Wednesday, April 16, 2014

ഭക്തി ലഹരി

അമിതമായാൽ അമൃതും വിഷം എന്ന് പറയാറുണ്ട്. ആത്മീയത അമിതമായാൽ എന്ത് ചെയ്യും എന്നതിനെക്കുറിച്ച് എങ്ങും പറഞ്ഞു കേട്ടിട്ടില്ല. പുരുഷനാണോ, സ്ത്രീയാണോ കൂടുതൽ ആത്മീയതയിൽ അഭയം പ്രാപിക്കുന്നത്? സ്ത്രീകളാണ് കൂടുതൽ ആത്മീയതയുടെ അടിമയാകുന്നത് എന്ന് ഏതെങ്കിലും ഒരു ആരാധനാലയത്തിൽ പോയി പരിശോധിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതാണ്. ആരാധനാലയങ്ങളിൽ പോയാൽ തീരുന്നതാണോ നമ്മുടെ പ്രശ്നങ്ങൾ? ആരോടെങ്കിലും വിദ്വേഷം ഉണ്ടെങ്കിൽ അമ്പലത്തിൽ പോയി ശത്രു സംഹാര പൂജ നടത്തുന്നവർ ഉണ്ട്. ശത്രുവിനെ കുടുംബ സഹിതം നശിക്കണം എന്നാ ഉദ്ദേശത്തിലാണ് അവർ അത് ചെയ്യുന്നത്. ശത്രുവിന്റെ മനസ്സിലെ ശത്രുത ഇല്ലാതാക്കാനാണ് അത് നടത്തുന്നത് എന്ന് അവർക്കറിയില്ല. വെറുതെ പ്രാർത്ഥിച്ചാൽ ഫലം കിട്ടില്ല എന്ന് വിചാരിച്ച്, ഉദ്ദിഷ്ട കാര്യം സാധിക്കാൻ കൂടുതൽ നാട്യങ്ങളോടെ പ്രാർഥിക്കുന്നവരുണ്ട്. ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചും, കൂടുതൽ അംഗ വിക്ഷേപങ്ങളോടെയും അമ്പലത്തിൽ വന്നു പ്രാർത്ഥന നടത്തുന്നവർ ഉണ്ട്. തങ്ങളുടെ ചേഷ്ടകൾ മറ്റുള്ളവർക്ക് ഒരു നേരമ്പോക്ക് ആയി മാറുന്നത് അവർ മനസിലാക്കുന്നില്ല. ചിലർ അമ്പല നടയിൽ നെറ്റി ക്ഷേത്ര നടയിൽ കൊണ്ടിടിച്ചു പ്രാർത്ഥിക്കുന്നത്‌ കാണാറുണ്ട്. കൂടുതൽ ഇടിച്ചാൽ കൂടുതൽ അനുഗ്രഹം കിട്ടുമെന്നാണ് ഇവരുടെ വിചാരം. ഞങ്ങളുടെ നാട്ടിലെ ഒരു ചേച്ചി സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചിലർ അതിനെ കുറിച്ച് ഒരു ഫലിതം ഇറക്കി. ചേച്ചിയുടെ നെറ്റി കൊണ്ടുള്ള സ്ഥിരമായ ഇടി കാരണം കരിങ്കൽ പടികൾ പൊട്ടുകയും, വർഷത്തിൽ മൂന്നോ നാലോ തവണ പുതിയത് മാറ്റി ഇടേണ്ടതായും വരുന്നത്രേ!! 

ഭക്തി ബിസിനസ് ആയി മാറിയാലും കുഴപ്പമാണ്. റ്റെലവിഷനിലെ പുരാണ സീരിയലുകൾ ഇതിനു ഉദാഹരണം. ബ്രിട്ടാനിയ സ്പോണ്‍സർ ചെയ്യുന്ന "ജയ് ഹനുമാൻ"  സീരിയൽ സ്ഥിരമായി കാണുന്ന ചില ഭക്തന്മാർ ഹനുമാൻ ക്ഷേത്രത്തിനു മുൻപിൽ വന്നു നിന്ന് "ബ്രിട്ടാനിയ ജയ് ഹനുമാൻ" എന്ന് അറിയാതെ വിളിച്ചു പോകുന്നതായി പറഞ്ഞു കേട്ടിരിന്നു. വാണിജ്യവൽക്കരണം സർവ്വ വ്യാപിയാണ്. ഈശ്വരനെ പോലും വെറുതെ വിടുന്നില്ല. കുറഞ്ഞത്‌ 50 രൂപയെങ്കിലും പോക്കറ്റിൽ ഇടാതെ ആരാധനാലയങ്ങളിൽ പോകാൻ സാധിക്കുമോ? പോകാൻ സാധിക്കുമായിരിക്കും. പക്ഷെ കച്ചവടക്കാരും, പുരോഹിതരും നിങ്ങൾ പോക്കറ്റിൽ കയ്യിടുന്നുണ്ടോ, പണം എടുത്തു അവിടെ ചിലവാക്കുമോ എന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കും. ഏഷ്യാനെറ്റിലെ "കൈലാസനാഥൻ" പുരാണ സീരിയൽ ഭക്തിയേക്കാൾ ഉപരി വിഭക്തി ആണ് ഉളവാക്കുന്നത്. അഭിനേതാക്കളുടെ മാദകത്വം നിറഞ്ഞ ശരീര വടിവിൽ തട്ടി പ്രേക്ഷകരുടെ ആത്മീയത തവിടു പൊടിയാകും. പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ നിർമാതാക്കളുടെ ഉദ്ദേശം കൂടുതൽ പരസ്യ വരുമാനം ആണ്. പ്രേക്ഷകരെ ആകർഷിക്കാൻ അവർ എന്തും ചെയ്യും. നിസ്സാരമായ സാമ്പ്രാണി തിരിയുടെ പരസ്യം നോക്കു. സാമ്പ്രാണി മുതലാളി പറയുന്നു, "ദൈവം ഉണ്ട്, വാങ്ങി കത്തിക്കു കോയാസ് മായ സുപ്രിം സാമ്പ്രാണി തിരികൾ". നിങ്ങളെ ദൈവം ആദ്യം രക്ഷിക്കും!!

മതവും മയക്കുമരുന്നും ഒന്നാണെന്ന് പറഞ്ഞ മർക്സ് ആണ് ശരി. ഇന്നത്തെ കാലത്ത് പുരുഷന്മാർ കുടുംബ പ്രശ്നങ്ങൾ മറക്കാൻ കള്ളുഷാപ്പിൽ (ബാർ, ബിവറേജ് ഷോപ്പ്) പോകുന്നു. സ്ത്രീകള് അമ്പലങ്ങളെ (വഴിപാട്, ജ്യോതിഷം, മന്ത്രവാദം) അല്ലെങ്കിൽ പള്ളിയെ (കൌണ്‍സിലിംഗ്, ധ്യാനം, നൊവേന) ആശ്രയിക്കുന്നു. എല്ലായിടത്തും (മത, മദ്യപാന കേന്ദ്രങ്ങളിൽ) പണം നഷ്ടപെടുന്നു. ഒരിടത്തു നിന്നും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കിട്ടുന്നില്ല. രണ്ടു കൂട്ടർക്കും മനസമാധാനം കുറച്ചു നേരത്തേക്കെങ്കിലും കിട്ടുന്നു. 

No comments:

Post a Comment