ഉബുന്ദു 26.04 LTS പതിപ്പ് ഏപ്രിൽ 23 തീയതി റിലീസ് ചെയ്തു. ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ വ്യക്തിഗത ഉപയോഗത്തിനും, വിദ്യാഭ്യാസ രംഗത്തും പരിചിതമാക്കിയതിനു പ്രധാന കാരണം ഉബുന്ദുവാണ്. Ubuntu 26.04 (Resolute Raccoon) LTS പതിപ്പിൽ മിനിമം റാം (RAM) ആവശ്യകത 6 GB ആയി വർദ്ധിപ്പിച്ചത് കുറഞ്ഞ മെമ്മറിയുള്ള കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ്. ഇതിന്റെ പിന്നിലെ വസ്തുതകൾ പരിശോധിക്കാം.
ആശങ്കക്ക് കാരണങ്ങൾ
സാധാരണക്കാർ നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് അടക്കമുള്ള കമ്പ്യൂട്ടറുകൾ മിക്കവാറും കുറഞ്ഞ RAM ശേഷിയുള്ളവ ആയിരിക്കും. പുതിയ പതിപ്പ് ഉബുന്ദു മികച്ച രീതിയിൽ ഉപയോഗിക്കേണ്ടവർ RAM ശേഷി ഉയർത്തേണ്ടി വരും. കൂടുതൽ RAM ആവശ്യകത ഉബുന്ദു ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. RAM വില 2026 ൽ വളരെയധികം ഉയർന്നിട്ടുണ്ട്. AI കമ്പനികളുടെ വൻതോതിലുള്ള ആവശ്യവും, സാധാരണ റാം ഉല്പാദനം കുറഞ്ഞതുമാണ് നിലവിലെ ഈ വിലക്കയറ്റത്തിന് പിന്നിൽ. ChatGPT പോലുള്ള AI സേവനങ്ങൾ പ്രവർത്തിക്കുന്ന വലിയ ഡാറ്റാ സെന്ററുകൾക്ക് ഭീമമായ അളവിൽ റാം ആവശ്യമാണ്. സാധാരണ കമ്പ്യൂട്ടറുകളേക്കാൾ ഉയർന്ന ശേഷിയുള്ള RAM ആണ് ഡാറ്റ സെന്ററുകൾ ഉപയോഗിക്കുന്നത്. നിർമ്മാതാക്കൾ ലാഭം ലക്ഷ്യമിട്ട് ഇത്തരം വലിയ കമ്പനികൾക്ക് (Microsoft, Google, Meta) മുൻഗണന നൽകുന്നു. ഇത് മൂലം, സാധാരണ ഉപഭോക്താക്കൾക്കുള്ള റാമിന്റെ ലഭ്യത കുറയാൻ കാരണമായി.
മറ്റൊരു സാങ്കേതിക കാരണം, പഴയ DDR4 സാങ്കേതികവിദ്യയിൽ നിന്ന് പുതിയ DDR5-ലേക്ക് വിപണി മാറുകയാണ്. നിർമ്മാതാക്കൾ DDR4 ഉല്പാദനം കുറച്ചതോടെ അതിന്റെ വില കൂടാൻ തുടങ്ങി. അതേസമയം, DDR5-ന് ഇപ്പോഴും ആവശ്യത്തിന് ഉല്പാദനം ഇല്ലാത്തതിനാൽ അതിനും ഉയർന്ന വിലയാണ് ഈടാക്കുന്നത്. 2026 അവസാനത്തോടെ മാത്രമേ ഇതിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാനാവൂ.
RAM ശേഷി ഉയർത്തിയതിന് പിന്നിൽ
ഉബുന്ദു 26.04 LTS പതിപ്പിനു വേണ്ട ഹാർഡ്‌വെയർ ശേഷി (System Requirements) വർദ്ധിപ്പിച്ചതിന് പിന്നിൽ സാങ്കേതികവും, പ്രവർത്തനപരവുമായ കാരണങ്ങളുണ്ട്.
Ubuntu ഉപയോഗിക്കുന്ന GNOME ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് ഓരോ അപ്‌ഡേറ്റിലും കൂടുതൽ ആധുനികമായ വിഷ്വൽ എഫക്റ്റുകളും, ഫീച്ചറുകളും ഉൾപ്പെടുത്തുന്നുണ്ട്. Kubuntu വിൽ ഉപയോഗിക്കുന്ന KDE ഡെസ്ക്ടോപ്പിനും ഇതേ അവസ്ഥയാണ്. ഇവ സുഗമമായി പ്രവർത്തിക്കാൻ കൂടുതൽ മെമ്മറി ആവശ്യമാണ്.
ഇന്നത്തെ വെബ് ബ്രൗസറുകളും മറ്റ് ആപ്ലിക്കേഷനുകളും പ്രവർത്തിക്കാൻ തന്നെ വലിയ അളവിൽ റാം ആവശ്യമാണ്. ഫയർഫോക്സ്, ക്രോം ബ്രൗസറുകൾ ഉപയോഗിക്കുമ്പോൾ ഏതാനും ടാബുകൾ തുറന്നിട്ടാൽ തന്നെ RAM ഉപയോഗം 1 GB അടുത്ത് എത്തും.
സിസ്റ്റം സെക്യൂരിറ്റി, ഇൻഡെക്സിംഗ്, ഓട്ടോമാറ്റിക് അപ്‌ഡേറ്റുകൾ, ക്‌ളൗഡ് സേവനങ്ങൾ തുടങ്ങിയ ബാക്ക്ഗ്രൗണ്ട് സേവനങ്ങൾ തടസ്സമില്ലാതെ നടക്കാൻ കൂടുതൽ RAM ആവശ്യമാണ്.
എന്താണ് പ്രതിവിധി
RAM ശേഷി ഉയർത്തുക എന്നതാണ് ഒന്നാമത്തെ പോംവഴി. പക്ഷേ, പുതിയ RAM-ന് വില വളരെ കൂടുതലാണ്. Used RAM കുറഞ്ഞ വിലക്ക് വാങ്ങാൻ ഓൺലൈൻ സ്റ്റോറുകൾ വഴി കിട്ടും. പഴയ 4 GB RAM വാങ്ങി, നിലവിലെ 4 GB യെ 8 GB ആയി ഉയർത്താൻ പറ്റും. നിങ്ങളുടെ കമ്പ്യൂട്ടറിൽ 6 GB റാം ഇല്ലെങ്കിൽ, Ubuntu-വിന് പകരം Lubuntu അല്ലെങ്കിൽ Xubuntu പോലുള്ള പതിപ്പുകൾ ഉപയോഗിക്കാം. ഇവ കുറഞ്ഞ റാമിലും വേഗത്തിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തവയാണ്. എന്നിരുന്നാലും, Xubuntu, Lubuntu പുതിയ പതിപ്പുകൾക്ക് RAM ഉപയോഗം കൂടുതലാണ്. അതുമല്ലെങ്കിൽ, പഴയ കമ്പ്യൂട്ടറുകൾ ചീറിപ്പായാൻ Debian ലിനക്സ് ഉപയോഗിക്കാവുന്നതാണ്.

No comments:
Post a Comment