Monday, March 31, 2014

ചൂടാതെ പോയി നീ

ചൂടാതെ പോയി നീ 
നിനക്കായി ഞാൻ ചോര 
ചാരിച്ചുവപ്പിച്ചോരെൻ പനീർ പൂവുകൾ 

കാണാതെ പോയി നീ 
നിനക്കായി ഞാനെന്റെ 
പ്രാണെന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ 

ഒന്ന് തൊടാതെ പോയി 
വിരൽതുമ്പിനാലിന്നും 
നിനക്കായി തുടിക്കുമെൻ തന്ത്രികൾ 

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ 
അന്തമെഴാത്തതാം ഓർമ്മകൾക്ക് അക്കരെ 
കുങ്കുമം തൊട്ടു വരുന്ന ശരത്ക്കാല  
സന്ധ്യയണിന്നു എനിക്ക് നീ ഓമലെ 

ദുഖമാണെങ്കിലും... ദുഖമാണെങ്കിലും...
നിന്നെക്കുറിച്ചുള്ള ദുഃഖം  എന്താനന്തമെനിക്കു നീ ഓമലേ 

എന്നുമെന്നും എന പാന പാത്രം നിറക്കട്ടെ 
നിൻ അസാനിധ്യം പകരുന്ന വേദന.

കവിത: ആനന്ദ ധാര, ബാലചന്ദ്രൻ ചുള്ളിക്കാട് 
 

Thursday, March 27, 2014

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

ഈ വർണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ
കൊതിതീരും വരെ
ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസുകളുണ്ടോ
സ്വപങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ മരാലങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

കവി: വയലാർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, March 26, 2014

ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീ

ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ
നിറമുള്ള ജീവിത പീലി തന്നു
എൻ ചിറകിൻ ആകാശവും തന്നു
നിൻ ആത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞു പൂവിലും കുളിർ കാറ്റിലും നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ
ജീവനുരുകുംപോലൊരു തുള്ളി ഉറയാതെ നീ നിന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെപ്പരതി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കുഞ്ഞു രാപ്പാടി കരയുമ്പോഴും
നേർത്തൊരുരരുവി തൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കള്ള് കണി മധുരമാകുമ്പൊഴും
കാലമിടരുമ്പോഴും
നിന്റെ ഹൃദയത്തിൽ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു

അടരുവാൻ വയ്യ
അടരുവാൻ വയ്യ നിന് ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിൽ ആഴങ്ങളിൽ വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗം
നിന്നിലടിയുന്നതെ... നിത്യ സത്യം.

വരികൾ: മധുസൂദനൻ നായർ
ഈ പാട്ട് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  

Sunday, March 2, 2014

സംഗീത തേരിലേറി...

എല്ലാവരും സംഗീതം ഇഷ്ടപെടുന്നവരാണ്. വ്യക്തിത്വവും, കാഴ്ചപാടുകളും വ്യതസ്തം ആകാമെങ്കിലും സംഗീത പ്രേമം വെച്ച് പുലർത്തുന്നവർ ആണ് നമ്മൾ എല്ലാവരും. ശാസ്ത്രീയമായി പഠിച്ചിട്ടില്ല എങ്കിലും സംഗീതം ആസ്വദിക്കാം എന്നർത്ഥം. എപ്പോഴാണ് സംഗീതത്തെ സ്നേഹിച്ചു തുടങ്ങിയത് എന്ന് ചോദിച്ചാൽ എല്ലാവർക്കും ഓരോ ഉത്തരം ഉണ്ടാകും. മദ്യപാനം, പുകവലി തുടങ്ങിയ മോശം ശീലങ്ങൾ പോലെ അല്ല സംഗീത പ്രേമം. അത് കൊണ്ട് തന്നെ കുട്ടിക്കാലം മുതലേ സംഗീത പ്രേമം മിക്കവരിലും ഉണ്ടായി തുടങ്ങുന്നു. സംഗീതം ആസ്വദിക്കുന്നതിനെ  ആരും തന്നെ വിലക്കില്ല.

ചിലർ പറയാറുണ്ട്, സംഗീത പാരമ്പര്യം ഉള്ളത് കൊണ്ടാണ്, ഗായകൻ/സംഗീത സംവിധായകൻ/സംഗീത പ്രേമി ആയത്. സാധാരണക്കാരനെ സംബന്ധിച്ച് വീട്ടിൽ എല്ലാവർക്കും സംഗീത പാരമ്പര്യം അവകാശപ്പെടാൻ ആവില്ല. സാധാരണക്കാരന്റെ സംഗീത പ്രേമം വളർത്തി എടുക്കുന്നതിൽ റേഡിയോ വഹിച്ച പങ്കു വളരെ വലുതാണ്. റേഡിയോ പങ്കു വഹിച്ചു എന്ന് ഭൂത കാലത്തിൽ ഞാൻ പറഞ്ഞത് മനപൂർവ്വം ആണ്. എഫ് എം റേഡിയോ ഇപ്പോൾ പ്രചാരത്തിൽ ആയെങ്കിലും, ഒരിടക്കാലത്ത്‌ ടിവിയുടെ കടന്നു വരവ് റേഡിയോയിക്ക് അല്പം പ്രചാരം കുറച്ചിരിന്നു. എന്റെ കുട്ടിക്കാലത്ത് ചിറ്റപ്പൻ (അച്ഛന്റെ അനിയൻ) തുകൽ പെട്ടിയിൽ സൂക്ഷിച്ചിരിന്ന ഫിലിപ്സ് റേഡിയോയിലൂടെ ആണ് ഞാൻ ആദ്യമായി സംഗീതം ആസ്വദിച്ചത്. ആകാശവാണിയിലെ ചലച്ചിത്ര ഗാനങ്ങൾ ആയിരിന്നു പ്രധാനം. കുട്ടികൾക്ക് എത്താത്ത വിധത്തിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്നത് കൊണ്ട്  ആ  റേഡിയോ കൂടുതൽ നാൾ പരിക്ക് ഒന്ന് പറ്റാതെ പാടി. ഞങ്ങൾ പുതിയ വീട് വെച്ച് താമസം മാറിയപ്പോൾ അച്ഛൻ ഒരു പുതിയ ഫിലിപ്സ് റേഡിയോ വാങ്ങി തന്നു. ഉയരത്തിൽ സൂക്ഷിക്കാത്തത്‌ കൊണ്ട് എന്റെ ചേട്ടൻ "മാർകോണി" റേഡിയോ തുറന്ന് അതിന്റെ ഘടന മനസ്സിലാക്കാൻ ശ്രമിച്ചു. എല്ലാം കഴിഞ്ഞ് തിരികെ റേഡിയോ പഴയ പടി ആക്കിയപ്പോൾ രണ്ടു സ്ക്രു മിച്ചം വന്നു. പിന്നെ റേഡിയോ പാടിയില്ല. അതിനു ശേഷം രണ്ടോ മൂന്നോ റേഡിയോ വാങ്ങിയെങ്കിലും അവയെല്ലാം എന്റെ ചേട്ടന്റെ കൈകളാൽ അകാല ചരമം പ്രാപിച്ചു. ആദ്യ കാലത്ത് റേഡിയോയിൽ കൂടി പഴയ മലയാള ചലച്ചിത്ര ഗാനങ്ങളാണ് കൂടുതൽ ആസ്വദിച്ചത്. എ.എം. രാജ ആയിരിന്നു എന്റെ ഇഷ്ട ഗായകൻ. ഉദയ ഭാനു ചേട്ടന്റെ "വള കിലുക്കും വാനമ്പാടി" എന്ന ഗാനം കുറെ നാൾ ഞാൻ പാടി നടന്നു.

യാദൃശ്ചികമായി ജിം റീവ്സ് (Jim Reeves) എന്ന ഗായകന്റെ ക്രിസ്മസ് ഗാനങ്ങൾ ഒരിക്കൽ റേഡിയോയിൽ കേൾക്കാൻ ഇടയായി. ഞാൻ ആ ഗാനങ്ങൾ തേടി നടന്നു വീണ്ടും കേൾക്കാൻ. അന്ന് ഇന്റർനെറ്റ്‌ ഇല്ല. പത്തു വർഷത്തിനു ശേഷമാണു ആ ക്രിസ്മസ് ആൽബം ഇൻറർനെറ്റിൽ നിന്നും വീണ്ടും കേൾക്കാൻ ഇടയായത്.

ഞാൻ ഹിന്ദി ഗാനങ്ങൾ ആസ്വദിക്കാൻ തുടങ്ങിയത് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. മുകേഷിന്റെ (നമ്മുടെ കേരളത്തിലെ മുകേഷ് അല്ല) ഗാനങ്ങൾ അടങ്ങിയ ഒരു കാസറ്റ് എന്റെ സുഹൃത്ത് സന്ദീപ്‌ കേൾക്കാൻ തന്നു. അതിനു ശേഷം ഞാൻ "മേരാ ജൂത്താ ഹെ ജാപ്പാനി" മൂളിക്കൊണ്ടാണ്  വൈകുന്നേരങ്ങളിൽ വായനശാലയിൽ പോയ്ക്കൊണ്ടിരിന്നത്. രാജ് കപൂറിനെ പോലെ നൃത്തം ചെയ്തു പോകാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരിന്നു. അതിനു ശേഷം ഞാൻ മുകേഷിനെ ഞാൻ മനസ്സിൽ ആരാധിച്ചു തുടങ്ങി. ഞാൻ വിചാരിച്ചു മുകേഷ് ആണ് ഏറ്റവും നല്ല ഗായകൻ എന്ന്. എന്റെ മുകേഷ് ഭ്രമം ക്ലാസ്സിൽ പറഞ്ഞു. വിദ്യ റാണി എന്ന കുട്ടി പറഞ്ഞു, മുഹമ്മദ്‌ റാഫി ആണ് നല്ല ഗായകൻ എന്ന്. വിദ്യാ റാണി ഒരു റാഫി ആരാധകയും, മുകേഷ് വിരോധിയും ആണെന്ന് പിന്നീട് മനസ്സിലായി. വിദ്യ റാണി റാഫി സാഹിബിന്റെ കുറച്ചു കാസറ്റുകൾ കേൾക്കാൻ തന്നു. വരികളുടെ അർഥം മനസ്സിലാക്കാൻ ഒരു ഹിന്ദി ഡിക്ഷനറി തന്നെ വേണ്ടി വന്നു. എങ്കിലും എല്ലാം ഒന്നും പിടി കിട്ടിയുമില്ല. പിന്നീട് ഞാൻ കിഷോർ കുമാറിന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങി. ക്രമേണ ഞാൻ എച്.എം.വി കാസറ്റുകൾ വാങ്ങി പാട്ട് കേൾക്കാൻ തുടങ്ങി. അങ്ങനെ കൂടുതൽ ഗായകരുടെ പാട്ടുകൾ പരിചയപ്പെടാൻ തുടങ്ങി. ആകാശ വാണി കൊച്ചി നിലയത്തിൽ ഹിന്ദി പ്രക്ഷേപണം (വിവിധ് ഭാരതി) കൂടുതൽ കേൾക്കാൻ തുടങ്ങി. "ആപ് കി ഫർമയിഷ്" തുടങ്ങിയ പരിപാടികൾ ഗാനങ്ങളേക്കാൾ ഉപരി അവതാരകരുടെ മികവിലാണ് ശ്രദ്ധിക്കപ്പെട്ടത്. അമീൻ  സായാനി (Ameen Sayani) എന്ന അവതാരകന്റെ തേനൂറുന്ന സ്വരം ഒരിക്കലും മറക്കില്ല. ഒരു സാമ്പിൾ കേട്ട് നോക്കു.

പിന്നീട് വംഗ ദേശത്ത് (Bengal) നിന്നുള്ള ഗായകരുടെ സംഗീതം ആസ്വദിച്ചു തുടങ്ങി. ഹേമന്ത് കുമാർ (Hemanta Kumar Mukhopadhyay) സംഗീതം നല്കി പാടിയ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം തന്നെ. ബംഗ്ല സംഗീതം അതിൽ ഇഴുകി ചേർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഇമ്പമാർന്ന ഗാനങ്ങൾ ഞാൻ ഇന്നും യാത്രകൾക്കിടയിൽ ആസ്വദിക്കുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ പിൻബലത്തോടെയുള്ള മന്നാ ഡേയുടെ (Manna Dey) ആലാപനം‌ വേറിട്ട അനുഭവം ആണ്. തുറന്ന ശബ്ദത്തിൽ (open voice) പാടുന്ന ഷംഷാദ് ബീഗത്തിന്റെ (Shamshad Begum)  കൂടുതൽ പാട്ടുകൾ ആസ്വദിച്ചു തുടങ്ങിയത് അടുത്ത കാലത്താണ്. നൂർജഹാൻ, സുരയ്യ, ഗീത ദത്ത് തുടങ്ങിയവരും തുറന്ന ശബ്ദത്തിൽ പാടുന്നവരാണ്. "സെല്ലുലോയിഡ്' എന്ന മലയാള ചിത്രത്തിലെ ഗാനങ്ങൾ ഇത്തരം ആലാപന ശൈലിക്ക് ഉദാഹരണം ആണ്. സമകാലീന ഗായകർ ശബ്ദത്തെ അമർത്തി വെച്ച് പാടുന്നവരാണ്. അതിൽ ഒരു കൃത്രിമത്വം അനുഭവപെടുന്നുണ്ട്.

ഒരേ സമയം തന്നെ സംഗീത സംവിധായകർ ആയും ഗായകരായും വർത്തിച്ച അപൂർവ്വം കലാകാരൻമാർ ഉണ്ട്. ഹേമന്ത് കുമാർ ഒരു ഉത്തമ ഉദാഹരണം ആണ്. ശ്രവണ സുഖമുള്ള അനേകം പാട്ടുകൾ ഒരുക്കിയ രാമചന്ദ്ര എന്ന Ramachandra Narhar Chitalkar, ഗായകനാകുമ്പോൾ ചിതൽകർ എന്ന പേരാണ് സ്വീകരിച്ചിരിന്നത്. അദ്ദേഹം ധാരാളം ഇമ്പമുള്ള ഗാനങ്ങൾ ഒരുക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. അപൂർവമായിട്ടെങ്കിലും എസ്. ഡി. ബർമൻ, ചില ഗാനങ്ങൾ സ്വയം ആലപിച്ചിട്ടുണ്ട്. "കാബൂളി വാല" എന്ന ചിത്രത്തിലെ "ഗംഗ ആയെ കഹാ സെ" എന്നാ ഗാനം എസ്. ഡി. ബർമൻ വളരെയധികം ഭാവ പൂർണ്ണമായി ആലപിച്ചിരിക്കുന്നു. ഈ ഗാനം സംവിധാനം ചെയ്തതാകട്ടെ ഹേമന്ത് കുമാറും.

എല്ലാവരുടെയും ജീവിതം സംഗീത മയമാണ്. നല്ല പാട്ട് കേട്ടാൽ ആരാണ് ചെവി കൂർപ്പിക്കാത്തത്? സംഗീതത്തിനു മതമില്ല, ഭാഷയില്ല. അടുത്ത കാലത്ത് ഞാൻ flipkart വഴി ഞാൻ ഒരു ഫിലിപ്സ് റേഡിയോ വാങ്ങി. ഇപ്പോൾ ഞാൻ രാവിലെ ഉണർന്ന ശേഷം ആകാശവാണി തിരുവനന്തപുരം നിലയത്തിലെ പരിപാടികൾ ആസ്വദിക്കുന്നു. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും സംഗീതം ആസ്വദിക്കാൻ കഴിയും. ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ട് സംഗീത രഥം അങ്ങനെ  ഉരുളുന്നു.