ്കുകളും, കപ്പലുകളും ആക്രമണത്തിൽ തകർന്നു. ഒരു പീരങ്കി വെടി സെൻ്റ് ജോർജ് കോട്ടയിലും എത്തി.  ബ്രിട്ടീഷ് അപ്രമാദിത്യത്തെ ഒന്നു ചൊറിയാനും കൂടിയാണ് എംഡൻ ആക്രമണം നടത്തിയത്.
Oil tanks burning at Madras

"എംഡൻ" എന്ന വാക്ക് തമിഴ്, മലയാളം ഭാഷകളുടെ ഭാഗമായിത്തീർന്നു, ശക്തനും ഭയപ്പെടുത്തുന്നവനുമായ ഒരാളെ വിവരിക്കാൻ എമണ്ടൻ എന്ന പദം ഉപയോഗിച്ചു തുടങ്ങി.

Photo courtesy: Agence Rol - Bibliothèque nationale de France, Public Domain

Thursday, March 14, 2024

എയർ കണ്ടിഷണറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആഗോളതാപനം മൂലം പതിവില്ലാത്ത വിധം ചൂട് കാലാവസ്ഥയാണ് കേരളത്തിലും അനുഭവപ്പെടുന്നത്. എയർ കണ്ടീഷണർ ഇല്ലാതെ കഴിച്ചു കൂട്ടുക എന്നത് ബുദ്ധിമുട്ടാണ്. എയർ കണ്ടീഷണർ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. വിപണിയിലെ മത്സരം കാരണം എയർ കണ്ടീഷണറുകളുടെ വിലയും സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിലായിട്ടുണ്ട്. നവീനമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം മൂലം വൈദ്യുതി ഉപയോഗം, പുതിയ തലമുറ എയർ കണ്ടീഷണറുകൾക്ക് കുറവാണ്. പരിസ്ഥിതിക്ക് അത്ര ഹാനികരമല്ലാത്ത റഫ്രിജറൻ്റുകളാണ് (R-32) പുതിയ തലമുറ കണ്ടീഷണറുകൾ ഉപയോഗിക്കുന്നത്.  എയർ കണ്ടീഷണറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്ന മിക്കവർക്കും ശീതീകരണ ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചു യാതൊരു ധാരണയും ഉണ്ടാവാനിടയില്ല. എയർ കണ്ടീഷണറുകളെക്കുറിച്ചു അൽപ്പം പഠിച്ചിട്ടു പോയാൽ കയ്യിലുള്ള പണത്തിനു അനുയോജ്യമായ വിധത്തിൽ മികച്ച എയർ കണ്ടീഷണർ വാങ്ങാൻ സാധിക്കും.
    

എയർ കണ്ടിഷണറുകൾ പലവിധം

സ്‌പ്ലിറ്റ് എസി, വിൻഡോ എസി, പോർട്ടബിൾ എന്നിങ്ങനെ പലവിധമുണ്ട് വീടുകളിൽ ഉപയോഗിക്കാവുന്ന ശീതീകരണ യന്ത്രങ്ങൾ. ഇൻഡോർ, ഔട്ട് ഡോർ യൂണിറ്റുകൾ പ്രത്യേകമുള്ള എല്ലാവർക്കും സുപരിചതമായ സ്‌പ്ലിറ്റ് എസിയാണ് വീടുകളിലും, ഓഫിസുകളിലും പ്രചാരത്തിലുള്ളത്. വൈദ്യുതി ഉപയോഗം കുറവ്, തണുപ്പിക്കൽ, ശബ്ദം കുറവ് എന്നീ മെച്ചങ്ങൾ കൊണ്ട് സ്‌പ്ലിറ്റ് എസിയാണ് കൂടുതൽ ഉപയോഗത്തിലുള്ളത്.

എയർ കണ്ടിഷണർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ താഴെ പറയുന്ന ഘടകങ്ങൾ പരിശോധിച്ച ശേഷമാവണം അനുയോജ്യമായതു വാങ്ങേണ്ടത്.

ശീതീകരണ ശേഷി

ടൺ എന്ന പദമാണ് എയർ കണ്ടിഷണറുകളുടെ ശീതീകരണ ശേഷിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക പദം. ശീതീകരണ സംവിധാനങ്ങളുടെ ഒപ്പം ഉപയോഗിക്കുന്ന ടണ്ണിന് ഭാരവുമായി യാതൊരു ബന്ധവുമില്ല. ഒരു ശീതീകരണ സംവിധാനത്തിന് ഒരു മുറിയിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് എത്രമാത്രം ചൂട് നീക്കം ചെയ്യാനാകുമെന്ന് വിവരിക്കുന്ന പദമാണ്. ചൂട് അളക്കുന്നത് ബ്രിട്ടീഷ് തെർമൽ യൂണിറ്റ് (BTU) ഉപയോഗിച്ചാണ്. ഒരു ടൺ എയർ കണ്ടീഷനിംഗിന് മണിക്കൂറിൽ 12,000 BTU വായു നീക്കം ചെയ്തു മുറി തണുപ്പിക്കാൻ കഴിയും. ഒരു നാല് ടൺ യൂണിറ്റിന് 48,000 BTU വായു നീക്കാൻ കഴിയും. കൂടുതൽ ടൺ ഉള്ള ശീതീകരണ സംവിധാനത്തിന് കൂടുതൽ വിസ്താരമുള്ള മുറിയിലെ വായു നീക്കി തണുപ്പിക്കാൻ സാധിക്കുമെന്നാണ് അർത്ഥം.

ഒരു മുറിയുടെ ഹീറ്റ് ലോഡ് കണക്കാക്കിയാണ് എത്ര ടണ്ണിന്റെ എസി വേണമെന്നതു തീരുമാനിക്കാൻ. ഒരു സ്ഥലത്തു ഒരു പ്രത്യേക പരിധിയിൽ താപനില നിലനിർത്താൻ ആവശ്യമായ താപ ഊർജ്ജത്തിൻ്റെ അളവാണ് ഹീറ്റ് ലോഡ്. ഹീറ്റ് ലോഡ് കണക്കാക്കുന്നത് മുറിയുടെ വലുപ്പം, മേൽക്കൂരയുടെ പൊക്കം, ജനലുകൾ, വാതിലുകളുടെ എണ്ണം, സൂര്യപ്രകാശത്തിന്റെ ലഭ്യത, റൂം മുകളിലത്തെ നിലയിലാണോ താഴത്തെ നിലയിലാണോ, മുറിയിലെ ചൂടിന്റെ അളവ്, മുറിയിലുള്ള ആൾക്കാരുടെ എണ്ണം, മുറിയിലെ മറ്റു വസ്തുക്കൾ, എന്നീ ഘടകങ്ങൾ കൂടി പരിഗണിച്ചാണ്. ഹീറ്റ് ലോഡ് കണക്കാക്കാനുള്ള കാൽകുലേറ്ററുകൾ വെബ്ബിൽ ലഭ്യമാണ്. അത്തരം ഒരു കാൽകുലേറ്ററിന്റെ ലിങ്ക് ഇവിടെ നൽകുന്നു, https://www.servicetitan.com/tools/hvac-load-calculator
എങ്കിലും മുറിയുടെ വലുപ്പം അനുസരിച്ചു ഏകദേശം എത്ര ടൺ എസി വേണമെന്ന് വിൽപ്പനക്കാർ പറഞ്ഞു കൊടുക്കാറുണ്ട്. 120 സ്‌ക്വയർ ഫീറ്റ് വരെയുള്ള ഉള്ള റൂമിനു ഒരു ടൺ, 120-180 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള റൂമുകൾക്ക് 1.5 മുതൽ 2 ടൺ, 180 സ്‌ക്വയർ ഫീറ്റ് മുകളിലേക്ക് വലുപ്പമുള്ള മുറികൾക്ക് 2 ടണ്ണിന് മുകളിലേക്കുള്ള എസി വേണ്ടി വരും. രണ്ടാം നിലയിലുള്ള മുറിയിൽ നേരിട്ട് സൂര്യപ്രകാശം അടിക്കുമെന്നതിനാൽ ചൂട് കൂടുതലായിരിക്കും, അത്തരം മുറികളെ തണുപ്പിക്കാൻ പതിവിലും കൂടുതൽ ടൺ എസി വേണ്ടി വരും.

വൈദ്യുത ഉപഭോഗം

ഊർജ്ജ മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി നൽകുന്ന സ്റ്റാർ റേറ്റിംഗ് സംവിധാനമാണ് ശീതീകരണ സംവിധാനങ്ങളുടെ ഊർജ്ജ കാര്യക്ഷമത എത്രത്തോളമുണ്ടെന്ന് അറിയാൻ ഉപയോഗിക്കുന്ന ഒരു പൊതു മാനദണ്ഡം. 1 മുതൽ 5 നക്ഷത്രങ്ങളാണ് കാര്യക്ഷമതയുടെ സൂചകങ്ങൾ. ഉയർന്ന സ്റ്റാർ റേറ്റിംഗ് ഉള്ള ഉപകരണം അതിന്റെ പ്രവർത്തനത്തിനു കുറവ് വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ എന്നാണ് അർത്ഥമാക്കുന്നത്. ലോകമെമ്പാടുമുള്ള എയർ കണ്ടീഷണറുകളുടെ ഊർജ്ജ കാര്യക്ഷമത SEER (Seasonal Energy Efficiency Ratio) ആണ്. വർഷം മുഴുവനും താപനില ഒരേപോലെ നിലനിൽക്കില്ല എന്നതാണ് SEER-ന് പിന്നിലെ അടിസ്ഥാന തത്വം. താപനിലയിൽ കാലാനുസൃതമായ വ്യതിയാനങ്ങൾ ഉള്ളതിനാൽ, ആവശ്യമായ തണുപ്പിൻ്റെ അളവിലും വ്യത്യാസമുണ്ട്. ഒരു മുറി 25 ഡിഗ്രിയിലേക്ക് തണുപ്പിക്കാൻ എയർകണ്ടീഷണറിന് ആവശ്യമായ വൈദ്യുതി അളവ് പുറത്തെ താപനില 30 അല്ലെങ്കിൽ 40 ഡിഗ്രി ആയിരിക്കുമ്പോൾ വ്യത്യസ്തമാണ്. ഓരോ രാജ്യത്തിനും വ്യത്യസ്ത കാലാവസ്ഥാ രീതികൾ ഉള്ളതിനാൽ SEER മാനദണ്ഡങ്ങൾ ഓരോ  രാജ്യങ്ങൾക്കും വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി Indian SEER അല്ലെങ്കിൽ ISEER എന്ന മാനദണ്ഡം രൂപപ്പെടുത്തിയത്.

പുതിയ ഒരു മോഡൽ എസി പുറത്തിറക്കുമ്പോൾ NABL (National Accreditation Board for Testing and Calibration Laboratories) അംഗീകൃത ലാബിൽ പരിശോധനക്കായി അയക്കുന്നു, പരിശോധനാ ഫലം ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിക്ക് കൈമാറുന്നു. റേറ്റിംഗ് നൽകുന്നതിന് കമ്പനി പുറത്തിറക്കുന്ന എല്ലാ ഉപകരണങ്ങളും പരിശോധിക്കുന്നില്ല. റേറ്റിംഗ് വിവരം കമ്പനിയുടെ അതേ മോഡൽ ഉൽപ്പന്നങ്ങളിൽ പതിക്കുന്നു. സാങ്കേതിക വിദ്യയുടെ മാറ്റം, മറ്റു ഘടകങ്ങൾ എന്നിവ അനുസരിച്ചു എല്ലാ വർഷവും ISEER റേറ്റിങ് മാറ്റത്തിനു വിധേയമാണ്. ഉദാഹരണത്തിന്, 4.6 എന്ന ISEER റേറ്റിംഗ് ഉള്ള 2022 മാർച്ചിൽ വാങ്ങിയ സ്‌പ്ലിറ്റ് എസിക്ക് 5 സ്റ്റാർ റേറ്റിംഗ് ഉണ്ടായിരിക്കും. എന്നിരുന്നാലും, 2022 ജൂലൈ 01-ന്, റേറ്റിംഗ് 4 സ്റ്റാർ ആയി മാറും. എസിയിലെ ISEER റേറ്റിംഗ് പുതിയതാണോ എന്ന് പരിശോധിച്ച് വാങ്ങേണ്ടതാണ്. റേറ്റിംഗ് സംബന്ധിച്ചു പരാതി ഉണ്ടെങ്കിൽ BEE യെ അറിയിക്കാവുന്നതാണ്.

ഇൻവെർട്ടർ ടെക്‌നോളജി

ഇൻവെർട്ടർ സാങ്കേതികവിദ്യ അത്ര നിസ്സാരക്കാരനല്ല. കംപ്രസ്സർ വേഗത കാര്യക്ഷമമായി നിയന്ത്രിച്ച് എയർകണ്ടീഷണറുകളുടെ അനാവശ്യമായ പ്രവർത്തനം ഇല്ലാതാക്കുന്ന ഊർജ്ജ സംരക്ഷണ രീതിയാണ് ഇൻവെർട്ടർ സാങ്കേതികവിദ്യ. മുറിയിലെ ഊഷ്മാവ് നിശ്ചിത ഊഷ്മാവിന് മുകളിൽ ഉയരുമ്പോൾ തണുപ്പിച്ചും മുറിയിലെ താപനില നിശ്ചിത ഊഷ്മാവിന് താഴെയാകുമ്പോൾ ചൂടാക്കിയുമാണ് എയർ കണ്ടീഷണറുകൾ താപനില നിലനിർത്തുന്നത്. ഇൻവെർട്ടർ അല്ലാത്ത എയർകണ്ടീഷണറുകൾ കംപ്രസർ ഓണും, ഓഫും ആക്കി താപനില ക്രമീകരിക്കുന്നു. മോട്ടോർ പ്രവർത്തനം നിർത്തി വീണ്ടും പ്രവർത്തനം തുടങ്ങാൻ കൂടുതൽ വൈദ്യുതി വേണ്ടി വരുന്നു. ഇൻവെർട്ടർ എയർകണ്ടീഷണറുകളിൽ, കംപ്രസർ ഓണാക്കാതെയും ഓഫാക്കാതെയും കംപ്രസ്സർ വേഗത നിയന്ത്രിച്ചു താപനില ക്രമീകരിക്കുന്നു. മൈക്രോപ്രൊസസ്സറുകൾ ഉപയോഗിച്ചാണ് കംപ്രസർ വേഗത നിയന്ത്രിക്കുന്നത്. അതിനാൽ, ഇൻവെർട്ടറുകളുള്ള എയർകണ്ടീഷണറുകൾക്ക് വൈദ്യുതി ഉപഭോഗം കുറവാണ്.

കോപ്പർ / അലുമിനിയം കോയിൽ

മിക്കവാറും എയർ കണ്ടീഷണറുകൾ കോപ്പർ കോയിൽ ആണ് ഉപയോഗിക്കുന്നത്. അലുമിനിയം കോയിലുകളേക്കാൾ മെച്ചം കോപ്പർ കോയിലാണ്.

സ്മാർട്ട് എസി

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് എസിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിന് പകരം വൈഫൈ, ബ്ലൂ ടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാൻ സാധിക്കും. റിമോട്ട് കൺട്രോളിനേക്കാൾ ഭംഗിയായി മൊബൈൽ ആപ്പ് ഉപയോഗിച്ച് എസി പ്രവർത്തിപ്പിക്കാം. വോയ്‌സ് അസിസ്റ്റന്റ് വഴിയും നിയന്ത്രിക്കാൻ സാധിക്കും.

ഓൺലൈൻ / ഷോപ്പ് വഴി വാങ്ങണോ?

കടകളിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ പോയാൽ അവർക്കു മാർജിൻ കൂടുതൽ കിട്ടുന്ന ബ്രാൻഡ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. ഓൺലൈൻ ഷോപ്പുകളിൽ ഓരോ മോഡലിന്റേയും ഗുണദോഷ വശങ്ങൾ വാങ്ങി ഉപയോഗിച്ചവർ നൽകിയിട്ടുണ്ടാവും. ഉപയോഗിച്ചവരുടെ അഭിപ്രായങ്ങൾ കേട്ട ശേഷം വാങ്ങുന്നത് ആത്മവിശ്വാസം കൂട്ടും. ഓൺലൈൻ ഷോപ്പുകളിൽ നോക്കി മോഡൽ തിരഞ്ഞെടുത്ത ശേഷം സമീപത്തെ ഷോപ്പിൽ അതേ വിലക്കോ, അതിൽ കുറഞ്ഞ വിലക്കോ കിട്ടുമെങ്കിൽ നല്ലതാണ്. ഇവിടെ നിന്ന് വാങ്ങിയാലും, എയർ കണ്ടീഷണർ കമ്പനിയാണ് വാറന്റി നൽകുന്നതും, ഇൻസ്റ്റാൾ ചെയ്തു തരുന്നതും. തവണ വ്യവസ്ഥയിൽ എയർ കണ്ടീഷണർ വാങ്ങാൻ ഓൺലൈൻ, ഓഫ് ലൈൻ ഷോപ്പുകളിൽ സൗകര്യമുണ്ട്.  

എസി ഫിറ്റ് ചെയ്യാൻ വേണ്ട തയ്യാറെടുപ്പുകൾ

എസി സ്ഥാപിക്കേണ്ട മുറിയിൽ പവർ സോക്കറ്റ് (16 Amp) ഇല്ലായെങ്കിൽ സ്ഥാപിക്കേണ്ടതാണ്. പവർ സോക്കറ്റ് സ്ഥാപിച്ച ശേഷം മാത്രം എസി വാങ്ങുക. ഒരു ഇലക്സ്ട്രീഷ്യനെ കൊണ്ട് പവർ സോക്കറ്റ് സ്ഥാപിക്കാവുന്നതാണ്. മുറിയിലെ എയർ ഹോളുകൾ അടക്കണം; എയർ ഹോൾ അടക്കാനുള്ള പ്ലാസ്റ്റിക് അടപ്പുകൾ വാങ്ങാൻ കിട്ടും. ഭിത്തി തുരന്നു വേണം എസിയുടെ പൈപ്പ് പുറത്തേക്കു കൊണ്ട് പോകുവാൻ. എസി സ്ഥാപിക്കാൻ വരുന്നവരാണ് ഭിത്തി കിഴിക്കുന്നത്. സാധാരണ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് ഭിത്തി തുരക്കുന്നത്, കല്ലും പൊടിയും വീണു മുറി വൃത്തികേടാവാൻ സാധ്യതയുണ്ട്. ചില കമ്പനികൾ പൊടി പുറത്തു വീഴാത്ത തരത്തിൽ ഭിത്തി കിഴിക്കാൻ പറ്റുന്ന യന്ത്രം ഉപയോഗിക്കാറുണ്ട്.  പുതിയ വീട് നിർമ്മിക്കുന്നവർ ഒരു ടെക്നിഷ്യന്റെ സഹായത്തോടെ എസി വെക്കാനുള്ള സ്ഥാനം നിർണ്ണയിച്ചു പൈപ്പ് ഇടാനുള്ള ദ്വാരം ഇട്ടാൽ സൗകര്യപ്രദമായിരിക്കും.   

ഏതു ബ്രാൻഡ് വാങ്ങണം

നിരവധി ബ്രാൻഡുകൾ എയർ കണ്ടീഷണർ വിപണിയിലുണ്ട്. സർവീസ് ലഭ്യത, വില എന്നിവ പരിഗണിച്ചു വേണം എയർ കണ്ടീഷണർ വാങ്ങേണ്ടത്.   

Level 1: Best Quality Brands (Very expensive to buy)

1. Mitsubishi (Japan)
2. Hitachi (Japan)
3. Daikin (Japan)

Level 2 : Better Quality Brands (Expensive to buy)

1. Carrier ( USA)
2. O General (Japan)
3. Blue Star (India)

Level 3 : Good quality brands ( Normal Price )

1. Voltas (India)
2. Panasonic (Japan)
3. LG (S Korea)
4. Whirlpool (USA)
5. Samsung (S Korea)
6. Toshiba (Japan)
7. Godrej (India)

Level 4 : Decent quality brands ( Normal Price)

1. Haier (China)
2. Onida (India)
3. Lloyd (India)
4. IFB (India)
5. Hyundai (S Korea)
6. Sansui (Japan)
7. Gree (China)

Level 5 : Average quality brands ( Cheaper to buy)

1. Micromax (India)
2. Mitashi (India)
3. TCL (China)
4. Koryo (India)
5. MarQ (India)
6. Midea (China)
7. Livpure (India)
8. iBell (China)  

പ്രമുഖ ബ്രാൻഡുകളുടെ എല്ലാ മോഡലുകളും മികച്ചതായിരിക്കണമെന്നില്ല. ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിൽ ബ്രാൻഡുകളുടെ റിവ്യൂ നോക്കിയ ശേഷം മോഡൽ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.  

സ്റ്റബിലൈസർ വാങ്ങണോ?

ഇൻവർട്ടർ എസികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് മൈക്രോ പ്രൊസസ്സറുകളാണ്. പ്രിൻ്റെഡ് സർക്യൂട്ട് ബോർഡ് (PCB) ഇൻവർട്ടർ എസികളിലുണ്ട്. കമ്പ്രസറിനെ പ്രവർത്തിപ്പിക്കുന്നത് BLDC (Brushless Direct Current) മോട്ടറാണ്. ഈ ഘടകങ്ങളെ വോൾട്ടേജ് വ്യതിയാനത്തിൽ നിന്നും സംരക്ഷിക്കാൻ സ്റ്റബിലൈസർ ആവശ്യമാണ്. ചുരുക്കം പറഞ്ഞാൽ ഇൻവർട്ടർ എസികൾക്ക് സ്റ്റബിലൈസർ ആവശ്യം തന്നെയാണ്.

ഇൻവർട്ടർ എസി ഘടകങ്ങളുടെ സുരക്ഷക്കായി  ഉള്ളിൽ തന്നെ സ്റ്റബിലൈസർ ഉൾപ്പെടുത്തിയിട്ടുണ്ടാവും. അകത്ത് സ്റ്റബിലൈസർ ഉണ്ടെന്ന കാര്യം ഉത്പന്നത്തിൽ സൂചിപ്പിച്ചിട്ടുണ്ടാവും. അത്തരം എസികളിൽ മറ്റൊരു സ്റ്റബിലൈസർ വാങ്ങി പുറമേ ഘടിപ്പിക്കാൻ കമ്പനികൾ ശുപാർശ ചെയ്യുന്നില്ല.

ഇൻവർട്ടർ എസികൾ വാങ്ങുമ്പോൾ ഒരു സ്റ്റബിലൈസർ കൂടി വാങ്ങാൻ കടകളിൽ നിന്നും സ്നേഹപൂർവ്വം നിർബന്ധിക്കാറുണ്ട്. ഇൻൻ്റേണൽ സ്റ്റബിലൈസർ ഉണ്ടെങ്കിൽ മറ്റൊന്ന് വാങ്ങേണ്ടതില്ല.

എയർ കണ്ടീഷണറുകളുടെ പരിപാലനം

എയർ കണ്ടീഷണറുകളുടെ മികച്ച പ്രവർത്തനത്തിന് യഥാസമയം സർവീസ് ചെയ്യേണ്ടതുണ്ട്, അല്ലാത്ത പക്ഷം പ്രതീക്ഷിച്ച ഫലം കിട്ടണമെന്നില്ല. ഒരു ടെക്നിഷ്യന്റെ സഹായത്തോടെ കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തണം. കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യാത്ത എയർ കണ്ടീഷണറിന്റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എയർ കണ്ടീഷണർ സ്ഥാപിക്കാൻ വരുന്ന ടെക്നിഷ്യനോട് സർവീസ് കാര്യങ്ങളെക്കുറിച്ചു ചോദിച്ചു മനസിലാക്കുക.

Monday, February 12, 2024

സീറോ ബാലൻസ് അക്കൗണ്ട് തുറക്കാം

ഇന്ത്യയിലെ ബാങ്കിങ് രംഗത്ത് പുതുതലമുറ ബാങ്കുകൾ കടന്നു വന്നത് മൂലം കടുത്ത മത്സരമാണ് നടക്കുന്നത്. കേരളത്തിലെ ചെറിയ പട്ടണങ്ങളിൽ പോലും പത്തിലധികം ബാങ്കുകളുടെ ബ്രാഞ്ചുകളുണ്ട്. മികച്ച വ്യക്തിഗത സേവനങ്ങളും, ഡിജിറ്റൽ അനുഭവവുമാണ് പുതുതലമുറ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായും കൂടിയാണ് ബാങ്കുകൾ ഡിജിറ്റൽ സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഉപഭോക്താവിന് ബ്രാഞ്ചുകളിൽ ചെല്ലാതെ തന്നെ മുഴുവൻ ഇടപാടുകളും നടത്താമെന്നതാണ് മെച്ചം. പൊതുമേഖലാ ബാങ്കുകളും പഴയ പഴയ ശൈലിയിൽ  നിന്നും മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ജൻധൻ അക്കൗണ്ടുകൾ എല്ലാ ബാങ്കുകളും നൽകണമെന്നത് നിർബന്ധമാക്കിയതോടെ സീറോ ബാലൻസ് അക്കൗണ്ടുകൾ ജനകീയമായിത്തുടങ്ങി. പരമ്പരാഗത സ്വകാര്യ-പൊതുമേഖലാ  ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് വലിയ പ്രചാരം നൽകുന്നുമില്ല, പ്രോത്സാഹിപ്പിക്കാറുമില്ല. സാധാരണ ജനങ്ങൾക്ക് സീറോ ബാലൻസ് അക്കൗണ്ടുകളെക്കുറിച്ച് ബോധവാൻമാരുമല്ല.  സീറോ ബാലൻസ് അക്കൗണ്ടുകൾ ലഭ്യമാണെന്ന കാര്യം എല്ലാ ബാങ്കുകളുടേയും വെബ്‌സൈറ്റിൽ ഉണ്ട്. സീറോ ബാലൻസ്  അക്കൗണ്ട് എടുക്കാൻ ബാങ്കിൽ ചെന്ന് കഴിഞ്ഞാൽ ഉഴപ്പൻ സമീപനമാണ് ജീവനക്കാർ സ്വീകരിക്കുന്നത്. ഈ ബ്രാഞ്ചിൽ സീറോ ബാലൻസ് അക്കൗണ്ട് ഇല്ല, സീറോ ബാലൻസ് അക്കൗണ്ട് കൊള്ളില്ല, മറ്റു സേവിങ്സ് അക്കൗണ്ട് എടുത്തു കൂടെ എന്നിങ്ങനെ പല തരത്തിലുള്ള ചോദ്യങ്ങൾ ജീവനക്കാരുടെ ഭാഗത്തു നിന്നും ഉണ്ടാകും. ചുരുക്കം പറഞ്ഞാൽ സീറോ ബാലൻസ് അക്കൗണ്ട് എടുക്കാൻ ചെല്ലുന്നവരെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്ന രീതിയാണുള്ളത്. 

സീറോ ബാലൻസ് അക്കൗണ്ടിന്റെ ഗുണങ്ങൾ
മറ്റു സേവിങ്സ് അക്കൗണ്ടുകളിൽ ഒരു നിശ്ചിത തുക മിച്ചം സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. വിദ്യാർത്ഥികൾക്കും, സ്ഥിരവരുമാനം ഇല്ലാത്തവർക്കും, സാധാരണക്കാർക്കും ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാമെന്നത് നേട്ടമാണ്. ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ചെക്ക് ബുക്ക് തുടങ്ങിയ സേവനങ്ങളും ലഭിക്കും. ഇഷ്ടമുള്ള ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കാം, ഡെബിറ്റ് കാർഡുകൾക്ക് മികച്ച ഷോപ്പിംഗ് ഓഫറുകളും നൽകുന്നുണ്ട്. യുപിഐ ഇടപാടുകൾ നടത്താൻ വേണ്ടി മാത്രം  പ്രത്യേകം അക്കൗണ്ടുകൾ തുറക്കേണ്ടവർക്കും സീറോ ബാലൻസ് അക്കൗണ്ടുകൾ പ്രയോജനപ്രദമാണ്.

ഡിജിറ്റൽ സീറോ ബാലൻസ് അക്കൗണ്ട് 
പുതുതലമുറ ബാങ്കുകളാണ് സീറോ ബാലൻസ് അക്കൗണ്ടുകൾ ഓൺലൈനായി തുറക്കുന്നത് പ്രചാരത്തിലാക്കിയത്. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും, ബാങ്കിങ് സേവനങ്ങൾ പരിചയപ്പെടുത്താനും സീറോ ബാലൻസ് അക്കൗണ്ടുകൾ തുറക്കുന്നത് ഉദാരമാക്കി. ബാങ്ക് സന്ദർശിക്കാതെ തന്നെ സീറോ ബാലൻസ് അക്കൗണ്ട് തുറക്കാമെന്നതാണ് മെച്ചം. അതാത് ബാങ്കിന്റെ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം അക്കൗണ്ടിന് അപേക്ഷിക്കാം.  ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഒന്നും തന്നെയില്ല. വീഡിയോ കെ. വൈ. സി. വഴി അക്കൗണ്ട് തുറക്കുന്ന പ്രക്രിയ പൂർത്തിയാകും. ആധാർ കാർഡ്, പാൻ കാർഡ് എന്നീ രേഖകൾ  വീഡിയോ കെ. വൈ. സി.  സമയത്തു കരുതണം.  ബാങ്കിങ് ആപ്പ് വഴി വിവിധ സേവനങ്ങൾ ഉപയോഗിക്കാം. ലളിതവും, ഉപയോക്തൃ സൗഹൃദവുമാണ് പുതുതലമുറ ബാങ്കിങ്  ആപ്പുകൾ. പരമാവധി അക്കൗണ്ടിൽ സൂക്ഷിക്കാവുന്ന തുകയ്ക്ക് പരിധി ഉണ്ടാവുമെന്നതാണ് സീറോ ബാലൻസ് അക്കൗണ്ടുകളുടെ ഒരു പോരായ്മ. തുകയുടെ പരിധി ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. ബാങ്കുകളുടെ വെബ്‌സൈറ്റിൽ സീറോ ബാലൻസ് അക്കൗണ്ടുകളുടെ വിശദ വിവരങ്ങൾ ലഭിക്കും. ഞാൻ ഉപയോഗിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടുകളുടെ വിവരങ്ങൾ ഇവിടെ പറയാം.

കൊട്ടക് മഹിന്ദ്ര ബാങ്ക്
Kotak811 എന്ന ആപ്പ് പ്ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തു അക്കൗണ്ട് തുറക്കാം. വീഡിയോ കെവൈസി ഉണ്ടാവും. ഡെബിറ്റ് കാർഡ് എടുക്കണമെന്ന് നിർബന്ധമില്ല, ആവശ്യമെങ്കിൽ 299 രൂപ അടച്ചാൽ ലഭ്യമാണ്. ഡിജിറ്റൽ ഡെബിറ്റ് കാർഡ് ലഭിക്കും.  ബേസിക് അക്കൗണ്ട് കിട്ടിക്കഴിഞ്ഞാൽ Kotak811 ആപ്പ്  കളയാവുന്നതാണ്. ബാങ്കിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൊണ്ട്, ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാവുന്നതാണ്. ബാങ്കിങ് സേവനങ്ങൾ നല്ലതാണ്. പരസ്യം, ഫോൺ വിളി തുടങ്ങിയ ശല്യപ്പെടുത്തലുകൾ ഇല്ല. ബാങ്കിങ് ആപ്പിന് അൽപ്പം വേഗത കുറവാണ്, പക്ഷെ മോശമല്ല.

ഇൻഡസ് ഇൻഡ് ബാങ്ക്
അക്കൗണ്ട് തുറക്കുന്നത് പൂർണ്ണമായും ഡിജിറ്റലാണ്. ഡെബിറ്റ് കാർഡ് തരും, അഞ്ഞൂറ് രൂപ വാർഷിക ഫീസ് ഉണ്ട്. നിശ്ചിത തുക ഡെബിറ്റ് കാർഡ് വഴി ഒരു വർഷത്തിനുള്ളിൽ ചിലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കി തരും. ഡെബിറ്റ് കാർഡ് ഉപയോഗിച്ച്  ഷോപ്പിംഗ്, സിനിമ ടിക്കറ്റ്, ഓൺലൈൻ ഭക്ഷണം ഓർഡർ ചെയ്യൽ എന്നിവക്ക് മികച്ച ഡിസ്‌കൗണ്ട് കിട്ടും.  മികച്ച ബാങ്കിങ് ആപ്പ് ആണ് പ്രത്യേകത. 

എ യു ബാങ്ക് (AU Bank)
കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് എ യു ബാങ്കിന് ശാഖയുള്ളത്. വീഡിയോ കെവൈസി പൂർത്തിയായിക്കഴിഞ്ഞാൽ മൂന്നു ദിവസത്തിനകം ഡെബിറ്റ് കാർഡ് അടങ്ങിയ വെൽക്കം കിറ്റ് വീട്ടിലെത്തി. ബാങ്കിങ് ആപ്പ് മികച്ചതാണ്. ഡെബിറ്റ് കാർഡ് എടുക്കണമെന്ന് നിർബന്ധമില്ല. പ്ലാറ്റിനം ഡെബിറ്റ് കാർഡ് ആണ് ലഭിക്കുന്നത്, വിസ അല്ലെങ്കിൽ റൂപേ ഇനത്തിൽപ്പെട്ട കാർഡ് തിരഞ്ഞെടുക്കാൻ സാധിക്കും. റൂപേ കാർഡ് ആണ് മെച്ചം. പ്രതിവർഷം എട്ടു തവണ  ആഭ്യന്തര എയർപോർട്ട് ലോഞ്ച് ആക്സസ് സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും. 170 രൂപയും, ജിഎസ്ടിയും ചേർന്നതാണ് വാർഷിക ഫീസ്. വാർഷിക ഫീസ് ഒഴിവാക്കാൻ മാർഗ്ഗമൊന്നുമില്ല. എയർപോർട്ട് ലോഞ്ച് ആക്സസ് ഉപയോഗിക്കാൻ സാധിക്കുന്നവർക്കു ഡെബിറ്റ് കാർഡ് വമ്പൻ ലാഭമാണ്.

ഫെഡറൽ ബാങ്ക്
സെൽഫി അക്കൗണ്ട് എന്നാണ് ഫെഡറൽ ബാങ്ക് സീറോ ബാലൻസ് അക്കൗണ്ടിന്റെ പേര്. ഡിജിറ്റൽ സീറോ ബാലൻസ്  അക്കൗണ്ട് എന്ന് കണ്ടു അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ശ്രമിച്ചു. അവസാനം പറഞ്ഞു കെവൈസി പൂർത്തിയാക്കാൻ ബാങ്കിൽ എത്തിയാലേ പറ്റൂന്ന്!! ബാങ്കിൽ ചെന്നപ്പോൾ സീറോ ബാലൻസ് എടുക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്താനായി ശ്രമം. ഞാൻ അനങ്ങാപ്പാറ നയം സ്വീകരിച്ചു. സീറോ ബാലൻസ് ഉള്ള പ്രീമിയം സാലറി അക്കൗണ്ട് നൽകി എന്നെ അവർ സന്തോഷിപ്പിച്ചു യാത്രയാക്കി!! ഫെഡറൽ ബാങ്കിങ് ആപ്പും, സേവനങ്ങളും മികച്ചതാണ്. ബ്രാഞ്ചിൽ ചെന്നാലും ജീവനക്കാരുടെ പെരുമാറ്റം സൗഹാർദ്ദപരമാണ്. 

പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയും സീറോ ബാലൻസ് അക്കൗണ്ട് ഓൺലൈനായി തുറക്കാൻ അനുവദിക്കുന്നുണ്ട്‌. BOB Lite എന്നാണ് അക്കൗണ്ടിന്റെ പേര്. ആപ്പ് വഴിയോ, ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ അക്കൗണ്ട് തുറക്കാവുന്നതാണ്. വാർഷിക ഫീ ഇല്ലാത്ത റൂപേ ഡെബിറ്റ് കാർഡ് തരുമെങ്കിലും, മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധന പറയുന്നുണ്ട്. ഡെബിറ്റ് കാർഡ് വേണ്ടാന്ന് വെച്ചാൽ മതിയാവും. ബാങ്ക് ആപ്പ് വഴി വെർച്വൽ ഡെബിറ്റ് കാർഡ് കിട്ടും, ചാർജ് ഉണ്ടാവില്ല. ഡിജിറ്റൽ അക്കൗണ്ട് നിർമ്മിക്കാനുള്ള എന്റെ ശ്രമം സാങ്കേതിക പ്രശ്നം മൂലം, പാതിവഴിയിൽ നിന്നു പോയത് കൊണ്ട് പൂർത്തിയാക്കാൻ പറ്റിയില്ല. ബാങ്ക് ഓഫ് ബറോഡ ബാങ്കിങ് ആപ്പ് മികച്ചതാണ്.

വലിയ ബാധ്യതയില്ലാതെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാമെന്നതാണ് സീറോ ബാലൻസ് അക്കൗണ്ടുകളുടെ പ്രധാന ഗുണം. ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയാൽ റിവാർഡ് പോയിന്റുകൾ ലഭിക്കുകയും, അവയെ പണമായോ, ഷോപ്പിംഗ് കൂപ്പണുകൾ ആക്കി മാറ്റാനും സാധിക്കും. അക്കൗണ്ട് എടുത്ത ശേഷം നല്ല രീതിയിൽ ഇടപാടുകൾ നടത്തുന്നവർക്ക് ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ സാധ്യത കൂടുതലാണ്. ഓൺലൈൻ ഓഫറുകൾ ഉപയോഗപ്പെടുത്താൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സഹായിക്കും. 

(ഈ പോസ്റ്റിൽ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ചേർത്തിട്ടുണ്ട്. വേണ്ടത്ര പഠനങ്ങൾക്ക് ശേഷം മാത്രം നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് അനുയോജ്യമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക)

Sunday, November 26, 2023

ഓൺലൈൻ പണമിടപാടുകളും, ക്രെഡിറ്റ് കാർഡുകളും


ഓൺലൈൻ പണമിടപാടുകളും, ക്രെഡിറ്റ് കാർഡുകളും വിപണിയിലേക്ക്‌ പണത്തിന്റെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിന് നല്ലൊരു പങ്കാണ് വഹിക്കുന്നത്. റൂപേ ക്രെഡിറ്റ് കാർഡുകൾ UPI യുമായി ബന്ധിപ്പിച്ചതോടെ ചെറുകിട കച്ചവടക്കാരിലേക്കും ക്രെഡിറ്റ് കാർഡ് വഴി പണം കൈമാറാൻ ലളിതമായി സാധിക്കും. ഉന്നത-മദ്ധ്യവർഗ്ഗ ശ്രേണിയിലുള്ളവരിൽ നിന്നും പണം വിപണിയിൽ എത്തിക്കാൻ ക്രെഡിറ്റ് കാർഡുകൾക്ക് കഴിയും. വിപണിയിൽ ഉണർവ്വുണ്ടാകുന്നതിന്റെ നേട്ടം വ്യാപാരികൾക്കും, ചെറുകിട കച്ചവടക്കാർക്കുമാണ്. അവിടെ നിന്നും പണം സമൂഹത്തിന്റെ എല്ലാ തലത്തിലേക്കും എത്തുന്നു. 

ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെ വരവോടെയാണ് ക്രെഡിറ്റ് കാർഡുകളുടെ ജനപ്രീതി ഉയർന്നത്. ഉത്സവനാളുകളിൽ ഓൺലൈൻ വിൽപ്പന വളരെയധികം ഉയരാറുണ്ട്. മികച്ച ഓഫറുകൾ നൽകി, വിലക്കുറവോടെ സാധനങ്ങൾ വിൽക്കാൻ ഓൺലൈൻ വ്യാപാരികൾക്ക് സാധിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് വഴി പണം സ്വീകരിച്ചുള്ള വിൽപ്പനയാണ് അടുത്തയിടെ കൂടുതൽ. ബാങ്കിങ് സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നത് ഉദാരമാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് പൊതുമേഖലാ ബാങ്കുകൾ പോലും ക്രെഡിറ്റ് കാർഡുകൾ പിടിച്ചു ഏൽപ്പിക്കുന്നുണ്ട്.

പ്രാദേശിക വിപണികളിൽ ക്രെഡിറ്റ് കാർഡ് സ്വീകരിക്കാൻ വ്യാപാരികൾക്ക് വൈമുഖ്യമുണ്ട്. 1-2%  MDR (Merchant Discount Rate) ചാർജിനത്തിൽ ബാങ്കുകൾ വ്യാപാരികളിൽ നിന്നും  ഓരോ ഇടപാടിനും പിടിക്കുന്നുണ്ട്. 10000 രൂപയുടെ ഇടപാട് നടന്നാൽ രണ്ടു ശതമാനമായ 200 രൂപ ബാങ്ക് എടുക്കും. MDR ചാർജ് ഇടപാടുകാരിൽ നിന്നും ഈടാക്കരുതെന്നും നിബന്ധനയുണ്ട്. MDR ചാർജ് ഏറ്റെടുക്കാൻ വ്യാപാരികളും തയ്യാറല്ല. അവർ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല എന്ന നയമാണ് പിന്തുടരുന്നത്. കസ്റ്റമർ ക്രെഡിറ്റ് കാർഡ് നീട്ടിയാൽ POS മെഷീൻ കേടാണെന്നു പറയാറുണ്ട്. റൂപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് UPI ഇടപാട് നടത്തിയാൽ 2000 രൂപ വരെയുള്ള തുകക്ക് MDR ചാർജ് ഇല്ല. കറന്റ് അക്കൗണ്ട്  ഉപയോഗിക്കുന്ന UPI അക്കൗണ്ടുകൾക്ക് റൂപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തുക സ്വീകരിക്കാം. വേണ്ടത്ര അവബോധമില്ലാത്തതിനാൽ വ്യാപാരികൾ എല്ലാവരും  ഈ സൗകര്യം ഉപയോഗിക്കാറില്ല.

കോട്ടയത്തെ ഒരു ഒരു പ്രമുഖ സ്‌കൂട്ടർ ഷോറൂമിൽ ഒരു ലക്ഷം രൂപ വിലവരുന്ന സ്‌കൂട്ടറിനെക്കുറിച്ചു ഞാൻ അന്വേഷിച്ചു. 80000 രൂപ പണമായി നൽകാം, 20000 രൂപ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ക്രെഡിറ്റ് കാർഡിന് ചാർജ് ഉള്ളതിനാൽ സ്വീകരിക്കാൻ പറ്റില്ലാന്ന് പറഞ്ഞു. 20000 രൂപയ്ക്കു 400 രൂപയോളം മാത്രമേ MDR ചാർജ് വരികയുള്ളൂ അത് ഡിസ്‌കൗണ്ട് ആയി തന്നു കൂടെ എന്ന് ഞാൻ ചോദിച്ചു. അവർ തീർത്തു പറഞ്ഞു പറ്റില്ലാന്ന് !! അവർ ഒന്ന് കൂടി പറഞ്ഞു, ഇങ്ങിനെ പത്തു പേര് വന്നാൽ, ഞങ്ങടെ കാശ് പോകില്ലെന്ന്!! നിങ്ങളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ 400 രൂപക്ക് വേണ്ടി ഒരു കച്ചവടം നഷ്ടപ്പെടുത്തില്ലാന്നു പറഞ്ഞിട്ട് ഫോൺ വെച്ചു. 
 
ചുരുക്കം പറഞ്ഞാൽ പ്രാദേശികമായി നടക്കേണ്ട കച്ചവടങ്ങൾ ഭൂരിഭാഗവും ഓൺലൈൻ ആക്കി ഉപഭോക്താക്കൾ. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, തുണി, പലവ്യഞ്ജന സാധനങ്ങൾ വരെ ഓൺലൈൻ വാങ്ങാൻ കിട്ടും. പ്രമുഖ കമ്പനികളുടെ സ്‌കൂട്ടറുകൾ, ബൈക്കുകൾ മുഴുവൻ പണവുമടച്ചു  ഓഫറുകളോടെ ഫ്ലിപ്കാർട്ട്, ആമസോൺ വഴി വാങ്ങാൻ ഇപ്പോൾ സാധിക്കുന്നുണ്ട്. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിച്ചിട്ടു, പിരിവിനായി കടയിൽ വന്നേക്കരുതെന്ന ക്യാമ്പയിൻ ഒക്കെ പ്രചാരത്തിലുണ്ട്. കാലത്തിനൊത്തു മാറുകയും, ഉപഭോക്താവിന്റെ മനസ്സറിഞ്ഞു നിൽക്കുകയും ചെയ്തില്ലെങ്കിൽ പ്രാദേശിക വ്യാപാരങ്ങൾ കഷ്ടത്തിലാകും. അവിടെ ജോലി ചെയ്യുന്ന സാധാരണക്കാരുടെ കാര്യവും ദയനീയമാകും. കേന്ദ്ര സർക്കാരും, റിസർവ്വ് ബാങ്കും വിചാരിച്ചാൽ MDR ചാർജ് കുറക്കാൻ സാധിക്കും, വ്യാപാരികൾ കാർഡ് സ്വീകരിക്കാൻ തയ്യാറാകും. 

Tuesday, October 17, 2023

തെയ്യം കലണ്ടർ


ബ്രാഹ്മണവൽക്കരിക്കപ്പെട്ടു പോകാത്ത ദ്രാവിഡ അനുഷ്ടാനമാണ് തെയ്യം. ഉത്തരമലബാറിൽ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ തെയ്യത്തിന്റെ വരവോടുകൂടിയാണ് . മലബാറിൽ തെയ്യം സീസൺ തുടങ്ങാറായി. തെയ്യം കലണ്ടർ കേരള വിനോദ സഞ്ചാര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. തെയ്യം നടക്കുന്ന കൂടുതൽ കാവുകളിലെ വിവരങ്ങൾ കലണ്ടറിൽ ചേർക്കുമെന്ന് കരുതുന്നു. തെയ്യക്കാലം ഇവിടെ ആരംഭിക്കുന്നു.

തെയ്യം കലണ്ടർ ലിങ്ക്, https://www.keralatourism.org/theyyamcalendar/index.php?page=0#searchshow

മിതമായ നിരക്കിൽ പി ഡബ്യുഡി റസ്റ്റ് ഹൌസുകളിൽ താമസിക്കാം


കേരളത്തിനുള്ളിൽ ഏതു ജില്ലയിലും കുടുംബ സമേതമോ, അല്ലാതെയോ യാത്ര ചെയ്യുമ്പോൾ മിതമായ നിരക്കിൽ താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട് പൊതുമരാമത്തു വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും പി ഡബ്യുഡി റസ്റ്റ് ഹൌസുകളുണ്ട്. റസ്റ്റ് ഹൌസുകൾ എല്ലാം തന്നെ നവീകരിച്ചതും, മികച്ച സൗകര്യങ്ങൾ ഉള്ളവയുമാണ്. ഓൺലൈൻ ബുക്കിംഗ് നടത്തി താമസ സൗകര്യം നേരത്തെ ഉറപ്പു വരുത്തണം. താമസിക്കാൻ സാധിച്ചില്ലെങ്കിൽ ക്യാൻസൽ ചെയ്യാവുന്നതാണ്.  ഈ സൗകര്യം ഉപയോഗിച്ച് ചുരുങ്ങിയ ചിലവിൽ കുടുംബവുമൊത്തു  കേരളത്തിലെ വിവിധ ഭാഗങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങൾ സന്ദർശിക്കാവുന്നതാണ്.

റൂമുകൾ ബുക്ക് ചെയ്യാനുള്ള ഓൺലൈൻ ലിങ്ക്,

https://resthouse.pwd.kerala.gov.in/checking/check_rate_stay