Tuesday, April 15, 2014

ആ മാമ്പഴക്കാലം

 എല്ലാവർക്കും ഉണ്ടാവും ഒരു മാമ്പഴക്കാലം. പള്ളിക്കൂടം അടച്ചു കഴിഞ്ഞു പുസ്തകകെട്ടുകൾ ഒരു മൂലക്കൊതുക്കി വേനലവധിയുടെ  തിമിർപ്പിലേക്ക് ഊളിയിട്ടിറങ്ങിയ ഒരു ബാല്യകാലം. ഞങ്ങളുടെ സ്കൂളിൽ വർഷാവസാന പരീക്ഷ പകുതി എത്തുമ്പോഴാണ് എന്റെ നാട്ടിലെ അമ്പലത്തിൽ (വാഴപ്പള്ളി ശിവ ക്ഷേത്രം) പത്തു ദിവസം നീളുന്ന ഉൽത്സവം കൊടിയേറുന്നത്. പരീക്ഷയെ ചവക്കാനോ തുപ്പാനോ വയ്യാത്ത അവസ്ഥ. എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്ന അവസ്ഥ. അവസാന ദിവസത്തെ പരീക്ഷ എഴുതാൻ പ്രത്യേക ഉത്സാഹം ആണ്. എഴുതി എഴുതി പേന വിരൽ തുമ്പിൽ നിന്നും പറന്നു പോകുന്ന അവസ്ഥ. പരീക്ഷ കഴിഞ്ഞു വെളിയിൽ ഇറങ്ങുമ്പോൾ കൂടുകരെല്ലാം ഒരുമിച്ചു വട്ടം കൂടുന്നു. ക്രിക്കറ്റ് ബാറ്റും, അനുബന്ധ കളി സാമഗ്രികളും ഏകോപിപ്പിക്കുന്നതിനുള്ള കൂടിയാലോചനകൾ. ശിവക്ഷേത്രം ആയതു കൊണ്ട് ഉത്സവത്തിന്‌ എല്ലാ വർഷവും "കിരാതം" കഥകളി ഉണ്ടാവും. മറ്റു കഥകൾ കണ്ടില്ലെങ്കിലും "കിരാതം" കാണാൻ പോകും. കുട്ടികൾക്ക് അത് രസകരമായ അനുഭവം ആണ്.

ഞങ്ങൾ വേനലവധി ചെലവഴിക്കുന്നത് പ്രധാനമായും കൊയ്ത്തു കഴിഞ്ഞ വയലുകളിലും, പറമ്പുകളിലും, വായന ശാലയിലുമാണ്. പരീക്ഷ കഴിയുമ്പോൾ പാടത്ത് കൊയ്ത്തു കഴിഞ്ഞിട്ടുണ്ടാവും. കളിയ്ക്കാൻ പറ്റിയ നല്ല പാടം കണ്ടു പിടിക്കാൻ വാനര പട ഇറങ്ങും. ആദ്യം സ്റ്റമ്പ് നാട്ടി കുറച്ചു നേരം കാത്തിരിക്കും. ഉടമസ്ഥർക്ക് എതിർപ്പില്ല  എങ്കിൽ കളി തുടങ്ങും. കുട്ടികൾ കളിയ്ക്കാൻ ഇറങ്ങിയാൽ പാടം ഉറച്ചു പോകും എന്ന കാരണത്താൽ ഉടമസ്ഥർ വയലിൽ ഇറങ്ങാൻ അനുവദിക്കാറില്ല. കുട്ടൻ പിള്ള സാറിന്റെ പറമ്പിൽ കളിക്കുമ്പോൾ, സാറ് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു ഫോർത്ത് അമ്പയറിനെ പറമ്പിന്റെ അതിർത്തിയിൽ നിർത്തും. "കുട്ടൻ പിള്ള സാറ് വരുന്നേ" എന്ന മുന്നറിയിപ്പ് കിട്ടുമ്പോൾ എല്ലാവരും ബാറ്റും സ്റ്റമ്പും ഒക്കെ എടുത്തുകൊണ്ട് ഓടാൻ തുടങ്ങും. സുരക്ഷിതമായ അകലത്തിൽ എത്തിയിട്ട് സാറ് പോകുന്ന വരെ കാത്തിരിക്കും. സാറ് പോയി കഴിഞ്ഞാൽ തിരികെ വന്നു കളി തുടങ്ങും. സാറിന്റെ പേര് കേൾക്കുമ്പോഴേ ഓടാൻ തുടങ്ങുന്നത് കൊണ്ട്  സാറിനെ മിക്കവരും നേരെ ചൊവ്വേ കണ്ടിട്ടില്ല. നാമം മാത്രം ധാരാളം. പിന്നീട് മനസിലായി, സാറ് പറമ്പിലേക്ക് വരുന്നത് പശുവിന് വെള്ളം കൊടുക്കാനും, അതിനെ അഴിച്ചു കൊണ്ട് പോകാനുമാണെന്ന്. ഞങ്ങൾ സാറിനെ പേടിച്ച് കുറെ ഓടിയത് മാത്രം മിച്ചം.

ഞങ്ങളുടെ നാട്ടിലെ വായനശാല വിശേഷങ്ങൾ കൂടി പറയാതെ അവധിക്കാല മഹാത്മ്യം പൂർണമാകില്ല. സ്കൂളിനോട് ചേർന്നാണ് കൈരളി അസോസിയേഷൻ പബ്ലിക്‌ ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ധാരാളം പുസ്തകങ്ങൾ ഉള്ള വായനശാല. ചിന്തകൾക്ക് ചന്ദനം ചാർത്താൻ പറ്റിയ പുസ്തകങ്ങൾ ഉണ്ടവിടെ. ഞങ്ങൾ കുട്ടികൾ പ്രധാനമായും കുറ്റാന്വേഷണ നോവലുകൾ ആണ് തുടക്ക കാലത്ത് വയിച്ചിരിന്നത്. കേണൽ പ്രസാദ് എന്ന എഴുത്തുകാരന്റെ ശ്രീകാന്ത് എസ്. വർമ എന്ന കുറ്റാന്വേഷകൻ ഞങ്ങളുടെ ഇടയിൽ പ്രിയപ്പെട്ടതായിരിന്നു. ദുർഗാ പ്രസാദ് ഖത്രിയുടെ (ചുമന്ന കൈപ്പത്തി) നോവലുകളുടെ മലയാള പരിഭാഷകൾ ആവേശ ത്തോടെ വായിച്ചു. ലൈബ്രേറിയൻ വരാൻ ഞങ്ങൾ വൈകുന്നേരം കാത്തിരിക്കും. ലൈബ്രറിയുടെ വാതിൽ തുറന്നാലുടൻ തന്നെ ഞങ്ങൾ അകത്തേക്ക് ഇരച്ചു കയറും. വേണ്ടപെട്ട പുസ്തകം എടുക്കാൻ ഞങ്ങൾ വെമ്പൽ കൊള്ളും. ഷെർലോക്ക്  ഹോംസ്, ടാർസൻ തുടങ്ങിയ കഥാപാത്രങ്ങളെ ഞങ്ങൾ പരിചയപ്പെട്ടു, ഇഷ്ടത്തിലായി. വായനാ ശീലത്തിനു തിരിതെളിച്ചത് ഞങ്ങളുടെ ഗ്രാമീണ വായന ശാലയാണ്. പുസ്തകം എടുത്തു കഴിഞ്ഞാൽ റീഡിംഗ് റൂമിൽ വന്നു മാതൃഭൂമി, മലയാളം വാരിക തുടങ്ങിയവ വായിക്കും. വീട്ടിൽ വന്നാലുടൻ തന്നെ പുസ്തക വായന തുടങ്ങും. അങ്ങനെ "വിശ്വസാഹിത്യമാല" മുഴുവൻ പരിചയപ്പെട്ടു. ലോകസാഹിത്യത്തിലെ പ്രധാന രചനകൾ  അതിലൂടെ പരിചയപ്പെടാൻ പറ്റി.

എന്റെ ബാല്യകാല സുഹൃത്ത് സതീഷ്‌ കുറുപ്പിന്റെ (ഇപ്പോൾ ഫിലിം ആർട്ട് ഡയറക്ടർ) വന നിബിഡമായ പറമ്പിൽ പലതരത്തിലുള്ള സമയം പോക്കലുകൾ. അവിടുത്തെ പല തരത്തിലുള്ള മാവിൽ നിന്നും മാമ്പഴം എറിഞ്ഞു വീഴ്തുക, പാടത്ത് വാഴ പിണ്ടി കൊണ്ട് ചങ്ങാടം ഉണ്ടാക്കുക, കൊയ്ത്തു കഴിഞ്ഞ വയലുകളിൽ വരുന്ന താറാവുകളെ പിന്തുടരുക, മീൻ പിടിക്കുക തുടങ്ങിയ വിനോദ പരിപാടികൾ.

ഏപ്രിൽ മാസത്തിൽ റിസൾട്ട്‌ നോക്കാൻ ഞങ്ങൾ കൂട്ടമായി സ്കൂളിൽ എത്തും. എല്ലാവരും ജയിക്കുമെന്ന് അറിയാമെങ്കിലും വെറുതെ ഒരു ആകാംക്ഷ. കുറച്ചു നാൾ കൂടി കഴിഞ്ഞു പുതിയ പാഠ പുസ്തകങ്ങൾ വാങ്ങാൻ എത്തും. ആ സമയം വേനൽ മഴ ഒക്കെ കഴിഞ്ഞു സ്കൂൾ മുറ്റത്തെ രണ്ടു ഗുൽമോഹർ മരങ്ങളിലും നിറയെ ചുവന്ന പൂക്കളുണ്ടാവും. താഴെ കൊഴിഞ്ഞു വീണ പൂക്കളുടെ കൂടെയുള്ള കൂർത്ത ഭാഗം കഥകളി നടൻമാർ ഉപയോഗിക്കുന്ന നീണ്ട നഖത്തിന് സമാനമാണ്. ഞങ്ങൾ അത് അടർത്തിയെടുത്ത് നഖത്തിന് മുകളിൽ ഒട്ടിച്ചു വെക്കും. ചെറിയ രീതിയിൽ കഥകളി സമാനമായ ചില ആന്ഗ്യങ്ങൾ ഒക്കെ കാണിക്കും.

മാവിൻ ചോട്ടിലെ മണമുള്ള മധുരമായി 
മനതാരിൽ കുളിരുള്ള ബാല്യം 
ആരോ നീട്ടിയ മാഷിതണ്ടിൻ കുളിരുള്ള 
തളിരോർമയാണെന്റെ ബാല്യം

വേനലവധി നൽകിയ അനുഭവങ്ങൾ അനിർവചനീയമാണ്. പുതിയ വിജ്ഞാന ശകലങ്ങളും, ജീവിത അനുഭവങ്ങളും ആർജിച്ച കാലമെന്ന് പറയാൻ കഴിയും. വായനശാലയും, കൂട്ടുകാരും, കളികളും ഒക്കെ സ്വഭാവ രൂപീകരണത്തിലും, വ്യക്തിത്വ വികസനത്തിലും ഒക്കെ ഒരുപാടു പങ്കു വഹിച്ചു. എന്റെ സഹപാഠികൾ ആരും തന്നെ മോശക്കാർ ആയിതീർന്നില്ല. എല്ലാവരും അവരുടേതായ പ്രത്യേകതകളും, അഭിരുചികളും വളർത്തിയെടുത്തവർ. ആ വേനലവധികൾ ഇനിയൊരിക്കലും തിരികെ വരില്ല എന്നോർക്കുമ്പോൾ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെടുന്നു.

No comments:

Post a Comment